'മുഴുവൻ തെരുവുനായകളെയും പിടികൂടണം; എന്നിട്ട് നഗരത്തിനുപുറത്ത് ദൂരെയെവിടെയെങ്കിലും വിടണം..!!'; മൃഗസ്നേഹികളുടെ മുറവിളികൾക്കിടെ വിഷയം മൂന്നംഗബെഞ്ചിന് വിട്ട് ചീഫ് ജസ്റ്റിസ്; കേസ് നാളെ പരിഗണിക്കും
ഡൽഹി: മൃഗസ്നേഹികളെ ആകെ വട്ടംചുറ്റിച്ചിരിക്കുകയാണ് സുപ്രീം കോടതി. രാജ്യതലസ്ഥാനത്തെ ജനവാസകേന്ദ്രങ്ങളിൽ നിന്നും തെരുവുനായ്ക്കളെ പൂർണ്ണമായി മാറ്റിപ്പാർപ്പിക്കാൻ സുപ്രീം കോടതിയുടെ കർശന നിർദ്ദേശം നൽകുകയായിരുന്നു. പൊതുജനസുരക്ഷ സംബന്ധിച്ച ആശങ്കകൾ പെരുകുന്ന പശ്ചാത്തലത്തിലാണ് ഈ നിർണ്ണായകമായ നിയമപരമായ ഇടപെടൽ. ഈ നടപടിയുമായി സഹകരിക്കാത്തതോ തടസ്സപ്പെടുത്താൻ ശ്രമിക്കുന്നതോ ആയ ഏതൊരു സംഘടനയ്ക്കും കടുത്ത പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്ന് കോടതി മുന്നറിയിപ്പ് നൽകിയിരുന്നു.
ഇപ്പോഴിതാ, ഡല്‍ഹി- എന്‍സിആര്‍ മേഖലയില്‍ നിന്ന് തെരുവുനായകളെ പൂര്‍ണമായും പരിപാലനകേന്ദ്രങ്ങളിലേക്ക് നീക്കുന്നതു സംബന്ധിച്ചുള്ള സുപ്രീംകോടതിയുടെ രണ്ടംഗ ബെഞ്ചിന്റെ ഉത്തരവ് പുനഃപരിശോധിക്കാമെന്ന് ചീഫ് ജസ്റ്റിസ് ബി.ആര്‍.ഗവായ് ഉറപ്പുനല്‍കി മണിക്കൂറുകള്‍ക്കുള്ളില്‍ വിഷയം മൂന്നംഗ ബെഞ്ചിന്റെ പരിഗണനയ്ക്ക് വിട്ടു. ജസ്റ്റിസുമാരായ വിക്രം നാഥ്, സന്ദീപ് മെഹ്ത, എന്‍.വി. അഞ്ജാരിയ എന്നിവർ അടങ്ങുന്ന ബെഞ്ച് വ്യാഴാഴ്ച വിഷയം പരിഗണിയ്ക്കും. .
രാജ്യതലസ്ഥാന മേഖലയിലെ മുഴുവന്‍ തെരുവുനായകളെയും പിടികൂടി നഗരത്തിനുപുറത്ത് ദൂരെ എവിടെയെങ്കിലും കൂട്ടിലാക്കമെന്നായിരുന്നു കോടതിയുടെ നിര്‍ദേശം. ഇതിനായി എത്രയുംവേഗം നടപടികൾ ആരംഭിക്കണമെന്ന് ഡല്‍ഹിയിലെയും സമീപമേഖലകളായ നോയിഡ, ഗാസിയാബാദ് (യുപി), ഗുരുഗ്രാം (ഹരിയാണ) എന്നിവിടങ്ങളിലെയും ബന്ധപ്പെട്ട അധികൃതരോട് കോടതി ആവശ്യപ്പെട്ടു. അവരെ പാര്‍പ്പിക്കാന്‍ എട്ടാഴ്ചയ്ക്കകം പരിപാലനകേന്ദ്രങ്ങള്‍ തുടങ്ങണം.തെരുവുനായകളെ നീക്കുന്നതിന് ആരെങ്കിലും തടസ്സംനിന്നാല്‍ കർശന നടപടികൾ സ്വീകരിക്കുമെന്നും മുന്നറിയിപ്പു നല്‍കി.
