സുനിതാ വില്ല്യംസിന്റെ ഇനിയുള്ളകാലം അസ്ഥികള്‍ പൊടിഞ്ഞ് ദുരിത ജീവിതമോ? പോസ്റ്റ്-ഫ്രൈറ്റ് റീഹാബിലിറ്റേഷന്‍ എത്രകാലം? നീല്‍ ആംസ്ട്രോങ്ങ് അടക്കമുള്ളവര്‍ വന്നതുപോലെ വീല്‍ചെയറില്‍ വരുന്ന ഗഗനചാരികള്‍ക്ക് ഇനി സ്വാഭാവിക ജീവിതം സാധ്യമാണോ? ശാസ്ത്രലോകം പറയുന്നതെന്ത്?
സുനിതാ വില്ല്യംസിന്റെ ഇനിയുള്ളകാലം അസ്ഥികള്‍ പൊടിഞ്ഞ് ദുരിത ജീവിതമോ?
ഒമ്പത് മാസത്തെ കാത്തിരിപ്പിനൊടുവില്‍ നാസാ ശാസ്ത്രജ്ഞരായ സുനിതാ വില്യംസും ബുച്ച് വില്‍മോറും ഭൂമിയിലേക്ക് എത്തുന്നത് കാത്തിരിക്കയാണ് ലോകം. ഇന്ത്യന്‍ സമയം ചൊവ്വാഴ്ച രാവിലെ 10.35-ന് സുനിതയുമായുള്ള പേടകം ഭൂമിയിലേക്ക് യാത്ര തിരിച്ചു. സാഹചര്യങ്ങളെല്ലാം അനുകൂലമായാല്‍ പേടകം ബുധനാഴ്ച പുലര്‍ച്ചെ 3.27-ന് ഭൂമിയില്‍ ഇറങ്ങും. യാത്രപോയ പേടകത്തിനുണ്ടായ സാങ്കേതികത്തകരാര്‍ മൂലമാണ് സുനിതയും ബുച്ചും അന്താരാഷ്ട്ര ബഹിരാകാശനിലയത്തില്‍ (ഐഎസ്എസ്) കുടുങ്ങിപ്പോയത്. ഇരുവര്‍ക്കുമൊപ്പം നിക് ഹേഗ്, അലക്‌സാണ്ടര്‍ ഗോര്‍ബുനോവ് എന്നീ ബഹിരാകാശ യാത്രികരുമുണ്ട്. അറ്റ്‌ലാന്റിക് സമുദ്രത്തിലോ മെക്‌സിക്കോ ഉള്‍ക്കടലിലോ ആയിരിക്കും പേടകം പതിക്കുക. ഇത് വീണ്ടെടുത്ത് യാത്രികരെ കരയിലേക്ക് എത്തിക്കാനാണ് പദ്ധതി. സാഹചര്യങ്ങള്‍ക്ക് അനുസരിച്ച് ഭൂമിയില്‍ ഇറങ്ങുന്ന സമയത്തില്‍ മാറ്റം വരാമെന്ന് നാസ അറിയിച്ചു.
പക്ഷേ അതോടൊപ്പം പ്രചരിക്കുന്ന ഒരു വാര്‍ത്ത സുനിതാ വില്യംസിന്റെയും സഹയാത്രികന്‍ ബൂച്ച് വില്‍മോറിന്റെയും ആരോഗ്യം പുര്‍ണ്ണമായി തകര്‍ന്നുവെന്നും, ഇനി മാസങ്ങളുടെ ചികിത്സ അവര്‍ക്ക് വേണ്ടിവരുമെന്നുമാണ്. എന്നാല്‍ സുനിതയും കൂട്ടരും സ്വയം വരിച്ച ഹസാര്‍ഡുകള്‍ ആണ് ഇതെന്നും, അവര്‍ക്ക് ഈ ഘട്ടവും അതിജീവിക്കാന്‍ കഴിയുമെന്നുമാണ് നാസ പറയുന്നത്.
