തന്ത്രി കണ്ഠരര് രാജീവര് വാജിവാഹനം മോഷ്ടിച്ചതല്ല, ഹൈക്കോടതിയുടെ അനുമതിയോടെ ബോര്‍ഡ് പ്രസിഡന്റ് നല്‍കിയത്; മാതൃകാപരമെന്ന് അന്ന് ഹൈക്കോടതി, ഇന്ന് തൊണ്ടിമുതലെന്ന് എസ്‌ഐടി! അഡ്വക്കേറ്റ് കമ്മീഷണറുടെ റിപ്പോര്‍ട്ട് പുറത്ത്; വാജിവാഹനം കൈമാറിയത് പാരമ്പര്യ വിധിപ്രകാരം; വിവാദത്തില്‍ പുതിയ വഴിത്തിരിവ്
തന്ത്രി കണ്ഠരര് രാജീവര് വാജിവാഹനം മോഷ്ടിച്ചതല്ല
കൊച്ചി: ശബരിമല തന്ത്രി കണ്ഠരര് രാജീവര്‍ക്ക് വാജിവാഹനം കൈമാറിയത് പാരമ്പര്യ വിധിപ്രകാരവും ഹൈക്കോടതിയുടെ പൂര്‍ണ്ണ അറിവോടും അനുമതിയോടും കൂടിയാണെന്ന് അഡ്വക്കേറ്റ് കമ്മീഷണറുടെ റിപ്പോര്‍ട്ട്. സ്വര്‍ണ്ണക്കൊള്ളക്കേസുമായി ബന്ധപ്പെട്ട് തന്ത്രിയെ അറസ്റ്റ് ചെയ്തതിന് പിന്നാലെ എസ്ഐടി വാജിവാഹനം കസ്റ്റഡിയിലെടുത്ത് തൊണ്ടിമുതലായി കോടതിയില്‍ ഹാജരാക്കിയ സംഭവത്തില്‍ പുതിയ വഴിത്തിരിവാണിത്.
2017 മാര്‍ച്ചില്‍ ഹൈക്കോടതിയെ ഈ നടപടികള്‍ ഔദ്യോഗികമായി അറിയിച്ചിരുന്നു. വാജിവാഹനം കൈമാറിയതുള്‍പ്പെടെയുള്ള കൊടിമര നിര്‍മ്മാണവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും അന്ന് ഹൈക്കോടതി അംഗീകരിക്കുകയും, അതുമാതൃകാപരമെന്ന് നിരീക്ഷിക്കുകയും ചെയ്തിരുന്നു.
കൊടിമര നിര്‍മ്മാണ പ്രവൃത്തികള്‍ക്കായി ഹൈക്കോടതി ഒരു അഡ്വക്കേറ്റ് കമ്മീഷണറെ നിയോഗിച്ചിരുന്നു. കമ്മീഷണറുടെ സാന്നിധ്യത്തിലാണ് എല്ലാ നടപടികളും നടന്നതെന്നും, ഈ വിവരങ്ങള്‍ ഹൈക്കോടതിയെ അറിയിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. പരമ്പരാഗത വിധിപ്രകാരവും നടപടിക്രമങ്ങള്‍ പാലിച്ചും ബോര്‍ഡ് പ്രസിഡന്റാണ് വാജിവാഹനം തന്ത്രിക്ക് കൈമാറിയത്. ഈ കൈമാറ്റം ഹൈക്കോടതി അംഗീകരിക്കുകയും വിഷയത്തില്‍ അന്തിമ വിധി പുറപ്പെടുവിക്കുകയും ചെയ്തിട്ടുണ്ട്. കൊടിമര നിര്‍മ്മാണത്തില്‍ യാതൊരു ക്രമക്കേടും ഹൈക്കോടതി ചൂണ്ടിക്കാട്ടിയിട്ടില്ലെന്ന് മാത്രമല്ല, നടപടികളെ പ്രശംസിക്കുകയും നിര്‍മ്മാണച്ചെലവുകള്‍ അംഗീകരിക്കുകയും ചെയ്തിരുന്നു.
തന്ത്രി കണ്ഠരര് രാജീവര്‍ സ്വര്‍ണ്ണക്കൊള്ളക്കേസില്‍ അറസ്റ്റിലായതിന് പിന്നാലെയാണ് കൊടിമരം മാറ്റിയതുമായും വാജിവാഹനം തന്ത്രിക്ക് കൈമാറിയതുമായും ബന്ധപ്പെട്ട കാര്യങ്ങളില്‍ എസ്ഐടി അന്വേഷണം ആരംഭിച്ചത്. തന്ത്രിയുടെ വീട്ടില്‍ നിന്ന് അന്വേഷണ സംഘം കണ്ടെടുത്ത വാജിവാഹനം കോടതിക്ക് കൈമാറിയിരുന്നു. ഹൈക്കോടതിയുടെ ഉത്തരവ് നിലനില്‍ക്കെയാണ് വാജിവാഹനം കസ്റ്റഡിയിലെടുത്തതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കൊടിമരത്തിലെ അഷ്ടദിക്ക്പാലകര്‍ അടക്കമുള്ള മറ്റ് വസ്തുക്കള്‍ തിരുവാഭരണം കമ്മീഷണറുടെയും അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറുടെയും സാന്നിധ്യത്തില്‍ സന്നിധാനത്തെ സ്‌ട്രോങ്ങ് റൂമില്‍ സീല്‍ ചെയ്ത് മാറ്റിയിരുന്നു.