കള്ളനെ ചൂണ്ടിക്കാട്ടിയവനെ കൊലപാതകി ആക്കുന്ന സംവിധാനം... ഇനിയും തുടര്‍ന്നാല്‍ ആത്മഹത്യ ചെയ്യുന്ന പോലീസുകാരുടെ കൂട്ടത്തിലേക്കു ഒരാള്‍ കൂടി വരും എന്ന് മാത്രം; രണ്ട് വര്‍ഷമായി സസ്‌പെന്‍ഷനില്‍ തുടരുന്നു; തിരിച്ചെടുക്കാതെ അച്ചടക്ക നടപടികള്‍ നീളവേ ഡിജിപിക്ക് രാജിക്കത്ത് നല്‍കി സബ് ഇന്‍സ്‌പെക്ടര്‍

കള്ളനെ ചൂണ്ടിക്കാട്ടിയവനെ കൊലപാതകി ആക്കുന്ന സംവിധാനം...

Update: 2025-11-06 08:27 GMT

തിരുവനന്തപുരം: അച്ചടക്ക നടപടിയുടെ പേരില്‍ രണ്ട് വര്‍ഷമായി സസ്‌പെന്‍ഷനില്‍ കഴിയുന്ന പോലീസ് ഉദ്യോഗസ്ഥന്‍ രാജിവെച്ചു. മലപ്പുറം പെരുമ്പടപ്പ് സ്റ്റേഷനിലെ എസ്‌ഐ എന്‍ ശ്രീജിത്താണ് സംസ്ഥാന പോലീസ് മേധാവിക്ക് രാജിക്കത്ത് നല്‍കിയത്. ഏറെ വിവാദമായി സ്വര്‍ണ്ണക്കടത്ത് വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ പോലീസിനുള്ളില്‍ തന്നെ രൂപം കൊണ്ട് ചേരിപ്പോരിന് പിന്നാലെയാണ് ശ്രീജിത്ത് സസ്‌പെന്‍ഷനിലാകുന്നത്.

സ്വര്‍ണ്ണക്കടത്ത് സംഘവുമായി ബന്ധമുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് എസ് ഐയെ സസ്‌പെന്‍ഡ് ചെയ്തത്. തൃശൂര്‍ റേഞ്ച് ഡി ഐ ജി സസ്‌പെന്റ് ചെയ്തത്. മലപ്പുറം എസ് പിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. പെരുമ്പടപ്പ് എസ് ഐയായ എന്‍ ശ്രീജിത്ത് നിരന്തരമായി സ്വര്‍ണ്ണക്കടക്കടത്ത് സംഘവുമായി ബന്ധം പുലര്‍ത്തിയെന്നും പോലീസിന്റെ വാഹന പരിശോധനാ റൂട്ടിന്റെ വിവരങ്ങളടക്കം സ്വര്‍ണ്ണകടത്ത് സംഘത്തിന് കൈമാറിയെന്നുമായിരുന്നു ഉയര്‍ന്ന ആരോപണം.

ഇതിന്റെ അടിസ്ഥാനത്തില്‍ അന്വേഷണം വിധേയമായാണ് ശ്രീജിത്തിനെ സസ്‌പെന്റ് ചെയ്തത്. ഈ സസ്‌പെന്‍ഷന്‍ നടപടി തുടര്‍ച്ചയായി നീണ്ടു പോയതോടെയാണ് എന്‍ ശ്രീജിത്ത് ഡിജിപിക്ക് രാജിക്കത്ത് നല്‍കിയത്. തന്റെ മേല്‍ ആരോപിക്കപ്പെട്ട കുറ്റങ്ങളെല്ലാം തെറ്റാണെന്നാണ് ശ്രീജിത്ത് രാജിവക്കത്തില്‍ ചൂണ്ടിക്കാട്ടുന്നത്. ആരോപണ പ്രകാരമുള്ള പ്രവര്‍ത്തിയിലൂടെ താന്‍ കെട്ടി ഉയര്‍ത്തിയ മണി മാളികയും, ആര്‍ജ്ജിച്ച സ്ഥാവര ജംഗമ വസ്തുക്കളും, എന്റെ ബാങ്ക് ബാലന്‍സും അങ്ങ് പരിശോധിക്കുന്നത് ഉചിതം നന്നായിരിക്കുമെന്നാണ് ശ്രീജിത്ത് രാജിക്കത്തില്‍ പറയുന്നത്.

