ആരോപണങ്ങളെ ആരോപണങ്ങളായി മാത്രം കണ്ടാല്‍ മതി; ബിസിനസ് പങ്കാളികളും ഓഹരി ഉടമകളും ജീവനക്കാരും അറിയുക, പൂര്‍ണമായി നിയമവിധേയമായി പ്രവര്‍ത്തിക്കുന്ന സ്ഥാപനം; പ്രവര്‍ത്തനങ്ങള്‍ തീര്‍ത്തും സുതാര്യം; അമേരിക്കന്‍ വകുപ്പുകളുടെ കൈക്കൂലി ആരോപണങ്ങള്‍ തള്ളി അദാനി ഗ്രൂപ്പ്; നിയമ വഴി നോക്കുമെന്നും ഗ്രൂപ്പ്
യുഎസ് ആരോപണങ്ങള്‍ നിഷേധിച്ച് അദാനി
ന്യൂഡല്‍ഹി: യുഎസ് സര്‍ക്കാര്‍ വകുപ്പിന്റെ കൈക്കൂലി ആരോപണങ്ങള്‍ അടിസ്ഥാനരഹിതമെന്ന് അദാനി ഗ്രൂപ്പ്. സൗരോര്‍ജ കരാറുകള്‍ ഉറപ്പാക്കാന്‍ ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ക്ക് കൈക്കൂലി നല്‍കിയെന്നാണ് പ്രധാന ആരോപണം. ഗൗതം അദാനി ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ വ്യക്തമായ തെളിവുകളുണ്ടെന്നു യുഎസ് ജസ്റ്റിസ് ഡിപ്പാര്‍ട്ട്മെന്റ് വ്യക്തമാക്കി. അദാനി ഗ്രൂപ്പ് മേധാവി ഗൗതം അദാനി ഉള്‍പ്പടെയുള്ള ഏഴ് പേര്‍ക്കെതിരെയാണ് കുറ്റാരോപണം. എന്നാല്‍, ഇവ വെറും ആരോപണങ്ങള്‍ മാത്രമാണെന്നും തങ്ങള്‍ നിയമപരമായ നടപടി സ്വീകരിക്കുമെന്നും ഗ്രൂപ്പ് വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു.
' അദാനി ഗ്രീന്‍ ഡയറക്ടര്‍മാര്‍ക്കെതിരെ യുഎസ് ജസ്റ്റിസ് വകുപ്പും യുഎസ് സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സേചഞ്ച്് കമ്മീഷനും ഉന്നയിച്ച ആരോപണങ്ങള്‍ തീര്‍ത്തും അടിസ്ഥാനരഹിതമാണ്. അവ നിഷേധിക്കുന്നു. യുഎസ് ജസ്റ്റിസ് വകുപ്പ് തന്നെ പറഞ്ഞത് പോലെ ആരോപണങ്ങള്‍ തെളിയിക്കപ്പെടും വരെ ആരോപണവിധേയരെ കുറ്റക്കാരായി കണക്കാനാവില്ല'- ഭരണത്തില്‍ സാധ്യമായ ഉന്നത നിലവാരവും സുതാര്യതയും തങ്ങള്‍ കാത്തുസൂക്ഷിക്കാറുണ്ടെന്നും ്അദാനി ഗ്രൂപ്പ് പ്രസ്താവനയില്‍ പറഞ്ഞു.
' ആരോപണങ്ങളെ നേരിടാന്‍ സാധ്യമായ എല്ലാ നിയമവഴികളും നോക്കും. കമ്പനികളുടെ പ്രവര്‍ത്തനത്തില്‍ എല്ലാ തരത്തിലുള്ള ചട്ടങ്ങളും പാലിച്ചാണ് മുന്നോട്ടുനീങ്ങുന്നത്. ഞങ്ങളുടെ ബിസിനസ് പങ്കാളികള്‍ക്കും, ഓഹരി ഉടമകള്‍ക്കും, ജീവനക്കാര്‍ക്കും ഉറപ്പു നല്‍കുന്നു ഞങ്ങള്‍ പൂര്‍ണമായും എല്ലാ നിയമങ്ങളും പാലിക്കുന്ന സ്ഥാപനം ആണെന്ന്' -ഗ്രൂപ്പിന്റെ പ്രസ്താവനയില്‍ പറഞ്ഞു.
