കണ്ണൂരിലെ വഖഫ് വിവാദത്തില്‍ യുടേണ്‍ അടിച്ചിട്ടും മുസ്ലിംലീഗ് പെട്ടു! സര്‍ സയ്യിദ് കോളജ് ഭൂമിയില്‍ അവകാശവാദം ഉന്നയിച്ച് നരിക്കോട്ട് ഇല്ലം കോടതിയിലേക്ക്; പൂര്‍വികര്‍ വാക്കാല്‍ ലീസിന് നല്‍കിയ ഭൂമിയിലാണ് വഖഫ് ബോര്‍ഡ് ഇപ്പോള്‍ അവകാശം ഉന്നയിക്കുന്നതെന്ന് നരിക്കോട്ട് ഇല്ലത്തിന്റെ വാദം; വഖഫല്ലെന്ന് കോളജ് മാനേജ്മെന്റിന്റെ സത്യവാങ്മൂലവും

കണ്ണൂരിലെ വഖഫ് വിവാദത്തില്‍ യുടേണ്‍ അടിച്ചിട്ടും മുസ്ലിംലീഗ് പെട്ടു!

Update: 2025-04-21 04:13 GMT

കോഴിക്കോട്: മുനമ്പത്തെ വഖഫ് ഭൂമി വിവാദം കൊഴുക്കവേ മുസ്ലീംലീഗിനും പ്രതിസന്ധി തീര്‍ത്ത് കണ്ണൂരിലെ വഖഫ് ഭൂമി വിവാദവും. തളിപ്പറമ്പ് സര്‍ സയ്യിദ് കോളേജിലെ ഭൂമിയുമായി ബന്ധപ്പെട്ട വിവാദമാണ് കോടതില കയറുന്നത്. കോളേജ് വഖഫ് ഭൂമിയിലല്ല എന്ന മുന്‍ നിലപാട് മുസ്ലിം ലീഗ് നേതൃത്വത്തിന്റെ നിയന്ത്രണത്തിലുള്ള കണ്ണൂര്‍ ജില്ലാ മുസ്ലിം വിദ്യാഭ്യാസ അസോസിയേഷന്‍ (സിഡിഎംഇ) തിരുത്തിയെങ്കിലും വിവാദ ഭൂമിയില്‍ അവകാശവാദം ഉന്നയിച്ച് നരിക്കോട്ട് ഏറ്റിശ്ശേരി ഇല്ലം കോടതിയെ സമീപിക്കാന്‍ ഒരുങ്ങുകയാണ്.

മുസ്ലിം ലീഗ് ഭാരവാഹികളുടെ നേതൃത്വത്തിലുള്ള സര്‍ സയ്യിദ് കോളജ് മാനേജ്‌മെന്റ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലം ആയുധമാക്കി കൊണ്ടണ് ഭൂമിയില്‍ അവകാശവാദം ഉന്നയിച്ച് നരിക്കോട്ട് ഇല്ലം രംഗത്തുവന്നത്. ഇക്കാര്യം ചൂണ്ടിക്കാട്ടി നരിക്കോട്ട് ഏറ്റിശ്ശേരി ഇല്ലം കോടതിയെ സമീപിക്കാനൊരുങ്ങുകയാണ്.

തളിപ്പറമ്പില്‍ വഖഫ് ബോര്‍ഡ് അവകാശമുന്നയിച്ച, സര്‍ സയ്യിദ് കോളജ് നിലനില്‍ക്കുന്നതുള്‍പ്പെടെയുള്ള 600 ഏക്കറോളം ഭൂമി നരിക്കോട്ട് ഇല്ലത്തിന്റേതാണെന്നാണ് അവകാശികള്‍ പറയുന്നത്. പൂര്‍വികര്‍ വാക്കാല്‍ ലീസിന് നല്‍കിയതാണ് വഖഫ് ബോര്‍ഡ് ഇപ്പോള്‍ അവകാശമുന്നയിക്കുന്ന ഭൂമിയെന്നാണ് നരിക്കോട്ട് ഇല്ലത്തിന്റെ വാദം. സര്‍ സയ്യിദ് കോളജ് കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ ഇക്കാര്യം പ്രതിപാദിക്കുന്നുണ്ടെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു.

