ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ ബി നിലവറ തുറക്കുമോ? സംസ്ഥാന സര്‍ക്കാര്‍ പ്രതിനിധി തുടക്കമിട്ടത് പുതിയ ചര്‍ച്ചക്ക്; തന്ത്രിമാരുടെ അഭിപ്രായം തേടാന്‍ തീരുമാനം; ചാക്കു നിറയെ സ്വര്‍ണമണികളും സ്വര്‍ണക്കയറും കിരീടങ്ങളുമുള്ള രഹസ്യങ്ങളുടെ കേന്ദ്രങ്ങളുടെ നിലവറയിലേക്ക് വീണ്ടും രാജ്യത്തിന്റെ ശ്രദ്ധ പതിയുന്നു
ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ ബി നിലവറ തുറക്കുമോ?
തിരുവനന്തപുരം: ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ ബി നിലവറ തുറക്കുന്നതില്‍ വീണ്ടും ചര്‍ച്ച. നിലവറ തുറക്കുന്നതില്‍ തന്ത്രിമാരുടെ അഭിപ്രായം തേടാനാണ് നീക്കം. ഇന്ന് ചേര്‍ന്ന ഭരണസമിതിയുടെയും ഉപദേശക സമിതിയുടെയും സംയുക്തയോഗത്തിലാണ് ഇക്കാര്യം ചര്‍ച്ചയായത്. സംസ്ഥാന സര്‍ക്കാര്‍ പ്രതിനിധിയാണ് ചര്‍ച്ചയ്ക്ക് തുടക്കമിട്ടത്. എന്നാല്‍ തന്ത്രി ഇന്നത്തെ യോഗത്തില്‍ പങ്കെടുത്തിരുന്നില്ല. ബി നിലവറ തുറക്കുന്നതുമായി ബന്ധപ്പെട്ട് ഭരണസമിതി തീരുമാനം എടുക്കാനായിരുന്നു നേരത്തെ സുപ്രീം കോടതി നിര്‍ദേശിച്ചത്.
രഹസ്യങ്ങളുടെ ബി നിലവറ
ബി നിലവറയെ കുറിച്ചുള്ളത് നിരവധി അത്ഭുതകഥകളാണ്. ചാക്കു നിറയെ സ്വര്‍ണമണികള്‍, സ്വര്‍ണക്കയര്‍, വിഗ്രഹങ്ങള്‍, കിരീടങ്ങള്‍.. ഇങ്ങനെ അമൂല്യമായ വസ്തുക്കളാണ് ക്ഷേത്രത്തിലെ ബി നിലവറയിലുള്ളത് എന്നാണ് കഥകള്‍. ക്ഷേത്രത്തില്‍ ആറു നിലവറകളാണുള്ളത്. ഇതില്‍ എ നിലവറ തുറന്നപ്പോഴാണ് പരിശോധകരെപോലും അമ്പരപ്പിച്ചുകണ്ട് 90,000 കോടിക്ക് പുറത്തു വില മതിക്കുന്ന ആഭരണങ്ങളും രത്‌നങ്ങളും കണ്ടെടുത്തത്. തുറക്കാത്ത ബി നിലവറയിലെ രഹസ്യങ്ങള്‍ ഇന്നും അജ്ഞാതമായിരിക്കയാണ്.
രഹസ്യ നിലവറയായി കരുതുന്ന ബി തുറക്കണോ എന്ന് ഭരണ സമിതിക്ക് തീരുമാനിക്കാമെന്നാണ് സുപ്രീംകോടതി വ്യക്തമാക്കിയിരിക്കുന്നത്. എ നിലവറയിലുള്ളതിനേക്കാള്‍ സ്വത്തുകള്‍ ബി നിലവറയിലുണ്ടെന്നാണ് കരുതുന്നത്. പതിനാലാം നൂറ്റാണ്ടില്‍ തന്നെ ക്ഷേത്രത്തില്‍ നിലവറ ഉണ്ടായിരുന്നു എന്നാണ് മതിലകം രേഖകളില്‍ പറയുന്നുണ്ട്.