അതേസമയം, ബിജെപി നേതാക്കള്‍ യുഎസ് നീക്കത്തെ അപലപിച്ചു. ' ഇന്ത്യന്‍ വിപണിയില്‍ പ്രവേശനം നിഷേധിക്കാനുള്ള കാരണം സൃഷ്ടിക്കാന്‍ അമേരിക്കന്‍ കമ്പനികള്‍ അമേരിക്കന്‍ ഉദ്യോഗസ്ഥര്‍ക്ക് കൈക്കൂലി നല്‍കിയെന്ന് ഒരു ഇന്ത്യന്‍ കോടതിക്കും ആരോപിക്കാമല്ലോ'- അമിത് മാളവ്യ ചോദിച്ചു. നിയമം നിയമത്തിന്റെ വഴിക്ക് പോകുമെന്നാണ് സാംബിത് പാത്ര പ്രതികരിച്ചത്.
അഴിമതി, വഞ്ചന, ക്രിമിനല്‍ ഗൂഢാലോചന ഉള്‍പ്പെടെയുള്ള കുറ്റങ്ങള്‍ ചാര്‍ത്തിയാണ് ന്യൂയോര്‍ക്ക് ഫെഡറല്‍ കോടതി അദാനി ഗ്രൂപ്പ് ചെയര്‍മാന്‍ ഗൗതം അദാനിക്കും ഗ്രൂപ്പിലെ മറ്റ് ഉന്നതര്‍ക്കുമെതിരെ കേസ് എടുത്തത്. കേസില്‍ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചതോടെ ഹിന്‍ഡന്‍ബര്‍ഗിനേക്കാള്‍ വലിയ കുരുക്കാണ് ഇന്ത്യന്‍ വ്യവസായിക്ക് മുറുകുന്നത്.
യുഎസിലെ നിക്ഷേപകരെ കബളിപ്പിച്ചെന്നും ഉദ്യോഗസ്ഥര്‍ക്ക് കൈക്കൂലി നല്‍കിയെന്നുമാണ് യുഎസ് സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് കമ്മീഷന്റെ കുറ്റാരപോണം. അദാനി, അദ്ദേഹത്തിന്റെ അനന്തരവന്‍ സാഗര്‍ അദാനി, അദാനി ഗ്രീന്‍ എനര്‍ജിയുടെ എക്‌സിക്യുട്ടീവുകള്‍, അസുര്‍ പവര്‍ ഗ്ലോബല്‍ ലിമിറ്റഡിന്റെ എക്‌സിക്യുട്ടീവ് ആയ സിറില്‍ കബനീസ് എന്നിവര്‍ക്കെതിരെ തട്ടിപ്പിനും ഗൂഢാലോചനക്കും വഞ്ചനയ്ക്കുമാണ് കുറ്റം ചുമത്തിയിട്ടുള്ളത്. മള്‍ട്ടി ബില്യണ്‍ ഡോളര്‍ പദ്ധതികള്‍ വാഗ്ദാനം ചെയ്ത് വ്യാജവും തെറ്റിദ്ധരിപ്പിക്കുന്നതുമായ പ്രസ്താവനകള്‍ നടത്തി യുഎസ് നിക്ഷേപകരെയും ആഗോള ധനകാര്യ സ്ഥാപനങ്ങളെയും കബളിപ്പിച്ചതായി ആരോപിക്കുന്നു.
