തന്റെ അശ്രദ്ധ മൂലമാണ് അപകടമുണ്ടായതെന്ന് സമ്മതിച്ചെങ്കിലും പോലീസിനെ കൈയേറ്റം ചെയ്‌തെന്ന വകുപ്പുകള്‍ വിനയായി മാറും; നാട്ടകത്ത് അമിത വേഗതയിലെത്തിയ കാര്‍ നിയന്ത്രണം വിട്ട് ഇടിച്ചിട്ടത് വഴിയാത്രക്കാരനായ ലോട്ടറി വില്‍പ്പനക്കാരനെ; ആ രാത്രി ഷോ അതിരുകടന്നു; സീരിയല്‍ നടന്‍ സിദ്ധാര്‍ഥ് പ്രഭു വിവാദത്തില്‍

Update: 2025-12-25 03:27 GMT

കോട്ടയം: ക്രിസ്മസ് രാത്രിയില്‍ കോട്ടയത്ത് മദ്യലഹരിയില്‍ അക്രമാസക്തനായി സീരിയല്‍ നടന്‍ സിദ്ധാര്‍ഥ് പ്രഭു. എംസി റോഡില്‍ നാട്ടകം ഗവണ്‍മെന്റ് കോളജിന് സമീപം ഇന്നലെ രാത്രിയാണ് സിനിമാ സ്റ്റൈല്‍ സംഘര്‍ഷങ്ങള്‍ അരങ്ങേറിയത്. അമിതവേഗതയിലെത്തിയ സിദ്ധാര്‍ഥ് ഓടിച്ച കാര്‍ നിയന്ത്രണം വിട്ട് വഴിയാത്രക്കാരനായ ലോട്ടറി വില്‍പ്പനക്കാരനെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. പരിക്കേറ്റ ഇദ്ദേഹം നിലവില്‍ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.

അപകടത്തിന് പിന്നാലെ രക്ഷാപ്രവര്‍ത്തനത്തിന് എത്തിയ നാട്ടുകാരോട് തട്ടിക്കയറിയ സിദ്ധാര്‍ഥ് അവരെ അസഭ്യം പറയുകയും കൈയ്യേറ്റം ചെയ്യാന്‍ മുതിരുകയും ചെയ്തു. മദ്യലഹരിയിലായിരുന്ന നടന്‍ നാട്ടുകാരുമായി കയ്യാങ്കളിയിലേര്‍പ്പെട്ടതോടെ സ്ഥിതിഗതികള്‍ വഷളായി. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ചിങ്ങവനം പൊലീസിനെയും നടന്‍ വെറുതെ വിട്ടില്ല. ഉദ്യോഗസ്ഥരെ ആക്രമിക്കാന്‍ മുതിര്‍ന്ന സിദ്ധാര്‍ഥ് പൊലീസിനോടും മോശമായി പെരുമാറി. ഒടുവില്‍ നാട്ടുകാരുടെ സഹായത്തോടെ ബലം പ്രയോഗിച്ചാണ് പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്തത്.

ജനറല്‍ ആശുപത്രിയില്‍ എത്തിച്ച് വൈദ്യപരിശോധന നടത്തിയപ്പോള്‍ ഇയാള്‍ മദ്യപിച്ചിരുന്നതായി സ്ഥിരീകരിച്ചു. അപകടം വരുത്തിയതിനും പൊലീസിനെ ആക്രമിച്ചതിനും ഡ്യൂട്ടി തടസ്സപ്പെടുത്തിയതിനും ഇയാള്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. കസ്റ്റഡിയിലെടുത്ത സമയത്ത് സിദ്ധാര്‍ഥ് പ്രഭു പോലീസിനോടും നാട്ടുകാരോടും പ്രകോപനപരമായാണ് പെരുമാറിയത്. മദ്യലഹരിയിലായിരുന്നതിനാല്‍ അക്രമാസക്തനായ ഇയാള്‍, അസഭ്യം പറയുകയും ബഹളം വെക്കുകയും ചെയ്തതായാണ് ദൃക്സാക്ഷികള്‍ പറയുന്നത്.


ബോധം വീണ്ടെടുത്ത ശേഷം സ്റ്റേഷനില്‍ വെച്ച് ഇയാള്‍ കുറ്റസമ്മതം നടത്തിയതായും വിവരമുണ്ട്. തന്റെ അശ്രദ്ധ മൂലമാണ് അപകടമുണ്ടായതെന്ന് ഇയാള്‍ സമ്മതിച്ചെങ്കിലും പോലീസിനെ കൈയേറ്റം ചെയ്ത വകുപ്പുകള്‍ വിനയായി മാറും. സിദ്ധാര്‍ഥ് പ്രഭുവിന്റെ ഡ്രൈവിംഗ് ലൈസന്‍സ് റദ്ദാക്കാന്‍ മോട്ടോര്‍ വാഹന വകുപ്പിനോട് പോലീസ് ശുപാര്‍ശ ചെയ്യും. പരിക്കേറ്റ ലോട്ടറി വില്‍പ്പനക്കാരന്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്.

മലയാളം ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് 'തട്ടീം മുട്ടീം' എന്ന ജനപ്രിയ ഹാസ്യ പരമ്പരയിലൂടെ സുപരിചിതനായ നടനാണ് സിദ്ധാര്‍ഥ് പ്രഭു മഴവില്‍ മനോരമയില്‍ സംപ്രേഷണം ചെയ്യുന്ന 'തട്ടീം മുട്ടീം' എന്ന പരമ്പരയിലെ മയവതി അമ്മയുടെ പേരക്കുട്ടിയും അര്‍ജുനന്റെയും മോഹനവല്ലിയുടെയും മകനുമായ കണ്ണന്‍ എന്ന കഥാപാത്രത്തെയാണ് സിദ്ധാര്‍ഥ് അവതരിപ്പിക്കുന്നത്. വര്‍ഷങ്ങളായി ഈ പരമ്പരയിലെ പ്രധാന വേഷങ്ങളില്‍ ഒന്നാണിത്.

ഏതാനും മലയാള സിനിമകളിലും സിദ്ധാര്‍ഥ് ചെറിയ വേഷങ്ങള്‍ ചെയ്തിട്ടുണ്ട്. യൂട്യൂബ് ചാനലിലൂടെയും ഇന്‍സ്റ്റാഗ്രാമിലൂടെയും തന്റെ യാത്രാ വിശേഷങ്ങളും മറ്റും പങ്കുവെക്കുന്ന സജീവമായ ഒരു സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സര്‍ കൂടിയാണ് ഇദ്ദേഹം. ഉപ്പും മുളകും എന്ന സീരിയലിലും അഭിനയിക്കുന്നുണ്ട്.

Tags:    

Similar News