സസ്‌പെന്‍ഷനില്‍ തുടരുന്ന സമയത്ത് രണ്ട് അച്ചടക്ക നടപടികള്‍ നേരിട്ടു. വളരെ വൈകാതെ ഇനിയും പുതിയവ പ്രതീക്ഷിക്കുന്നു. കള്ളനെ ചൂണ്ടിക്കാട്ടിയവനെ കൊലപാതകി ആക്കുന്ന സംവിധാനമാണ് പോലീസിലെന്ന ആരോപണം അടക്കം ഉന്നയിച്ചാണ് ശ്രീജിത്ത് രാജിവെച്ചിരിക്കുന്നത്. ഇനിയും ഇങ്ങനെ മുന്നോട്ട് പോയാല്‍ ദിനം പ്രതി ആത്മഹത്യ ചെയ്യുന്ന പോലീസുകാരുടെ കൂട്ടത്തിലേക്കു ഒരാള്‍ കൂടി വരുമെന്ന് മനസ്സിലായെന്നുമാണ് ശ്രീജിത്ത് രാജികത്തില്‍ പറയുന്നത്.

രാജിക്കത്തിന്റെ പൂര്‍ണരൂപം ചുവടേ:

പ്രേഷിതന്‍..

ശ്രീജിത്ത്. N,

സബ് ഇന്‍സ്‌പെക്ടര്‍ ഓഫ് പോലീസ് (U/S)

പെന്‍ നമ്പര്‍ 571608.

സ്വീകര്‍ത്താവ്.

സംസ്ഥാന പോലീസ് മേധാവി, കേരളം.

(പെരുമ്പടപ്പ് പോലീസ് സ്റ്റേഷന്‍ ഹൌസ് ഓഫീസര്‍ മുഖേന )

സര്‍..

2023 ഡിസംബര്‍ മാസം 23 മുതല്‍ ഞാന്‍ വേലവിലക്കില്‍ ആണ്. ആരോപണങ്ങള്‍ അതീവ ഗുരുതരസ്വഭാവം ഉള്ളവയാണ്. ആരോപണ പ്രകാരമുള്ള പ്രവര്‍ത്തിയിലൂടെ ഞാന്‍ കെട്ടി ഉയര്‍ത്തിയ മണി മാളികയും, ആര്‍ജ്ജിച്ച സ്ഥാവര ജംഗമ വസ്തുക്കളും, എന്റെ ബാങ്ക് ബാലന്‍സും അങ്ങ് പരിശോധിക്കുന്നത് ഉചിതം ആയിരിക്കും. വേലവിലക്കില്‍ തുടരുന്ന സമയത്ത് രണ്ട് അച്ചടക്ക നടപടികള്‍ നേരിട്ടു. വളരെ വൈകാതെ ഇനിയും പുതിയവ പ്രതീക്ഷിക്കുന്നു. അതിനു മുന്‍പ് ഒരു വ്യക്തിക്ക് അന്യായമായ കാര്യം ചെയ്തു കൊടുക്കാത്തത്തിലുള്ള വിരോധം കാരണവും, എന്റെ മേലധികാരിക്ക് എന്നോടുള്ള വാത്സല്യാധിക്യം കാരണവും ഒരു അച്ചടക്ക നടപടി നേരിട്ടു.

