സംസ്ഥാനത്ത് അഞ്ച് മാസത്തിനുള്ളില്‍ തെരുവ് നായയുടെ കടിയേറ്റത് 1,65,136 പേര്‍ക്ക്; 17 പേര്‍ മരിച്ചു; വയനാട് ജില്ലയില്‍ ഏറ്റവും കുറവ് കേസുകള്‍; നായ്ക്കളുടെ എണ്ണം വര്‍ധിക്കാന്‍ കാരണം അവയ്ക്ക് ഭക്ഷണം നല്‍കുന്നത് കൊണ്ട്; വാക്‌സിനേഷന് ഗോവയില്‍ നിന്ന് 'മിഷന്‍ റാബിസ്' എത്തുന്നു
കൊച്ചി: സംസ്ഥാനത്ത് തെരുവുനായകളുടെ കടിയേറ്റ് ജനുവരി മുതല്‍ മെയ് വരെ അഞ്ച് മാസത്തിനിടെ 1,65,136 പേര്‍ക്ക് ചികിത്സ തേടേണ്ടിവന്നു. കടിയേറ്റവരില്‍ 17 പേര്‍ ജീവന്‍ നഷ്ടപ്പെട്ടു. എറണാകുളം, തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, തൃശൂര്‍, പാലക്കാട് ജില്ലകളിലാണ് കൂടുതല്‍ കടിയേറ്റ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. വയനാട് ജില്ലയിലാണ് ഏറ്റവും കുറവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്.
സാമൂഹിക പ്രവര്‍ത്തകന്‍ രാജു വാഴക്കാലയുടെ വിവരാവകാശ അപേക്ഷയ്ക്ക് മറുപടിയായി ആരോഗ്യവകുപ്പ് ഡയറക്ടര്‍ നല്‍കിയ വിവരങ്ങള്‍ പ്രകാരമാണ് ഈ കണക്ക്. എറണാകുളം ജില്ലയില്‍ മാത്രമായി മൂന്നു മാസത്തിനിടെ 9,169 പേരാണ് തെരുവുനായയുടെ ആക്രമണത്തിന് ഇരയായത്. ഒരാള്‍ മരണപ്പെടുകയും ചെയ്തു. ആലപ്പുഴയില്‍ നാല് പേര്‍, കൊല്ലവും മലപ്പുറവും ജില്ലകളില്‍ മൂന്ന് പേര്‍ വീതം, പാലക്കാട്, പത്തനംതിട്ട ജില്ലകളില്‍ രണ്ട് പേര്‍ വീതം, എറണാകുളം, തിരുവനന്തപുരം, കോഴിക്കോട് ജില്ലകളില്‍ ഓരോ മരണമുമാണ് റിപ്പോര്‍ട്ട് ചെയ്തത്.
നായ്ക്കളുടെ എണ്ണം വര്‍ധിക്കാനുള്ള പ്രധാന കാരണമായി നഗരത്തിലെ ചിലവേറെ ആളുകള്‍ നായ്ക്കള്‍ക്ക് ആഹാരം നല്‍കുന്നതാണെന്ന് കൊച്ചി കോര്‍പ്പറേഷന്‍ ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ ടി.കെ. അഷ്റഫ് പറഞ്ഞു. ഹോട്ടലുകളിലെ ഭക്ഷണശിഷ്ടങ്ങളും അറവുമാലിന്യങ്ങളും നിരന്തരം നായ്ക്കള്‍ക്ക് നല്‍കപ്പെടുന്നു. ഇത് മറ്റു പ്രദേശങ്ങളിലിരുന്നുള്ള നായ്ക്കളെയും നഗരത്തിലേക്ക് ആകര്‍ഷിക്കുന്നു.
സംസ്ഥാനത്ത് തെരുവുനായ പ്രശ്നത്തെ മറികടക്കാന്‍ ഗോവയിലെ 'മിഷന്‍ റാബിസ്' എന്ന ഏജന്‍സിയുടെ സഹായത്തോടെ കൊച്ചിയില്‍ 'മഹാ വാക്‌സിനേഷന്‍' യജ്ഞം ആസൂത്രണം ചെയ്തിട്ടുണ്ട്. ഓഗസ്റ്റ് ആദ്യവാരം വാക്‌സിനേഷന്‍ ക്യാമ്പ് ആരംഭിക്കാനാണ് തീരുമാനം. മിഷന്‍ റാബിസ് സംഘവും, നായ പിടുത്ത വിദഗ്ധരുമായ സംഘം അടുത്തയാഴ്ച കൊച്ചിയിലെത്തും. അന്നേ ദിവസം കോര്‍പ്പറേറ്റ് അധികൃതരുമായി ചര്‍ച്ച നടത്തും.
പിടിച്ചെടുക്കുന്ന നായ്ക്കള്‍ക്ക് പേവിഷം പ്രതിരോധ കുത്തിവെപ്പ് നല്‍കി, ചെവിയില്‍ അടയാളപ്പെടുത്തിയ ശേഷം സമാനമായ സ്ഥലത്ത് വീണ്ടും വിടും. പദ്ധതിയുമായി ബന്ധപ്പെട്ട ചെലവുകള്‍ മിഷന്‍ റാബിസ് ഏറ്റെടുക്കും. താമസമടക്കമുള്ള അടിസ്ഥാനസൗകര്യങ്ങള്‍ മാത്രം കൊച്ചി കോര്‍പ്പറേഷന്‍ ഒരുക്കും.
നായ്ക്കളുടെ ശസ്ത്രക്രിയയിലൂടെ വന്ധ്യംകരണം ഈ ഘട്ടത്തില്‍ സാധ്യമാകില്ല. ശസ്ത്രക്രിയയ്ക്ക് ശേഷമുള്ള സംരക്ഷണ സൗകര്യങ്ങള്‍ ബ്രഹ്‌മപുരം എബിസി ആശുപത്രിയില്‍ നിലവില്‍ മതിയാകില്ല. ഇത് മെച്ചപ്പെടുത്തുന്നതിനായി ഒരു കോടി രൂപ സിഎസ്ആര്‍ ഫണ്ടായി ബിപിസിഎല്ലില്‍ അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്. ആശുപത്രി നവീകരണം, കൂടുതല്‍ ഡോക്ടര്‍മാരുടെ നിയമനം, സ്‌ക്വാഡിനായുള്ള വാഹനങ്ങള്‍ എന്നിവ ഉള്‍പ്പെടുത്തി സമര്‍പ്പിച്ച പദ്ധതിയുടെ അന്തിമതീരുമാനം അടുത്തയാഴ്ച ഉണ്ടാകുമെന്നാണ് അഷ്റഫ് വ്യക്തമാക്കിയത്.