യുവജനതയെ ഒപ്പം നിര്‍ത്താന്‍ വിജയ്; 40 കാരനായ അണ്ണാമലൈയും വെല്ലുവിളി; ഡിഎംകെയെ ചെറുപ്പമാക്കാന്‍ ചടുലനീക്കം; ഉദയനിധി സ്റ്റാലിന്റെ ഉപമുഖ്യമന്ത്രി സ്ഥാനം ഒന്നും കാണാതെയല്ല; മക്കള്‍ രാഷ്ട്രീയവും താര രാഷ്ട്രീയവും മുറുകെ പിടിച്ച് എം കെ സ്റ്റാലിന്‍

യുവാക്കളെ പാര്‍ട്ടിയിലേക്ക് കൂടുതല്‍ അടുപ്പിക്കുക ലക്ഷ്യം

Update: 2024-09-29 13:22 GMT

ചെന്നൈ: മക്കള്‍ രാഷ്ട്രീയവും താര രാഷ്ട്രീയവും കൊണ്ട് സമ്പുഷ്ടമായ തമിഴ്‌നാട് രാഷ്ട്രീയക്കളരിയില്‍ പതിനെട്ടാമത്തെ അടവു പയറ്റി മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍. താരപ്പകിട്ടോടെ പുതിയ പാര്‍ട്ടി രൂപീകരിച്ച് യുവാക്കളെ ലക്ഷ്യമിടുന്ന നടന്‍ വിജയ്യും യുവനിരയെ അണിനിരത്തി ദേശീയ രാഷ്ട്രീയത്തിന്റെ പകിട്ടോടെ മുന്നേറുന്ന ബിജെപിയുടെ അണ്ണാമലൈയും എതിരാളികളായി മുന്നില്‍ നില്‍ക്കുമ്പോള്‍ തമിഴ്‌നാട് ഉപമുഖ്യമന്ത്രിയായി മകന്‍ ഉദനിധി സ്റ്റാലിനെ രംഗത്ത് ഇറക്കുകയാണ് എം കെ സ്റ്റാലിന്‍.

തമിഴ്‌നാട് മുഖ്യമന്ത്രിയായിരുന്ന എം. കരുണാനിധി 2009- മേയ് 29-നാണ് തമിഴ്‌നാട് ഉപമുഖ്യമന്ത്രിയായി മകന്‍ എം.കെ. സ്റ്റാലിനെ നിയമിക്കുന്നത്. സമാനമായി മറ്റൊരു ചരിത്രനിമിഷത്തിനാണ് തമിഴ്‌നാട് സാക്ഷ്യം വഹിച്ചത്. കരുണാനിധിയുടെ പാതയില്‍ കൂടി എം.കെ. സ്റ്റാലിനും സഞ്ചരിക്കുകയാണ്. മകന്‍ ഉദനിധി സ്റ്റാലിനെ ഉപമുഖ്യമന്ത്രി സ്ഥാനത്ത് നിയമിച്ചു കൊണ്ടാണ് എം.കെ. സ്റ്റാലിന്‍ ചരിത്രം ആവര്‍ത്തിച്ചത്. 2026 ല്‍ വരാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ ഉദയനിധി മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായേക്കുമെന്ന അഭ്യൂഹങ്ങളും നിലനില്‍ക്കുന്നുണ്ട്. ഇതിനിടെയാണ് ഉപമുഖ്യമന്ത്രിയായുള്ള സ്ഥാനക്കയറ്റം. സ്റ്റാലിന്റെ വഴിയേ തന്നെയാണ് ഉദയനിധിക്കും പാതയൊരുങ്ങുന്നത്.

യുവാക്കളെ പാര്‍ട്ടിയിലേക്ക് കൂടുതല്‍ അടുപ്പിക്കുക എന്ന ലക്ഷ്യവും ഉദയനിധി സ്റ്റാലിന്റെ സ്ഥാനക്കയറ്റത്തിലൂടെ പാര്‍ട്ടി ലക്ഷ്യമിടുന്നുണ്ടെന്ന് വേണം കരുതാന്‍. വരാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ ജനം ആരുടെ കൂടെ നില്‍ക്കും എന്നാണ് ഇപ്പോള്‍ രാഷ്ട്രീയ ലോകം ഉറ്റു നോക്കുന്നത്.

