ഷിംല കരാര്‍ റദ്ദാക്കിയ പാക്കിസ്ഥാന്‍ തീക്കൊള്ളി കൊണ്ട് തല ചൊറിയുന്നു; പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെ കശ്മീര്‍ പ്രശ്‌നത്തെ വീണ്ടും രാജ്യാന്തരശ്രദ്ധയില്‍ എത്തിക്കാനുളള മറ്റൊരു പ്രകോപനശ്രമം; മൂന്നാം കക്ഷി ഇടപെടലെന്ന പഴയ പല്ലവി ആവര്‍ത്തിക്കാനുളള തന്ത്രം; നിയന്ത്രണ രേഖയില്‍ സംഘര്‍ഷമേറുമോ? ഷിംല കരാര്‍ മരവിപ്പിക്കല്‍ ആരെയാണ് ബാധിക്കുന്നത്?

ഷിംല കരാര്‍ മരവിപ്പിക്കല്‍ ആരെയാണ് ബാധിക്കുന്നത്?

Update: 2025-04-24 14:00 GMT

ന്യൂഡല്‍ഹി: പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍, ഇന്ത്യയുമായുള്ള നയതന്ത്ര ബന്ധം വഷളായതോടെ, 1972 ലെ ഷിംല കരാര്‍ പാക്കിസ്ഥാന്‍ മരവിപ്പിച്ചിരിക്കുകയാണ്. 1971 ലെ ഇന്ത്യ-പാക്കിസ്ഥാന്‍ യുദ്ധത്തിന് ശേഷം ഇരുരാജ്യങ്ങള്‍ക്കും ഇടയില്‍ സമാധാനം പുന: സ്ഥാപിക്കാന്‍ ലക്ഷ്യമിട്ടാണ് ഷിംല കരാര്‍ ഒപ്പിട്ടത്. 1972 ജുലൈ രണ്ടിന് ഹിമാചല്‍ പ്രദേശിന്റെ തലസ്ഥാനമായ ഷിംലയില്‍ വെച്ചാണ് അന്നത്തെ ഇന്ത്യന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയും പാകിസ്ഥാന്‍ പ്രധാനമന്ത്രി സുല്‍ഫിക്കര്‍ ഭൂട്ടോയും ചേര്‍ന്ന് നിര്‍ണ്ണായകമായ ഷിംലാ കരാറില്‍ ഒപ്പുവെക്കുന്നത്. സുദീര്‍ഘമായ ഈ കാലമത്രയും ഇരുരാജ്യങ്ങളും തമ്മിലുള്ള നയന്ത്രബന്ധത്തെ മുന്നോട്ടുകൊണ്ടുപോയ കരാര്‍ മരവിപ്പിക്കുമ്പോള്‍ സംഭവിക്കുന്നത് എന്താണ്?

ആരെയാണ് ബാധിക്കുന്നത്?

ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തെയാണ് സാരമായി ബാധിക്കുന്നതെന്ന് നിസ്സംശയം പറയാം. പലവിധ പരിമിതികള്‍ ഉള്ളതെങ്കിലും ഷിംല കരാര്‍, അയല്‍ രാജ്യങ്ങള്‍ തമ്മിലുള്ള തര്‍ക്കങ്ങള്‍ തീര്‍ക്കാന്‍ പ്രാഥമിക ചട്ടക്കൂട് ഒരുക്കിയിരുന്നു. ഒപ്പം ആശയവിനിമയത്തിലുള്ള ഒരു വാതിലും.


കരാര്‍ മരവിപ്പിച്ചതോടെ, ഇരുരാജ്യങ്ങളും തമ്മിലുള്ള അവിശ്വാസവും, ശത്രുതയും കൂടുതല്‍ പെരുകുമെന്ന കാര്യത്തില്‍ സംശയമില്ല. തര്‍ക്കങ്ങള്‍ ഉഭയകക്ഷി ചര്‍ച്ചകളിലൂടെ പരിഹരിക്കാനുള്ള വഴി അടയുകയാണ്. ചര്‍ച്ചയിലൂടെ സമാധാനപരമായ പരിഹാരം തേടാനുള്ള സംവിധാനം പൂട്ടി വയ്ക്കുന്നതോടെ നിയന്ത്രണരേഖ പോലുള്ള ഇടങ്ങളില്‍ സംഘര്‍ഷ സാധ്യതയേറുകയാണ്. കശ്മീര്‍ വിഷയത്തില്‍ മൂന്നാം കക്ഷി ഇടപെടലിനെ ചെറുക്കാന്‍ ഇന്ത്യ എല്ലായ്്‌പ്പോഴും എടുത്തുകാട്ടുന്നത് ഷിംല കരാറാണ്. കരാര്‍ മരവിപ്പിക്കുമ്പോള്‍, പാക്കിസ്ഥാന്‍ ലക്ഷ്യമിടുന്നത് കശ്മീര്‍ വിഷയത്തെ അന്താരാഷ്ട്രതലത്തില്‍ എത്തിക്കാനും മുന്നാംകക്ഷി ഇടപെടലിന് വഴിയൊരുക്കാനും ആണെന്ന വ്യാഖ്യാനമുണ്ട്. ഈയൊരു സാഹചര്യം ഇന്ത്യ ദീര്‍ഘകാലമായി ചെറുത്തുവരികയായിരുന്നു.




