സര്‍ക്കാരിനെ കേള്‍ക്കാതെ സിദ്ദിഖിന്റെ ഹര്‍ജിയില്‍ തീരുമാനമെടുക്കരുത്; സുപ്രീംകോടതിയില്‍ നടന്റെ ജാമ്യഹര്‍ജിയെത്തും മുമ്പെ തടസ ഹര്‍ജി ഫയല്‍ ചെയ്ത് സംസ്ഥാന സര്‍ക്കാര്‍; സിദ്ദിഖിനായി തെരച്ചില്‍ ഊര്‍ജിതം

സിദ്ദിഖിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ: തടസ ഹര്‍ജി ഫയല്‍ ചെയ്ത് സംസ്ഥാന സര്‍ക്കാര്‍

Update: 2024-09-25 10:02 GMT

കൊച്ചി: നടി നല്‍കിയ ബലാത്സംഗ പരാതിയില്‍ ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം നിഷേധിച്ചതിനെ തുടര്‍ന്ന് ഒളിവില്‍ പോയ നടന്‍ സിദ്ദിഖിനായി തെരച്ചില്‍ ഊര്‍ജിതമായി തുടരുന്നതിനിടെ സുപ്രീം കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ തടസ ഹര്‍ജി ഫയല്‍ ചെയ്ത് സംസ്ഥാന സര്‍ക്കാര്‍. സുപ്രീംകോടതിയിലാണ് ഓണ്‍ലൈനായി സര്‍ക്കാര്‍ ഹര്‍ജി നല്‍കിയത്. സര്‍ക്കാരിനെ കേള്‍ക്കാതെ സിദ്ദിഖിന്റെ ഹര്‍ജിയില്‍ തീരുമാനമെടുക്കരുതെന്ന് ആവശ്യം. അതിജീവിതയും സുപ്രീംകോടതിയില്‍ തടസഹര്‍ജി നല്‍കിയിട്ടുണ്ട്.

സിദ്ദിഖ് ജാമ്യം തേടി ഇന്ന് സുപ്രീം കോടതിയെ സമീപിക്കാന്‍ സാധ്യതയുള്ള പശ്ചാത്തലത്തിലാണ് സര്‍ക്കാര്‍ നീക്കം. മുന്‍ സോളിസിറ്റര്‍ ജനറല്‍ രഞ്ജിത് കുമാറിനെ കൊണ്ടുവരാന്‍ സര്‍ക്കാര്‍ ശ്രമം തുടങ്ങിയിട്ടുണ്ട്. സംസ്ഥാനത്തിനായി സ്റ്റാന്‍ഡിംഗ് കൗണ്‍സല്‍ നിഷേ രാജന്‍ ഷൊങ്കറാണ് തടസ ഹര്‍ജി സമര്‍പ്പിച്ചത്.

അതേസമയം, സിദ്ദിഖിനായി തെരച്ചില്‍ ഊര്‍ജിതമാക്കിയിരിക്കുകയാണ് പൊലീസ്. ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം നിഷേധിച്ചതിനെ തുടര്‍ന്ന് സിദ്ദിഖ് ജാമ്യം തേടി ഇന്ന് സുപ്രീം കോടതിയെ സമീപിച്ചേക്കുമെന്നാണ് സൂചന. അതിജീവിത പരാതി നല്‍കാന്‍ വൈകിയതടക്കം ചൂണ്ടിക്കാട്ടിയാവും ഹര്‍ജി എന്നാണ് വിവരം. കൂടാതെ മറ്റു കേസുകളോ ക്രിമിനല്‍ പശ്ചാത്തലമോ ഇല്ലാത്ത സിദ്ദിഖ് അന്വേഷണവുമായി സഹകരിക്കാന്‍ തയ്യാറാണെന്നും അറിയിക്കും.

സിദ്ദിഖ് കേസില്‍ കരുതലോടെ പോലീസ് തെളിവ് ശേഖരണം നടത്തിയത്. മസ്‌കറ്റ് ഹോട്ടലിലെ രേഖകള്‍ അടക്കം വീണ്ടെടുത്തു. ഇരയുടെ മൊഴി വസ്തുതാപരമെന്ന നിലപാടും എടുത്തു. അതുകൊണ്ടാണ് സിദ്ദിഖിന് ജാമ്യം കിട്ടാത്തത്.