ഇവയെ ഒക്കെ ഫലപ്രദമായി നേരിടുവാനും, എനിക്കെതിരായ അച്ചടക്ക നടപടികളിലേക്ക് നയിച്ച സാഹചര്യങ്ങളെ പറ്റി അറിയുന്നതിനും, സംവിധാനത്തിലെ പേരും കള്ളന്മാരെ പുറത്തു കൊണ്ട് വരുന്നതിനും വിവരാവകാശ നിയമം അടക്കം വ്യവസ്ഥാപിതമായ നിയമങ്ങളും ചട്ടങ്ങളും അനുസരിച്ച് നിരവധി അപേക്ഷകളും, പരാതികളും പോലീസിലെ വിവിധ ഓഫീസുകളില്‍ നല്‍കി എങ്കിലും നിരാശ ആയിരുന്നു ഫലം. കള്ളനെ ചൂണ്ടിക്കാട്ടിയവനെ കൊലപാതകി ആക്കുന്ന സംവിധാനം... ആറും, മൂന്നും വയസുള്ള രണ്ടു കുട്ടികളെയും, വൃദ്ധരായ മാതാ പിതാക്കളെയും സംരക്ഷിക്കുന്നതിനായി 2023 ഡിസംബര്‍ 23 മുതല്‍ 2025 സെപ്റ്റംബര്‍ 30 വരെയുള്ള ഉപജീവനബത്ത കൈപ്പറ്റിയിട്ടുണ്ട്. 2025 ഒക്ടോബര്‍ മാസത്തെ ഉപജീവന ബത്തക്കായി അപേക്ഷ സമര്‍പ്പിച്ചിട്ടും ഉണ്ട്.

അധികാരത്തിന്റെ സ്വാധീനവും, സംവിധാനങ്ങളും, സൗകര്യങ്ങളും ഉപയോഗിച്ച് സേനയിലെ ഒരു വിഭാഗം ഔദ്യോഗികവും, അനൗദ്യോഗികവും ആയ എല്ലാ കുറ്റകൃത്യങ്ങളില്‍ നിന്നും രക്ഷപെടുകയും വേണ്ടപ്പെട്ടവരെ രക്ഷിക്കുകയും ചെയ്യുന്നു , ഇതേ വിഭാഗം ഇതേ സൗകര്യങ്ങളും, സംവിധാനങ്ങളും, സ്വാധീനവും ഉപയോഗിച്ച് ദുര്‍ബല വിഭാഗത്തെ അടിച്ചമര്‍ത്തുകയും ചെയ്യുന്ന വിരോധാഭാസം കാണാന്‍ കഴിയും. രാഷ്ട്രീയ മേലാളന്മാര്‍ക്കും, വര്‍ഗീയ ശക്തികള്‍ക്കും, മുതലാളിമാര്‍ക്കും, ദല്ലാള്‍ മാര്‍ക്കും മുന്‍പില്‍ സേനയുടെ അന്തസ്സും, അഭിമാനവും സ്വന്തം നട്ടെല്ല് പോലും പണയം വെക്കുന്ന പോലീസിലെ അധികാര വര്‍ഗ്ഗത്തോട് സമരം ചെയ്യുവാന്‍ കയ്യിലുള്ള ആയുധങ്ങളും, ശാരീരിക ശേഷിയും, സാമ്പത്തിക സ്ഥിതിയും പോരാതെ വരുന്നുണ്ട് എന്ന് തിരിച്ചറിയുന്നു. ഈ തിരിച്ചറിവിനെ അവഗണിച്ചു കൊണ്ട് മുന്നോട്ട് പോയാല്‍ ദിനം പ്രതി ആത്മഹത്യ ചെയ്യുന്ന പോലീസുകാരുടെ കൂട്ടത്തിലേക്കു ഒരാള്‍ കൂടി വരും എന്ന് മാത്രം. 38 വര്‍ഷം ഈ ലോകത്തു ജീവിക്കാന്‍ അനുവദിച്ച ദൈവത്തിനു നന്ദി. പോലീസിന്റെ പൈസ ഇനി വേണ്ട എന്ന് തീരുമാനിക്കാന്‍ എടുത്ത കാലയളവ് സുദീര്‍ഘമായി പോയി എന്ന് തോന്നുന്നു.

