അതിക്രൂരമായി വധശിക്ഷകള്‍ നടപ്പിലാക്കി; 2,000-ത്തിലധികം സാധാരണക്കാരെ കൊന്നതായി വീമ്പിളക്കി ടിക്ക് ടോക്ക് പോസ്റ്റും; നിരായുധരായവരെ വെടിവെച്ച് കൊല്ലുന്ന ദൃശ്യങ്ങളും പുറത്തുവിട്ടു; 'നൂറ്റാണ്ടിന്റെ കശാപ്പുകാരന്‍' എന്ന് വിളിക്കപ്പെടുന്ന സുഡാനീസ് യുദ്ധപ്രഭു ഒടുവില്‍ അറസ്റ്റില്‍
'നൂറ്റാണ്ടിന്റെ കശാപ്പുകാരന്‍' എന്ന് വിളിക്കപ്പെടുന്ന സുഡാനീസ് യുദ്ധപ്രഭു ഒടുവില്‍ അറസ്റ്റില്‍
തിരുവനന്തപുരം: 'നൂറ്റാണ്ടിന്റെ കശാപ്പുകാരന്‍' എന്ന് വിളിക്കപ്പെടുന്ന സുഡാനീസ് വാര്‍ലോര്‍ഡിനെ അറസ്റ്റ് ചെയ്തു. ക്രൂരമായി വധശിക്ഷകള്‍ നടത്തുകയും 2,000-ത്തിലധികം സാധാരണക്കാരെ കൊന്നതായി വീമ്പിളക്കുകയും ചെയ്യുന്ന ടിക് ടോക്ക് പോസ്റ്റ് ചെയ്തതിന് പിന്നാലെയാണ് അബുലുലു പിടിയിലായത്. റാപ്പിഡ് സപ്പോര്‍ട്ട് ഫോഴ്‌സ് എല്‍-ഫാഷര്‍ നഗരം പിടിച്ചടക്കിയപ്പോള്‍ അവിടെ കൊടും ക്രൂരകൃത്യങ്ങള്‍ നടത്തിയ നിരവധി അര്‍ദ്ധസൈനികരില്‍ പ്രധാനിയാണ് ഇയാള്‍.
നഗരം കീഴടക്കിയതിന് പിന്നാലെ സാധാരണക്കാരെ അതിക്രൂരമായി വധിക്കുന്ന ഭയാനകമായ ദൃശ്യങ്ങള്‍ പുറത്തു വന്നിരുന്നു. വ്യാപകമായി നടത്തിയ കൊലപാതകങ്ങളുടെ തെളിവുകള്‍ പുറത്തു വന്ന പശ്ചാത്തലത്തില്‍ കൂടുതല്‍ അക്രമസംഭവങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുള്ളതായി ഐക്യരാഷ്ട്രസഭ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഒരു വീഡിയോയില്‍, നിരായുധരായ ഒമ്പത് പുരുഷന്മാരുടെ മുന്നില്‍ നിന്ന് അബു ലുലു അവരെ വെടിവെച്ച് കൊല്ലുന്നതിന്റെ ദൃശ്യങ്ങള്‍ കാണാം.
കഴിഞ്ഞയാഴ്ചയാണ് ഇവയെല്ലാം പുറത്തു വന്നത്. നഗരം പിടിച്ചടക്കിയതിനു ശേഷമുള്ള 48 മണിക്കൂര്‍ നീണ്ടുനിന്ന കൂട്ടക്കൊലയില്‍ ആര്‍എസ്എഫ് അംഗങ്ങള്‍ 2,000-ത്തിലധികം സാധാരണക്കാരെ കൊലപ്പെടുത്തിയിരുന്നു. തിങ്കളാഴ്ച ഒരു വീഡിയോയില്‍, ബ്രിഗേഡിയര്‍ ജനറല്‍ അല്‍-ഫത്തേഹ് അബ്ദുല്ല ഇദ്രിസ് എന്ന യഥാര്‍ത്ഥ പേരുള്ള അബു ലുലു, 2,000-ത്തിലധികം പേരെ കൂട്ടക്കൊല ചെയ്തതിന് താന്‍ തന്നെ ഉത്തരവാദിയായിരിക്കാമെന്ന് വീമ്പിളക്കിയിരുന്നു.