2011 ജൂലൈ മാസത്തിലാണ് കോടതി നിര്‍ദേശപ്രകാരം എ നിലവറ തുറന്നത്. മനുഷ്യനെ അമ്പരപ്പിക്കുന്ന നിധിശേഖരവും രഹസ്യ അറകളുമാണ് കണ്ടെത്തിയത്. ഏതു സംഖ്യകൊണ്ട് നിധിശേഖരത്തിലെ സ്വത്തുക്കള്‍ കണക്കുകൂട്ടുമെന്ന അമ്പരപ്പിലായിരുന്നു പരിശോധനാ സംഘം. ആയിരക്കണക്കിനു സ്വര്‍ണമാലകള്‍, രത്‌നം പതിച്ച സ്വര്‍ണക്കിരീടങ്ങള്‍, സ്വര്‍ണക്കയര്‍, സ്വര്‍ണക്കട്ടികള്‍, സ്വര്‍ണവിഗ്രഹം, ഒരു ചാക്ക് നിറയെ നെല്‍മണിയുടെ വലുപ്പത്തില്‍ സ്വര്‍ണമണികള്‍, സ്വര്‍ണ ദണ്ഡുകള്‍, ചാക്ക് നിറയെ രത്‌നങ്ങള്‍.. കഥകളില്‍ കേട്ടതുപോലുള്ള നിധിശേഖരമാണ് പരിശോധനാസംഘത്തിന്റെ മുന്നില്‍ തെളിഞ്ഞത്.
എ നിലവറയുടെ പ്രവേശനകവാടം തുറന്നു പ്രാഥമിക പരിശോധന നടത്തിയപ്പോള്‍ കാര്യമായി എന്തെങ്കിലും ഉണ്ടാകുമെന്നതിന്റെ സൂചനയൊന്നും ഇല്ലായിരുന്നു. പരിശോധനാ സംഘം ഇറങ്ങിയപ്പോള്‍ ആദ്യം പൊടി പിടിച്ച് കറുത്ത നിലംമാത്രമാണ് കണ്ടത്. വായു സഞ്ചാരം ഇല്ലാത്തതിനാല്‍ ഫയര്‍ഫോഴ്സ് അറയിലേക്ക് വായു പമ്പു ചെയ്തു കൊടുത്തു. പ്രവേശനകവാടം തുറന്നു ചെല്ലുന്നതു വിശാലമായ ഒരു മുറിയിലേക്കാണ്. അവിടെ നിലത്ത് വലിയ കരിങ്കല്ലുകളാണു പാകിയിരുന്നത്. കനത്ത കല്ലുപാളികള്‍ നീക്കിയപ്പോള്‍ താഴേക്കു കഷ്ടിച്ച് ഒരാള്‍ക്കു മാത്രം ഇറങ്ങിപ്പോകാന്‍ കഴിയുന്ന പടികള്‍ കാണപ്പെട്ടു. ഇത് ഇറങ്ങിച്ചെല്ലുന്നത് ഒരാള്‍ക്കു കുനിഞ്ഞു മാത്രം നില്‍ക്കാന്‍ കഴിയുന്ന അറയിലേക്കാണ്. ഇവിടെ സേഫ് പോലെ നിര്‍മിച്ച അറയിലാണു നിധിശേഖരം ഉണ്ടായിരുന്നത്.
അറയില്‍ വേറെയും ഗുഹാമുഖമുണ്ടെന്ന സംശയം ഉയര്‍ന്നതിനെത്തുടര്‍ന്നു നാലു പേരടങ്ങിയ എന്‍ജിനീയര്‍മാരുടെ സംഘം വിശദമായ പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താന്‍ കഴിഞ്ഞില്ല. അറയ്ക്കകത്തു വായുസഞ്ചാരം ഇല്ലായിരുന്നു. താഴെ ഇറങ്ങുന്നവര്‍ക്ക് അല്‍പ സമയം മാത്രമേ അകത്തു നില്‍ക്കാന്‍ കഴിഞ്ഞുള്ളു. അപ്പോഴേക്കും ശ്വാസം കിട്ടാതെ തിരികെ കയറേണ്ടിവന്നു.
