സുരേന്ദ്ര ഷാ കണ്ണടയിലെ മെമ്മറി കാര്‍ഡിലും ബ്ലൂടൂത്ത് വഴി മൊബൈല്‍ഫോണിലും ക്ഷേത്രത്തിനുള്ളിലെ ദൃശ്യങ്ങള്‍ ശേഖരിച്ചു; കണ്ണടയിലൂടെ കാണുന്ന ദൃശ്യങ്ങളെ സോഷ്യല്‍ മീഡിയ വഴി ലൈവ് സ്ട്രീം ചെയ്യാനും കഴിയും; വെറുതെ വിട്ടത് 'മെറ്റ കണ്ണട'ക്കാരനെ; ഗുജറാത്തുകാരന്‍ വീണ്ടും എത്തണം; പത്മനാഭ സ്വാമി ക്ഷേത്രത്തില്‍ സംഭവിക്കുന്നത്
തിരുവനന്തപുരം: രഹസ്യക്യാമറയുള്ള കണ്ണടയുമായി ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെത്തിയ ഗുജറാത്ത് സ്വദേശി സുരേന്ദ്രഷാ (66)യെ ജാമ്യത്തില്‍ വിട്ട പോലീസ് നടപടി വിവാദത്തില്‍. ഇതോടെ ഇയാളെ പോലീസ് വീണ്ടും ചോദ്യംചെയ്യും. ഒരാഴ്ചയ്ക്കുള്ളില്‍ ഹാജരാകാനാണ് ഇയാള്‍ക്കു നിര്‍ദേശം നല്‍കിയിട്ടുള്ളത്. ഇത് ഇയാള്‍ പാലിക്കുമോ എന്നതാണ് ഉയരുന്ന ചോദ്യം. സുരേന്ദ്രഷായില്‍നിന്നു പിടിച്ചെടുത്ത കണ്ണടയും മൊബൈലും പോലീസ് ഫൊറന്‍സിക് പരിശോധനയ്ക്കു കൈമാറി. ദക്ഷിണേന്ത്യന്‍ ക്ഷേത്രങ്ങളില്‍ ദര്‍ശനത്തിന് എത്തിയതാണെന്നും കൗതുകം കൊണ്ടുമാത്രം ദൃശ്യങ്ങള്‍ റെക്കോഡ് ചെയ്തതെന്നുമായിരുന്നു ആദ്യ മൊഴി. അറസ്റ്റ് രേഖപ്പെടുത്തി വിട്ടയച്ച സുരേന്ദ്രഷാ ഗുജറാത്തിലേക്കു മടങ്ങി. ക്ഷേത്രത്തിലെ സുരക്ഷാ വീഴ്ചയും ഇതോടെ കൂടുതല്‍ ചര്‍ച്ചകളില്‍ എത്തുകയാണ്.
ക്ഷേത്രത്തിലെ അതീവ സുരക്ഷാ മേഖലയില്‍ നിന്ന് ദൃശ്യങ്ങള്‍ ഷൂട്ടു ചെയ്യാന്‍ ശ്രമിച്ചുവെന്ന് വ്യക്തമായതോടെ ഇയാളെ പൊലീസിന് ജീവനക്കാര്‍ കൈമാറിയത്. മെറ്റ ഗ്ലാസാണ് ഉപയോഗിച്ചത്. ഫെയ്‌സ്ബുക്കിന്റെ മാതൃ കമ്പനിയായ മെറ്റയാണ് ഇതും പുറത്തിറക്കുന്നത്. എഐ സാങ്കേതിക വിദ്യയില്‍ പ്രവര്‍ത്തിക്കുന്ന ഈ കണ്ണടയുടെ ഫീച്ചറുകള്‍ ഏറെ ചര്‍ച്ചയായിട്ടുള്ളതാണ്. സംസാരം വരെ തര്‍ജമ ചെയ്യാം. കണ്ണടയിലൂടെ കാണുന്ന ദൃശ്യങ്ങളെ സോഷ്യല്‍ മീഡിയ വഴി ലൈവ് സ്ട്രീം ചെയ്യാനും കഴിയും. മെറ്റാ കണ്ണടകള്‍ വഴി കാണുന്ന എല്ലാത്തിന്റെയും ഫോട്ടോകളും വീഡിയോകളും ഉടനടി എടുക്കാം. ബില്‍റ്റ് ഇന്‍ ക്യാമറകള്‍ ആണ് ഈ സ്മാര്‍ട്ട് ഗ്ലാസുകളില്‍ ഉള്ളത്. ഹാന്‍ഡ് ഫ്രീയായി എല്ലാ ദൃശ്യങ്ങളും പകര്‍ത്താം. സംഗീതവും പോഡ്കാസ്റ്റുകളും കേള്‍ക്കുകയും ചെയ്യാം.
