ഇന്റര്‍നെറ്റില്‍ പരതി കണ്ടെത്തിയ ജ്യൂസ് ചലഞ്ച്; പത്ത് മാസം നീണ്ട ആസൂത്രണം; ശാരീരികബന്ധത്തിനെന്ന് പറഞ്ഞ് വിളിച്ചു വരുത്തി; വിഷം ചേര്‍ത്ത കഷായം നല്‍കി ഇഞ്ചിഞ്ചായി കാമുകന്റെ മരണം ഉറപ്പാക്കി; കസ്റ്റഡിയിലിരിക്കെ ആത്മഹത്യാശ്രമവും കുറ്റസമ്മതവും; സിനിമാക്കഥയെ വെല്ലുന്ന ഗ്രീഷ്മയുടെ ജീവിതകഥ

സിനിമാക്കഥയെ വെല്ലുന്ന ഗ്രീഷ്മയുടെ ജീവിതകഥ

Update: 2025-01-17 07:29 GMT

തിരുവനന്തപുരം: മറ്റൊരു വിവാഹ ബന്ധത്തിന് വഴിയൊരുങ്ങിയതോടെ ഒന്നിച്ചു ജീവിക്കാന്‍ മോഹിച്ച യുവാവിനെ ആരുമറിയാതെ എന്നന്നേക്കുമായി ഒഴിവാക്കാന്‍ മാസങ്ങള്‍ നീണ്ട ആസൂത്രണത്തിന് ഒടുവില്‍ നടത്തിയ കൊലപാതകം. ജ്യൂസ് ചലഞ്ച് അടക്കം ആദ്യ ശ്രമങ്ങള്‍ പരാജയപ്പെട്ടപ്പോള്‍ കഷായത്തില്‍ വിഷം ചേര്‍ത്ത് കാമുകനെ ഇഞ്ചിഞ്ചായി മരണത്തിലേക്ക് തള്ളിവിട്ട കാമുകി ഗ്രീഷ്മയുടെ കൊടും ക്രൂരത. മരണക്കിടക്കയില്‍ കിടക്കുമ്പോഴും താന്‍ ജീവനു തുല്യം സ്‌നേഹിച്ച പെണ്‍കുട്ടിയെ ഒറ്റുകൊടുക്കാതെ മരണത്തിലേക്ക് കടന്നുപോയ ഷാരോണ്‍ രാജ്. കേരളം അവിശ്വസനീയതോടെ കേട്ട ഷാരോണ്‍ വധക്കേസില്‍ ഒന്നാം പ്രതി ഗ്രീഷ്മ കുറ്റക്കാരിയെന്ന് ഒടുവില്‍ കോടതി വിധിച്ചിരിക്കുന്നു.

സിനിമാക്കഥകളില്‍ മാത്രം പരിചയമുണ്ടായിരുന്ന വിചിത്രമായ കഥ ജീവിതത്തില്‍ ംഭവിച്ചപ്പോള്‍ ഒട്ടുമിക്കവര്‍ക്കും അത് വിശ്വസിക്കാനായില്ല. കാമുകനായിയിരുന്ന ഷാരോണിനെ ഒഴിവാക്കി മറ്റൊരു വിവാഹം കഴിക്കാന്‍ വേണ്ടി കാമുകി ഗ്രീഷ്മയായിരുന്നു കൊടും ക്രൂരതയ്ക്ക് തിരക്കഥയൊരുക്കിയത്. ചില ബന്ധുക്കള്‍ അവനവന്റെ റോളുകള്‍ ഭംഗിയായി ചെയ്തു.കഷായത്തില്‍ കളനാശിനി കലര്‍ത്തി നല്‍കി കൊലപ്പെടുത്തി ഇഞ്ചിഞ്ചായി ഇല്ലാതാക്കിയത് 23 വയസുള്ള ഒരു ചെറുപ്പക്കാരനെയായിരുന്നു. ഒപ്പം ആ മകനെക്കുറിച്ച് ഏറെ സ്വപ്നം കണ്ട അച്ഛനമ്മമാരുടെ പ്രതീക്ഷകളെയും.

