എസ് ഐ ആറിനോട് സഹകരിക്കണം; വീടുകളില്‍ എത്തുന്ന ബി എല്‍ ഒമാര്‍ക്ക് പൂര്‍ണ സഹകരണം നല്‍കണം; പ്രവാസി മലയാളികളുടെ പേരുകള്‍ വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെട്ടുവെന്ന് ഉറപ്പുവരത്തണം; ഇടവകാംഗങ്ങള്‍ക്ക് സര്‍ക്കുലറുമായി സിറോ മലബാര്‍ സഭ; സഹകരണ ആഹ്വാനം എസ് ഐ ആറിനെതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിക്കാന്‍ ഒരുങ്ങുന്നതിനിടെ

ഇടവകാംഗങ്ങള്‍ക്ക് സര്‍ക്കുലറുമായി സിറോ മലബാര്‍ സഭ

Update: 2025-11-05 14:42 GMT

തൃശ്ശൂര്‍: കേരളത്തിലെ വോട്ടര്‍പട്ടികയുടെ സമഗ്രമായ പരിഷ്‌കരണത്തോട് ( എസ് ഐ ആര്‍) സഹകരിക്കണമെന്ന് സിറോ മലബാര്‍ സഭ തങ്ങളുടെ ഇടവകാംഗങ്ങള്‍ക്ക് നിര്‍ദേശം നല്‍കി. സിറോ മലബാര്‍ സഭയുടെ പുതിയ കമ്മീഷന്‍ സെക്രട്ടറിയും ചങ്ങനാശ്ശേരി അതിരൂപത അംഗവുമായ ഫാദര്‍ ജെയിംസ് കൊക്കാ വയലിലാണ് ഈ സര്‍ക്കുലര്‍ പുറത്തിറക്കിയിട്ടുള്ളത്.

നവംബര്‍ 4 മുതല്‍ ഡിസംബര്‍ 4 വരെ നടക്കുന്ന എസ്.ഐ.ആര്‍. പ്രവര്‍ത്തനങ്ങളില്‍ വിശ്വാസികള്‍ സജീവമായി പങ്കെടുത്ത് തങ്ങളുടെ പേരുകള്‍ വോട്ടര്‍ പട്ടികയില്‍ ഉറപ്പുവരുത്തണമെന്നും സര്‍ക്കുലര്‍ നിഷ്‌കര്‍ഷിക്കുന്നു. ഇതിനായി വീടുകളില്‍ എത്തുന്ന ബൂത്ത് ലെവല്‍ ഓഫീസര്‍മാരോട് കൃത്യമായി സഹകരിക്കണമെന്നും അവര്‍ ആവശ്യപ്പെടുന്ന രേഖകള്‍ നല്‍കി ഫോമുകള്‍ ശരിയായി പൂരിപ്പിച്ച് നല്‍കുന്നു എന്ന് ഉറപ്പുവരുത്തണമെന്നും നിര്‍ദ്ദേശമുണ്ട്. 2002-ന് ശേഷം വോട്ടര്‍ പട്ടികയില്‍ ഇടംപിടിച്ചവര്‍ ബൂത്ത് ലെവല്‍ ഓഫീസര്‍ക്ക് മുമ്പാകെ ഹാജരാക്കേണ്ട മറ്റ് രേഖകള്‍ ശേഖരിച്ച് സൂക്ഷിക്കണമെന്നും, ആവശ്യപ്പെടുമ്പോള്‍ ഹാജരാക്കണമെന്നും പ്രത്യേകം ഓര്‍മ്മിപ്പിക്കുന്നു.

