സ്പാനിഷ് ചരിത്രത്തിലെ ഏറ്റവും വലിയ കാട്ടുതീ; ഇതിനോടകം കത്തിനശിച്ചത് 3,82,000 ല്‍ അധികം ഹെക്ടര്‍ ഭൂമി; മരിച്ചത് 1100 പേര്‍; പലയിടങ്ങളിലും റെയില്‍ ബന്ധം വിച്ഛേദിക്കപ്പെട്ട നിലയില്‍; വിവിധ ഭാഗങ്ങളില്‍ നിന്നും ജനങ്ങളെ കൂട്ടത്തോടെ ഒഴിപ്പിച്ചു; ജനങ്ങള്‍ കരുതലെടുക്കണമെന്ന് സ്പാനിഷ് പ്രധാനമന്ത്രി

സ്പാനിഷ് ചരിത്രത്തിലെ ഏറ്റവും വലിയ കാട്ടുതീ

Update: 2025-08-20 01:03 GMT

മാഡ്രിഡ്: രേഖകള്‍ സൂക്ഷിക്കാന്‍ തുടങ്ങിയതിന് ശേഷമുള്ള ഏറ്റവും ഘോരമായ കാട്ടുതീ സീസണിലൂടെയാണ് ഇപ്പോള്‍ സ്പെയിന്‍ കടന്നു പോകുന്നത്. 1100 പേരുടെ ജീവനെടുത്ത, അടുത്ത കാലത്തുണ്ടായ ഉഷ്ണതരംഗമാണ് കാട്ടുതീയെ ഇത്ര തീവ്രമാക്കിയത്. കാര്‍ലോസ് ഹെല്‍ത്ത് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നുള്ള ഔദ്യോഗിക കണക്കുകള്‍ വെളിപ്പെടുത്തുന്നത്, ആഗസ്റ്റ് 3 നും 18 നും ഇടയില്‍ സ്പെയിനില്‍ 1149 അധിക മരണങ്ങള്‍ ഉണ്ടായി എന്നാണ്. അമിത താപമാകാം ഇതിന് കാരണമെന്നാണ് ഇപ്പോള്‍ വിദഗ്ധര്‍ പറയുന്നത്. ചിലയിടങ്ങളില്‍ താപനില 45 ഡിഗ്രി സെല്‍ഷ്യസിന് മുകളില്‍ പോയിരുന്നു.

ഇതുവരെ 3,82,000 ല്‍ അധികം ഹെക്ടര്‍ ഭൂമിയെ കാട്ടു തീ നശിപ്പിച്ചതായാണ് കണക്കുകള്‍ പറയുന്നത്. ലണ്ടന്‍ നഗരത്തിന്റെ ഇരട്ടിയിലധികം വിസ്തീര്‍ണ്ണമുണ്ട് ഇതിന്. അതിനിടെ, കാട്ടുതീയുമായി പോരാടി എമര്‍ജന്‍സി വിഭാഗത്തിലെ ജീവനക്കാര്‍ അവശരായി എന്നാന് ചില റിപ്പോര്‍ട്ടുകള്‍ പറയുന്നത്. പല ഗ്രാമങ്ങളും കാട്ടുതീയില്‍ നശിച്ചപ്പോള്‍, പലയിടങ്ങളിലും റെയില്‍ ബന്ധം വിച്ഛേദിക്കപ്പെട്ടു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ജനങ്ങളെ കൂട്ടത്തോടെ ഒഴിപ്പിക്കേണ്ടതായും വന്നു. ഒരു അതീവ ഗുരുതരമായ സാഹചര്യത്തിലൂടെയാണ് രാജ്യം കടന്നുപോകുന്നത് എന്നും, ജനങ്ങളും മാധ്യമങ്ങളും കൂടുതല്‍ കരുതലോടെ പെരുമാറണമെന്നും കാട്ടുതീ ഗുരുതരമായി ബാധിച്ച പടിഞ്ഞാറന്‍ സ്പെയിന്‍ സന്ദര്‍ശിക്കുന്നതിനിടെ പ്രധാനമന്ത്രി പെഡ്രോ സാഷെസ് പറഞ്ഞു.