ജീവനുതുല്യം സ്‌നേഹിച്ച കാമുകി ജീവനെടുക്കുമെന്ന് ഒരിക്കല്‍പ്പോലും അവന്‍ പ്രതീക്ഷിച്ചില്ല. ശ്വാസം നിലയ്ക്കും വരെ അവന്‍ അവളെ ലവലേശം സംശയിച്ചുമില്ല. സ്നേഹിച്ച പെണ്‍കുട്ടിയുടെ ചതിയില്‍ തങ്ങളുടെ പൊന്നോമന മകന്റെ ജീവന്‍ ഇല്ലാതാകുമെന്ന് ഷാരോണിന്റെ അച്ഛനും അമ്മയും ചിന്തിച്ചിരുന്നതേ ഇല്ല.

2022 ഒക്ടോബര്‍ 25നാണ് ജ്യൂസ് കുടിച്ചതിനെ തുടര്‍ന്ന് അവശനിലയിലായി തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന ഷാരോണ്‍ മരണപ്പെടുന്നത്. മരണത്തില്‍ സംശയം ആരോപിച്ച് കുടുംബാംഗങ്ങള്‍ നല്‍കിയ പരാതിയുടെ ചുവടുപിടിച്ച് പൊലീസ് ചെന്നെത്തിയത് കേരള മനഃസാക്ഷിയെ തന്നെ ഞെട്ടിച്ച കൊലപാതകത്തിലേക്കായിരുന്നു.സംശയത്തിന്റെ ആദ്യമുന ഗ്രീഷ്മയ്ക്കു നേരെയായിരുന്നു. താന്‍ നിരപരാധിയാണെന്ന് തെളിയിക്കാന്‍ ആദ്യവസാനം ഗ്രീഷ്മ ശ്രമിച്ചെങ്കിലും പൊലീസിന്റെ അന്വേഷണമികവില്‍ അവള്‍ക്ക് അധികം പിടിച്ചു നില്‍ക്കാനായില്ല.

സത്യങ്ങള്‍ ഒന്നൊന്നായി പുറത്തുവന്നു. 2022 ഒക്ടോബര്‍ 31ന് ഗ്രീഷ്മയെ പൊലീസ് അറസ്റ്റു ചെയ്തു. ശാരീരിക ബന്ധത്തിനെന്നുപറഞ്ഞ് വിളിച്ചുവരുത്തിയായിരുന്നു അരുംകൊല നടത്തിയതെന്നാണ് പൊലീസ് അന്വേഷണത്തില്‍ വ്യക്തമായത്.സാഹചര്യത്തെളിവുകളും ഡിജിറ്റല്‍ രേഖകളും ആശ്രയിച്ചുള്ള അന്വേഷണ മികവാണ് പാറശാല ഷാരോണ്‍ വധക്കേസില്‍ പ്രതികളെ പിടികൂടാന്‍ സഹായിച്ചത്.

ഒക്ടോബര്‍ 14-ാം തീയതിയാണ് തന്റെ വീട്ടിലെത്തിയ ഷാരോണിന് ഗ്രീഷ്മ വിഷം കലര്‍ത്തിയ ജ്യൂസും കഷായവും നല്‍കിയത്. ഇതിന് പിന്നാലെ ഷാരോണ്‍ രോഗബാധിതനായി ആശുപത്രിയിലായി. 25-ന് മരണത്തിന് കീഴടങ്ങി. ഗ്രീഷ്മ നല്‍കിയ ജ്യൂസും കഷായവും ഷാരോണിന്റെ മരണത്തിന് കാരണമായേക്കാമെന്ന സംശയവുമായാണ് വീട്ടുകാര്‍ പോലീസിനെ സമീപിച്ചത്. ഈ സംശയവും തുടര്‍ന്നുള്ള സംഭവങ്ങളും വലിയൊരു ക്രൂരതയുടെ ചുരുളഴിക്കുന്നതില്‍ നിര്‍ണായകമായി മാറി.

