സിദ്ദിക്ക് കൊച്ചിയിലെ വീട്ടില്‍ ഇല്ല; ഫോണും സ്വിച്ച് ഓഫ്; ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന് ശേഷം പ്രമുഖ നടന്‍ അറസ്റ്റിലേക്ക്; ഹൈക്കോടതി ഉത്തരവ് കിട്ടിയ ശേഷം തുടര്‍നടപടി; പീഡനപരാതിയില്‍ മുകേഷിന് മുന്‍കൂര്‍ ജാമ്യം കിട്ടിയപ്പോള്‍ സിദ്ദിക്കിന് കുരുക്കായത് ശക്തമായ തെളിവുകള്‍

സിദ്ദിക്കിന് കുരുക്കായത് ശക്തമായ തെളിവുകള്‍

Update: 2024-09-24 05:59 GMT

തിരുവനന്തപുരം: ബലാല്‍സംഗക്കേസില്‍, നടനും 'അമ്മ'യുടെ മുന്‍ ജനറല്‍ സെക്രട്ടറിയുമായ സിദ്ദിക്കിന് കുരുക്കായത് ശക്തമായ തെളിവുകള്‍. അതേസമയം, ശക്തമായ തെളിവുകളുടെ അഭാവമാണ് മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍, നടനും എംഎല്‍എയുമായ മുകേഷിന് തുണയായാത്.

സിദ്ദിഖിനെതിരെ യുവനടി നല്‍കിയ പരാതിയില്‍ ശക്തമായ തെളിവുകളും സാക്ഷിമൊഴികളും പോലീസിന്റെ പ്രത്യേക അന്വേഷണ സംഘത്തിന് ലഭിച്ചിരുന്നു. തിരുവനന്തപുരത്തെ മസ്‌ക്കററ് ഹോട്ടലില്‍ വിളിച്ചുവരുത്തി പീഡിപ്പിച്ചെന്ന പരാതിക്കാരിയുടെ മൊഴി ശരിവെയ്ക്കുന്നതാണ് ഈ തെളിവുകളെന്ന് അവര്‍ പറയുന്നു. നടനെതിരെ സാഹചര്യ തെളിവുകള്‍ ശക്തമാണെന്ന് കണ്ടാണ് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയിരിക്കുന്നത്. തിരുവനന്തപുരം മ്യൂസിയം പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത പീഡന കേസിലാണ് സിദ്ദിഖ് മുന്‍കൂര്‍ ജാമ്യപേക്ഷ നല്‍കിയത്.

മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ കോടതി നേരത്തെ വാദം കേട്ടിരുന്നെങ്കിലും വിധി പറയുന്നത് മാറ്റിവയ്ക്കുകയായിരുന്നു. പരാതിക്കാരി ബലാത്സംഗം മുന്‍പ് ഉന്നയിച്ചിട്ടില്ലെന്നും അടിസ്ഥാനമില്ലാത്തതുമാണ് പരാതി എന്ന് ഹര്‍ജിക്കാരനായി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ ബി. രാമന്‍ പിള്ള വാദിച്ചു. 2012ലാണ് സംഭവം നടന്നുവെന്ന് ആരോപിക്കുന്നത്. സൂക്ഷ്മമായി തയാറാക്കിയ കഥയാണ് പരാതിക്കാരി ഉയര്‍ത്തിയതെന്നായിരുന്നു സിദ്ദിക്കിന്റെ ആരോപണം.എന്നാല്‍, പല വസ്തുതകളും സിദ്ദിക്ക് മറച്ചുവയ്ക്കുകയാണെന്നും ഇരുവരും മസ്‌ക്കറ്റ് ഹോട്ടലില്‍ എത്തിയതിന് തെളിവുണ്ടെന്നും സര്‍ക്കാരിനായി ഹാജരായ അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ പി നാരായണന്‍ കോടതിയില്‍ വാദം ഉന്നയിച്ചു.