വെള്ളിത്തിരയില്‍ നിന്ന് രാഷ്ട്രീയത്തിലേക്കെത്തിയ ഉദയനിധി സ്റ്റാലിന്‍ വൈകാതെ തന്നെ മന്ത്രിസഭയില്‍ എത്തുകയും മൂന്നുവര്‍ഷത്തിനുള്ളില്‍ ഉപമുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയരുകയുമായിരുന്നു. സ്റ്റാലിന്റെ മുഖ്യമന്ത്രി സ്ഥാനം വൈകിയതു പോലെ മകന്റെ രാഷ്ട്രീയപ്രവേശം കഴിഞ്ഞ് മുഖ്യമന്ത്രി സ്ഥാനത്തേക്കുള്ള നേരം വൈകിക്കൂടാ എന്ന കുടുംബ നിശ്ചയവും ഇതിന് പിന്നിലുണ്ടെന്ന് വേണം കരുതാന്‍.

കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ ഡി.എം.കെയില്‍ ഇത് നാലാമത്തെ സ്ഥാനക്കയറ്റമാണ് ഉദയനിധിയ്ക്ക്. 2019-ലാണ് ഡി.എം.കെയുടെ യൂത്ത് വിങ് സെക്രട്ടറിയായി അദ്ദേഹം തിരഞ്ഞെടുക്കപ്പെടുന്നത്. ഇതിന് പിന്നാലെ 2021-ല്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ ചെപ്പോക്ക് മണ്ഡലത്തിലെ സ്ഥാനാര്‍ഥി, ജയിച്ച് എം.എല്‍.എയാകുന്നു. 2022-ലാണ് മന്ത്രിസഭയില്‍ എത്തുന്നത്. ആദ്യം തന്നെ മന്ത്രിസഭയിലേക്ക് ഉദയനിധിയെ ഉയര്‍ത്തിക്കൊണ്ടുവരുന്നതില്‍ സ്റ്റാലിന്റെ പ്രതിച്ഛായയെ ബാധിക്കുമോ എന്ന ഭയവും ഉണ്ടായിരുന്നു. അതുകൊണ്ട് തന്നെയാണ് എം.എല്‍.എ. ആയി തിരഞ്ഞെടുക്കപ്പെട്ട് കുറച്ചു കാലം കാത്തിരുന്ന ശേഷം മന്ത്രിസഭയിലേക്ക് ഉദയനിധിയെ ഉയര്‍ത്തിക്കൊണ്ടു വന്നത്. കായിക വകുപ്പായിരുന്നു ഉദയനിധിക്ക് നല്‍കിയിരുന്നത്. ഏറെ വൈകാതെ തന്നെ ഉപമുഖ്യമന്ത്രി സ്ഥാനത്തേക്കും സ്റ്റാലിന്‍ നിയോഗിക്കപ്പെടുന്ന കാഴ്ചയായിരുന്നു തമിഴ്‌നാട്ടില്‍ നിന്ന് കണ്ടത്.

കായിമന്ത്രിയായിരിക്കെ മികച്ച പ്രകടനമാണ് ഉദയനിധി സ്റ്റാലിന്‍ കാഴ്ചവെച്ചത്. ലോക ചെസ് ഒളിംപ്യാഡ്, ഏഷ്യന്‍ ഹോക്കി ചാംപ്യന്‍ ഷിപ്പ്, ഫോര്‍മുല 4 കാറോട്ടം, ഖേലോ ഇന്ത്യ യൂത്ത് ഗെയിംസ് ഉള്‍പ്പെടെയുള്ളവ ചെന്നൈയിലെത്തിയത് ഉദയനിധി സ്റ്റാലിന്റെ എടുത്തു പറയാവുന്ന പ്രവര്‍ത്തനങ്ങളായി മാറി. പരിചയ സമ്പന്നരായ ഒരു കൂട്ടം മുതിര്‍ന്ന ഉദ്യോഗസ്ഥവൃന്ദം ഉദയനിധിസ്റ്റാലിന്റെ ചുറ്റുവട്ടത്ത് ഉണ്ടായത് ഏറെ ഗുണം ചെയ്തു. ഇടക്കാലത്ത് അദ്ദേഹത്തിനെതിരേ ഉയര്‍ന്നു വന്ന രാഷ്ട്രീയ വിവാദം ഏറെ തന്മയത്വത്തോടെയായിരുന്നു കൈകാര്യം ചെയ്തത്. സനാതനധര്‍മ്മ വിവാദത്തില്‍ താന്‍ പറഞ്ഞ നിലപാടില്‍ നിന്ന് അണുവിട മാറാതെ നിയമത്തിന്റെ സഹായത്തോടെ പോരാടുകയായിരുന്നു. ഇത് പാര്‍ട്ടിക്കുള്ളിലും ജനങ്ങള്‍ക്കിടയില്‍ നിന്നും ഏറെ പ്രശംസ പിടിച്ചു പറ്റാനിടയായി.