രാജ്യത്തിന്റെ മിക്ക ഭാഗങ്ങളേയും വരള്‍ച്ചയിലേക്ക് തള്ളിവിട്ട, 16 ദിവസം നീണ്ട ഉഷ്ണ തരംഗമാണ് പ്രതിസന്ധി വര്‍ദ്ധിപ്പിച്ചത്. ചിലയിടങ്ങളില്‍ ഇക്കാലയളവില്‍ താപനില 45 ഡിഗ്രിക്ക് മേല്‍ പോയിരുന്നു. ഇന്നലെ താപനില അല്പം കുറഞ്ഞത് അഗ്‌നിശമന പ്രവര്‍ത്തകര്‍ക്ക് ഏറെ ആശ്വാസം പകരുന്നതായി. സമോറ, ലിയോണ്‍, ഓറെന്‍സ്, കാസേഴ്സ് തുടങ്ങി, കാട്ടുതീ അതിശക്തമായ ഇടങ്ങളിലേക്ക് കൂടുതല്‍ അഗ്‌നിശമന പ്രവര്‍ത്തകരെ വിന്യസിച്ചിട്ടുണ്ട്. ചിലയിടങ്ങളില്‍ സൈന്യവും ഇവരുടെ സഹായത്തിനിറങ്ങിയിട്ടുണ്ട്. റോഡപകടത്തില്‍ പെട്ട ഒരു അഗ്‌നിശമന സൈനികന്‍ ഉള്‍പ്പടെ നാല് പേര്‍ക്ക് ജീവന്‍ നഷ്ടമായി.

തന്റെ വേനല്‍ക്കാല വിശ്രമവേള വെട്ടിച്ചുരുക്കി രാജാവ് ഔദ്യോഗിക ചുമതലകളിലേക്ക് മടങ്ങിയിട്ടുണ്ട്. എല്ലാ രാഷ്ട്രീയ കക്ഷികളും ഒരുമിച്ചുള്ള പ്രവര്‍ത്തനമാണ് ഇപ്പോള്‍ ആവശ്യമെന്നും അദ്ദേഹം പറഞ്ഞു. ഏറ്റവും മോശമായ ഒരു കാലാവസ്ഥാ അടിയന്തിരാവസ്ഥയാണ് ഇപ്പോള്‍ സംജാതമായിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. രേഖകള്‍ സൂക്ഷിക്കാന്‍ ആരംഭിച്ച 2006 ന് ശേഷമുള്ള ഏറ്റവും മോശമായ സാഹചര്യത്തിലൂടെയാണ് ഇപ്പോള്‍ സ്പെയിന്‍ കടന്നു പോയിക്കൊണ്ടിരിക്കുന്നത്. 3,06,000 ഹെക്റ്റര്‍ കത്തിനശിച്ച 2022 ലെ റെക്കോര്‍ഡ് തകര്‍ന്ന് വീണു.

ചിലയിടങ്ങളിലെ തീപിടുത്തം മനപ്പൂര്‍വ്വമുണ്ടാക്കിയതാണെന്ന സംശയവും ഉയരുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട് ഇതുവരെ 27 പേരെ അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു. മറ്റ് ഇരുപതോളം കേസുകളില്‍ അന്വേഷണം നടക്കുകയാണ്. 1400 ഓളം പ്രദേശവാസികളെ ഒഴിപ്പിക്കാന്‍ നിര്‍ബന്ധിതമായ ലിയോണിലെ തീപിടുത്തവും മനുഷ്യ നിര്‍മ്മിതമായിരിക്കാം എന്ന സംശയം കഴിഞ്ഞയാഴ്ച തന്നെ പ്രാദേശിക കൗണ്‍സില്‍ നേതാവ് ഉയര്‍ത്തിയിരുന്നു. ഓരോ വര്‍ഷം കഴിയുന്തോറും കാലാവസ്ഥ കൂടുതല്‍ ദുരിതപൂര്‍ണ്ണമാകുന്ന കാഴ്ചയാണ് സ്‌പെയിനില്‍ കാണുന്നത്.

Tags:    

Similar News