രണ്ടായിരത്തോളം ശരപ്പൊളി സ്വര്‍ണമാലകള്‍ അറയില്‍നിന്ന് കണ്ടെടുത്തു. പിറന്നാള്‍ പോലുള്ള വിശേഷാവസരങ്ങളില്‍ കൊട്ടാരത്തിലുള്ളവരും മറ്റും ശ്രീപത്മനാഭനു കാണിക്കയായി സമര്‍പ്പിച്ചവയായിരിക്കണം ശരപ്പൊളി മാലയെന്നാണു കരുതുന്നത്. ഒരു ചാക്ക് നിറയെ ബല്‍ജിയം രത്‌നങ്ങളും കണ്ടെടുത്തു. രണ്ടായിരത്തോളം മാലകളില്‍ നാലെണ്ണം 2.2 കിലോ തൂക്കം വരുന്ന ശരപ്പൊളി മാലകളാണ്. ഇവയ്ക്കു 18 അടി നീളമുണ്ടെന്നാണ് പുറത്തുവന്ന വാര്‍ത്തകള്‍. 12 ഇഴകളായി നിര്‍മിച്ച മാലയാണിത്. ഇതിന്റെ ലോക്കറ്റുകളില്‍ കോടികള്‍ വിലവരുന്ന മാണിക്യ, മരതക രത്‌നങ്ങളാണ്. 'ഒരു ലോക്കറ്റില്‍ 997 വൈരക്കല്ലുകള്‍, 19.5 ലക്ഷം സ്വര്‍ണനാണയങ്ങള്‍ (രാശിപ്പണം), സ്വര്‍ണം പൊതിഞ്ഞ 14,000 അര്‍ക്ക പുഷ്പങ്ങള്‍' - എ നിലവറയില്‍ കണ്ടെത്തിയ വസ്തുക്കളെക്കുറിച്ച് സുപ്രീംകോടതിയില്‍ വിദഗ്ധ സമിതി സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നതിങ്ങനെ.
സര്‍പ്പങ്ങള്‍ കാവല്‍നില്‍ക്കുന്ന നിലവറയെന്നും, നിലവറ തുറക്കുന്നവര്‍ മരിക്കുമെന്നും വിവിധ കഥകളുണ്ട്. ഈ നിലവറ തുറന്നു പരിശോധിക്കാന്‍ വിദഗ്ധ സമിതിക്ക് കഴിഞ്ഞില്ല. ബി നിലവറ 1990ലും 2002ലുമായി ഏഴുതവണ തുറന്നിട്ടുണ്ടെന്നു സുപ്രീം കോടതി നിയോഗിച്ച പ്രത്യേക ഓഡിറ്റര്‍ വിനോദ് റായി റിപ്പോര്‍ട്ടു നല്‍കിയിരുന്നു. എന്നാല്‍, ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ ബി നിലവറയുടെ ആദ്യ അറ മാത്രമേ തുറന്നിട്ടുള്ളുവെന്നു തിരുവിതാംകൂര്‍ രാജകുടുംബം പഞ്ഞിരുന്നു. അറ തുറന്നിട്ടില്ലെന്ന് ഇതുവരെ ആരും പറഞ്ഞിട്ടില്ല. എന്നാല്‍ ഈ അറയ്ക്കപ്പുറം ഒരു വാതിലുണ്ട്. അതു കിഴക്കോട്ടു തുറക്കേണ്ട വിധത്തിലുള്ളതാണ്. ആ വാതില്‍ തുറന്നിട്ടില്ല. അത് എന്തുകൊണ്ടാണെന്നു ഞങ്ങള്‍ക്കാര്‍ക്കും അറിയില്ല എന്നാണ് രാജകുടുംബത്തിലുള്ളവര്‍ പറഞ്ഞത്.