95 സാക്ഷികള്‍,323 രേഖകള്‍ 53 തൊണ്ടിമുതലുകള്‍ പ്രൊസിക്യൂഷന്‍ കോടതിയില്‍ ഹാജരാക്കി. തെളിവുകള്‍ എല്ലാം ശേഖരിച്ചശേഷം തിരിച്ചും മറിച്ചുമുള്ള ചോദ്യം ചെയ്യലിലാണ് ഗ്രീഷ്മ കുറ്റം സമ്മതിച്ചത്. ഗ്രീഷ്മയുടെ ഓരോ ഉത്തരവും ഘണ്ഡിക്കുന്ന തെളിവുകള്‍ സഹിതമായിരുന്നു ചോദ്യംചെയ്യല്‍.

പത്ത് മാസം നീണ്ട ആസൂത്രണത്തിനു ശേഷമാണ് ഷാരോണിനെ ഗ്രീഷ്മ കൊലപ്പെടുത്തിയതെന്നാണ് കുറ്റപത്രം. ഇന്റര്‍നെറ്റില്‍ നിന്നാണ് ജ്യൂസ് ചലഞ്ച് എന്ന ആശയം ലഭിച്ചത്. നാഗര്‍കോവിലിലെ സൈനികനുമായി വിവാഹം ഉറപ്പിച്ചിട്ടും പ്രണയത്തില്‍ നിന്ന് ഷാരോണ്‍ പിന്മാറാത്തതാണ് കൊലപാതകത്തിലേക്ക് നയിച്ചത്. ആദ്യശ്രമമായി മാംഗോ ജ്യൂസില്‍ 50 ഡോളോ ഗുളികകള്‍ കലര്‍ത്തി ഷാരോണിന് നല്‍കി.

കയ്പ് കാരണം ജ്യൂസ് തുപ്പിക്കളഞ്ഞു. പിന്നീട് കുഴിത്തുറ പഴയ പാലത്തില്‍ വച്ചും ജ്യൂസ് ചലഞ്ചെന്ന പേരിലും ഗുളിക കലര്‍ത്തിയ മാംഗോ ജ്യൂസ് നല്‍കി. ഈ രണ്ടുശ്രമവും പരാജയപ്പെട്ടതോടെയാണ് കളനാശിനി കലര്‍ത്തിയ കഷായം നല്‍കിയത്.

മരിക്കുന്നതിനു മുമ്പ് ഷാരോണ്‍ നല്‍കിയ മരണമൊഴി വഴിത്തിരിവായി. 2022 ഒക്ടോബര്‍ 20ന് തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേന്റെ നിര്‍ദ്ദേശപ്രകാരം 11-ാം കോടതിയിലെ മജിസ്‌ട്രേറ്റായിരുന്ന ലെനി തോമസാണ് മെഡിക്കല്‍ കോളേജില്‍ വച്ച് ഷാരോണിന്റെ മരണമൊഴി രേഖപ്പെടുത്തിയത്. ഗ്രീഷ്മ നല്‍കിയ ഒരു ഗ്‌ളാസ് കഷായമാണ് താന്‍ കുടിച്ചതെന്നായിരുന്നു മരണമൊഴി.

വിഷം കലര്‍ത്തിയ കഷായമാണ് മരണകാരണമെന്ന് പോസ്റ്റുമോര്‍ട്ടത്തിലും തെളിഞ്ഞു. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ മെഡിസിന്‍,ഇ.എന്‍.ടി, റെസ്പിറേറ്ററി,എമര്‍ജന്‍സി ഐ.സി.യു,വൃക്കരോഗവിഭാഗം മേധാവിമാരും ടോക്‌സികോളജി വിദഗ്ദ്ധന്‍ വി.വി.പിള്ളയും ഷാരോണ്‍ കുടിച്ച വിഷം 'പാരക്വറ്റ്' എന്ന കളനാശിനി ആണെന്ന തെളിവുനല്‍കി. പോസ്റ്റ്‌മോര്‍ട്ടം നടത്തിയ ഫോറന്‍സിക് മെഡിസിന്‍ വിദഗ്ദ്ധയും ഹിസ്റ്റോപത്തോളജിസ്റ്റും ഇതേ തെളിവുകള്‍ കോടതിയില്‍ നല്‍കി.