പോസ്റ്റ്-ഫ്രൈറ്റ് റീഹാബിലിറ്റേഷന്‍ സ്വാഭാവികം
ബഹിരാകാശ യാത്രക്കുശേഷമുള്ള വിശ്രമവും ചികിത്സയും സ്വാഭാവികം മാത്രമാണെന്നാണ് ശാസ്ത്രജ്ഞരും മുമ്പ് യാത്രപോയവരും പറയുന്നത്. ബഹിരാകാശ യാത്രയ്ക്ക് മുമ്പുള്ള അവസ്ഥയിലേക്ക് തിരികെയെത്തിക്കുന്നതിനായി ബഹിരാകാശ യാത്ര കഴിഞ്ഞെത്തുന്ന എല്ലാ യാത്രികര്‍ക്കും റീഹാബിലിറ്റേഷന്‍ പോഗ്രാം നാസ നിര്‍ബന്ധമാക്കിയിട്ടുണ്ട്. ഓരോ ബഹിരാകാശ യാത്രയ്ക്ക് ശേഷവും ബഹിരാകാശ യാത്രികരുടെ ശാരീരികവും മാനസികവുമായ മാറ്റങ്ങള്‍ നിരീക്ഷിക്കാന്‍ വേണ്ടിയാണ് ഈ വിശദ പരിശോധനയും റീഹാബിലിറ്റേഷനും. ഇതിന്റെ ഭാഗമായി ശാരീരിക പരിശോധനകള്‍, മനഃശാസ്ത്രപരമായ വിലയിരുത്തലുകള്‍ എന്നിവയുള്‍പ്പെടെയുള്ള സമഗ്രമായ പോസ്റ്റ്-ഫ്ലൈറ്റ് മെഡിക്കല്‍ ടെസ്റ്റുകളും അവലോകനങ്ങളും സ്പേസ് മെഡിസിനില്‍ പരിചയസമ്പന്നരായ നാസയുടെ മെഡിക്കല്‍ സംഘം നടത്തും. ഒരു ഫ്ലൈറ്റ് സര്‍ജനും, വ്യായാമ വിദഗ്ധനും, ഫിസിയോതെറാപ്പിസ്റ്റും ചേര്‍ന്ന സംഘമാണ് ഇതിന് നേതൃത്വം നല്‍കുക. മസാജ് തെറാപ്പി, ഫിസിക്കല്‍ റീക്കണ്ടീഷനിംഗിന് വേണ്ടിയുള്ള പരിശീലനങ്ങള്‍ എല്ലാം ഈ സെഷനുകളില്‍ ഉള്‍പ്പെടുന്നു. ഇതിനെല്ലാം നാസ ശാസ്ത്രീയമായി തയ്യാറാക്കിയ പ്രോട്ടോക്കോള്‍ പിന്തുടരുന്നുണ്ട്.
ബഹിരാകാശ യാത്രികരുടെ ആരോഗ്യം ഉറപ്പാക്കാനായി മാത്രമല്ല, ഭാവി പര്യവേഷണങ്ങള്‍ക്ക് മുമ്പ് സ്വീകരിക്കേണ്ട കൂടുതല്‍ നടപടികളെ കുറിച്ച് അറിയാന്‍ കൂടിയാണ് നാസ ഈ വൈദ്യപരിശോധനകളും റീഹാബിലിറ്റേഷനും സഞ്ചാരികള്‍ക്ക് നിര്‍ബന്ധമാക്കിയിരിക്കുന്നത്. ക്രൂ-9 സംഘത്തില്‍ മടങ്ങിയെത്തുന്ന സുനിത വില്യംസ്, ബുച്ച് വില്‍മോര്‍, നിക് ഹേഗ്, അലക്സാണ്ടര്‍ ഗോര്‍ബനോവ് എന്നിവര്‍ക്ക് ഈ പരിശോധനകളും പരിശീലനങ്ങളുമെല്ലാം പൂര്‍ത്തിയാക്കി, ഭൂമിയുടെ ഗുരുത്വാകര്‍ഷണവുമായി പൊരുത്തപ്പെട്ട ശേഷമേ വീട്ടിലേക്ക് മടങ്ങാനാകൂ. ബഹിരാകാശ യാത്രയ്ക്ക് പോകും മുമ്പുള്ള കഠിന പരിശീലനം പോലെ തന്നെ പ്രാധാന്യമുള്ളതാണ് പോസ്റ്റ്-ഫ്ലൈറ്റ് റീഹാബിലിറ്റേഷനും.
ഇത് കഴിഞ്ഞവര്‍ക്ക് സ്വാഭാവിക ജീവിതം നയിക്കാം. ബഹിരാകാശയാത്രികരുടെ അസ്ഥികള്‍ പൊടിഞ്ഞുപോവുകയാണെങ്കില്‍ നീല്‍ ആംസ്ട്രോങ് അടക്കമുള്ളവര്‍ക്ക് അത് സംഭവിക്കേണ്ടതാണ്. അതിനുശേഷവും നിരവധിപേര്‍ സ്പേസില്‍ പോയിട്ടും സ്വാഭാവിക ജീവിതം നയിക്കുന്നുണ്ട്.
