അവര്‍ പ്രതിയെ പിന്തുടര്‍ന്ന് പിടിച്ചു; അവശനായിരുന്ന ശ്യാമിനെ ആശുപത്രിയിലുമെത്തിച്ചു; നിര്‍ഭാഗ്യവശാല്‍ പ്രിയ സഹോദരന്റെ ജീവന്‍ പൊലിഞ്ഞു പോയെങ്കിലും എന്തുകൊണ്ട് കുമരകം എസ് എച്ച് ഒയും സംഘവും അഭിന്ദനം അര്‍ഹിക്കുന്നു...; വൈറലായി ഒരു ഫെയസ് ബുക്ക് കുറിപ്പ്

Update: 2025-02-05 08:33 GMT

ഏറ്റുമാനൂര്‍: പൊലീസ് ഉദ്യോഗസ്ഥനാണെന്ന് അറിഞ്ഞുകൊണ്ടാണ് മര്‍ദിച്ചതെന്നും പലതവണ ശ്യാംപ്രസാദിന്റെ നെഞ്ചില്‍ ആഞ്ഞു ചവിട്ടിയെന്നും തെള്ളകത്ത് പൊലീസ് ഉദ്യോഗസ്ഥനെ ചവിട്ടിക്കൊന്ന കേസിലെ പ്രതി ജിബിന്‍ ജോര്‍ജ് പൊലീസിനോട് സമ്മതിച്ചു. ആദ്യഘട്ടത്തില്‍ കേസിനോടു സഹകരിക്കാതെ അക്രമാസക്തനായിരുന്നു ജിബിന്‍. സംഭവ ദിവസം താന്‍ രാവിലെ മുതല്‍ ബാറിലുണ്ടായിരുന്നുവെന്നും മദ്യത്തിനൊപ്പം കഞ്ചാവും ഉപയോഗിച്ചിരുന്നെന്നും പ്രതി പൊലീസിനോടു സമ്മതിച്ചു. ജില്ലാ പൊലീസ് മേധാവി ഷാഹുല്‍ ഹമീദിന്റെ നിര്‍ദേശപ്രകാരം കോട്ടയം ഡിവൈഎസ്പി കെ.ജി.അനീഷ് കുമാറിന്റെ നേതൃത്വത്തില്‍ ഏറ്റുമാനൂര്‍ എസ്എച്ച്ഒ എ.എസ്.അന്‍സില്‍ ആണ് കേസന്വേഷിക്കുന്നത്. അതിനിടെ ശ്യാം പ്രസാദിനെ ആശുപത്രയില്‍ എത്തിക്കുകയും പ്രതിയെ പിടിക്കുകയും ചെയ്ത കുമരകം പോലീസിന് അഭിനന്ദന പ്രവാഹമാണ്. ഇതു സംബന്ധിച്ച് വിശദ വാര്‍ത്ത മറുനാടന്‍ കഴിഞ്ഞ ദിവസം നല്‍കിയിരുന്നു.

പ്രതിയുടെ മുടിനാര് കൊല്ലപ്പെട്ട പൊലീസ് ഉദ്യോഗസ്ഥന്റെ ശരീരത്തില്‍ നിന്നു ലഭിച്ചിട്ടുണ്ട്. പ്രതി സംഭവ സ്ഥലത്തുണ്ടായിരുന്നുവെന്നും കൃത്യം നടത്തിയത് ജിബിന്‍ തന്നെയാണെന്ന് തെളിയിക്കുന്ന ശാസ്ത്രീയ തെളിവുകളും പൊലീസ് ശേഖരിച്ചു. ദൃക്‌സാക്ഷി മൊഴികളും സിസിടിവി ദൃശ്യങ്ങളും പ്രതിയുടെ മൊബൈല്‍ സിഗ്‌നലുകളും തെളിവായി പൊലീസ് ശേഖരിച്ചു കഴിഞ്ഞു. ഒരു പൊലീസ് ഉദ്യോഗസ്ഥന്‍ ജോലിക്കു വീട്ടില്‍ നിന്നിറങ്ങി തിരികെ വീട്ടിലെത്തുന്നതു വരെയുള്ള സമയം ഡ്യൂട്ടി സമയമായി കണക്കാക്കാം എന്ന ചട്ടപ്രകാരമാണ്, കൊലപാതകം ഡ്യൂട്ടി സമയത്തു തന്നെയെന്ന നിലപാടില്‍ പൊലീസ് എത്തിയത്. ഈ സാധ്യത അംഗീകരിക്കപ്പെട്ടാല്‍ പ്രതിക്കെതിരെ വധശ്രമത്തിനു പിന്നാലെ കൂടുതല്‍ വകുപ്പുകളും കുറ്റപത്രത്തില്‍ ചേര്‍ക്കും. കുമരകം പോലീസ് പ്രതിയെ സംഭവ സ്ഥലത്ത് നിന്നു തന്നെ പിടിച്ചതാണ് ഈ കേസില്‍ നിര്‍ണ്ണായകമായത്.


ജെബിന്‍ ചെങ്ങളത്തിന്റെ ഫെയ്‌സ് ബുക്ക് കുറിപ്പ് ചുവടെ

ശ്യാം പ്രസാദ് മര്‍ദ്ദനമേറ്റു മരിച്ച സംഭവത്തില്‍ സംഭവസ്ഥലത്ത് ആദ്യം വരുന്നത് അത്ര ധൈര്യശാലിയൊന്നുമല്ലാത്ത, പ്രാക്ടിക്കലായി ചിന്തിക്കുന്ന ഒരു ഉദ്യോഗസ്ഥന്‍ ആണെങ്കില്‍ ഇതായിരിക്കും സംഭവിക്കുന്നത്..

