'യുഎസ് ഉത്പന്നങ്ങള്‍ക്ക് ഇന്ത്യ 50 ശതമാനം തീരുവ ഏര്‍പ്പെടുത്തണം; അടിക്ക് തിരിച്ചടി തന്നെ കൊടുക്കണം; യുഎസ് ഇറക്കുമതിക്ക് പതിനേഴ് ശതമാനം എന്ന നിരക്കുയര്‍ത്തണം; തീരുവ ഉയര്‍ത്തുന്നതില്‍ അമേരിക്ക ചൈനക്ക് 90 ദിവസത്തെ സമയപരിധി നല്‍കി; നമുക്ക് നല്‍കിയത് മൂന്നാഴ്ച മാത്രവും'; യുഎസ് ഇരട്ടത്താപ്പിനെതിരെ തരൂര്‍

'യുഎസ് ഉത്പന്നങ്ങള്‍ക്ക് ഇന്ത്യ 50 ശതമാനം തീരുവ ഏര്‍പ്പെടുത്തണം; അടിക്ക് തിരിച്ചടി തന്നെ കൊടുക്കണം

Update: 2025-08-07 10:09 GMT

ന്യുഡല്‍ഹി: തീരുവ വിഷയത്തില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നിലപാടിനെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് എംപി ശശി തരൂര്‍. ഇന്ത്യയ്ക്ക് 50 ശതമാനം തീരുവ ഏര്‍പ്പെടുത്തിയ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ നടപടിക്ക് പകരമായി യുഎസ് ഉത്പന്നങ്ങള്‍ക്ക് ഇന്ത്യ തീരുവ കുത്തനെ ഉയര്‍ത്തണമെന്ന് തരൂര്‍ ആവശ്യപ്പെട്ടു. യുഎസ് ഇറക്കുമതി തീരുവ 50 ശതമാനമാക്കി ഉയര്‍ത്തണമെന്ന് അദ്ദേഹം ഡല്‍ഹിയില്‍ പറഞ്ഞു.

യുഎസ് തീരുവ ഉയര്‍ത്തിയ നടപടിയില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപുമായി ഇന്ത്യ ചര്‍ച്ച നടത്തണമെന്നും അദ്ദേഹം പറഞ്ഞു. ചര്‍ച്ചയില്‍ ഫലം കണ്ടില്ലെങ്കില്‍ യുഎസ് ഇറക്കുമതികള്‍ക്ക് തീരുവ അന്‍പത് ശതമാനമാക്കി ഉയര്‍ത്തണം. തീരുവ ഉയര്‍ത്തുന്നതില്‍ അമേരിക്ക ചൈനക്ക് 90 ദിവസത്തെ സമയപരിധി നല്‍കി. എന്നാല്‍ നമുക്ക് നല്‍കിയത് മൂന്നാഴ്ച മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യ നിലവില്‍ യുഎസ് ഇറക്കുമതിക്ക് പതിനേഴ് ശതമാനം തീരുവയാണ് ഈടാക്കുന്നത്. അത് മാറ്റി യുഎസ് ഇറക്കുമതികള്‍ക്ക് തീരുവ അന്‍പത് ശതമാനമാക്കി ഉയര്‍ത്തണം. നമ്മോട് യുഎസ് അങ്ങനെ ചെയ്താല്‍ തിരിച്ചും അതേ രീതിയില്‍ ചെയ്യണമെന്നും തരൂര്‍ പറഞ്ഞു.

റഷ്യയില്‍ നിന്ന് മറ്റ് രാജ്യങ്ങളിലേക്കാള്‍ കുറഞ്ഞ വിലയ്ക്ക് എണ്ണയും പ്രകൃതി വാതകങ്ങളും ലഭിക്കുന്നത്. രാജ്യത്തിന്റെ വികസനപ്രവര്‍ത്തനത്തിന് ഇത് അത്യാവശ്യമാണെന്നും ശശി തരൂര്‍ പറഞ്ഞു. തീരുവ കുത്തനെ ഉയര്‍ത്തിയ അമേരിക്കയുടെ നിലപാടിനെതിരെ മോദിയും പരോക്ഷമായി രംഗത്തെത്തിയിരുന്നു.

കര്‍ഷകരുടെ താല്‍പര്യങ്ങളില്‍ ഒരു വിട്ടുവീഴ്ചയും ചെയ്യില്ലെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഈ തീരുമാനത്തിന് വലിയ വില നല്‍കേണ്ടി വന്നേക്കാമെങ്കിലും കര്‍ഷകര്‍ക്കായി അതിനു തയാറാണെന്നും പ്രധാനമന്ത്രി പറഞ്ഞു. 'കര്‍ഷകരുടെ താല്‍പര്യത്തിനാണ് നമ്മുടെ ഏറ്റവും വലിയ മുന്‍ഗണന. കര്‍ഷകരുടെയും ക്ഷീരകര്‍ഷകരുടെയും മത്സ്യത്തൊഴിലാളികളുടെയും താല്‍പര്യങ്ങളില്‍ ഒരിക്കലും രാജ്യം വിട്ടുവീഴ്ച ചെയ്യില്ല. ഇതിന് എനിക്ക് വ്യക്തിപരമായി വലിയ വില നല്‍കേണ്ടി വന്നേക്കാം. പക്ഷേ, ഞാന്‍ തയാറാണ്'പ്രധാനമന്ത്രി പറഞ്ഞു.

