പൂക്കോട് വെറ്ററിനറി കോളേജില്‍ സിദ്ധാര്‍ഥന്റെ മരണത്തില്‍ ഡീനിനും അസിസ്റ്റന്റ് വാര്‍ഡനും സ്ഥലംമാറ്റം; ഡീന്‍ ഡോ.എം.കെ നാരായണന് തരംതാഴ്ത്തലിനൊപ്പം മൂന്നുവര്‍ഷം ഭരണപരമായ ചുമതലകള്‍ നല്‍കില്ല; അസി.വാര്‍ഡന് സ്ഥലംമാറ്റത്തിനൊപ്പം രണ്ടു വര്‍ഷത്തേക്ക് പ്രമോഷനും ഇല്ല

പൂക്കോട് വെറ്ററിനറി കോളേജില്‍ സിദ്ധാര്‍ഥന്റെ മരണത്തില്‍ ഡീനിനും അസിസ്റ്റന്റ് വാര്‍ഡനും സ്ഥലംമാറ്റം

Update: 2025-09-20 17:16 GMT

കല്‍പ്പറ്റ: പൂക്കോട് വെറ്ററിനറി കോളേജിലെ വിദ്യാര്‍ത്ഥി ജെ.എസ്. സിദ്ധാര്‍ത്ഥന്റെ ദാരുണമായ മരണവുമായി ബന്ധപ്പെട്ട്, അന്നത്തെ ഡീനായിരുന്ന ഡോ. എം.കെ. നാരായണനെ തരംതാഴ്ത്തിയുള്ള സ്ഥലംമാറ്റ നടപടികള്‍ക്ക് ബോര്‍ഡ് ഓഫ് മാനേജ്‌മെന്റ് ഉത്തരവിട്ടു. ഡീന്‍ സ്ഥാനത്ത് നിന്ന് നീക്കി വെറ്ററിനറി കോളേജിലേക്ക് മാറ്റിയ നാരായണന് മൂന്ന് വര്‍ഷത്തേക്ക് ഭരണപരമായ ചുമതലകള്‍ ഉണ്ടായിരിക്കുന്നതല്ല. കൂടാതെ, അദ്ദേഹത്തിന്റെ രണ്ട് വര്‍ഷത്തെ പ്രൊമോഷനും തടഞ്ഞു. ഇതേ കേസില്‍ നടപടികള്‍ നേരിടുന്ന അസിസ്റ്റന്റ് വാര്‍ഡന്‍ കാന്തനാഥിനെ തിരുവാഴാംകുന്ന് പൗള്‍ട്രി കോളേജിലേക്ക് സ്ഥലംമാറ്റി. ഇരുവരുടെയും വിശദമായ വാദം കേട്ടശേഷമാണ് ബോര്‍ഡ് ഓഫ് മാനേജ്‌മെന്റ് ഈ തീരുമാനമെടുത്തത്.

2024 ഫെബ്രുവരി 18-നാണ് സിദ്ധാര്‍ത്ഥനെ ഹോസ്റ്റല്‍ ശുചിമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവം നടന്ന ദിവസം തന്നെ സിദ്ധാര്‍ത്ഥന്റെ മരണത്തില്‍ ദുരൂഹതകളുണ്ടെന്ന ആരോപണങ്ങള്‍ ഉയര്‍ന്നുവന്നെങ്കിലും, കുടുംബം ദിവസങ്ങള്‍ക്ക് ശേഷം മാധ്യമങ്ങളോട് വെളിപ്പെടുത്തിയപ്പോഴാണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചത്. ദിവസങ്ങള്‍ നീണ്ട ക്രൂരമായ മര്‍ദ്ദനങ്ങളെയും മാനസിക പീഡനങ്ങളെയും തുടര്‍ന്നാണ് സിദ്ധാര്‍ത്ഥന്‍ ആത്മഹത്യ ചെയ്തതെന്ന നിഗമനത്തിലെത്തിയിരുന്നു.

മകന്റെ മരണം കൊലപാതകമാണെന്ന് സിദ്ധാര്‍ത്ഥന്റെ പിതാവ് ജയപ്രകാശ് അന്ന് ആരോപിച്ചിരുന്നു. ഇതേത്തുടര്‍ന്ന് ലോക്കല്‍ പോലീസും പിന്നീട് സി.ബി.ഐ.യും അന്വേഷണം നടത്തി. മരണം കൊലപാതകമാണെന്ന് സി.ബി.ഐ. സ്ഥിരീകരിച്ചില്ലെങ്കിലും, സിദ്ധാര്‍ത്ഥന്‍ കടുത്ത പീഡനങ്ങള്‍ക്ക് ഇരയായി എന്ന് ഇരു അന്വേഷണ സംഘങ്ങള്‍ക്കും ബോധ്യപ്പെട്ടിരുന്നു. സി.ബി.ഐ. പ്രാഥമിക അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിച്ചതിന് ശേഷം, കേസില്‍ ഉള്‍പ്പെട്ട 19 പ്രതികള്‍ക്കും ഹൈക്കോടതി ജാമ്യം അനുവദിച്ചു. റാഗിംഗ്, ആത്മഹത്യാ പ്രേരണ, മര്‍ദ്ദനം, ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. ഈ സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അഡ്മിനിസ്‌ട്രേറ്റീവ് തലത്തില്‍ ഈ നടപടികള്‍ സ്വീകരിച്ചിരിക്കുന്നത്.

Tags:    

Similar News