അഴിക്കുള്ളില്‍ തളര്‍ന്ന് തന്ത്രി; നെഞ്ചുവേദനയും രക്തസമ്മര്‍ദ്ദവും; കണ്ഠരര് രാജീവരെ മെഡിക്കല്‍ കോളേജിലേക്ക് മാറ്റി; ദ്വാരപാലക ശില്പക്കേസിലും പ്രതിയാകും; പടിത്തരം പറ്റിയാല്‍ ഉത്തരവാദിത്തം ഒഴിയാനാവില്ല; പോറ്റിയുമായുള്ള ബന്ധത്തില്‍ കൂടുതല്‍ അന്വേഷണം; എസ്‌ഐടി കുരുക്ക് മുറുക്കുന്നു

അഴിക്കുള്ളില്‍ തളര്‍ന്ന് തന്ത്രി

Update: 2026-01-10 10:34 GMT

തിരുവനന്തപുരം: ശബരിമല സ്വര്‍ണ്ണക്കൊള്ളക്കേസില്‍ റിമാന്‍ഡിലായിരുന്ന തന്ത്രി കണ്ഠര് രാജീവരെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ഉയര്‍ന്ന രക്തസമ്മര്‍ദ്ദവും ഹൃദയസംബന്ധമായ പ്രശ്‌നങ്ങളും കണ്ടെത്തിയതിനെ തുടര്‍ന്നാണ് വിദഗ്ദ്ധ ചികിത്സയ്ക്കായി അദ്ദേഹത്തെ മാറ്റിയത്. ഇതിനിടെ, ശബരിമലയിലെ ദ്വാരപാലക ശില്‍പ്പ പാളികള്‍ കടത്തിയ കേസിലും തന്ത്രിയെ പ്രതിചേര്‍ക്കാന്‍ പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി) ഒരുങ്ങുകയാണ്.

ഇന്ന് രാവിലെ തിരുവനന്തപുരം സ്‌പെഷ്യല്‍ സബ് ജയിലില്‍ വെച്ചാണ് തന്ത്രിക്ക് ദേഹാസ്വാസ്ഥ്യമുണ്ടായത്. ഭക്ഷണം നല്‍കാന്‍ ഉദ്യോഗസ്ഥര്‍ എത്തിയപ്പോള്‍ തനിക്ക് തലകറക്കവും നെഞ്ചുവേദനയും ഉണ്ടെന്ന് തന്ത്രി അറിയിക്കുകയായിരുന്നു. ഉടന്‍തന്നെ ആംബുലന്‍സില്‍ ജനറല്‍ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. പ്രാഥമിക പരിശോധനയില്‍ രക്തസമ്മര്‍ദം ഉയര്‍ന്ന നിലയിലാണെന്നും കാലില്‍ നീരുണ്ടെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു. ഹൃദയസംബന്ധമായ പ്രശ്‌നങ്ങളുണ്ടെന്നും ഇസിജിയില്‍ കൂടുതല്‍ പരിശോധന വേണ്ടിവരുമെന്നും പരിശോധിച്ച ഡോക്ടര്‍ വിനു വ്യക്തമാക്കി. മതിയായ ചികിത്സ നല്‍കണമെന്ന് കോടതി നേരത്തെ ജയില്‍ സൂപ്രണ്ടിന് നിര്‍ദേശം നല്‍കിയിരുന്നു. തലകറക്കം അനുഭവപ്പെടുന്നുണ്ടെന്ന് തന്ത്രി ഡോക്ടര്‍മാരോട് പറഞ്ഞിരുന്നു. ജനറല്‍ ആശുപത്രിയിലെ പരിശോധനയ്ക്ക് ശേഷം ഉച്ചയോടെയാണ് അദ്ദേഹത്തെ മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയത്. 'കേസിനെക്കുറിച്ച് ഒന്നും പറയാനില്ല' എന്നായിരുന്നു ആശുപത്രിയിലേക്കുള്ള യാത്രയ്ക്കിടെ തന്ത്രിയുടെ ഏക പ്രതികരണം.

അടുത്ത കുരുക്ക്: ദ്വാരപാലക ശില്പക്കേസ് വരുന്നു

സ്വര്‍ണ്ണം പൊതിഞ്ഞ കട്ടിളപ്പാളികള്‍ കടത്തിയ കേസില്‍ റിമാന്‍ഡിലായ തന്ത്രിയെ തേടി അടുത്ത കേസും എത്തുകയാണ്. ദ്വാരപാലക ശില്പങ്ങളിലെ സ്വര്‍ണ്ണപാളികള്‍ മാറ്റി ചെമ്പ് പാളികളാക്കിയ കേസിലും തന്ത്രിയെ പ്രതിചേര്‍ക്കാന്‍ എസ്‌ഐടി തീരുമാനിച്ചു. ്വര്‍ണ്ണത്തിന് ശോഭ മങ്ങിയതിനാല്‍ അറ്റകുറ്റപ്പണി നടത്താമെന്ന് അനുമതി നല്‍കിയത് തന്ത്രിയാണ്. എന്നാല്‍ സ്വര്‍ണ്ണം മാറ്റി ചെമ്പ് വെച്ച ശേഷം തയ്യാറാക്കിയ മഹസ്സറില്‍ തന്ത്രി ഒപ്പിട്ടത് ഗൂഢാലോചനയുടെ തെളിവായി പോലീസ് കാണുന്നു.

തന്ത്രി ദേവസ്വം ബോര്‍ഡില്‍ നിന്ന് വാങ്ങുന്ന 'പടിത്തരം' ദക്ഷിണയല്ല, മറിച്ച് ശമ്പളത്തിന് തുല്യമായ പ്രതിഫലമാണെന്നാണ് പോലീസിന് ലഭിച്ച നിയമോപദേശം. അതിനാല്‍ ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥന് തുല്യമായ ഉത്തരവാദിത്തം ക്ഷേത്ര സ്വത്തുക്കള്‍ സംരക്ഷിക്കുന്നതില്‍ തന്ത്രിക്കുമുണ്ടെന്ന് എസ്‌ഐടി റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.

മുഖ്യപ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിയും തന്ത്രിയും തമ്മിലുള്ള സാമ്പത്തിക ഇടപാടുകളെക്കുറിച്ച് പോലീസ് വിശദമായ അന്വേഷണം തുടങ്ങിയിട്ടുണ്ട്. കട്ടിളപ്പാളികള്‍ കടത്താന്‍ പോറ്റിക്ക് മൗനാനുവാദം നല്‍കിയത് തന്ത്രിയാണെന്ന കണ്ടെത്തലില്‍ ഉറച്ചുനില്‍ക്കുകയാണ് അന്വേഷണസംഘം.

വരുന്ന ചൊവ്വാഴ്ച കൊല്ലം വിജിലന്‍സ് കോടതിയില്‍ തന്ത്രിയെ പ്രതിചേര്‍ത്തുള്ള റിപ്പോര്‍ട്ട് സമര്‍പ്പിക്കും. അന്നുതന്നെയാണ് തന്ത്രിയുടെ ജാമ്യാപേക്ഷയും പരിഗണിക്കുന്നത്. തന്ത്രി, ഉണ്ണികൃഷ്ണന്‍ പോറ്റി, പത്മകുമാര്‍ എന്നിവരെ ഒരുമിച്ചിരുത്തി ചോദ്യം ചെയ്യാനാണ് എസ്‌ഐടിയുടെ നീക്കം.

Tags:    

Similar News