തളിപ്പറമ്പ് നഗരത്തിലെ ഭൂരിഭാഗം സ്ഥലങ്ങളും ഒരുകാലത്ത് നരിക്കോട്ട് ഇല്ലത്തിന്റേതായിരുന്നു. നഗരത്തിലെ പലരുടെയും ആധാരങ്ങളില്‍ ഉള്‍പ്പെടെ നരിക്കോട്ട് ഇല്ലത്തിന്റെ പേരു പരാമര്‍ശിച്ചിട്ടുമുണ്ട്. തങ്ങള്‍ക്ക് ഭൂമി സംഭാവന നല്‍കുന്നതോ, വില്‍പ്പന നടത്തുന്നതോ ആയ പാരമ്പര്യമില്ല. പിന്നീട് പല കാലത്തായി നിരവധി പേര്‍ ഞങ്ങളുടെ ഭൂമി കയ്യേറിയിട്ടുണ്ട്. തങ്ങള്‍ ജമാ അത്ത് പള്ളിക്കോ വഖഫ് ബോര്‍ഡിനോ ഭൂമി വിറ്റിട്ടില്ലെന്ന് നരിക്കോട്ട് ഇല്ലത്തെ അംഗമായ പി ഇ എന്‍ നമ്പൂതിരി വ്യക്തമാക്കുന്നു.

'ഭൂമി ഞങ്ങളുടെ ഉടമസ്ഥതയിലുള്ളതാണെന്ന് സര്‍ സയ്യിദ് കോളജ് മാനേജ്മെന്റ് തന്നെ ഹൈക്കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചിട്ടുണ്ട്. അതാണ് സത്യം. ഞങ്ങളുടെ യഥാര്‍ത്ഥ സ്വത്ത് തിരിച്ചുപിടിക്കാന്‍ നിയമനടപടികള്‍ ആരംഭിക്കാന്‍ പോകുകയാണ്. ഇക്കാര്യത്തില്‍ ഉടന്‍ തീരുമാനമെടുക്കും.' പി ഇ എന്‍ നമ്പൂതിരി കൂട്ടിച്ചേര്‍ത്തു. വഖഫ് ബോര്‍ഡിനു ഭൂമി നല്‍കിയെന്നത് കേട്ടുകേള്‍വി പോലുമില്ലാത്ത കാര്യമാണെന്നും നരിക്കോട്ട് ഇല്ലത്തെ മുതിര്‍ന്ന കാരണവര്‍ ചന്ദ്രശേഖരന്‍ നമ്പൂതിരിപ്പാട് പറഞ്ഞു.

കഴിഞ്ഞ മാസം 20ന് കോളജ് മാനേജ്‌മെന്റായ കണ്ണൂര്‍ ജില്ലാ മുസ്ലിം മാനേജ്‌മെന്റ് അസ്സോസിയേഷന്‍ (സി ഡി എം ഇ എ) പ്രസിഡന്റ് അഡ്വ. മഹ്‌മൂദാണ് തളിപ്പറമ്പ് ജുമുഅത്ത് പള്ളിയില്‍ നിന്ന് 1967ല്‍ പാട്ടത്തിനു വാങ്ങിയ ഭൂമി നരിക്കോട്ട് ഇല്ലത്തിന്റേതാണെന്ന് അവകാശപ്പെട്ട് സത്യവാങ്മൂലം നല്‍കിയത്. ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലം വിവാദമായതിനു പിന്നാലെ കോളജ് മാനേജ്‌മെന്റ് മലക്കം മറിഞ്ഞെങ്കിലും പ്രശ്നം കെട്ടടങ്ങിയിട്ടില്ല. സത്യവാങ്മൂലത്തില്‍ സംഭവിച്ചത് മാനേജ്‌മെന്റ് അഭിഭാഷകരുടെ ''ക്ലറിക്കല്‍ മിസ്റ്റേക്കാ'ണെന്ന് മുസ്ലിം ലീഗ് കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് അബ്ദുല്‍ കരീം ചേലേരി അഭിപ്രായപ്പെട്ടിരുന്നു.

സര്‍ സയ്യിദ് കോളജ് മാനേജ്‌മെന്റുമായി മുസ്ലിം ലീഗിന് ഔദ്യോഗികമായി ബന്ധമില്ല. എന്നിരുന്നാലും, നരിക്കോട്ട് ഇല്ലം അവരുടെ അവകാശവാദങ്ങള്‍ ഉന്നയിച്ചപക്ഷം, അതിന്റെ മെറിറ്റ് പരിശോധിക്കേണ്ടതാണ്. കോളേജ് മാനേജ്‌മെന്റിന്റെയും നരിക്കോട്ട് കുടുംബത്തിന്റെയും വാദങ്ങള്‍ പരിശോധിച്ച് തര്‍ക്കം രമ്യമായി പരിഹരിക്കണം എന്നും മുസ്ലിം ലീഗ് കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് അബ്ദുള്‍ കരീം ചേലേരി പറഞ്ഞു.

