ജയിലില്‍ കിടന്നയാളെന്നും വാതുവയ്പ് കേസില്‍ കുറ്റവിമുക്തനാകാത്ത ആളെന്നും ഉള്ള കെ സി എയുടെ അധിക്ഷേപം ശ്രീശാന്ത് പൊറുക്കില്ല; അപകീര്‍ത്തികരമായ വാര്‍ത്താക്കുറിപ്പിന് മുന്‍ ഇന്ത്യന്‍ താരം നിയമനടപടിക്ക്; രാജ്യത്തിനായി കളിക്കാന്‍ സ്വപ്‌നം കാണുന്നവരെ തുരങ്കം വയ്ക്കുന്നവര്‍ക്കൊപ്പം നില്‍ക്കില്ലെന്നും ശ്രീശാന്ത്

കെ സി എക്കെതിരെ ശ്രീശാന്ത് നിയമ നടപടിക്ക്

Update: 2025-02-07 10:37 GMT

കൊച്ചി: കേരള ക്രിക്കറ്റ് അസോസിയേഷന്റെ തനിക്കെതിരായ കുത്തുവാക്കുകള്‍ക്ക് മറുപടിയുമായി മുന്‍ ഇന്ത്യന്‍ താരം എസ് ശ്രീശാന്ത്. തനിക്കെതിരെ അപകീര്‍ത്തികരമായ വാര്‍ത്താകുറിപ്പ് ഇറക്കിയവര്‍ ഉത്തരം പറയേണ്ടി വരും. അതിനു അധികം നാള്‍ കാത്തിരിക്കേണ്ടി വരില്ല. തനിക്കെതിരെ തെറ്റായ വിവരം പ്രചരിപ്പിക്കുന്നവരോട് പ്രതികരിക്കാനില്ല. തന്റെ അഭിഭാഷകര്‍ മറുപടി നല്‍കും എന്നും ശ്രീശാന്ത് പറഞ്ഞു

കേരളത്തില്‍ നിന്നുള്ള താരങ്ങളെ തുടര്‍ന്നും പിന്തുണയ്ക്കും. രാജ്യത്തിനായി കളിക്കാം എന്ന് സ്വപ്നം കാണുന്നവരെ നമുക്ക് ആവശ്യമുണ്ട്. അതിനു തുരങ്കം വയ്ക്കുന്നവര്‍ക്കൊപ്പം നില്‍ക്കാന്‍ തനിക്കാകില്ല. കേരള ക്രിക്കറ്റിനെ താന്‍ സ്‌നേഹിക്കുന്നു. നിയമത്തിലും നീതിയിലും വിധിയിലും തനിക്ക് വിശ്വാസം ഉണ്ട്. കേരള ക്രിക്കറ്റിനെ ബാധിക്കുന്ന യഥാര്‍ത്ഥ പ്രശ്നങ്ങളില്‍ നിന്ന് മുഖം തിരിക്കുന്നവരെ കുറിച്ച് ആശങ്കയുണ്ടെന്നും ശ്രീശാന്ത് പറഞ്ഞു

്.ശ്രീശാന്തിന് കാരണംകാണിക്കല്‍ നോട്ടിസ് നല്‍കിയ സംഭവത്തിലാണ് കെ സി എ വിശദീകരണം നല്‍കിയത്. സഞ്ജു സാംസണിനെ പിന്തുണച്ചതിനല്ല ശ്രീശാന്തിന് കാരണം കാണിക്കല്‍ നോട്ടിസ് നല്‍കിയതെന്ന് കെസിഎ വ്യക്തമാക്കി. കെസിഎയ്ക്കെതിരെ അടിസ്ഥാനരഹിതവും അപകീര്‍ത്തികരവുമായ പ്രസ്താവന നടത്തിയതിനാണ് നോട്ടിസ് നല്‍കിയത്. കേരള ക്രിക്കറ്റ് ലീഗ് (കെസിഎല്‍) ഫ്രാഞ്ചൈസി ടീമിന്റെ സഹ ഉടമയായ ശ്രീശാന്ത് കെസിഎയ്ക്കെതിരെ അപകീര്‍ത്തികരമായ കാര്യങ്ങള്‍ പറഞ്ഞത് കരാര്‍ ലംഘനമാണെന്നും സംഘടന വിശദീകരിച്ചു.


വാതുവയ്പ്പ് കേസില്‍ അകപ്പെട്ട് ജയിലില്‍ കഴിഞ്ഞ കാര്യം ഉള്‍പ്പെടെ 'ഓര്‍മിപ്പിച്ചാണ്' കെസിഎയുടെ വിശദീകരണം. കോടതി ക്രിമിനല്‍ കേസ് റദ്ദാക്കിയെങ്കിലും, വാതുവയ്പ്പ് വിഷയത്തില്‍ കുറ്റവിമുക്തനായിട്ടില്ല എന്നും കെസിഎ ചൂണ്ടിക്കാട്ടി. ശിക്ഷാ കാലാവധി പൂര്‍ത്തിയാക്കിയ ശ്രീശാന്തിന് കെസിഎ വീണ്ടും കളിക്കാന്‍ അവസരം നല്‍കിയ കാര്യവും ചൂണ്ടിക്കാട്ടിയിട്ടുണ്ട്. വാതുവയ്പ്പില്‍ അകപ്പെട്ട താരങ്ങള്‍ക്ക് വേറെ ഏത് ക്രിക്കറ്റ് അസോസിയേഷനാണ് ഇങ്ങനെ അവസരം നല്‍കിയതെന്നും കെസിഎ ചോദിക്കുന്നു.

