എന്റെ മനസ്സ് അങ്ങേയറ്റം വേദനയിലാണ്..; ഇങ്ങനെയൊക്കെ നടക്കുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചില്ല..!!; ഫാൻസിന് മുന്നിൽ എൻട്രി നടത്തിയ യുവ ഗായകൻ; പാട്ട് പാടി തുടങ്ങിയതും കണ്ടത് ആരാധകരുടെ തള്ളിക്കയറ്റം; കൈയ്യിൽ കിട്ടിയവരെയെല്ലാം കുറ്റിക്കാട്ടിലേക്ക് വലിച്ചെറിഞ്ഞ് പോലീസ്; എന്നെ കൊന്നേ..കൊന്നേ എന്ന വിളിയും; ആകെ കുളമായ ആ സംഗീത പരിപാടിയിൽ വിശദീകരണവുമായി ഹനാന്‍ ഷാ
ഗായകൻ ഹനാൻ ഷായുടെ കാസർകോട്ടെ സംഗീത പരിപാടിയിൽ അമിതമായ ജനത്തിരക്ക് കാരണം വലിയ ബുദ്ധിമുട്ടുണ്ടായ സാഹചര്യത്തിൽ, തൻ്റെ ദുഃഖം അറിയിച്ചുകൊണ്ട് ഗായകൻ രംഗത്തെത്തി. തിരക്കിനിടയിൽ ശ്വാസതടസ്സം നേരിട്ടതിനെ തുടർന്ന് ഏതാനും പേരെ ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ടി വന്ന സംഭവത്തിൽ തനിക്ക് അങ്ങേയറ്റം സങ്കടമുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.
പരിപാടി പാതിവഴിയിൽ നിർത്തിവെക്കേണ്ടി വന്നതിനെക്കുറിച്ചും, അന്ന് എന്താണ് സംഭവിച്ചതെന്നതിനെക്കുറിച്ചും ഹനാൻ ഷാ വിശദീകരിച്ചു. വലിയ അപകടങ്ങൾ ഒഴിവാക്കാൻ വേണ്ടിയാണ് രണ്ട് പാട്ടുകൾ മാത്രം പാടി താൻ വേദിയിൽ നിന്ന് വേഗം മടങ്ങിയതെന്നും അദ്ദേഹം അറിയിച്ചു.
ഹനാൻ ഷായുടെ വിശദീകരണം...
"ഈവൻ്റ് കഴിഞ്ഞ് ഇന്ന് രണ്ടാം ദിവസമാണ്. പരിപാടിക്ക് വന്ന ആൾക്കാർക്ക് നേരിടേണ്ടി വന്ന ബുദ്ധിമുട്ട് ആലോചിച്ചിട്ട് എൻ്റെ മനസ്സ് അങ്ങേയറ്റം സങ്കടത്തിലാണ്. ആരൊക്കെ എന്തൊക്കെ പറഞ്ഞാലും, കാസർകോട് അന്ന് ഒത്തുകൂടിയ എല്ലാവരും എന്നെ കാണാനും, ഞാൻ നിങ്ങളെ കാണാനും, നിങ്ങൾക്ക് വേണ്ടി പാടാനും വന്നവരാണ്. അതിൽ എനിക്ക് അളവില്ലാത്ത സന്തോഷമുണ്ട്.
തലേദിവസം എൻ്റെ ഫ്ലൈറ്റ് കാൻസലായി. പരിപാടി നടക്കില്ല എന്ന സാഹചര്യം മുന്നിലുണ്ടായിട്ടും, ഉറക്കമില്ലാതെ രണ്ട് കണക്ഷൻ ഫ്ലൈറ്റിൽ കയറിയിട്ടാണ് ഞാൻ ഓൺ ടൈമിൽ കാസർകോട് എത്തുന്നത്. അവസാന നിമിഷത്തെ ടിക്കറ്റ് ആയതുകൊണ്ട് കൂടെയുണ്ടായിരുന്നവർക്ക് വരാനും കഴിഞ്ഞില്ല. ഒരിടവേളയ്ക്ക് ശേഷം വരുന്നത് ആയതുകൊണ്ട് തന്നെ എല്ലാവരെയും കാണാനും വേദിയിൽ കുറച്ചധികം സമയം ചെലവഴിക്കാനും ഞാൻ പൂർണ്ണമായും തയ്യാറായിരുന്നു. പരിപാടി തുടങ്ങുന്നതിന് മുൻപ് തന്നെ, ഈവൻ്റ് കഴിഞ്ഞിട്ടും ആളുകളുടെ കൂടെ ഫോട്ടോ എടുക്കാൻ ഞാൻ തയ്യാറാണെന്നും കമ്മിറ്റിയോട് പറഞ്ഞിരുന്നു.