1971 ലെ യുദ്ധത്തിലെ വെടിനിര്‍ത്തലിന്റെ നേരിട്ടുള്ള ഫലമായിരുന്നു നിയന്ത്രണ രേഖ. ഇതിന് ഔദ്യോഗികാംഗീകാരം നല്‍കിയത് ഷിംല കരാറാണ്. കരാര്‍ മരവിപ്പിക്കപ്പെടുന്നതോടെ, ധാരണയില്‍ എത്തിയിട്ടുള്ള അതിര്‍ത്തിയെ കുറിച്ച് തര്‍ക്കങ്ങള്‍ ഉന്നയിക്കപ്പെടാം. ഏകപക്ഷീയമായി ഏതെങ്കിലും രാജ്യം അതിര്‍ത്തിയില്‍ മാറ്റം വരുത്താന്‍ ശ്രമിച്ചാല്‍ അത് ഗുരുതര പ്രത്യാഘാതങ്ങള്‍ സൃഷ്്ടിക്കുകയും ചെയ്യാം.

ചുരുക്കി പറഞ്ഞാല്‍ ഷിംല കരാര്‍ മരവിപ്പിക്കുന്നത് പതിറ്റാണ്ടുകളായുള്ള നയതന്ത്രബന്ധത്തില്‍ നിന്നുള്ള പാക്കിസ്ഥാന്റെ നാടകീയ വഴുതിമാറലാണ്. നിയന്ത്രണരേഖയില്‍ സൈനിക സംഘര്‍ഷത്തിന് വഴിമരുന്നിടുന്നതാണ് പാക് നീക്കം. പഹല്‍ഗാം ഭീകരാക്രമണത്തില്‍ തങ്ങള്‍ക്ക് പങ്കില്ലെന്ന ന്യായവാദം സ്ഥാപിക്കാന്‍ ശ്രമിച്ചുകൊണ്ടാണ് പാക്കിസ്ഥാന്‍ ഇന്ത്യയുടെ നയതന്ത്ര നടപടിക്ക് അതേ നാണയത്തില്‍ തിരിച്ചടി നല്‍കാന്‍ ശ്രമിച്ചത്. മേഖലയെ കൂടുതല്‍ അസ്ഥിരമാക്കാനുള്ള പ്രകോപനപരമായ നടപടിയാണ് പാക്കിസ്ഥാന്റെ ഷിംല കരാര്‍ മരവിപ്പിക്കലെന്ന് പറയേണ്ടി വരും.


എന്താണ് ഷിംല കരാര്‍?

1971ലെ ഇന്ത്യ- പാക് യുദ്ധത്തിന് ശേഷം സമാധാനവും ഉഭയകക്ഷി ബന്ധവും പുന:സ്ഥാപിക്കാന്‍ വേണ്ടിയാണ് 1972 ല്‍ ഷിംല കരാറില്‍ ഒപ്പുവെക്കുന്നത്. 1972 ജുലൈ രണ്ടിന് ഹിമാചല്‍ പ്രദേശിന്റെ തലസ്ഥാനമായ ഷിംലയില്‍ വെച്ചാണ് അന്നത്തെ ഇന്ത്യന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയും പാകിസ്ഥാന്‍ പ്രധാനമന്ത്രി സുല്‍ഫിക്കര്‍ ഭൂട്ടോയും ചേര്‍ന്ന് നിര്‍ണ്ണായകമായ ഷിംലാ കരാറില്‍ ഒപ്പുവെക്കുന്നത്.




യുദ്ധത്തടവുകാരായി പിടിക്കപ്പെട്ട പാകിസ്ഥാന്‍ സൈനികരെ മോചിപ്പിച്ചതിനും ബംഗ്ലാദേശിന്റെ സ്വാതന്ത്ര്യ പ്രഖ്യാപനത്തിന് വഴിത്തിരിവായതും ഷിംലാ കരാറായിരുന്നു. ഇന്ത്യ- പാകിസ്ഥാന്‍ അതിര്‍ത്തിയായ നിയന്ത്രണരേഖ ഇരു രാജ്യങ്ങളും അംഗീകരിച്ചതും ഈ കരാറിന്റെ അടിസ്ഥാനത്തിലാണ്. കരാര്‍ പിന്നീട് ഇരുപാര്‍ലമെന്റുകളും അംഗീകരിച്ചു. ഇരു രാജ്യങ്ങള്‍ക്കുമിടയിലുള്ള വെടിനിര്‍ത്തല്‍ രേഖ നിയന്ത്രണരേഖയായി ഇരുരാജ്യങ്ങളും അംഗീകരിച്ചു.

Tags:    

Similar News