സിദ്ദിഖ് ഒളിവില്‍ തുടരുകയാണ്. കേസില്‍ അറസ്റ്റ് ചെയ്യാനിരിക്കെയാണ് നടന്‍ ഒളിവില്‍പോയത്. ഇതിനിടയില്‍ കുറച്ചു സമയം മുമ്പ് സിദ്ദിഖിന്റെ ഫോണ്‍ ഓണായിരുന്നു. കഴിഞ്ഞ രണ്ടു ദിവസമായി എല്ലാ ഫോണുകളും സ്വിച്ച്ഡ് ഓഫ് ആയിരുന്നു. ഇതില്‍ ഒരു നമ്പറാണ് കുറച്ചു സമയത്തേയ്ക്ക് ഓണ്‍ ആയത്. ഓണ്‍ ആയതും ഫോണ്‍ ബിസി ആയിരുന്നു. പിന്നീട് ഫോണ്‍ വീണ്ടും സ്വിച്ച് ഓഫ് ആയി. ടവര്‍ ലൊക്കേഷന്‍ പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. സിദ്ദിഖിനെ എത്രയും വേഗം പിടികൂടാനാണ് പോലീസ് ശ്രമം.

കുറ്റകൃത്യത്തില്‍ സിദ്ദിഖിന് പങ്കുണ്ടെന്ന് പ്രഥമദൃഷ്ട്യാ വിലയിരുത്തിയാണ്, അറസ്റ്റ് വിലക്കണമെന്ന ആവശ്യം ജസ്റ്റിസ് സി എസ് ഡയസ് നിരസിച്ചത്. ഇതൊടെ മൊബൈല്‍ സ്വിച്ച് ഓഫ് ചെയ്ത് മുങ്ങിയ നടനെ കാക്കനാട് പടമുകളിലെയും ആലുവ കുട്ടമശേരിയിലെയും വീടുകളില്‍ അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. വിദേശത്തേക്ക് കടക്കാതിരിക്കാന്‍ വിമാനത്താവളങ്ങളില്‍ ലുക്കൗട്ട് സര്‍ക്കുലര്‍ ഇറക്കി. സിദ്ദിഖിനെതിരെ കോടതി വിധി വന്നതും പോലീസ് ചടുല നീക്കത്തിലായി. എന്നാല്‍ അതിന് മുമ്പേ ചെയ്യേണ്ടത് ചെയ്തതുമില്ല.

സിദ്ദിഖിനെ കസ്റ്റഡിയില്‍ ചോദ്യംചെയ്യേണ്ടതുണ്ടെന്നും ലൈംഗികശേഷി പരിശോധിക്കേണ്ടതുണ്ടെന്നും കോടതി ഉത്തരവില്‍ വ്യക്തമാണ്. അന്വേഷണം പ്രാഥമികഘട്ടത്തിലാണെന്നും മുന്‍കൂര്‍ജാമ്യം നല്‍കിയാല്‍ സാക്ഷികളെ സ്വാധീനിക്കാനും തെളിവ് നശിപ്പിക്കാനും ഇടയുണ്ടെന്നുമുള്ള പ്രോസിക്യൂഷന്‍ വാദം അംഗീകരിച്ചാണ് ജാമ്യാപേക്ഷ തള്ളിയത്. 2016ല്‍ 'സുഖമായിരിക്കട്ടെ' എന്ന സിനിമയുടെ പ്രിവ്യൂ ഷോയ്ക്ക് ക്ഷണിച്ചെന്നും പിന്നീട് തിരുവനന്തപുരം മാസ്‌കോട്ട് ഹോട്ടലില്‍ സിദ്ദിഖ് താമസിച്ച മുറിയില്‍വച്ച് ലൈംഗികമായി പീഡിപ്പിച്ചെന്നുമാണ് പരാതി.

Tags:    

Similar News