അതേസമയം, ഹൈക്കോടതി ഉത്തരവ് ലഭിച്ചശേഷമയായിരിക്കും തുടര്‍ നടപടിയെന്നാണ് അന്വേഷണ സംഘം വ്യക്തമാക്കുന്നത്. ഇന്നലെ രാത്രി വരെ സിദിക്ക കൊച്ചിയിലെ വീട്ടിലുണ്ടായിരുന്നുവെന്നും ഇന്ന് അവിടെ നിന്ന് മാറി നില്‍ക്കുകയാണെന്ന വിവരവും പുറത്തുവരുന്നുണ്ട്. സിദ്ദിഖിന്റെ ഫോണും സ്വിച്ച് ഓഫ് ആണ്.

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്ത് വന്നതിന് പിന്നാലെ സിനിമാ മേഖലയെ ഞെട്ടിച്ച ഒന്നായിരുന്നു ഈ ലൈംഗിക അതിക്രമക്കേസ്. 2016 ജനുവരി 28നാണ് സംഭവം നടക്കുന്നതെന്നായിരുന്നു യുവനടിയുടെ ആരോപണം. നിള തീയേറ്ററില്‍ സിനിമാ പ്രിവ്യൂ കഴിഞ്ഞിറങ്ങിയ ശേഷം ഹോട്ടലില്‍ വിളിച്ചുവരുത്തി, പീഡിപ്പിച്ചു എന്നായിരുന്നു ആരോപണം. ഒന്നരമാസം നീണ്ട അന്വേഷണത്തിനിടെ പരാതിക്കാരിയുടെ മൊഴി ശരിവെക്കുന്ന തരത്തിലുള്ള തെളിവുകളാണ് പ്രത്യേകസംഘത്തിന് ലഭിച്ചത്.

101 ഡി നമ്പര്‍ മുറിയില്‍ വെച്ചാണ് പീഡനമെന്നായിരുന്നു യുവതിയുടെ മൊഴി. ഗ്ലാസ് ജനലിലെ കര്‍ട്ടന്‍ മാറ്റി പുറത്തേക്ക് നോക്കിയാല്‍ സ്വിമ്മിംഗ് പൂള്‍ കാണാമെന്ന് യുവതി പറഞ്ഞിരുന്നു. യുവതിക്കൊപ്പം നടത്തിയ തെളിവെടുപ്പില്‍ അന്വേഷണ സംഘത്തിന് ഇക്കാര്യം സ്ഥരീകരിക്കാനായി. അച്ഛനും അമ്മയും ഒരു കൂട്ടുകാരിയും ചേര്‍ന്നാണ് തന്നെ ഹോട്ടലില്‍ എത്തിച്ചതെന്ന മൊഴി മൂവരും ശരിവെച്ചു.

ജനുവരി 27ന് രാത്രി 12 മണിക്ക് മുറിയെടുത്ത സിദ്ധിഖ് പിറ്റേന്ന് വൈകിട്ട് 5 മണിവരെ ഹോട്ടലില്‍ ഉണ്ടായിരുന്നുവെന്ന് തെളിഞ്ഞു. ചോറും മീന്‍കറിയും തൈരുമാണ് നടന്‍ കഴിച്ചതെന്ന യുവതിയുടെ മൊഴി ശരിവെയ്ക്കുന്ന ഹോട്ടല്‍ ബില്ലും അന്വേഷണ സംഘം കണ്ടെത്തി. പീഡനം നടന്ന് ഒരുവര്‍ഷത്തിന് ശേഷം കാട്ടാക്കടയിലുള്ള ഒരു സുഹൃത്തിനോട് യുവതി ഇക്കാര്യം പറഞ്ഞിരുന്നു. പൊലീസിന്റെ ചോദ്യം ചെയ്യലില്‍ സുഹൃത്ത് ഇക്കാര്യം ശരിവെച്ചു. മാനസിക സംഘര്‍ഷത്തെ തുടര്‍ന്ന് കൊച്ചിയിലെ രണ്ട് വനിതാ സൈക്യാട്രിസ്റ്റുകളുടെ ചികിത്സ നടി തേടിയിരുന്നു. ഇവര്‍ രണ്ടുപേരും ഇക്കാര്യം പൊലീസിനോട് സ്ഥിരീകരിക്കുകയും ചെയ്തു.