നാള്‍വഴി

ഒക്ടോബര്‍ 13- ഫോണ്‍ ചാറ്റിലൂടെ ഗ്രീഷ്മ ഷാരോണിനെ വീട്ടിലേക്ക് ക്ഷണിക്കുന്നു. അടുത്തദിവസം അമ്മ കല്യാണത്തിനായി പോകുമെന്നും 10.30-ഓടെ വീട്ടിലേക്ക് എത്തണമെന്നും പറയുന്നു.

14- രാവിലെ 10.30-ന് ഷാരോണ്‍ സുഹൃത്തിനൊപ്പം ഗ്രീഷ്ടയുടെ വീട്ടിലേക്ക് എത്തുന്നു. 11.30 വരെ വീട്ടില്‍ ചെലവഴിക്കുന്നതിനിടെ വിഷംകലര്‍ന്ന കഷായവും ജ്യൂസും ഷാരോണിന് നല്‍കുന്നു. വൈകീട്ട് ഛര്‍ദ്ദിയും ശാരീരികാസ്വാസ്ഥ്യവുമുണ്ടായതിനെ തുടര്‍ന്ന് ഷാരോണ്‍ പാറശാല ആശുപത്രിയില്‍ ചികിത്സ തേടി.

15- ആരോഗ്യസ്ഥിതി മോശമായതിനെ തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍കോളേജിലേക്ക് മാറ്റുന്നു. രാത്രിയോടെ വീട്ടിലേക്ക് മടക്കി അയച്ചപ്പോള്‍ വലിയതുറയിലെ ബന്ധുവീട്ടിലേക്ക് പോകുന്നു.

16- വായ്ക്കുള്ളില്‍ വ്രണങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് ഇ.എന്‍.ടി. ഡോക്ടറെ കണ്ട് ചികിത്സ തേടി. എന്നാല്‍ ഡോക്ടര്‍ നല്‍കിയ മരുന്ന് കഴിക്കാന്‍ സാധിച്ചില്ല.

17- ആരോഗ്യസ്ഥിതിയില്‍ മാറ്റമില്ലാത്തതിനാല്‍ വീണ്ടും തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സ തേടുന്നു. രാത്രിയില്‍ ഡയാലിസിസ് നടത്തുന്നു.

18- മറ്റെന്തെങ്കിലും പാനീയം ഉള്ളില്‍ച്ചെന്നിട്ടുണ്ടോയെന്ന് നഴ്സ് തുടര്‍ച്ചയായി ചോദിച്ചതിനെ തുടര്‍ന്ന് കഷായം കുടിച്ച വിവരം ഷാരോണ്‍ പറയുന്നു.

19- വീണ്ടും ഡയാലിസിസ്. നല്‍കിയ കഷായത്തിന്റെ പേര് ഷാരോണിന്റെ ബന്ധുക്കളും സുഹൃത്തുക്കളും ഗ്രീഷ്മയോട് ചോദിക്കുന്നെങ്കിലും വെളിപ്പെടുത്തുന്നില്ല. പിന്നീട് ഇന്റര്‍നെറ്റില്‍ നിന്നെടുത്ത കഷായത്തിന്റെ ചിത്രം അയച്ചുകൊടുക്കുന്നു.

20- ഷാരോണിന്റെ ആരോഗ്യസ്ഥിതി കൂടുതല്‍ മോശമായതോടെ മള്‍ട്ടി സ്പെഷ്യാലിറ്റി ഐ.സി.യു.വിലേക്ക് മാറ്റി. മജിസ്ട്രേറ്റ് എത്തി മൊഴി രേഖപ്പെടുത്തി.