അത് ദുരിതമല്ല ഒരു പാര്‍ശ്വഫലം
പക്ഷേ കേരളത്തിലെ ഒരു വിഭാഗം 'സുനിതാ വില്യംസിനെ ഇനിയുള്ള കാത്തിരിക്കുന്നത് ദുരിതജീവിതം' എന്ന് പറയുന്നത് അതിശയോക്തി മാത്രമാണ്. കാരണം ഈ രീതിയിലുള്ള പ്രശ്നങ്ങള്‍ ഉണ്ടാവുമെന്ന് സുനിതയടക്കമുള്ളവര്‍ക്ക് നേരത്തെ അറിയാം. ഒരു വലിയകാര്യത്തിന്റെ ചെറിയ സൈഡ് ഇഫക്റ്റ് എന്ന രീതിയിലാണ് അവര്‍ കാര്യങ്ങള്‍ കാണുന്നത്.
ആംസ്ട്രോങ്ങ് അടക്കമുള്ളവര്‍ വന്നതുപോലെ വീല്‍ചെയറിലാണ് സുനിതയും സംഘവും ഭൂമിയിലെത്തുക. ഭൂമിയിലേക്കുള്ള തിരിച്ചുവരവ് ഏറെ സന്തോഷം നല്‍കുന്നതാണെങ്കിലും സുനിതയും സംഘവും നേരിടാന്‍ പോകുന്നത് വേദനയുടെ നാളുകള്‍ കൂടിയാണ്. കഴിഞ്ഞ ഒമ്പത് മാസമായി മൈക്രോഗ്രാവിറ്റിയില്‍ (ഗുരുത്വാകര്‍ഷണം തീരെ കുറവ്) കഴിഞ്ഞതിനാല്‍ ഭൂമിയിലെത്തുന്ന ഇവര്‍ക്ക് സ്വന്തം ഭാരം താങ്ങാനുള്ള ശേഷിയുണ്ടാകില്ല. പേശികളുടെ ബലക്ഷയവും എല്ലുകളുടെ ബലക്കുറവും ഇവരെ അടിമുടി ബാധിക്കും. അതിനാല്‍ ഒരു പെന്‍സില്‍ എടുത്തുപൊക്കാന്‍ പോലും ഇവര്‍ക്ക് സാധിക്കില്ല. മാസങ്ങളോളം ബഹിരാകാശത്ത് തങ്ങിയതിനാല്‍ ഇവര്‍ ഭൂമിയിലെത്തുമ്പോള്‍ കൊച്ചുകുഞ്ഞുങ്ങളെ പോലെ പിച്ചവച്ചു നടക്കേണ്ടി വരുമെന്ന് സാരം. അതുകൊണ്ടുതന്നെ ഈ അവസ്ഥയെ 'ബേബി ഫീറ്റ്'' എന്നാണ് വിശേഷിപ്പിക്കുന്നത്.
നിലത്തു കാലുകുത്തി നടക്കാതെ ഒമ്പത് മാസം ജീവിച്ചതിനാല്‍ ഇവരുടെ ചര്‍മം അതീവ മൃദുലമായി മാറിയിട്ടുണ്ടാകും. കാലിനടിയിലെ ചര്‍മ്മം പരുക്കനില്‍ നിന്നുമാറി മൃദുവായതിനാല്‍ നടക്കാന്‍ ശ്രമിക്കുമ്പോള്‍ വലിയ പ്രയാസം തോന്നും. ബഹിരാകാശത്ത് കൂടുതല്‍ നാള്‍ തങ്ങുമ്പോള്‍ നട്ടെല്ലിന് അല്‍പം നീളം വെക്കുന്ന ഒരു പ്രതിഭാസം കൂടിയുണ്ട്. അതിനാല്‍ ഭൂമിയിലെത്തിക്കഴിയുമ്പോള്‍ കടുത്ത നടുവേദനയും പുറംവേദനയുമാകും ഇവര്‍ അനുഭവിക്കുക. അതുകൊണ്ട് സാധാരണ മനുഷ്യരുടെ ദൈനംദിന ജീവിതത്തിലേക്ക് ഇവരെ തിരിച്ചുകൊണ്ടുവരാന്‍ 45 ദിവസത്തെ പുനരധിവാസ പദ്ധതി തന്നെ നാസയ്ക്കുണ്ട്. ഇതെല്ലാം നേരത്തെ പറഞ്ഞ് കൊടുത്തിട്ടുമുണ്ട് നാസ. പേശീബലക്കുറവും എല്ലുബലം നഷ്ടമാകുന്നതിനും പുറമേ കാഴ്ചശക്തിയിലും ഹൃദയത്തിന്റെ പ്രവര്‍ത്തനത്തിലും കേള്‍വിശക്തിയിലുമെല്ലാം ബഹിരാകാശ യാത്രികര്‍ പ്രയാസം നേരിടും. ഇതെല്ലാം പരിഹരിക്കാനുള്ള പുനരധിവാസ പദ്ധതിയാണ് ഇവര്‍ക്ക് നാസ നല്‍കുക. ശാരീരികാരോഗ്യവും മാനസികാരോഗ്യവും വീണ്ടെടുക്കുന്നതിന് ആവശ്യമായ എല്ലാ പിന്തുണയും നാസ നല്‍കുന്നതാണ്. ഭൂമിയില്‍ വന്നുപതിക്കുന്ന ബഹിരാകാശ യാത്രികരെ നേരെ ആശുപത്രിയിലേക്കാകും കൊണ്ടുപോവുകയെന്ന് ചുരുക്കം.