376ാം വകുപ്പ് ചുമത്തി മ്യൂസിയം പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. പിന്നീട് പ്രത്യേക അന്വേഷണ സംഘത്തിന് കേസ് കൈമാറുകയായിരുന്നു. 376ാം വകുപ്പ് അനുസരിച്ച് ബലാല്‍സംഗത്തിന് പത്തു വര്‍ഷത്തില്‍ കുറയാത്തത്തും ജീവപര്യന്തംവരെ നീണ്ടേക്കാവുന്നതുമായ തടവും പിഴയും ശിക്ഷ ലഭിക്കും. സെക്ഷന്‍ 506 അനുസരിച്ച് ഭീഷണിപ്പെടുത്തലിന് രണ്ടുവര്‍ഷംവരെ തടവോ പിഴയോ രണ്ടുംകൂടിയ ശിക്ഷയോ ലഭിച്ചേക്കാം.

മുകേഷിന് തുണയായത് ശക്തമായ തെളിവുകളുടെ അഭാവം

അതേസമയം, മുകേഷിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് വിധി പറഞ്ഞത്. പ്രതികള്‍ സമര്‍പ്പിച്ച സാങ്കേതികമായ തെളിവുകള്‍ ഉള്‍പ്പടെ കോടതി പരിശോധിച്ചിരുന്നു. പ്രോസിക്യൂഷന്‍ സമര്‍പ്പിച്ച തെളിവുകളും കോടതി പരിശോധിച്ചിരുന്നു. ഇത്തരം കാര്യങ്ങള്‍ ഉള്‍പ്പടെ പരിഗണിച്ചാണ് കോടതി വിധി പ്രഖ്യാപിച്ചത്. അന്വേഷണവുമായി സഹകരിക്കാമെന്ന് മുകേഷ് കോടതിയെ അറിയിച്ചിരുന്നു. പരാതിക്കാരി ബ്ലാക്ക്മെയില്‍ ലക്ഷ്യത്തോടെയാണ് പരാതി നല്‍കിയതെന്നും മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ മുകേഷ് ആരോപിച്ചിരുന്നു.

പരാതിക്കാരി വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഒരുലക്ഷം രൂപ ആവശ്യപ്പെട്ടു. ഇതിനായി വാട്സ് ആപ് വഴി ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ നല്‍കിയെന്നും മുകേഷ് കോടതിയെ അറിയിച്ചിരുന്നു. മുകേഷിനെ കൂടാതെ പ്രതികളായ കോണ്‍ഗ്രസ് നേതാവ് വി.എസ് ചന്ദ്രശേഖരനും ഇടവേള ബാബുവും തങ്ങളുടെ വാദങ്ങള്‍ കോടതിയില്‍ അവതരിപ്പിച്ചിരുന്നു. എന്നാല്‍ പ്രതികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയെ പൊലീസ് ശക്തമായി എതിര്‍ക്കുകയും, മൂവര്‍ക്കുമെതിരെ ചുമത്തിയ ബലാത്സംഗ കുറ്റം നിലനില്‍ക്കുമെന്ന് പ്രോസിക്യൂഷന്‍ വാദിക്കുകയും ചെയ്തിരുന്നു. പരാതിക്കാരിക്കെതിരെ പിന്നീട് ബന്ധുവായ യുവതിയുടെ പരാതിയില്‍ പോക്‌സോ കേസ് എടുക്കുകയും ചെയ്തു.

Tags:    

Similar News