സ്വർഗം ഭൂമിയിൽ ഇറങ്ങിയ അനുഭവം; ഗാനഗന്ധർവൻ ആലപിച്ച് അനശ്വരമാക്കി; ഈശോ പഠിപ്പിച്ച പ്രാർത്ഥന സംസ്‌കൃത രൂപത്തിൽ; ഗാനത്തിന്റെ ശില്പികളായി വൈദികരും,കന്യാസ്ത്രീകളും; 'സർവേശാ..' ആൽബം പ്രകാശനം ചെയ്ത് ഫ്രാൻസിസ് മാർപാപ്പ; ഒരു ആത്മീയ ഗാനം അത്ഭുതമാകുമ്പോൾ..!
വത്തിക്കാൻ: എപ്പോഴും ക്രിസ്തീയ ആത്മീയ ഗാനങ്ങൾ മറക്കാനാവാത്ത ഒരു അനുഭവമാണ് സമ്മാനിക്കുന്നത്. മനസ്സിൽ ആത്മീയ ഉണർവേകുന്ന നിരവധി ഗാനങ്ങള്‍ ഉണ്ട്. അതിലെ ചില വരികൾ പോലും നമ്മുടെ സാധാരണ ജീവിതവുമായി ബന്ധപ്പെട്ടത് ആയിരിക്കും. അതുപോലെ ഒരു ഗാനമാണ് ഇപ്പോൾ പുറത്തിറങ്ങിയിരിക്കുന്നത്.
സംസ്കൃതത്തിൽ രചിച്ച 'സർവേശാ...' എന്ന ക്രിസ്തീയ ആത്മീയ ഗാനം പ്രകാശനം ചെയ്തു. റോമിൽ വെച്ച് ഫ്രാൻസിസ് മാർപാപ്പയാണ് ഗാനം പ്രകാശനം ചെയ്തത്. ഭാരതീയ സംസ്കാരവും പാശ്ചാത്യ സംസ്കാരവും തമ്മിലുള്ള ഒരു ലയം ഈ ഗാനത്തിനുണ്ട്. ഓരോ വരികളും വളരെ സംഗീതാത്മക
മായിട്ടാണ് ചെയ്തിരിക്കുന്നത്.
ഗാനത്തിന്റെ വീഡിയോ യൂട്യൂബിലും റിലീസ് ചെയ്തിട്ടുണ്ട്. ഒരു ദിവസം കഴിഞ്ഞപ്പോൾ തന്നെ ഒരു ലക്ഷത്തിലധികം ആളുകൾ ഗാനം കണ്ടുകഴിഞ്ഞു. സംസ്കൃത ഭാഷയിൽ ഈശോ പഠിപ്പിച്ച പ്രാർത്ഥന വരുന്നത് വലിയൊരു നേട്ടമാണ്. കാരണം അന്യകാര്യങ്ങൾ പ്രകാശിപ്പിക്കാൻ ലോകത്തിലെ ഏറ്റവും നല്ല ഭാഷ സംസ്കൃതമാണ്. അതിലൂടെ ആത്മീയ കാര്യങ്ങൾ വരുമ്പോൾ ഒരു പ്രത്യേക ഭാവ ഗംഭീര്യം ഉണ്ട്. ഗാനം ആലപിച്ചിരിക്കുന്നത് കെജെ യേശുദാസ് ആണ്.
പരേതനായ പ്രഫസർ പി.സി, ദേവസ്സ്യയുടെ വരികൾക്ക് ഫാ. ഡോ. പോൾ പൂവത്തിങ്കൽ, മനോജ് ജോർജ് എന്നിവർ ചേർന്നാണ് സംഗീതം നൽകിയിരിക്കുന്നത്. ഡോ, കെ,ജെ, യേശുദാസ്, ഫാ. ഡോ. പോൾ പൂവത്തിങ്കൽ എന്നിവരോടൊപ്പം നൂറ് വൈദികരും നൂറ് കന്യാസ്ത്രീകളും ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. ഹോളിവുഡിലെ ലോസ് ഏഞ്ചൽസ് ചേംബർ ഓർക്കസ്ട്ര, മനോജ് ജോർജ്, രാകേഷ് ചൗരസ്യ മുംബൈ എന്നിവർ ചേർന്നാണ് ഓർക്കസ്ട്രേഷൻ നിർവഹിച്ചത്.
തൃശൂരിലെ ചേതന ഗണാശ്രമാണ് സംഗീത ആൽബത്തിന്‍റെ നിർമാണം. വീഡിയോയ്ക്ക് വലിയ പ്രേക്ഷക പ്രീതിയാണ് ലഭിക്കുന്നത്.ഗാനം വലിയ രീതിയിൽ വിശ്വാസികൾക്ക് പ്രചോദനമായി. ദൈവ ചിന്തയിൽ വളരാൻ ഈ ആത്മീയ ഗാനം നിങ്ങളെ സഹായിക്കട്ടെ.