കെസിഎയുടെ വിശദീകരണക്കുറിപ്പിന്റെ പൂര്‍ണരൂപം

കേരള ക്രിക്കറ്റ് അസോസിഷന്‍ ശ്രീശാന്തിന് കാരണം കാണിക്കല്‍ നോട്ടിസ് നല്‍കിയത് സഞ്ജുവിനെ പിന്തുണച്ചതിനല്ല, അസോസിയേഷനെതിരെ തെറ്റായതും അപകീര്‍ത്തിപരവുമായ പ്രസ്താവന നടത്തിയതിനാണ്. കേരള ക്രിക്കറ്റ് ലീഗ് ഫ്രാഞ്ചൈസി ടീമിന്റെ സഹ ഉടമയായ ശ്രീശാന്ത് കേരള ക്രിക്കറ്റ് അസോസിയേഷനെത്തിരെ അപകീര്‍ത്തികരമായി കാര്യങ്ങള്‍ പറഞ്ഞത് കരാര്‍ ലംഘനമാണ്.

താരങ്ങളെ സംരക്ഷിക്കുന്ന നിലപാടാണ് കേരള ക്രിക്കറ്റ് അസോസിയേഷന്‍ എന്നും സ്വീകരിച്ചിട്ടുള്ളത്. ഇന്ത്യന്‍ ക്രിക്കറ്റിലെ കറുത്ത അധ്യായമായിരുന്ന വാതുവയ്പ്പില്‍ ആരോപണം നേരിട്ട് ശ്രീശാന്ത് ജയിലില്‍ കഴിയുന്ന സമയത്തും അസോസിഷന്‍ ഭാരവാഹികള്‍ അദ്ദേഹത്തെ സന്ദര്‍ശിക്കുകയും പിന്തുണ നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ വാതുവയ്പ്പുമായി ബന്ധപ്പെട്ട് ഉയര്‍ന്ന ആരോപണം ശരിയാണെന്നു കണ്ടെത്തിയതോടെയാണ് ബിസിസിഐ ആജീവനാന്ത വിലക്ക് ഏര്‍പ്പെടുത്തിയത്. പിന്നീട് ആജീവനാന്ത വിലക്ക് ബിസിസിഐ ഓംബുഡ്‌സ്മാന്‍ ഏഴു വര്‍ഷമായി കുറക്കുകയായിരുന്നു. കോടതി ക്രിമിനല്‍ കേസ് റദ്ദ് ചെയ്തെകിലും വാതുവയ്പ്പ് വിഷയത്തില്‍ കുറ്റവിമുക്തനായിട്ടില്ല എന്നത് വാസ്തവമാണ്. അത്തരത്തില്‍ ഉള്ള ശ്രീശാന്ത് കേരള ക്രിക്കറ്റ് അസോസിഷന്റെ കളിക്കാരുടെ സംരക്ഷണം ഏറ്റെടുക്കേണ്ടതില്ല.

ശിക്ഷാ കാലാവധി പൂര്‍ത്തിയാക്കിയ ശ്രീശാന്തിന് രഞ്ജി ട്രോഫി ഉള്‍പ്പടെ ഉള്ള മത്സങ്ങളില്‍ കെസിഎ വീണ്ടും അവസരങ്ങള്‍ നല്‍കിയത് അസോസിയേഷന്റെ സംരക്ഷകനിലപാടുകൊണ്ടു മാത്രമാണ്. വാതുവയ്പ്പില്‍ ഉള്‍പ്പെട്ട മറ്റുതാരങ്ങളോട് അവരുടെ അസോസിയേഷനുകള്‍ ഇങ്ങനെ അനുകൂല സമീപനമാണോ എടുത്തത് എന്നത് അന്വേഷിച്ചാല്‍ അറിയാവുന്നതാണ്. ശ്രീശാന്ത് കേരള ക്ക്രിക്കറ്റ് ലീഗിന്റെ കമന്ററി പറയുന്ന വേളയില്‍ അസോസിയേഷന്‍ കളിക്കാര്‍ക്കുവേണ്ടി ചെയ്യുന്ന കാര്യങ്ങളെ വാനോളം പുകഴ്ത്തിയിരുന്നു.

സഞ്ജു സാംസണിനു ശേഷം ഇന്ത്യന്‍ ടീമില്‍ ആരു വന്നു എന്ന ശ്രീശാന്തിന്റെ ചോദ്യം അപഹാസ്യമാണ്. സജ്‌ന സജീവന്‍, മിന്നുമണി, ആശ ശോഭന എന്നീ സീനിയര്‍ ദേശീയ താരങ്ങളെ കൂടാതെ അണ്ടര്‍ 19 ലോകകപ്പ് ജേതാക്കളുടെ ടീമില്‍ വി.ജെ. ജോഷിത, അണ്ടര്‍ 19 ടീമില്‍ സി.എം.സി. നജ്ല, അണ്ടര്‍ 19 ഏഷ്യാകപ്പ് ടീമില്‍ മുഹമ്മദ് ഇനാന്‍ എന്നിവര്‍ സ്ഥാനം കണ്ടെത്തിയത് ശ്രീശാന്ത് അറിയാത്തത് കേരളാ ക്രിക്കറ്റിനെക്കുറിച്ചുള്ള അറിവില്ലായ്മയായി കാണുന്നു.

അച്ചടലംഘനം ആരു നടത്തിയാലും അനുവദിക്കാന്‍ സാധിക്കില്ല. അസോസിയേഷനെതിരെ കളവായ കാര്യങ്ങള്‍ പറഞ്ഞ് അപകീര്‍ത്തി ഉണ്ടാക്കിയാല്‍ മുഖം നോക്കാതെ നടപടി എടുക്കുന്നതുമാണ്.

Tags:    

Similar News