കഴിഞ്ഞ ആഴ്ച ചുമത്തിയ 25% പകരം തീരുവ യുഎസ് ഇരട്ടിയാക്കിയിരുന്നു. റഷ്യയില്‍നിന്ന് എണ്ണ ഇറക്കുമതി ചെയ്യുന്നതിനാണ് തീരുവ 50 ശതമാനമാക്കിയത്. ആദ്യം പ്രഖ്യാപിച്ച 25% തീരുവ ഇന്ന് പ്രാബല്യത്തില്‍ വരും. ഇന്നലെ പ്രഖ്യാപിച്ച 25% തീരുവ ഓഗസ്റ്റ് 27നും. തീരുവ വര്‍ധിപ്പിച്ചതോടെ കയറ്റുമതി മേഖല വലിയ തിരിച്ചടി നേരിടും.

എന്നാല്‍, വീണ്ടും ഭീഷണിയുമായി ട്രംപ് രംഗത്തുണ്ട്. റഷ്യന്‍ എണ്ണ വാങ്ങുന്നത് തുടര്‍ന്നാല്‍ ഇന്ത്യക്ക് മേല്‍ കൂടുതല്‍ ദ്വിതീയ ഉപരോധങ്ങള്‍ ചുമത്തുമെന്നും ട്രംപ് പറഞ്ഞു. ഉപരോധമുള്ള രാജ്യവുമായി വ്യാപാര - സാമ്പത്തിക ഇടപാടുകള്‍ നടത്തുന്ന ഒരു മൂന്നാം കക്ഷി രാജ്യത്തിന് ചുമത്തുന്നതാണ് ഉപരോധങ്ങള്‍. ചൈനയെപ്പോലുള്ള രാജ്യങ്ങളും റഷ്യന്‍ എണ്ണ വാങ്ങുന്നത് തുടരുമ്പോള്‍ ഇന്ത്യയെ മാത്രം എന്തിന് ലക്ഷ്യമിടുന്നു എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് ട്രംപ് കൃത്യമായി മറുപടി നല്‍കാതെ ഒഴിഞ്ഞുമാറി.

'എട്ട് മണിക്കൂറേ ആയിട്ടുള്ളൂ. എന്ത് സംഭവിക്കുമെന്ന് നമുക്ക് നോക്കാം' എന്ന് ട്രംപ് മറുപടി നല്‍കി. 'നിങ്ങള്‍ ഇനിയും ഒരുപാട് കാണാനിരിക്കുന്നതേയുള്ളൂ. നിരവധി ദ്വിതീയ ഉപരോധങ്ങള്‍ നിങ്ങള്‍ കാണും' ട്രംപ് കൂട്ടിച്ചേര്‍ത്തു. യുക്രൈന്‍ അധിനിവേശത്തെത്തുടര്‍ന്ന് റഷ്യയുമായുള്ള സാമ്പത്തിക ബന്ധം വിച്ഛേദിക്കാന്‍ രാജ്യങ്ങളുടെ മേല്‍ യുഎസ് സമ്മര്‍ദ്ദം ശക്തമാക്കുന്നതിനിടെയാണ് ട്രംപിന്റെ പരാമര്‍ശം. റഷ്യയും യുക്രൈനും തമ്മിലുള്ള ഒരു സമാധാന കരാര്‍ ഇന്ത്യയുടെ മേലുള്ള അധിക താരിഫുകള്‍ നീക്കം ചെയ്യുന്നതിലേക്ക് നയിക്കുമോ എന്ന് ചോദിച്ചപ്പോള്‍, 'അക്കാര്യം ഞങ്ങള്‍ പിന്നീട് തീരുമാനിക്കും' എന്ന് ട്രംപ് മറുപടി നല്‍കി.

റഷ്യയില്‍നിന്ന് എണ്ണവാങ്ങി യുക്രൈന്‍ യുദ്ധത്തിന് സഹായധനം നല്‍കുകയാണെന്നാരോപിച്ച് ഇന്ത്യക്ക് 25 ശതമാനം അധികത്തീരുവ ഈടാക്കുന്ന എക്‌സിക്യുട്ടീവ് ഉത്തരവില്‍ ഡൊണാള്‍ഡ് ട്രംപ് ബുധനാഴ്ച്ചയാണ് ഒപ്പിട്ടത്.

Tags:    

Similar News