2023 ഏപ്രിലില്‍ സുഡാനീസ് സായുധ സേനയും അര്‍ദ്ധസൈനിക വിഭാഗത്തിന്റെ തലവനും തമ്മില്‍ ഉണ്ടായ അഭിപ്രായ ഭിന്നതകളുടെ അടിസ്ഥാനത്തിലാണ് അക്രമസംഭവങ്ങള്‍ ആരംഭിച്ചത്. 18 മാസത്തിലധികം നീണ്ടുനിന്ന ഉപരോധ യുദ്ധത്തിനുശേഷം, രാജ്യത്തിന്റെ പടിഞ്ഞാറുള്ള വിശാലമായ ഡാര്‍ഫര്‍ മേഖലയിലെ സുഡാനീസ് സൈന്യത്തിന്റെ അവസാന ശക്തികേന്ദ്രമായ എല്‍-ഫാഷറിന്റെ നിയന്ത്രണം ആര്‍എസ്എഫ് ഒടുവില്‍ പിടിച്ചെടുത്തു.
നഗരത്തില്‍ നിന്ന് പതിനായിരക്കണക്കിന് ആളുകള്‍ പലായനം ചെയ്യാന്‍ ശ്രമിച്ചപ്പോള്‍, ആര്‍എസ്എഫ് വന്‍തോതില്‍ സാധാരണക്കാരെ കൂട്ടക്കൊല ചെയ്യാന്‍ തുടങ്ങി. അബുലുലുവിന്റെ പ്രവൃത്തികള്‍ അയാളെ ഒരു യുദ്ധകുറ്റവാളിയായി വിചാരണ നടത്താന്‍ ഉതകുന്ന തരത്തിലുള്ളതാണ്. അബുലുലുവിനെ തടവിലാക്കിയതിന്റെ ചിത്രങ്ങള്‍ ഇപ്പോള്‍ പുറത്തു വന്നിട്ടുണ്ട്. എല്‍-ഫാഷറിന്റെ പതനത്തിനുശേഷം എല്ലാ ആശയവിനിമയങ്ങളും വിച്ഛേദിക്കപ്പെട്ടു.
എന്നാല്‍ രക്ഷപ്പെട്ട് അടുത്തുള്ള പട്ടണമായ തവിലയിലെത്തിയ ആളുകള്‍ കൂട്ടക്കൊലകള്‍, മാതാപിതാക്കളുടെ മുന്നില്‍ കുട്ടികളെ വെടിവച്ചുകൊല്ലല്‍, പലായനം ചെയ്യുമ്പോള്‍ സാധാരണക്കാരെ മര്‍ദിക്കുകയും കൊള്ളയടിക്കുകയും ചെയ്യല്‍ തുടങ്ങി നിരവധി ആരോപണങ്ങളാണ് മാധ്യമങ്ങള്‍ക്ക് മുന്നില്‍ വെളിപ്പെടുത്തിയത്. ആഭ്യന്തരയുദ്ധം 14 ദശലക്ഷത്തിലധികം ആളുകളെ പലായനം ചെയ്യാന്‍ നിര്‍ബന്ധിതരാക്കി. ഒക്ടോബര്‍ 26 നും 27 നും ഇടയില്‍ 2,000 ത്തിലധികം നിരപരാധികളായ പൗരന്മാര്‍ കൊല്ലപ്പെട്ടിരുന്നു.
അവരില്‍ ഭൂരിഭാഗവും സ്ത്രീകളും കുട്ടികളും പ്രായമായവരുമാണ്. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും വേണ്ടിയുള്ള ഒരാശുപത്രിയില്‍ മാത്രം 460 പേര്‍ കൊല്ലപ്പെട്ടിരുന്നു. യുദ്ധത്തില്‍ ഇതുവരെ 40,000-ത്തിലധികം ആളുകള്‍ കൊല്ലപ്പെട്ടതായി ഐക്യരാഷ്ട്രസഭയുടെ കണക്കുകള്‍ പറയുന്നു. എന്നാല്‍ സന്നദ്ധ സംഘടനകള്‍ പറയുന്നത് ഇതിലും എത്രയോ ഇരട്ടി ആളുകളാണ് കൊല്ലപ്പെട്ടതെന്നാണ്.