കേസും അറസ്റ്റ് വാറന്റും അദാനിക്കെതിരെയാണെങ്കിലും, അദാനി ഗ്രൂപ്പിന് 'വഴിവിട്ട' സഹായങ്ങള്‍ ചെയ്തുവെന്ന ആരോപണമുനയിലുള്ള നരേന്ദ്ര മോദി സര്‍ക്കാരിനെതിരെയാണ് ആരോപണത്തിന്റെ അമ്പ് പതിക്കുന്നതെന്നതാണു വിമര്‍ശനം. മോദി സര്‍ക്കാരിലെ ഉന്നത ഉദ്യോഗസ്ഥര്‍ക്കു കൈക്കൂലി നല്‍കി അദാനി ഗ്രൂപ്പ് കരാറുകള്‍ സ്വന്തമാക്കിയെന്നാണു യുഎസിലെ കുറ്റപത്രത്തിലുള്ളത്.
അദാനി ഗ്രീന്‍ എനര്‍ജിക്കായി മൂന്ന് ബില്യണ്‍ ഡോളറിലധികം വായ്പയെടുക്കാന്‍ ഗൗതം അദാനി, സാഗര്‍ അദാനി, വിനീത് ജെയ്ന്‍ എന്നിവര്‍ വായ്പക്കാരില്‍നിന്നും നിക്ഷേപകരില്‍നിന്നും കൈക്കൂലിക്കാര്യം മറച്ചുവെച്ചതായി കുറ്റപത്രത്തില്‍ പറയുന്നു. വിദേശ വ്യാപാര ഇടപാടുകളിലെ കൈക്കൂലിക്കെതിരായ ഫോറിന്‍ കറപ്റ്റ് പ്രാക്ടീസ് ആക്ടിന്റെ കീഴിലാണ് ആരോപണങ്ങള്‍ ഉന്നയിച്ചിട്ടുള്ളത്.
ഇന്ത്യയിലെ ഏറ്റവും വലിയ സൗരോര്‍ജ പ്ലാന്റ് സ്ഥാപിക്കുന്നതിന് അദാനി ഗ്രീനിനുള്ള കരാറുകളില്‍ ഏര്‍പ്പെടാന്‍ പ്രേരണ നല്‍കാന്‍ ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ക്ക് കോടിക്കണക്കിന് ഡോളര്‍ കൈക്കുലി നല്‍കുകയോ വാഗ്ദാനം ചെയ്യുകയോ ചെയ്തുവെന്നാണ് പ്രധാന ആരോപണം. പവര്‍ പ്ലാന്റ് പദ്ധതിയുമായി ബന്ധപ്പെട്ട മറ്റൊരു കമ്പനിയായ അസുര്‍ പവര്‍ ഗ്ലോബല്‍ ലിമിറ്റഡ് കോഴയില്‍ ഒരു ഭാഗം നല്‍കാന്‍ സമ്മതിച്ചതായും സെക്യൂരിറ്റീസ് എസ്‌ക്‌ചേഞ്ച് കമ്മീഷന്‍ ആരോപിക്കുന്നു.
കുറ്റപത്രത്തില്‍ പറയുന്നത്
അദാനി ഗ്രൂപ്പ് ചെയര്‍മാന്‍ ഗൗതം അദാനി നേരിട്ട് ഇടപെട്ട് കേന്ദ്രസര്‍ക്കാരില്‍നിന്ന് അനധികൃതമായി വിവിധ കരാറുകള്‍ സ്വന്തമാക്കാന്‍ ശ്രമിച്ചുവെന്ന് കുറ്റപത്രം സൂചിപ്പിക്കുന്നു. അദാനി ഗ്രീന്‍ എനര്‍ജിക്കും മറ്റൊരു കമ്പനിക്കും 12 ഗിഗാവാട്ടിന്റെ സൗരോര്‍ജ പദ്ധതിക്ക് കരാര്‍ ലഭിക്കാന്‍ കേന്ദ്ര സര്‍ക്കാരിലെ ഉദ്യോഗസ്ഥര്‍ക്ക് 25 കോടി ഡോളര്‍ (ഏകദേശം 2,100 കോടി രൂപ) കൈക്കൂലി കൊടുത്തെന്നും ഈ പദ്ധതിവഴി 2 ദശാബ്ദം കൊണ്ട് 200 കോടി ഡോളര്‍ (ഏകദേശം 16,000 കോടി രൂപ) ലാഭമുണ്ടാക്കാന്‍ ഉന്നമിട്ടെന്നുമാണു മുഖ്യ ആരോപണം. മാത്രമല്ല, കൈക്കൂലി നല്‍കിയതും കരാര്‍ അനധികൃതമായി നേടിയതും മറച്ചുവച്ചും കള്ളം പറഞ്ഞും യുഎസ് നിക്ഷേപകരില്‍നിന്നും രാജ്യാന്തര ധനകാര്യസ്ഥാപനങ്ങളില്‍നിന്നും 300 കോടി ഡോളര്‍ (ഏകദേശം 25,000 കോടി രൂപ) സമാഹരിച്ചെന്നും ആരോപണമുണ്ട്.
