ദേവന്റെ അനുജ്ഞ വാങ്ങിയില്ല, ആചാരലംഘനത്തിന് 'കുറ്റകരമായ മൗനം'; സ്വര്‍ണക്കട്ടിളപ്പാളി ക്ഷേത്രത്തില്‍ നിന്ന് പുറത്തേക്ക് കൊണ്ടുപോകാന്‍ ഒത്താശ ചെയ്തു; എ പത്മകുമാര്‍ സൂചിപ്പിച്ച 'ദൈവതുല്യന്‍' തന്ത്രി തന്നെ! ആദ്യം തള്ളി, ഒടുവില്‍ ഒപ്പുകള്‍ ചതിച്ചു; മൊഴികളിലും തെളിവുകളിലും കുടുങ്ങി കണ്ഠരര് രാജീവര്‍; അറസ്റ്റ് നോട്ടീസിലെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകള്‍

അറസ്റ്റ് നോട്ടീസിലെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകള്‍ അറസ്റ്റ് നോട്ടീസിലെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകള്‍ അറസ്റ്റ് നോട്ടീസിലെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകള്‍

Update: 2026-01-09 14:50 GMT

കൊല്ലം: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ അറസ്റ്റിലായ തന്ത്രി കണ്ഠരര് രാജീവര്‍ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി അറസ്റ്റ് നോട്ടീസ്. ആചാര ലംഘനത്തിന് തന്ത്രി കൂട്ടുനിന്നെന്നും സ്വര്‍ണക്കട്ടിളപ്പാളി ക്ഷേത്രത്തില്‍ നിന്ന് പുറത്തേക്ക് കൊണ്ടുപോകാന്‍ ഒത്താശ ചെയ്തുവെന്നുമാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. റിമാന്‍ഡ് റിപ്പോര്‍ട്ടിന്റെ പകര്‍പ്പിലാണ് ഈ നിര്‍ണായക വിവരങ്ങള്‍. വൈദ്യപരിശോധന പൂര്‍ത്തിയാക്കിയ തന്ത്രിയെ രാത്രിയോടെ കൊല്ലം വിജിലന്‍സ് കോടതി ജഡ്ജിക്ക് മുന്നില്‍ ഹാജരാക്കി. തന്ത്രിയുടെ അഭിഭാഷകന്‍ അഡ്വ. സി.ഡി. അനില്‍ ജാമ്യാപേക്ഷ സമര്‍പ്പിക്കും. കേസില്‍ തന്ത്രി 13 ാം പ്രതിയാണ്.

താന്ത്രികവിധികള്‍ പാലിക്കാതെയും ദേവന്റെ അനുജ്ഞ വാങ്ങാതെയുമാണ് പാളികള്‍ കൈമാറിയതെന്ന ഗുരുതരമായ ആരോപണവും റിപ്പോര്‍ട്ടിലുണ്ട്. ദേവസ്വം ബോര്‍ഡ് സ്വര്‍ണ്ണപ്പാളികള്‍ പോറ്റിക്ക് കൈമാറാന്‍ ശ്രമിച്ചപ്പോള്‍ തടയാന്‍ തയ്യാറാകാതെ, പാളികള്‍ കൊണ്ടുപോകാന്‍ തന്ത്രി കുറ്റകരമായ മൗനാനുവാദം നല്‍കുകയായിരുന്നുവെന്നും എസ്ഐടി വ്യക്തമാക്കുന്നു. അതേസമയം, ഏതെങ്കിലും സാമ്പത്തിക ഇടപാടുകളെക്കുറിച്ച് നോട്ടീസില്‍ പരാമര്‍ശമില്ല.

റിപ്പോര്‍ട്ട് പ്രകാരം, സ്വര്‍ണപ്പാളികള്‍ കൈമാറ്റം ചെയ്തപ്പോള്‍ തന്ത്രി ആചാര ലംഘനത്തിനെതിരെ യാതൊരു നടപടിയും സ്വീകരിച്ചില്ല. താന്ത്രിക വിധികള്‍ പാലിക്കാതെയാണ് ഒന്നാം പ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് പാളികള്‍ കൈമാറിയതെന്നും, ഇതിനായി ദേവന്റെ അനുവാദം തേടിയില്ലെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ദേവസ്വം ബോര്‍ഡ് പാളികള്‍ പോറ്റിക്ക് കൈമാറുമ്പോള്‍ തന്ത്രി അത് തടഞ്ഞില്ലെന്നും, പാളികള്‍ കൊണ്ടുപോകുന്നതിന് കുറ്റകരമായ മൗനാനുവാദം നല്‍കിയെന്നും അറസ്റ്റ് നോട്ടീസില്‍ വിശദീകരിക്കുന്നു.