ഇത്തരത്തിലെ അതിനൂതന ക്യാമറ വന്നിട്ടു പോലും സുരക്ഷാ ക്രമീകരണങ്ങള്‍ക്ക് കണ്ടെത്താന്‍ ആയില്ലെന്നത് ഗൗരവമുള്ള വിഷയമാണ്. ഈ സാഹചര്യത്തില്‍ പദ്മനാഭസ്വാമി ക്ഷേത്രത്തിലെ സുരക്ഷ ശക്തമാക്കാന്‍ ക്ഷേത്ര ഭരണസമിതി ഇടപെടും. പോലീസ് ഉദ്യോഗസ്ഥരുടെ ഒഴിവുള്ള തസ്തികകള്‍ നികത്തണം എന്നാവശ്യപ്പെട്ട് ഭരണസമിതി പോലീസ് മേധാവിക്ക് കത്ത് നല്‍കും. സുരേന്ദ്രഷായുടെ നുഴഞ്ഞു കയറ്റം ഗൗരവത്തോടെയാണ് ഭരണ സമിതിയും കാണുന്നത്.
സുരേന്ദ്ര ഷാ കണ്ണടയിലെ മെമ്മറി കാര്‍ഡിലും ബ്ലൂടൂത്ത് വഴി മൊബൈല്‍ഫോണിലും ക്ഷേത്രത്തിനുള്ളിലെ ദൃശ്യങ്ങള്‍ ശേഖരിച്ചിട്ടുണ്ട്. ഈ ദൃശ്യങ്ങള്‍ സാമൂഹികമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചില്ലെന്നാണ് പ്രാഥമിക വിലയിരുത്തല്‍. ഈ ദൃശ്യങ്ങള്‍ മറ്റാര്‍ക്കെങ്കിലും വേണ്ടിയാണോ ശേഖരിച്ചതെന്ന സംശയം പോലീസിനുണ്ട്. കണ്ണടയില്‍ ലൈറ്റ് മിന്നുന്നതുകണ്ട ക്ഷേത്രജീവനക്കാരനാണ് പോലീസിന്റെ സഹായത്തോടെ ഇയാളെ പിടികൂടിയത്.
ശ്രീകോവിലിനു മുന്നിലുള്ള ഒറ്റക്കല്‍മണ്ഡപത്തില്‍ വെച്ചായിരുന്നു സംഭവം. അതായത് പോലീസ് സുരക്ഷാ സംവിധാനത്തെ എല്ലാം ഇയാള്‍ വെട്ടിച്ചു. ഏറെ സുരക്ഷാ നിയന്ത്രണമുള്ളപ്പോഴാണ് രഹസ്യക്യാമറയുമായി ഇയാള്‍ ഞായറാഴ്ച ശ്രീകോവിലിനു മുന്നില്‍വരെയെത്തിയത്. ജീവനക്കാര്‍ കണ്ടില്ലായിരുന്നുവെങ്കില്‍ ഇയാള്‍ ദൃശ്യങ്ങളുമായി പുറത്തേക്ക് പോകുമായിരുന്നു. ഈ സാഹചര്യത്തിലാണ് ക്ഷേത്ര അധികാരികള്‍ തന്നെ സുരക്ഷാ വീഴ്ചയില്‍ നടപടികള്‍ ആവശ്യപ്പെടുന്നത്.
ഈ സാഹചര്യത്തില്‍ ക്ഷേത്ര അധികാരികള്‍ തന്നെ പോലീസ് നിര്‍ദേശിക്കുന്ന സുരക്ഷാ ഉപകരണങ്ങളും വാങ്ങിനല്‍കും. സുരക്ഷയ്ക്കുവേണ്ട ക്യാമറകളടക്കമുള്ളവ പോലീസ് നിര്‍ദേശിക്കുന്ന മുറയ്ക്ക് വാങ്ങിനല്‍കാറുണ്ടെന്നും അധികൃതര്‍ പറഞ്ഞു. ആധുനിക പരിശോധനാ ഉപകരണങ്ങള്‍ വാങ്ങിനല്‍കാനുള്ള ശുപാര്‍ശ ക്ഷേത്ര ഭരണസമിതിയുടെ പരിഗണനയിലാണ്.