സീറോ മലബാര്‍ സഭാംഗങ്ങളില്‍ ഭൂരിഭാഗവും വിദേശത്തുള്ളതിനാല്‍, അവരുടെ കാര്യത്തില്‍ നാട്ടിലുള്ളവര്‍ പ്രത്യേക ശ്രദ്ധ ചെലുത്തി പേരുകള്‍ എസ്.ഐ.ആറില്‍ ഉള്‍പ്പെട്ടുവെന്ന് ഉറപ്പുവരുത്തണമെന്നും സര്‍ക്കുലറില്‍ എടുത്തുപറയുന്നു. കൂടാതെ, ബൂത്ത് ലെവല്‍ ഓഫീസറുടെ ഫോണ്‍ നമ്പര്‍ വാങ്ങി സംശയനിവാരണത്തിനായി പ്രവാസികള്‍ അടക്കമുള്ളവര്‍ക്ക് നല്‍കണമെന്നും നിര്‍ദ്ദേശമുണ്ട്.

ഈ നിര്‍ദേശം വാട്‌സ്ആപ്പ് ഗ്രൂപ്പുകള്‍ വഴിയാണ് ഇടവകാംഗങ്ങളിലേക്ക് എത്തിച്ചിട്ടുള്ളത്. വിദേശത്തുള്ളവര്‍ ഓണ്‍ലൈന്‍ വഴിയോ അല്ലെങ്കില്‍ കുടുംബാംഗങ്ങള്‍ വഴിയോ ഫോമുകള്‍ പൂരിപ്പിച്ച് നല്‍കണമെന്നും സഭയുടെ അറിയിപ്പില്‍ പറയുന്നു.

വോട്ടര്‍ പട്ടികയുടെ കൃത്യതയും സമഗ്രതയും ഉറപ്പാക്കുന്നതിനായുള്ള ഈ പ്രവര്‍ത്തനങ്ങളില്‍ എല്ലാ വിശ്വാസികളുടെയും സജീവ പങ്കാളിത്തം അഭിലഷണീയമാണെന്ന് സിറോ മലബാര്‍ സഭ അറിയിച്ചു. തിരഞ്ഞെടുപ്പ് പ്രക്രിയയുടെ സുഗമമായ നടത്തിപ്പിന് ബിഎല്‍ഒമാര്‍ക്ക് ആവശ്യമായ എല്ലാ സഹായങ്ങളും നല്‍കണമെന്നും നിര്‍ദ്ദേശത്തില്‍ പ്രത്യേകം എടുത്തുപറയുന്നു.

സീറോ മലബാര്‍ സഭ. സഭയുടെ രാഷ്ട്രീയകാര്യ സമിതിയായ പൊതുകാര്യ കമ്മീഷനാണ് ഈ വിഷയത്തില്‍ വിശ്വാസികളോട് സഹകരിക്കാന്‍ ആവശ്യപ്പെട്ട് ഔദ്യോഗിക സര്‍ക്കുലര്‍ പുറത്തിറക്കിയത്. എല്ലാ ഇടവകകളിലേക്കും സ്ഥാപനങ്ങളിലേക്കും സംഘടന നേതൃത്വത്തിലേക്കും പ്രവാസി കൂട്ടായ്മകളിലേക്കും ഈ സര്‍ക്കുലര്‍ അയച്ചിട്ടുണ്ട്.

സംസ്ഥാനത്ത് എസ്.ഐ.ആര്‍. വിഷയം ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി വിളിച്ചുചേര്‍ത്ത സര്‍വകക്ഷി യോഗത്തില്‍ ബി.ജെ.പി. ഒഴികെയുള്ള പാര്‍ട്ടികള്‍ എസ്.ഐ.ആറിനെതിരെ കോടതിയെ സമീപിക്കാനും സഹകരിക്കാതിരിക്കാനും തീരുമാനമെടുത്ത സാഹചര്യത്തിലാണ് കേരളത്തിലെ വലിയൊരു ജനവിഭാഗത്തെ പ്രതിനിധീകരിക്കുന്ന സീറോ മലബാര്‍ സഭയുടെ ഈ സഹകരണ മനോഭാവം പ്രകടമാകുന്നത്.

Tags:    

Similar News