ഗൗതം അദാനി, അനന്തരവനും അദാനി ഗ്രീന്‍ എനര്‍ജി എക്സിക്യുട്ടീവ് ഡയറക്ടറുമായ സാഗര്‍ അദാനി, കമ്പനിയുടെ സിഇഒ വിനീത് ജെയ്ന്‍, യുഎസ് കമ്പനിയായ അസ്യൂര്‍ പവര്‍ ഗ്ലോബലിന്റെ മുന്‍ എക്സിക്യുട്ടീവുമാരായ രഞ്ജിത് ഗുപ്ത, രൂപേഷ് അഗര്‍വാള്‍, കനേഡിയന്‍ നിക്ഷേപകരായ സിറിള്‍ കബേയ്ന്‍സ്, സൗരഭ് അഗര്‍വാള്‍, ദീപക് മല്‍ഹോത്ര എന്നിവര്‍ക്കെതിരെയാണു കേസ്. കബേയ്ന്‍സ്, സൗരഭ് അഗര്‍വാള്‍, മല്‍ഹോത്ര, രൂപേഷ് എന്നിവര്‍ യുഎസ് ഫെഡറല്‍ ക്രിമിനല്‍ ആന്‍ഡ് സെക്യൂരിറ്റീസ് എക്സ്ചേഞ്ച് കമ്മിഷനെ കബളിപ്പിച്ച് അന്വേഷണം അട്ടിമറിക്കാന്‍ ശ്രമിച്ചെന്നും ആരോപണമുണ്ട്.
ലക്ഷ്യമിട്ടത് മൂലധന സമാഹരണം
കൈക്കൂലി കൊടുത്തെന്ന് ആരോപണമുള്ളത് ഇന്ത്യയിലെ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കാണെങ്കിലും ഗൗതം അദാനിയും ഗ്രൂപ്പിലെ ഉന്നതരും അതുവഴി ലക്ഷ്യമിട്ടത് യുഎസില്‍ ഊര്‍ജപദ്ധതിയും അതു ചൂണ്ടിക്കാട്ടി യുഎസ് നിക്ഷേപകരില്‍നിന്ന് മൂലധന സമാഹരണവുമാണ്. ഇതുസംബന്ധിച്ച ഇടപാടുകള്‍ ന്യൂയോര്‍ക്കിലെ ഈസ്റ്റേണ്‍ ഡിസ്ട്രിക്റ്റ് പരിധിയിലാണു നടന്നതെന്നതിനാലാണു യുഎസ് കേസ് എടുത്തത്. വ്യാജരേഖകള്‍ ചമച്ചാണു യുഎസില്‍ കടപ്പത്രങ്ങളിറക്കി (ബോണ്ട്) മൂലധന സമാഹരണം നടത്തിയതെന്നും കുറ്റപത്രത്തിലുണ്ട്. കുറ്റാരോപിതരില്‍ കബേയ്ന്‍സ് ഒഴികെയുള്ളവരെല്ലാം ഇന്ത്യയിലാണുള്ളത്. കബേയ്ന്‍സ് ഓസ്ട്രിലേയന്‍-ഫ്രഞ്ച് സ്വദേശിയാണ്. യുഎസ് നിക്ഷേപകരെ കബളിപ്പിച്ച് 17.5 കോടി ഡോളര്‍ (1,500 കോടി രൂപ) സമാഹരിച്ചുവെന്ന് കാട്ടി യുഎസ് സെക്യൂരിറ്റീസ് ആന്‍ഡ് എക്സ്ചേഞ്ച് കമ്മിഷന്‍ സിവില്‍ കേസും അദാനിക്കെതിരെ സമര്‍പ്പിച്ചിട്ടുണ്ട്.