പ്രത്യേക അന്വേഷണ സംഘത്തിന്റെ (എസ്‌ഐടി) കണ്ടെത്തലനുസരിച്ച്, ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് ശബരിമലയില്‍ അവസരങ്ങള്‍ നല്‍കിയത് തന്ത്രിയാണ്. മുന്‍ തിരുവിതാംകൂര്‍ ദേവസ്വം പ്രസിഡന്റ് എ. പത്മകുമാറിന്റെ മൊഴിയും തന്ത്രിക്കെതിരെ നിര്‍ണായകമായി. പോറ്റിയെ വളര്‍ത്തിയതും ശബരിമലയില്‍ കൊണ്ടുവന്നതും തന്ത്രിയാണെന്നും, സ്വര്‍ണക്കൊള്ളയില്‍ പങ്കെടുത്ത ദൈവതുല്യനായ വ്യക്തി തന്ത്രിയാണെന്നും പത്മകുമാര്‍ മൊഴി നല്‍കിയിരുന്നു.

നേരത്തെ, സ്വര്‍ണപ്പാളി പുറത്തേക്ക് കൊണ്ടുപോകാന്‍ താന്‍ അനുമതി നല്‍കിയിട്ടില്ല എന്നായിരുന്നു കണ്ഠരര് രാജീവറിന്റെ ആദ്യ മൊഴി. എന്നാല്‍, മഹസര്‍ റിപ്പോര്‍ട്ടിലും കണ്ടെടുത്ത രേഖകളിലും തന്ത്രിയും ഒപ്പിട്ടിട്ടുണ്ടെന്ന് എസ്‌ഐടി തെളിവുകള്‍ സഹിതം കണ്ടെത്തി. അറസ്റ്റിലായ ദേവസ്വം പ്രസിഡന്റടക്കമുള്ളവരുടെയും ഉദ്യോഗസ്ഥരുടെയും മൊഴികളും തന്ത്രിക്കെതിരെയായിരുന്നു. തന്ത്രിയുടെ അറിവോടെയും മൗനസമ്മതത്തോടെയുമാണ് സ്വര്‍ണപ്പാളി പുറത്തേക്ക് കൊണ്ടുപോയതെന്ന് പ്രത്യേക അന്വേഷണ സംഘം സ്ഥിരീകരിച്ചു.

ഉണ്ണികൃഷ്ണന്‍ പോറ്റി, മുന്‍ ദേവസ്വം പ്രസിഡന്റ് എ. പത്മകുമാര്‍, മുന്‍ ദേവസ്വം കമ്മീഷണര്‍ എന്‍. വാസു, ദേവസ്വം ബോര്‍ഡ് മുന്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ മുരാരി ബാബു, മുന്‍ എക്‌സിക്യുട്ടീവ് ഓഫീസര്‍ ഡി. സുധീഷ്‌കുമാര്‍, സ്മാര്‍ട് ക്രിയേഷന്‍സ് സിഇഒ പങ്കജ് ഭണ്ഡാരി, ബെല്ലാരിയിലെ ജൂവലറി ഉടമ ഗോവര്‍ധന്‍, മുന്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ ശ്രീകുമാര്‍, മുന്‍ ദേവസ്വം ബോര്‍ഡ് അംഗം എന്‍. വിജയകുമാര്‍ എന്നിവരാണ് കേസില്‍ ഇതുവരെ അറസ്റ്റിലായ മറ്റ് പ്രമുഖര്‍. അതേസമയം, ശബരിമല സ്വര്‍ണ്ണക്കൊള്ളക്കേസില്‍ വെള്ളിയാഴ്ച എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും (ഇഡി) കേസെടുത്തിട്ടുണ്ട്. എസ്ഐടി അന്വേഷിക്കുന്ന കേസിലെ പ്രതികള്‍ തന്നെയാണ് ഇഡിയുടെ പ്രതിപ്പട്ടികയിലുമുള്ളത്.

Tags:    

Similar News