ഭീകരരുടെ ക്യാമ്പുകള്‍ സന്ദര്‍ശിക്കുമ്പോള്‍ റാണ ധരിക്കുന്നത് പാക്ക് സൈനിക യൂണിഫോം; കടുത്ത ആരാധന; ചോദ്യം ചെയ്യലില്‍ പ്രകടിപ്പിച്ചത് കടുത്ത ഇന്ത്യ വിരുദ്ധത; യുഎസിലെ നിയമപോരാട്ടത്തില്‍ എന്‍ഐഎയെ വിജയത്തിലെത്തിച്ചത് ദയാന്‍ കൃഷ്ണന്‍
യുഎസിലെ നിയമപോരാട്ടത്തില്‍ എന്‍ഐഎയെ വിജയത്തിലെത്തിച്ചത് ദയാന്‍ കൃഷ്ണന്‍
ന്യൂഡല്‍ഹി: മുംബൈ ഭീകരാക്രമണത്തിലെ മുഖ്യ പ്രതികളിലൊരാളായ തഹാവൂര്‍ റാണ എന്‍ഐഎ സംഘത്തിന്റെ ചോദ്യം ചെയ്യലില്‍ പ്രകടിപ്പിച്ചത് കടുത്ത ഇന്ത്യ വിരുദ്ധതയെന്ന് റിപ്പോര്‍ട്ട്. പാകിസ്ഥാന്‍ സൈനിക യൂണിഫോമിനോട് കടുത്ത ആരാധനയുള്ള റാണ കടുത്ത ഇന്ത്യാവിരുദ്ധതയാണ് പ്രകടിപ്പിച്ചത്. സാജിദ് മിര്‍, മേജര്‍ ഇഖ്ബാല്‍ തുടങ്ങിയ ഭീകരരെ സന്ദര്‍ശിക്കുമ്പോള്‍ സൈനിക യൂണിഫോം ആണ് റാണ ധരിക്കാറുള്ളത്. വിരമിച്ചതിന് ശേഷവും പാക് ആര്‍മിയുമായും ഐഎസ്ഐയുമായും ബന്ധമുണ്ടായിരുന്നുവെന്നുമാണ് റാണയുടെ വെളിപ്പെടുത്തല്‍.
യുഎസില്‍ നിന്ന് വ്യാഴാഴ്ച എത്തിച്ച റാണയെ ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) ആസ്ഥാനത്ത് പ്രത്യേക സെല്ലില്‍ പാര്‍പ്പിച്ചാണ് ചോദ്യം ചെയ്യുന്നത്. ലഷ്‌കര്‍- ഇ- ത്വയിബ, ഹര്‍കത്-ഉല്‍- ജിഹാദ്-അല്‍-ഇസ്‌ളാമി എന്നിവയുടെ ക്യാമ്പുകളും പതിവായി റാണ സന്ദര്‍ശിച്ചിരുന്നു. പിതാവ് റാണ വാലി മൊഹമ്മദ് സ്‌കൂള്‍ പ്രിന്‍സിപ്പാല്‍ ആയിരുന്നുവെന്ന് ചോദ്യം ചെയ്യലില്‍ റാണ വെളിപ്പെടുത്തി. രണ്ട് സഹോദരന്മാരില്‍ ഒരാള്‍ പാക് സൈന്യത്തില്‍ സൈക്യാട്രിസ്റ്റ് ആയി പ്രവര്‍ത്തിക്കുന്നു, മറ്റെയാള്‍ മാദ്ധ്യമപ്രവര്‍ത്തകനും. റാണയുടെ ഭാര്യ ഡോക്ടറാണ്.
എന്‍ഐഎയിലെ 2 മുതിര്‍ന്ന ഉദ്യോഗസ്ഥരാണ് തഹാവൂര്‍ റാണയെ ചോദ്യം ചെയ്യാന്‍ നേതൃത്വം നല്‍കുന്നത്. ഐജി ആശിഷ് ബത്ര, ഡിഐജി ജയ റോയി എന്നിവര്‍ക്കാണ് ചുമതല. 1997 ബാച്ച് ജാര്‍ഖണ്ഡ് കേഡര്‍ ഉദ്യോഗസ്ഥനായ ആശിഷ് ബത്ര ജാര്‍ഖണ്ഡിലെ തീവ്രവാദ വിരുദ്ധ വിഭാഗമായ ജാഗ്വറിന്റെ മേല്‍നോട്ടം വഹിക്കുന്നതിനിടെ 2019 ലാണ് എന്‍ഐഎയില്‍ എത്തിയത്. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ 2 വര്‍ഷത്തേക്കു കൂടി കാലാവധി നീട്ടി. 2011 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥയായ ജയ റോയിയും 2019ലാണു എന്‍ഐഎയില്‍ എത്തിയത്. 4 വര്‍ഷത്തിനു ശേഷം കാലാവധി നീട്ടി. ജാംതാരയിലെ സൈബര്‍ കുറ്റവാളികളെ പുറത്തുകൊണ്ടുവന്ന അന്വേഷണത്തിനു നേതൃത്വം നല്‍കിയത് ജയ റോയിയായിരുന്നു.
ദയാന്‍ കൃഷ്ണ
മുംബൈ ഭീകരാക്രമണത്തിലെ മുഖ്യ പ്രതികളിലൊരാളായ തഹാവൂര്‍ റാണയെ തിരിച്ചെത്തിക്കാന്‍ അമേരിക്കന്‍ കോടതിയില്‍ ഇന്ത്യയെ പ്രതിനിധീകരിച്ചത് മുതിര്‍ന്ന അഭിഭാഷകന്‍ ദയാന്‍ കൃഷ്ണന്‍. 2012ലെ ഡല്‍ഹി നിര്‍ഭയ കേസില്‍ സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറായിരുന്ന ദയാന്‍, 15 വര്‍ഷമായി എന്‍ഐഎ സംഘത്തിലുണ്ട്. യുഎസിലെ നിയമപോരാട്ടത്തില്‍ എന്‍ഐഎയെ വിജയത്തിലേക്കു നയിച്ചതും ദയാന്‍ കൃഷ്ണന്റെ നിര്‍ണായക ഇടപെടലാണ്.
എന്‍ഐഎയ്ക്ക് വേണ്ടി വിദേശ രാജ്യങ്ങളില്‍ പലതവണ ഇന്ത്യയെ പ്രതിനിധാനം ചെയ്ത അഭിഭാഷകന്‍ കൂടിയാണ് ഊട്ടി സ്വദേശിയായ ദയാന്‍ കൃഷ്ണന്‍. മുംബൈ 26/11 ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരന്‍ ഡേവിഡ് കോള്‍മാന്‍ ഹെഡ്ലിയെ ചോദ്യം ചെയ്യാന്‍ പോയ എന്‍ഐഎ സംഘത്തിലും ദയാന്‍ അംഗമായിരുന്നു. 2014ലാണ് തഹാവൂര്‍ റാണയുടെ കേസില്‍ ദയാനെ സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറായി നിയമിച്ചത്. 2001ലെ പാര്‍ലമെന്റ് ആക്രമണ കേസ്, കാവേരി നദീജലത്തര്‍ക്കം, കോമണ്‍വെല്‍ത്ത് അഴിമതിക്കേസ് തുടങ്ങിയ ശ്രദ്ധേയമായ കേസുകളിലും ദയാന്‍ വാദിച്ചു.