കേരളമടക്കമുള്ള സംസ്ഥാനങ്ങളില്‍ പ്രത്യേക തീവ്ര വോട്ടര്‍പട്ടിക പരിഷ്‌കരണത്തിന് ഇന്ന് തുടക്കം; ബൂത്തുതല ഓഫീസര്‍മാര്‍ വീടുകള്‍ കയറി എന്യൂമറേഷന്‍ ഫോറം പൂരിപ്പിക്കും; മൂന്നുമാസം നീളുന്ന വോട്ടര്‍പട്ടിക ശുദ്ധീകരണപ്രക്രിയ അടുത്തവര്‍ഷം ഫെബ്രുവരി ഏഴിന് പൂര്‍ത്തിയാകും; തമിഴ്‌നാടിന് പിന്നാലെ എസ്.ഐ.ആറിനെതിരെ കേരളവും നിയമപ്പോരിന്; ബുധനാഴ്ച സര്‍വകക്ഷി യോഗം

കേരളമടക്കമുള്ള സംസ്ഥാനങ്ങളില്‍ പ്രത്യേക തീവ്ര വോട്ടര്‍പട്ടിക പരിഷ്‌കരണത്തിന് ഇന്ന് തുടക്കം

Update: 2025-11-04 00:53 GMT

ന്യൂഡല്‍ഹി: ബിഹാറിനു പിന്നാലെ കേരളമടക്കം ഒമ്പത് സംസ്ഥാനങ്ങളിലും മൂന്ന് കേന്ദ്രഭരണപ്രദേശങ്ങളിലും പ്രത്യേക തീവ്ര വോട്ടര്‍പട്ടിക പരിഷ്‌കരണത്തിന് (എസ്ഐആര്‍) ചൊവ്വാഴ്ച തുടക്കമാകും. ബൂത്തുതല ഓഫീസര്‍മാര്‍(ബിഎല്‍ഒ) വീടുകള്‍ കയറി എന്യൂമറേഷന്‍ ഫോറം പൂരിപ്പിക്കും. വോട്ടര്‍മാര്‍ വിവരങ്ങള്‍ നല്‍കണം. എന്യൂമറേഷന്‍ പ്രക്രിയ ഡിസംബര്‍ നാലുവരെയാണ്. ഡിസംബര്‍ ഒമ്പതിന് കരട് വോട്ടര്‍പട്ടിക പ്രസിദ്ധീകരിക്കും. തുടര്‍ന്ന് ഒരുമാസം കരട് പട്ടികയ്ക്കുമേല്‍ ആക്ഷേപങ്ങളും പരാതികളും ബോധിപ്പിക്കാം.

സംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശങ്ങളിലുമായി 51 കോടി വോട്ടര്‍മാരാണുള്ളത്. മൂന്നുമാസം നീളുന്ന വോട്ടര്‍പട്ടിക ശുദ്ധീകരണപ്രക്രിയ അടുത്തവര്‍ഷം ഫെബ്രുവരി ഏഴിന് പൂര്‍ത്തിയാകും. ഈ വിധത്തിലാണ് ക്രമീകരണങ്ങള്‍ നടക്കുക. കേരളത്തിനുപുറമേ തമിഴ്നാട്, പശ്ചിമബംഗാള്‍, ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍, മധ്യപ്രദേശ്, ഗുജറാത്ത്, ഛത്തീസ്ഗഢ്, ഗോവ സംസ്ഥാനങ്ങളിലും പുതുച്ചേരി, ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകള്‍, ലക്ഷദ്വീപ് എന്നീ കേന്ദ്രഭരണപ്രദേശങ്ങളിലുമാണ് എസ്ഐആര്‍.

കേരളം, തമിഴ്നാട്, പശ്ചിമബംഗാള്‍, പുതുച്ചേരി എന്നിവിടങ്ങളില്‍ അടുത്തവര്‍ഷം ആദ്യം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കേയാണ് എസ്ഐആര്‍. ഇതോടൊപ്പം തിരഞ്ഞെടുപ്പ് നടക്കേണ്ട അസമിനെ എസ്ഐആറില്‍ നിന്നൊഴിവാക്കിയിട്ടുണ്ട്. അസമിനായി പ്രത്യേകം ഉത്തരവിറക്കുമെന്നാണ് തിരഞ്ഞെടുപ്പു കമ്മിഷന്‍ അറിയിച്ചത്. സുപ്രീംകോടതിയുടെ മേല്‍നോട്ടത്തില്‍ അസമില്‍ പൗരത്വ പരിശോധനാപ്രക്രിയ നടന്നുവരുകയാണ്. സ്വാതന്ത്ര്യത്തിനുശേഷം രാജ്യത്ത് നടക്കുന്ന ഒമ്പതാമത് എസ്ഐആര്‍ ആണ് ഇത്തവണത്തേത്. 2002-'04 കാലത്താണ് അവസാനമായി നടന്നത്.

