അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് ഇതാദ്യമായി ഒരുഇന്ത്യാക്കാരന്‍ യാത്രയാകുന്നു; വ്യോമസേന ഗ്രൂപ്പ് ക്യാപ്റ്റന്‍ ശുഭാംശു ശുക്ല നിലയത്തിലേക്ക് പുറപ്പെടുന്നത് മെയ് 29ന്; നാലുയാത്രികരുമായുള്ള ആക്‌സിയോം ദൗത്യത്തില്‍ കുതിക്കുന്നത് സ്‌പെയ്‌സ് എക്‌സിന്റെ ഡ്രാഗണ്‍ പേടകത്തില്‍
അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് ഇതാദ്യമായി ഒരുഇന്ത്യാക്കാരന്‍ യാത്രയാകുന്നു
ന്യൂഡല്‍ഹി: ഇന്ത്യന്‍ ബഹിരാകാശ യാത്രികന്‍ ശുഭാംശു ശുക്ല മെയ് 29 ന് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് യാത്ര തിരിക്കും. നിലയത്തിലേക്ക് പോകുന്ന ആദ്യ ഇന്ത്യാക്കാരനാണ് അദ്ദേഹം. ശുക്ലയുള്‍പ്പെടെ നാലു യാത്രികരുമായുള്ള ആക്‌സിയോം ദൗത്യം (എഎക്‌സ്-4) ഫ്‌ളോറിഡയിലെ കെന്നഡി സ്‌പെയ്‌സ് സെന്ററില്‍ നിന്ന് പുറപ്പെടും. സ്‌പെയ്‌സ് എക്‌സിന്റെ ഡ്രാഗണ്‍ പേടകത്തിലാണ് യാത്ര. ദൗത്യത്തിന്റെ പൈലറ്റാണ് വ്യോമസേനയില്‍ ഗ്രൂപ്പ് ക്യാപ്റ്റനായ ശുഭാംശു.
നാസയും ഐഎസ്ആര്‍ഒയും സ്വകാര്യ ബഹിരാകാശ കമ്പനിയായ ആക്സിയോം സ്പെയ്സും ചേര്‍ന്നാണ് എഎക്‌സ്-4 ദൗത്യം വിക്ഷേപിക്കുന്നത്. നാസയുടെ മുന്‍ ബഹിരാകാശ സഞ്ചാരി പെഗ്ഗി വിറ്റ്‌സനാണ് കമാന്‍ഡര്‍. ടിബോര്‍ കപു (ഹംഗറി), സാവോസ് ഉസ്നന്‍സ്‌കി നിസ്നീവ്‌സ്‌കി (പോളണ്ട്) എന്നിവരാണ് സംഘത്തിലെ മറ്റുള്ളവര്‍. 1984-ല്‍ ബഹിരാകാശയത്ര നടത്തിയ രാകേഷ് ശര്‍മയാണ് ബഹിരാകാശത്തുപോയ ആദ്യ ഇന്ത്യക്കാരന്‍. രാജ്യാന്തര ബഹിരാകാശ നിലയത്തിലേക്ക് പോകുന്ന ആദ്യ ഇന്ത്യക്കാരന്‍, അല്ലെങ്കില്‍ ഇസ്രോ അംഗം എന്ന നേട്ടം ഇനി ശുഭാംശു ശുക്ലയുടെ പേരിലാകും.
ഐഎസ്ആര്‍ഒയുടെ ഗഗന്‍യാന്‍ ദൗത്യ കമാന്‍ഡറാണ് വ്യോമസേനാ ഗ്രൂപ്പ് കമാന്‍ഡറായ ശംഭാംശു ശുക്ല. 1985 ഒക്ടോബര്‍ 10 ന് ഉത്തര്‍പ്രദേശിലെ ലഖ്നൗവില്‍ ജനിച്ച ശുക്ല, പൂനെയിലെ നാഷണല്‍ ഡിഫന്‍സ് അക്കാദമിയില്‍ (എന്‍ഡിഎ) പഠിച്ചു. 2006 ജൂണില്‍ ഇന്ത്യന്‍ വ്യോമസേനയുടെ (ഐഎഎഫ്) യുദ്ധവിമാന വിഭാഗത്തില്‍ ചേര്‍ന്ന അദ്ദേഹം 2024 മാര്‍ച്ചില്‍ ഗ്രൂപ്പ് ക്യാപ്റ്റനായി സ്ഥാനക്കയറ്റം നേടി.
2019 ല്‍, ഇസ്രോ അദ്ദേഹത്തെ ബഹിരാകാശയാത്രിക പരിശീലനത്തിനായി തിരഞ്ഞെടുത്തു. തുടര്‍ന്ന് അദ്ദേഹം മോസ്‌കോയിലെ സ്റ്റാര്‍ സിറ്റിയിലുള്ള യൂറി ഗഗാറിന്‍ കോസ്‌മോനട്ട് പരിശീലന കേന്ദ്രത്തില്‍ പരിശീലനം നേടി. 2024 ഫെബ്രുവരിയില്‍, 2026 ല്‍ ആസൂത്രണം ചെയ്ത ഇന്ത്യയുടെ ആദ്യത്തെ മനുഷ്യ ബഹിരാകാശ യാത്രാ പദ്ധതിയായ ഇസ്രോയുടെ ഗഗന്‍യാന്‍ ദൗത്യത്തിന്റെ പ്രധാന ബഹിരാകാശയാത്രികനായി അദ്ദേഹത്തെ തിരഞ്ഞെടുത്തു.കൃഷി, ഭക്ഷണം, ജീവശാസ്ത്രം എന്നീ മേഖലകളില്‍ ശുഭാംശു ശുക്ല ഏഴ് പരീക്ഷണങ്ങള്‍ നടത്തും.
ശുക്ലയ്ക്ക് എന്തെങ്കിലും കാരണവശാല്‍ പോകാന്‍ കഴിഞ്ഞില്ലെങ്കില്‍ ദൗത്യത്തിനായി ഗ്രൂപ്പ് ക്യാപ്റ്റന്‍ മലയാളിയായ പ്രശാന്ത് ബാലകൃഷ്ണന്‍ നായരെയും ഇന്ത്യ തിരഞ്ഞെടുത്തിട്ടുണ്ട്.