അതേസമയം, സര്‍ സയ്യിദ് കോളജ് കൈകാര്യം ചെയ്യുന്ന കണ്ണൂര്‍ ജില്ലാ മുസ്ലീം വിദ്യാഭ്യാസ അസോസിയേഷന്‍ നരിക്കോട്ട് ഇല്ലത്തിന്റെ അവകാശവാദങ്ങള്‍ തള്ളി. ''വര്‍ഷങ്ങള്‍ക്ക് മുമ്പ്, നരിക്കോട്ട് ഇല്ലവുമായി 72 ഏക്കറുമായി ബന്ധപ്പെട്ട ഒരു ഭൂമി തര്‍ക്കം നിയമപരമായി പരിഹരിച്ചു. ഇപ്പോള്‍ അവര്‍ക്ക് അവകാശവാദങ്ങള്‍ പുനഃസ്ഥാപിക്കാന്‍ കഴിയില്ല. ഭൂമി വഖഫിനും തളിപ്പറമ്പ് ജമാഅത്ത് പള്ളിക്കും അവകാശപ്പെട്ടതാണെന്ന് വ്യക്തമാണ്. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ സ്വന്തം പേരില്‍ ഭൂമി കൈവശം വയ്ക്കണമെന്ന യുജിസി മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പാലിച്ചുകൊണ്ട് 'തണ്ടപ്പര്‍' മാറ്റാന്‍ മാത്രമാണ് ഞങ്ങള്‍ ഹൈക്കോടതിയെ സമീപിച്ചത്,'' സിഡിഎംഇഎ ജനറല്‍ സെക്രട്ടറി മഹ്‌മൂദ് അല്ലംകുളം പറഞ്ഞു.

എന്നാല്‍, ഭൂമി പള്ളിയുടേതല്ലെന്നും നരിക്കോട്ട് ഇല്ലത്തിന്റേതാണെന്നും ഒരിടത്തും പറഞ്ഞിട്ടില്ലെന്ന സിഡിഎംഇഎ വാദത്തിന് വിരുദ്ധമാണ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലം. അതില്‍ ഒരുകാലത്ത് നരിക്കോട്ട് ഇല്ലത്തിന്റെ ഉടമസ്ഥതയിലായിരുന്നു ഭൂമിയെന്നും തളിപ്പറമ്പ് ജമാഅത്തിന് അതില്‍ നിയമപരമായ അവകാശമില്ലെന്നും വ്യക്തമാക്കുന്നു. നരിക്കോട്ട് ഇല്ലത്തെ യഥാര്‍ത്ഥ ഉടമയായി പട്ടികപ്പെടുത്തുന്ന അഡങ്കലിന്റെ (ഭൂമി രജിസ്റ്ററിന്റെ) സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും ഹര്‍ജിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.വഖഫ് ഭൂമി അഴിമതിയുടെ ഭാഗമാണ് മുസ്ലിം ലീഗും സിഡിഎംഇഎയും എന്ന് ഇന്ത്യന്‍ നാഷണല്‍ ലീഗ് (ഐഎന്‍എല്‍) ആരോപിച്ചു.

തളിപ്പറമ്പിലെ നരിക്കോട്ട് ഇല്ലം ഉള്‍പ്പെടെ നാല് ഇല്ലങ്ങളില്‍ നിന്ന് ഏകദേശം 700 ഏക്കര്‍ വഖഫ് ഏറ്റെടുത്തു. ഇപ്പോള്‍ 82 ഏക്കര്‍ മാത്രമേ വഖഫ് കൈവശപ്പെടുത്തിയിട്ടുള്ളൂ. രേഖകളില്‍ 339 ഏക്കര്‍ ഉണ്ടെന്ന് പരാമര്‍ശിക്കുന്നുണ്ട്. ജമാഅത്ത് പള്ളികള്‍ വളരെക്കാലമായി മുസ്ലിം ലീഗ് നിയന്ത്രണത്തിലായിരുന്നു. കാണാതായ ഭൂമി എവിടെയാണെന്ന് അവര്‍ വിശദീകരിക്കണം. ഐഎന്‍എല്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി കാസിം ഇരിക്കൂര്‍ ആവശ്യപ്പെട്ടു.