ഡല്‍ഹിയില്‍ ജനനനിയന്ത്രണ കേന്ദ്രങ്ങള്‍ ഉള്ളതാണെന്നും അവ പ്രവര്‍ത്തനസജ്ജമാക്കിയാല്‍ മതിയെന്നും മൃഗസ്‌നേഹികള്‍ക്കുവേണ്ടി ഹാജരായ അഭിഭാഷകന്‍ വാദിച്ചെങ്കിലും ബെഞ്ച് അംഗീകരിച്ചില്ല. പേവിഷബാധയേറ്റ കുട്ടികള്‍ക്ക് ജീവിതം തിരിച്ചുനല്‍കാന്‍ ഈ മൃഗസ്‌നേഹികള്‍ക്കും സന്നദ്ധപ്രവര്‍ത്തകര്‍ക്കും സാധിക്കുമോ? കുറച്ചുപേര്‍ തങ്ങള്‍ മൃഗസ്‌നേഹികളാണെന്നോ മറ്റോ കരുതുന്നതിന്റെ പേരില്‍മാത്രം കുഞ്ഞുങ്ങളെ ബലികൊടുക്കാനാവില്ല. ഇനിയെങ്കിലും നടപടികളെടുക്കണമെന്നും ബെഞ്ച് വ്യക്തമാക്കി. ഡല്‍ഹിയില്‍ തെരുവുനായയുടെ കടിയേറ്റ് പേവിഷബാധയുണ്ടാകുന്നത് സംബന്ധിച്ച പത്രവാര്‍ത്ത അടിസ്ഥാനമാക്കി ജൂലായ് 28-ന് സ്വമേധയാ എടുത്ത കേസിലായിരുന്നു ബെഞ്ചിന്റെ സുപ്രധാന ഉത്തരവ്.
അതേസമയം, സുപ്രീം കോടതിക്ക് മുന്നിൽ നായ് സ്നേഹികളും അഭിഭാഷകരും തമ്മിൽ ഏറ്റുമുട്ടി. തെരുവുനായ്ക്കളെ റസിഡൻഷ്യൽ ഏരിയയിൽ നിന്ന് ഷെൽറ്റർ ഹോമുകളിലേക്ക് മാറ്റണമെന്ന സുപ്രീംകോടതി വിധിക്കു പിന്നാലെയാണ് നാടകീയ സംഭവങ്ങൾ നടന്നത്. ഇരുവിഭാഗവും തമ്മിലുള്ള തർക്കം മൂത്ത് അഭിഭാഷകൻ ഒരാളെ മർദിക്കുന്ന ദൃശ്യങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ പരക്കുകയാണ്.
കഴിഞ്ഞ ദിവസം കോടതി ഉത്തരവ് പുറത്തുവന്നതിനു പിന്നാലെ കോടതിക്ക് പുറത്ത് നടന്ന ഏറ്റുമുട്ടലിന്‍റെ ദൃശ്യങ്ങളാണ് ഇപ്പോൾ പ്രചരിക്കുന്നത്. കോടതിക്ക് പുറത്ത് ആളുകൾ അഭിഭാഷകനു നേർക്ക് അലറുന്നതും ചീത്ത വാക്കുകൾ മൊഴിയുന്നത് കാണാം.
നോയിഡ, ഗാസിയാബാദ്, ഗുരുഗ്രാം എന്നിവ അടങ്ങുന്ന ഡൽഹി എൻ.സി.ആർ മേഖലയിൽ തെരുവു നായ്ക്കൾക്ക് വേണ്ടി ഷെൽറ്റർ നിർമിക്കണമെന്ന് കോടതി ഉത്തരവിട്ടിരുന്നു. ഷെൽറ്ററുകളിൽ സി.സി.ടി.വിയും സ്റ്റെറിലൈസേഷൻ സംവിധാനം, പ്രതിരോധ സംവിധാനങ്ങൾ എന്നിവയും ഉറപ്പാക്കണമെന്ന് കോടതി നിർദേശിക്കുകയും ചെയ്തു.