സ്ഥലത്തെത്തുന്നു,കാര്യങ്ങള്‍ തിരക്കുന്നു, ശേഷം മോനേ ശ്യാമേ.. നടന്നത് നടന്നു, പ്രതിയെ ഞങ്ങള്‍ അന്വേഷിക്കാം,, നിനക്ക് പുറമേ വലിയ പരുക്കൊന്നുമില്ലല്ലോ.. ഇപ്പോഴത്തെ കാലമാണ്.. നീ പോലീസുകാരനാണ് എന്നോര്‍ക്കണം, എന്തിനാണ് ആവശ്യമില്ലാത്ത കാര്യത്തിലൊക്കെ കേറി ഇടപെടുന്നത്.. ഈ വിവരം എങ്ങാനും പുറത്തറിഞ്ഞാല്‍ നിനക്ക് എതിരെ നടപടി വരും,, നിന്റെ പണി പോകും,നീ പെട്ടെന്ന് ബൈക്കില്‍ കയറി വീട്ടില്‍ പോകാന്‍ നോക്ക്... പോകുന്ന വഴിയ്ക്ക് ആശുപത്രിയില്‍ കേറി മരുന്നും വാങ്ങിക്കോ... അതോ ഞങ്ങള്‍ ആശുപത്രിയില്‍ കൊണ്ടു പോകണോ?

എന്തായാലും നീ വീട്ടില്‍ പോ... ബാക്കി ഞങ്ങളു നോക്കിക്കോളാം.. ( ഇത് സ്‌നേഹത്തോടെയോ, അല്‍പ്പം കടുപ്പിച്ച് ഉപദേശരൂപത്തിലോ ആകാം )

ഉപദേശം കേട്ട് ജോലി പോകും, പി ആര്‍ ആകും എന്ന് വിചാരിച്ച് പാവം പോലീസുകാരന്‍ വണ്ടിയെടുത്ത് കൊണ്ട് വീട്ടില്‍ പോകുന്നു, മര്‍ദ്ദനത്തിന്റെ ഭാഗമായി ഉണ്ടായ ആന്തരിക മുറിവുകളുടെ ഫലമായി റോഡില്‍ വീണോ മറ്റോ എന്തെങ്കിലും അത്യാഹിതം സംഭവിക്കുന്നു.. പിന്നെ അപകടത്തില്‍ അന്വേഷണം തുടരുന്നു... ശരിക്കുമുള്ള പ്രതി മറവില്‍ തുടരുന്നു

ഇവിടെയാണ് അന്ന് നൈറ്റ് പട്രോളിംഗ് ഡ്യൂട്ടിയിലുണ്ടായിരുന്ന ബഹുമാനപ്പെട്ട കുമരകം എസ് എച്ച് ഒ #ഷിജി സാറിനോടും,സാറിന്റെ കൂടെയുണ്ടായിരുന്ന പോലീസുകാരായ അരുണ്‍ പ്രകാശിനോടും, മിനീഷിനോടും സ്‌നേഹവും ബഹുമാനവും കൂടുന്നത്.. അവര്‍ പ്രതിയെ പിന്തുടര്‍ന്ന് പിടിച്ചു, അവശനായിരുന്ന ശ്യാമിനെ ആശുപത്രിയിലുമെത്തിച്ചു.. നിര്‍ഭാഗ്യവശാല്‍ പ്രിയ സഹോദരന്റെ ജീവന്‍ പൊലിഞ്ഞു പോയെങ്കിലും..

പണിപോകും, ജീവിക്കാന്‍ മറ്റു മാര്‍ഗ്ഗമില്ലാതാകും, മാപ്രകള്‍ പത്രത്തിലും, മീഡിയയിലും ശരിയോ തെറ്റോ നോക്കാതെ പേരും, കുടുംബപ്പേരുമെഴുതി ന്യായവിധി ചമച്ച് നാറ്റിക്കും.. എന്നിങ്ങനെ ഭയന്നു തന്നെയാണ് ഇപ്പോള്‍ ഓരോരുത്തരുടെയും പോലീസ് ജീവിതം..മൈത്രിയുടെ ബാക്കിപത്രം.. അതുകൊണ്ട് ആദ്യം പറഞ്ഞ നിലപാടാകും പലരും സ്വീകരിക്കുക.. ഞാനതിന്റെ ഒരു വശം പറഞ്ഞെന്നു മാത്രം..

സമൂഹത്തോട് ഉള്ള പ്രതിബദ്ധത കാട്ടി എന്ന ഒറ്റ കാരണത്തിന് അക്രമിക്കപ്പെട്ട സ്വന്തം സഹപ്രവര്‍ത്തകനെ സംരക്ഷിക്കാന്‍, ആശുപത്രിയിലെത്തിക്കാന്‍ കാട്ടിയ മനസ്സിന് കുമരകം സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്ക് അഭിനന്ദനങ്ങള്‍..

ജീവനില്‍ പേടിച്ച്, അതിനിടയില്‍ സ്വന്തം ജോലി സംരക്ഷിച്ച് മറ്റുള്ളവരുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കുക എന്ന വലിയ ഉത്തരവാദിത്തമാണ്

കാലം കാത്തു വെച്ചിരിക്കുന്നത്..

മുന്നോട്ട് പോകാന്‍ കഴിയട്ടെ എന്നു തന്നെ ആശംസിക്കുന്നു

Tags:    

Similar News