സര്‍ സയ്യിദ് കോളജ് നില്‍ക്കുന്ന 25 ഏക്കര്‍ ഭൂമിയും ജുമാഅത്ത് പള്ളിയില്‍ നിന്ന് 2885/ 1973 നമ്പര്‍ ആധാരപ്രകാരം പാട്ടത്തിനു വാങ്ങി ഹോസ്റ്റലുണ്ടാക്കിയ രണ്ട് ഏക്കര്‍ ഭൂമിയും നരിക്കോട്ട് ഇല്ലത്തിന്റേതാണെന്ന് വാദിച്ച് നാല് വര്‍ഷം മുമ്പേ വഖഫ് ബോര്‍ഡിലും ട്രൈബ്യൂണലിലും സര്‍ സയ്യിദ് കോളജ് മാനേജ്‌മെന്റ് പരാജയപ്പെട്ടിരുന്നു. ഭൂമി പള്ളിയുടേതാണെന്ന് കോടതി വിധിച്ചിരുന്നു. ഭൂമിയില്‍ അവകാശവാദം ഉന്നയിച്ച് നിയമനടപടികള്‍ക്ക് ഒരുങ്ങുന്ന നരിക്കോട്ട് ഇല്ലത്തിന് ബിജെപി പിന്തുണ വാഗ്ദാനം ചെയ്ത് രംഗത്തുവന്നിട്ടുണ്ട്. ഇതോടെ വിഷയം വീണ്ടും വിവാദമാകും.

നേരത്തെ കോളേജ് ഭൂമിയുടെ വിഷയം ഉയര്‍ത്തി വാര്‍ത്താ സമ്മേളനത്തില്‍ ഈ വിഷയം ഉയര്‍ത്തി മുഖ്യമന്ത്രി പിണറായി വിജയനും മുസ്ലിം ലീഗിനെ കടന്നാക്രമിച്ചിരുന്നു. ഭൂമി വഖഫ് സ്വത്തല്ല എന്ന പ്രസ്താവനയെച്ചൊല്ലി ലീഗിലും തര്‍ക്കങ്ങള്‍ ഉയര്‍ന്നിരുന്നു. പിന്നാലെയാണ് വഖഫ് ഭൂമിയാണെന്ന് തിരുത്തുമായി ലീഗ് രംഗത്തുവന്നത്. ലീഗ് അനുഭാവികളില്‍ ചിലര്‍ പാര്‍ട്ടി അധ്യക്ഷന്‍ പാണക്കാട് സയ്യിദ് സാദിഖ് അലി ശിഹാബ് തങ്ങളുടെയും ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടിയുടെയും ഇടപെടലും ആവശ്യപ്പെട്ടിരുന്നു.

തളിപ്പറമ്പ് ജമാഅത്ത് പള്ളി ട്രസ്റ്റ് കമ്മിറ്റിയില്‍ നിന്ന് കോളജിനായി പാട്ടത്തിന് നല്‍കിയ ഭൂമി വഖഫ് സ്വത്തല്ല, നരിക്കോട്ട് ഏറ്റിശ്ശേരി ഇല്ലത്തിന്റേതാണ് എന്നായിരുന്നു മാനേജ്‌മെന്റ് കമ്മിറ്റി ഹൈക്കോടതിയില്‍ വാദിച്ചത്. എന്നാല്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ ചില പിഴവുകള്‍ സംഭവിച്ചു എന്നാണ് കണ്ണൂരിലെ ലീഗിന്റെ ജില്ലാ നേതാക്കള്‍ ഇപ്പോള്‍ പറയുന്നത്. കോളേജ് ഭൂമിയുടെ തണ്ടപ്പേര്‍ മാറ്റുന്നതുമായി ബന്ധപ്പെട്ട് അഭിഭാഷകര്‍ക്ക് സംഭവിച്ച സാങ്കേതിക പിഴവാണ് വിവാദത്തിനാധാരം എന്നാണ് നേതാക്കളുടെ അവകാശവാദം. പിഴവ് തിരുത്താന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും നേതാക്കള്‍ വ്യക്തമാക്കിയിരുന്നു.

Tags:    

Similar News