പക്ഷേ ഇതില്‍നിന്ന് അവര്‍ക്ക് പെട്ടന്നുതന്നെ റിക്കവര്‍ ചെയ്യാനും കഴിയും. നേരത്തെ പലതവണ ബഹിരാകാശ നടത്തിയിട്ടും സുനിതയുടെ ആരോഗ്യത്തിന് ഒരു കുഴപ്പവും സംഭവിച്ചിട്ടില്ല. 2020 ല്‍ പുറത്തിറക്കിയ പ്രിന്‍സിപ്പല്‍സ് ഓഫ് ക്ലിനിക്കല്‍ മെഡിസിന്‍ ഫോര്‍ സ്പേസ് ഫ്ലൈറ്റ് എന്ന പുസ്തകം അനുസരിച്ച് 20 ദിസം ബഹിരാകാശത്ത് കഴിഞ്ഞവര്‍ പഴയ ഫിറ്റ്നസ് ഭൂമിയിലെത്തി ഒരാഴ്ചക്കുള്ളില്‍ വീണ്ടെടുക്കണം എന്നാണ് പറയുന്നത്. സുനിതയുടെ വില്‍മോറിന്റെയും കാര്യത്തില്‍ ഇത് ഒമ്പതുമാസത്തോളം നീണ്ടുപോയതിനാല്‍ ഫിറ്റ്നസ് വീണ്ടെടുക്കാനം കാലതമാസം ഉണ്ടാവും. മിനിമം രണ്ട് മാസമെങ്കിലും വേണ്ടി വരുമെന്നാണ് പറയുന്നത്.
'ആകാശക്കുന്നിറങ്ങിയൊരു യാത്ര' എന്നാണ് സുനിത വില്യംസിന്റെയും ബുച്ച് വില്‍മോറിന്റെയും ഭൂമിയിലേക്കുള്ള മടക്കയാത്രയെ നാസ വിശേഷിപ്പിച്ചത്. സുനിക്ക് ഇത് ഒന്നും ഒരു ദുരിതമല്ല. വെറും 8 ദിവസത്തേക്കുള്ള ദൗത്യത്തിനായി പോയി 9 മാസം ബഹിരാകാശത്ത് ചെലവഴിച്ചിട്ടും മതിവരുന്നില്ല എന്ന തരത്തിലാണ് മടക്കയാത്രയ്ക്ക് മുമ്പ് സുനിത വില്യംസിന്റെ പ്രതികരണം.
കഴിഞ്ഞ ദിവസം സുനിത വില്യംസും ബുച്ച് വില്‍മോറും ബഹിരാകാശ നിലയത്തില്‍ നിന്നുള്ള ഒരു വാര്‍ത്താസമ്മേളനത്തില്‍ ഭൂമിയിലേക്ക് മടങ്ങുന്നതിനെക്കുറിച്ചുള്ള കാര്യങ്ങള്‍ പങ്കുവെച്ചു. ബഹിരാകാശത്തെക്കുറിച്ച് ഏറ്റവും കൂടുതല്‍ നഷ്ടപ്പെടുത്തുന്നത് എന്താണെന്ന് സുനിത വില്യംസിനോട് ചോദിച്ചപ്പോള്‍, 'എല്ലാം' എന്നായിരുന്നു ഉടനടി മറുപടി. ഈ രീതിയില്‍ മാനസിക ബലമുള്ള അവര്‍ക്ക് ഈ പാര്‍ശ്വഫലവും നിഷ്പ്രയാസം അതിജീവിക്കാന്‍ കഴിയും.