അങ്ങനെ വേദിയിലേക്ക് വരാനിരിക്കുമ്പോഴാണ് സംഭവങ്ങളെക്കുറിച്ച് ഞാൻ അറിയുന്നത്. ടിക്കറ്റ് എടുത്തതിനെക്കാൾ കൂടുതൽ ആളുകൾ പുറത്തുണ്ടെന്നും, അതുകൊണ്ട് തിരക്ക് കുറഞ്ഞ ശേഷം മാത്രം അകത്തേക്ക് കയറിയാൽ മതിയെന്നും പോലീസ് നിർദ്ദേശം നൽകി. രാത്രി 8-9 മണി വരെ കാത്തിരുന്നിട്ടും തിരക്ക് കൂടുന്നതല്ലാതെ കുറയാഞ്ഞതിനാൽ, ഒടുവിൽ 9 മണിക്ക് വേദിയിലേക്ക് കയറാൻ അനുമതി ലഭിച്ചു.
എന്നാൽ, വേദിയിൽ ആളുകൾ തിങ്ങിനിറഞ്ഞതിനാലും പുറത്ത് അതിലേറെ ആൾക്കാർ ഗേറ്റ് തകർത്ത് അകത്തേക്ക് കയറാൻ ശ്രമിക്കുന്നതിനാലും, തുടർന്നാൽ വലിയ അപകടങ്ങൾ ഉണ്ടാകുമെന്ന കണിശമായ മുന്നറിയിപ്പ് പോലീസ് നൽകി. അതുകൊണ്ട് തന്നെ പെട്ടെന്ന് രണ്ട് പാട്ട് മാത്രം പാടി നിർത്തി, സ്റ്റേജിന് പിന്നിലുള്ള കാറിൽ എത്രയും പെട്ടെന്ന് കയറാൻ പോലീസ് നിർദ്ദേശം നൽകി. അതിനാലാണ് ഞാൻ പിന്നിലേക്ക് ഓടിയത്. അല്ലാതെ ആൾക്കാർ എന്നെ ബുദ്ധിമുട്ടിച്ചിട്ടല്ല. ഇനിയും പാടാനും അവിടെ നിൽക്കാനും എനിക്ക് ആഗ്രഹമില്ലാഞ്ഞിട്ടല്ല, ഞാൻ അവിടെന്ന് പോകുന്നതിന് അനുസരിച്ചേ ആ തിരക്ക് കുറയുകയുള്ളൂ. അതിനാൽ എനിക്ക് നിർദ്ദേശം നൽകുന്നവരെ ആ സമയത്ത് അനുസരിച്ചേ പറ്റൂ.
അതിനുശേഷം ഞാൻ ആദ്യം വിളിച്ച് അന്വേഷിച്ചതും തിരക്കിയതും ശ്വാസതടസ്സം നേരിട്ട് ആശുപത്രിയിൽ പോയവരെക്കുറിച്ചായിരുന്നു. ബുദ്ധിമുട്ടുകളില്ലാതെ ഒരു മണിക്കൂറിനുള്ളിൽ അവരും ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ആയിട്ടുണ്ടെന്ന് മനസ്സിലാക്കിയപ്പോൾ അത് വലിയ ആശ്വാസമായി. അവസാനത്തെ ഹെൽത്ത് വളൻ്റിയർ ആശുപത്രി വിടുമ്പോൾ കൂടെയുണ്ടായിരുന്ന ഒരാൾ ഞാനായിരുന്നു. മറ്റെന്തിനെക്കാളും എനിക്ക് അവർക്കുണ്ടായ ബുദ്ധിമുട്ടുകളിൽ അങ്ങേയറ്റം സങ്കടമുണ്ടായിരുന്നു. എൻ്റെ പരിപാടിക്ക് വന്നവർക്ക് ഈ ദുരനുഭവം ഉണ്ടായതിൽ ഞാൻ ഖേദിക്കുന്നു."
ഹനാൻ ഷായുടെ ഈ വിശദീകരണം സാമൂഹ്യ മാധ്യമങ്ങളിൽ വലിയ ശ്രദ്ധ നേടിയിട്ടുണ്ട്. വലിയ ജനസഞ്ചയം പങ്കെടുത്ത പരിപാടിയായിരുന്നെങ്കിലും, സംഘാടനത്തിലെ വീഴ്ച കാരണമാണ് ഇത്തരം പ്രശ്‌നങ്ങളുണ്ടായതെന്നാണ് പൊതുവെ ഉയരുന്ന വിമർശനം.