അതേസമയം തദ്ദേശ തെരഞ്ഞെടുപ്പിന് സമാന്തരമായി വോട്ടര്‍പട്ടിക തീവ്ര പരിഷ്‌കരണം നടപ്പാക്കാനുള്ള തെരഞ്ഞെടുപ്പ് കമീഷന്‍ തീരുമാനത്തിനെതിരെ കേരളവും കോടതിയെ സമീപിക്കും. സര്‍ക്കാറും പ്രതിപക്ഷവും ഇക്കാര്യത്തില്‍ ഒരേ വികാരത്തിലാണ്. ഇത് സംബന്ധിച്ച കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനും തുടര്‍നടപടി തീരുമാനിക്കാനും ബുധനാഴ്ച മുഖ്യമന്ത്രി സര്‍വകക്ഷി യോഗം വിളിച്ചിട്ടുണ്ട്. എസ്.ഐ.ആറിനെതിരെ തമിഴ്‌നാട് നിയമപോരാട്ടത്തിലേക്ക് കടന്നത് സര്‍ക്കാര്‍ നീക്കങ്ങള്‍ക്ക് ഊര്‍ജം പകര്‍ന്നിട്ടുണ്ട്.

തദ്ദേശ തെരഞ്ഞെടുപ്പിന് സമാന്തരമായി എസ്.ഐ.ആര്‍ നടപ്പാക്കുന്നതിലെ പ്രായോഗിക പ്രശ്‌നങ്ങള്‍ക്കൊപ്പം പൗരത്വ നിയമം കുറുക്കുവഴിയിലൂടെ നടത്താനുള്ള ശ്രമമാണിതെന്ന വിമര്‍ശനവും ഇടതുപക്ഷവും യു.ഡി.എഫും ഉന്നയിക്കുന്നു. എസ്.ഐ.ആറിനെതിരെ നിയമസഭ ചേര്‍ന്ന് ഏകകണ്ഠമായി പ്രമേയം പാസാക്കിയിട്ടും കമീഷന്‍ മുഖവിലക്കെടുക്കാത്തതിന്റെ അമര്‍ഷവും മുന്നണികള്‍ക്കുണ്ട്. രാഷ്ട്രീയ പാര്‍ട്ടികളുടെ വികാരം മാനിച്ച് സംസ്ഥാനത്തെ മുഖ്യതെരഞ്ഞെടുപ്പ് ഓഫിസര്‍ രത്തന്‍ യു. ഖേല്‍ക്കര്‍ കേന്ദ്ര കമീഷനെ സമീപിച്ചെങ്കിലും തീയതി മാറ്റം പരിഗണിച്ചിട്ടില്ല. പിന്നാലെ കഴിഞ്ഞയാഴ്ച മുഖ്യതെരഞ്ഞെടുപ്പ് ഓഫിസര്‍ വിളിച്ച രാഷ്ട്രീയ പാര്‍ട്ടികളുടെ യോഗത്തില്‍ ഇക്കാര്യത്തില്‍ വലിയ പ്രതിഷേധമാണുയര്‍ന്നത്. ഈ സാഹചര്യത്തിലാണ് നിയമനടപടിക്കുള്ള ആലോചന സജീവമാകുന്നത്.

നിയമസഭ പ്രമേയം പാസാക്കിയ സാഹചര്യത്തില്‍ മുന്നണികള്‍ വെവ്വേറെ ഹരജി നല്‍കുന്നതിന് പകരം സര്‍ക്കാര്‍ ഔദ്യോഗികമായി കോടതിയെ സമീപിക്കണമെന്ന നിലപാടാണ് പ്രതിപക്ഷത്തിന്. വീടുകളില്‍ എന്യൂമറേഷന്‍ ഫോം എത്തിക്കുന്നതിന് ബി.എല്‍.ഒമാര്‍ക്കൊപ്പം (ബൂത്ത് ലെവല്‍ ഓഫിസര്‍) രാഷ്ട്രീയ പാര്‍ട്ടികള്‍ നിയോഗിച്ച ബൂത്ത് ലെവല്‍ ഏജന്റുമാരും (ബി.എല്‍.എ) ഉണ്ടാകണമെന്നാണ് നിര്‍ദേശം. രാഷ്ട്രീയ പാര്‍ട്ടികളിലെ പ്രാദേശിക പ്രവര്‍ത്തകരില്‍ ഏറ്റവും സജീവമായവരാണ് ബി.എല്‍.എമാരാവുക. തദ്ദേശ തെരഞ്ഞെടുപ്പ് പോലെ താഴേത്തട്ടില്‍ സജീവമായി പ്രവര്‍ത്തിക്കേണ്ട സമയത്തെ എസ്.ഐ.ആര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് ബി.എല്‍.എമാര്‍ ഇറങ്ങുന്നത് പ്രചാരണ പ്രവര്‍ത്തനങ്ങളെ ബാധിക്കുമെന്നാണ് രാഷ്ട്രീയ പാര്‍ട്ടികള്‍ ചൂണ്ടിക്കാട്ടുന്നത്.

Tags:    

Similar News