കുട്ടികളെ നോക്കാന്‍ വേറെ ഗതി ഇല്ലാത്തതു കൊണ്ടാണ് ഉപജീവന ബത്ത വാങ്ങിയത്. ഇനി അതിന്റെ ആവശ്യം ഇല്ല. അതിനായി അവകാശ വാദം ഉന്നയിക്കുകയും ഇല്ല. ഇത്രയും നാള്‍ ജോലി ചെയ്യാതെ വാങ്ങിയ കൂലിക്ക് തുല്യമായ തുകക്ക്, ഏറ്റവും അനുയോജ്യരായവരെ താമസംവിനാ കണ്ടെത്തി അവര്‍ക്കു ആവശ്യമായതു ചെയ്തു കൊടുക്കുന്നതാണ്. അധികാരത്തിനും പണത്തിനും മുകളിലായി ഒന്നുണ്ട് മനസ്സുകൊണ്ട് നന്നായിരിക്കുക എന്നത്. സുദീര്‍ഘമായ യാത്രകളും, മഹായോഗി വര്യന്മാരോടുള്ള സഹവാസവും തിരിച്ചറിവ് ഉണ്ടാക്കുന്നു. പോലീസ് വകുപ്പിലെ വകുപ്പ് തല നടപടികളോട് തുടര്‍ന്ന് സഹകരിക്കുവാന്‍ എനിക്ക് താല്‍പ്പര്യം ഇല്ല എന്ന് തികഞ്ഞ ആദരവോടെ അങ്ങയെ അറിയിക്കുന്നു. ഉചിതമായ തീരുമാനങ്ങള്‍ എടുക്കാം. അത് കൊണ്ട് ഒരാള്‍ക്കെങ്കിലും മനസുഖം കിട്ടുന്നു എങ്കില്‍ ഞാന്‍ ധന്യനായി. ഭൗതികമായ എന്തിനെയും സംവിധാനത്തിന തോല്‍പ്പിക്കാം .. പക്ഷെ എന്റെ മനസ്സിനെ ജയിക്കാന്‍ സംവിധാനത്തിന് കഴിയില്ല. അങ്ങനെ ആയിരുന്നു എങ്കില്‍ പല തവണ എന്നെ സമീപിച്ച ഒത്തു തീര്‍പ്പുകാരോട് ഒന്ന് തലയാട്ടിയാല്‍ മതിയായിരുന്നു.

നോട്ടീസ് നടത്താന്‍ എന്ന പേരില്‍ അയക്കുന്ന പോലീസ് ഉദ്യോഗസ്ഥരുടെ യാത്ര ബത്തയും, ജോലി സമയവും സാധാരണക്കാരുടെ ക്ഷേമത്തിന ഉപയോഗിക്കുക. ഇനിയും സേനയില്‍ തുടരാന്‍ താല്‍പ്പര്യം ഇല്ലാത്തതിനാല്‍ പോലീസ് സേനയില്‍ നിന്നും ഞാന്‍ സ്വയം വിടുതല്‍ ചെയ്യുന്നതായി അങ്ങയെ നിറഞ്ഞ ആദരവോടെയും, സ്‌നേഹത്തോടെയും, സന്തോഷത്തോടെയും അറിയിച്ചു കൊള്ളുന്നു. ഇത് വരെ 5 വിവിധ സര്‍ക്കാര്‍ വകുപ്പുകളിലായി ചെയ്ത 15 വര്‍ഷത്തെ സേവനത്തിനുള്ള അനുകൂല്യങ്ങള്‍ക്കുള്ള അവകാശവാദവും ഉന്നയിക്കുന്നില്ല. അത് കൊണ്ട് തന്നെ ബഹുമാനപ്പെട്ട കോടതികളുടെ നടപടികളുടെ ഭാഗമല്ലാത്ത യാതൊരു വിനിമയങ്ങളും പോലീസ് വകുപ്പ് ഞാനുമായി നടത്തി എന്റെയും കുടുംബത്തിന്റെയും സ്വൊര്യ ജീവിതത്തിന് വിഘാതം നില്‍ക്കരുത് എന്നും അങ്ങയോട് അപേക്ഷിക്കുന്നു. മറുത്തു ചെയ്യുന്ന പക്ഷം അവയെ അര്‍ഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയുക അല്ലാതെ എനിക്ക് മുന്‍പില്‍ മറ്റ് മാര്‍ഗങ്ങള്‍ ഒന്നും തന്നെ ഇല്ല എന്നും വിനയപുരസരം അറിയിച്ചു കൊള്ളുന്നു.

04--11-2025

വിശ്വസ്തതയോടെ.

ശ്രീജിത്ത്.

Tags:    

Similar News