അര്‍ഹമായ സ്ഥാനം തന്നെയാണ് ഉദയനിധിക്ക് ലഭിച്ചിരിക്കുന്നതെന്നാണ് നേതൃത്വം വിശദീകരിക്കുന്നത്. ലോക്‌സഭാ തിരഞ്ഞെടുപ്പിലും ഉപതിരഞ്ഞെടുപ്പിലും മിന്നുന്ന ജയം നേടാന്‍ ഉദയനിധി സ്റ്റാലിന്‍ മുന്നില്‍ നിന്ന് പ്രവര്‍ത്തിച്ചിരുന്നു.

പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കിടയിലും നേതാക്കള്‍ക്കിടയിലും ഏറെ സ്വീകാര്യനാണ് ഉദനിധി. ലോക്‌സഭാ തിരഞ്ഞെടുപ്പ് കാലത്ത് പ്രചാരണ രംഗത്ത് ശക്തമായ പ്രവര്‍ത്തനം കാഴ്ചവെച്ചതിന്റെ അടിസ്ഥാനത്തില്‍ കൂടിയാണ് ഇപ്പോള്‍ ഉദയനിധിക്ക് ഉപമുഖ്യമന്ത്രി സ്ഥാനത്തേക്കുള്ള വഴിതുറന്നത് എന്നും പറയാം. ലോക്‌സഭാ തിരഞ്ഞെടുപ്പ് കാലത്തെ പ്രചാരണങ്ങളിലെ വേറിട്ട പ്രവര്‍ത്തനങ്ങള്‍ പലപ്പോഴും പൊതുസമൂഹത്തില്‍ ശ്രദ്ധയാകര്‍ഷിക്കുകയും ചര്‍ച്ചയാകുകയും ചെയ്തിരുന്നു. വരാനിരിക്കുന്ന 2026-ലെ തിരഞ്ഞെടുപ്പിലും ഉദയനിധി സ്റ്റാലിന്റെ ചുമലിലായിരിക്കും പാര്‍ട്ടി പ്രചാരണം എന്നത് ഒരിക്കല്‍ കൂടി അരക്കിട്ടുറപ്പിക്കുകയാണ് ഉപമുഖ്യമന്ത്രി സ്ഥാനത്തിലൂടെ സ്റ്റാലിന്‍ ചെയ്യുന്നത്.

50-കാരനായ നടന്‍ വിജയ്, 40-കാരനായ ബി.ജെ.പി. നേതാവ് അണ്ണാമലൈ അടക്കമുള്ളവര്‍ 2026-ലെ തിരഞ്ഞെടുപ്പ് ലക്ഷ്യം വെച്ച് നീങ്ങുമ്പോള്‍ യുവാക്കളേയും മുതിര്‍ന്നവരേയും ഒരുപോലെ പാര്‍ട്ടിയോടടുപ്പിക്കാന്‍ സ്റ്റാലിനെപ്പോലെത്തന്നെ മറ്റൊരു താരം വേണമെന്ന തോന്നലില്‍ നിന്നാണ് കുടുംബത്തില്‍ നിന്ന് തന്നെ, 46-കാരനായ ഉദയനിധി സ്റ്റാലിനെ മുന്‍നിരയിലേക്ക് എത്തിക്കുന്നതെന്ന് വേണം കരുതാന്‍. ഉദയനിധി സ്റ്റാലിന് പുതിയ ഉത്തരവാദിത്വങ്ങള്‍ നല്‍കുന്നതോടെ യുവാക്കളുടെ വോട്ടും പാര്‍ട്ടിയിലേക്കടുപ്പിക്കാനാണ് ശ്രമം.

Tags:    

Similar News