21- പാറശ്ശാല പോലീസ് മൊഴി രേഖപ്പെടുത്തുന്നു. വൃക്കയുടെ പ്രവര്‍ത്തനം മെച്ചപ്പെടുന്നു. എന്നാല്‍ കരളിന്റെ പ്രവര്‍ത്തനം നിലയ്ക്കുന്നു.

25- ആരോഗ്യസ്ഥിതി വഷളായതിനെ തുടര്‍ന്ന് വൈകീട്ട് അഞ്ച് മണിയോടെ വെന്റിലേറ്ററിലേക്ക് മാറ്റി. വൈകീട്ട് ആറ് മണിയോടെ ഷാരോണ്‍ മരണത്തിന് കീഴടങ്ങുന്നു.

26- മൃതദേഹം വീട്ടിലെത്തിച്ച് സംസ്‌കരിച്ചു. വീട്ടുകാര്‍ പാറശ്ശാല പോലീസില്‍ പരാതി നല്‍കി.

27- പോലീസ് തെളിവുകള്‍ ശേഖരിക്കാനോ അന്വേഷിക്കാനോ തയ്യാറാകുന്നില്ലെന്ന പരാതി ഷാരോണിന്റെ ബന്ധുക്കളുയര്‍ത്തുന്നു.

28- ബന്ധുക്കളുടെ ആരോപണങ്ങള്‍ പോലീസ് നിഷേധിച്ചു. പോലീസ് ഗ്രീഷ്മയുടെയും ഷാരോണിന്റെയും വീട്ടിലെത്തി മൊഴിയെടുത്തു.

29- അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറുന്നു.

30- രാവിലെ ഗ്രീഷ്മ എസ്.പി. ഓഫീസില്‍ ചോദ്യം ചെയ്യലിന് എത്തുന്നു. വൈകീട്ടോടെ കുറ്റം സമ്മതിക്കുന്നു.

31- ഗ്രീഷ്മയുടെ അറസ്റ്റ് രേഖപ്പെടുത്തി. പോലീസ് സ്റ്റേഷനിലെ അണുനാശിനി കുടിച്ച് ഗ്രീഷ്മ ജീവനൊടുക്കാന്‍ ശ്രമിച്ചു. വീഴ്ച ആരോപിച്ച് രണ്ട് വനിതാ പോലീസുകാരെ സസ്പെന്‍ഡ് ചെയ്തു.

നവംബര്‍ 30- ഗ്രീഷ്മയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി.

2023 ജനുവരി 2- നെയ്യാറ്റിന്‍കര സെഷന്‍സ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു.

ജൂണ്‍ 2- ഗ്രീഷ്മയുടെ ജാമ്യാപേക്ഷ വീണ്ടും കോടതി തള്ളി.

സെപ്റ്റംബര്‍ 15- സഹതടവുകാരികളുടെ പരാതിയെത്തുടര്‍ന്ന് ഗ്രീഷ്മയെ അട്ടക്കുളങ്ങരയില്‍നിന്ന് മാവേലിക്കര വനിതാ സ്പെഷ്യല്‍ ജയിലിലേക്ക് മാറ്റി.

25- ജാമ്യം ലഭിച്ചു.

26- ഗ്രീഷ്മ ജയില്‍മോചിതയായി

ഒക്ടോബര്‍ 1- കേസിന്റെ വിചാരണ തമിഴ്നാട്ടിലേക്ക് മാറ്റണമെന്ന ആവശ്യം സുപ്രീംകോടതി തള്ളി.

15- നെയ്യാറ്റിന്‍കര അഡീഷണല്‍ സെഷന്‍സ് കോടതിയില്‍ വിചാരണ ആരംഭിച്ചു.

2025 ജനുവരി 3- കേസില്‍ അന്തിമവാദം പൂര്‍ത്തിയായി

ജനുവരി 17- ഗ്രീഷ്മയും അമ്മാവന്‍ നിര്‍മല്‍കുമാര്‍ നായരും കുറ്റക്കാരാണെന്ന് കോടതി. അമ്മ സിന്ധുവിന വെറുതേ വിട്ടു.

Similar News