ആരോപണ വിധേയര്‍:
ഗൗതം അദാനി
സാഗര്‍ എസ് അദാനി
വിനീത് എസ് ജെയിന്‍
രന്‍ജിത് ഗുപ്ത
സിറില്‍ കബനീസ്
സൗരഭ് അഗര്‍വാള്‍
ദീപത് മല്‍ഹോത്ര
രൂപേഷ് അഗര്‍വാള്‍
ഗൗതം അദാനിക്കും സാഗര്‍ അദാനിക്കുമെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇക്കാര്യത്തില്‍ സ്ഥിരീകരണം ലഭിച്ചിട്ടില്ല.
ഏഷ്യയിലെ രണ്ടാമത്തെ സമ്പന്നന്‍
ഇന്ത്യയിലെയും ഏഷ്യയിലെയും രണ്ടാമത്തെ വലിയ സമ്പന്നനാണു ഗൗതം അദാനി. ബ്ലൂംബെര്‍ഗിന്റെ റിയല്‍ടൈം ശതകോടീശ്വര പട്ടികപ്രകാരം 8,550 കോടി ഡോളര്‍ (7.21 ലക്ഷം കോടി രൂപ) ആസ്തിയുമായി 18-ാമതാണ് അദാനി. 17-ാം സ്ഥാനത്തുള്ള റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനിയാണ് ഏഷ്യയിലെയും ഇന്ത്യയിലെയും ഏറ്റവും സമ്പന്നന്‍; ആസ്തി 9,430 കോടി ഡോളര്‍ (7.95 ലക്ഷം കോടി രൂപ).
ഓഹരി വിപണിയില്‍ തകര്‍ച്ച
അദാനി എനര്‍ജി സൊലൂഷന്‍ 20 ശതമാനം തകര്‍ച്ച നേരിട്ടു. അദാനി ഗ്രീന്‍ 18 ശതമാനവും അദാനി ടോട്ടല്‍ ഗ്യാസ് 13 ശതമാനവും അദാനി പവര്‍ 14 ശതമാനവും നഷ്ടത്തിലായി. അദാനി ഗ്രൂപ്പിന്റെ മറ്റ് ഓഹരികളും പത്ത് ശതമാനത്തിലേറെ ഇടിവിലാണ്.
കടപ്പത്ര വില്പന
കുറ്റാരോപണ റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പ് യുഎസിലെ കോര്‍പറേറ്റ് ബോണ്ട് വിപണിയില്‍ 600 മില്യണ്‍ ഡോളറിന്റെ കടപ്പത്രങ്ങള്‍ അദാനി ടീം പുറത്തിറിക്കിയിരുന്നു. മൂന്ന് ഇരട്ടിയിലേറെ ആവശ്യക്കാരെത്തിയെങ്കിലും ആരോപണ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതോടെ കടപ്പത്ര വില്പന റദ്ദാക്കി.
ഫോബ്‌സ് മാസികയുടെ കണക്കനുസരിച്ച് 69.8 ബില്യണ്‍ ഡോളര്‍ ആസ്തിയുമായി ലോക കോടീശ്വര പട്ടികയില്‍ 22-ാം സ്ഥാനത്താണ് അദാനി. ഹിന്‍ഡെന്‍ബെര്‍ഗിന്റെ ആരോപണത്തിന് പിന്നാലെ യുഎസിലെ കുറ്റപത്ര വിവാദം അദാനിക്ക് കനത്ത തിരിച്ചടിയായി.