പാരാ അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പ് നടക്കുന്ന സ്റ്റേഡിയത്തിന് സമീപം തെരുവുനായ്ക്കളുടെ ആക്രമണം; കടിയേറ്റത് 2 വിദേശ പരിശീലകർക്ക്; ഡൽഹിയിലെ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിലുണ്ടായത് ആശങ്കാജനകമായ സംഭവമെന്ന് ടീം ഡോക്ടർ
ന്യൂഡൽഹി: ലോക പാരാ അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പ് നടക്കുന്ന ഡൽഹിയിലെ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിന് സമീപം തെരുവുനായ്ക്കളുടെ ആക്രമണത്തിൽ രണ്ട് വിദേശ പരിശീലകർക്ക് കടിയേറ്റ സംഭവത്തിൽ കായിക ലോകത്ത് ആശങ്ക. കെനിയൻ സ്പ്രിന്റ് പരിശീലകൻ ഡെന്നിസ് മ്വാന്‍സോയും ജപ്പാനിലെ ഒരു അസിസ്റ്റന്റ് കോച്ചിനുമാണ് വെള്ളിയാഴ്ച രാവിലെ പരിശീലനത്തിനിടെ നായ്ക്കളുടെ കടിയേറ്റത്.
രാവിലെ ഏകദേശം 9:30 ഓടെയാണ് സംഭവം നടന്നതെന്ന് കെനിയൻ ടീം ഡോക്ടർ മൈക്കിൾ ഒക്കാരോ അറിയിച്ചു. ഡെന്നിസ് മ്വാന്‍സോയ്ക്ക് വലത് കണങ്കാലിലാണ് കടിയേറ്റത്. പരിശീലനത്തിനിടെ സ്റ്റാർട്ടിംഗ് ബ്ലോക്കുകൾ ക്രമീകരിക്കുന്നതിനിടെയാണ് നായയെത്തിയത്. ഉടൻ തന്നെ അദ്ദേഹത്തെ സഫ്ദർജംഗ് ആശുപത്രിയിൽ പ്രവേശിപ്പിച്ച് പേ വിഷബാധയ്‌ക്കെതിരെയുള്ള പ്രതിരോധ കുത്തിവെയ്പ്പ് നൽകി. ലോക നിലവാരമുള്ള ഒരു കായിക മാമാങ്കത്തിനിടെ ഇത്തരം സംഭവങ്ങളുണ്ടാകുന്നത് ആശങ്കാജനകമാണെന്ന് ഡോക്ടർ ഒക്കാരോ പ്രതികരിച്ചു.
"ഡെന്നിസിന്റെ ആരോഗ്യനിലയാണ് ഇപ്പോൾ ഞങ്ങൾ ഉറ്റുനോക്കുന്നത്. ഇങ്ങനെയൊരു വേദിയുടെ സമീപത്ത് ഇത്തരം സംഭവങ്ങളുണ്ടാകുന്നത് തീർത്തും ദൗർഭാഗ്യകരമാണ്," അദ്ദേഹം കൂട്ടിച്ചേർത്തു. ജപ്പാൻറെ അസിസ്റ്റന്റ് കോച്ചായ മിയോകോ ഓകുമാറ്റ്‌സുവിനും രാവിലെ പരിശീലനത്തിനിടെ നായയുടെ കടിയേറ്റു. "രാവിലെ ഒരു നായ എന്റെ നേർക്ക് പാഞ്ഞടുക്കുകയായിരുന്നു. ഭാഗ്യവശാൽ, മെഡിക്കൽ ടീം വളരെ വേഗത്തിൽ സ്ഥലത്തെത്തിയതിനാൽ കാര്യമായ പ്രശ്നങ്ങളുണ്ടായില്ല," ഓകുമാറ്റ്‌സു പറഞ്ഞു.
ഇന്ത്യൻ ഓയിൽ വേൾഡ് പാരാ അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പ് 2025 ഓർഗനൈസിംഗ് കമ്മിറ്റി, സ്റ്റേഡിയത്തിന് സമീപം തെരുവുനായ്ക്കൾക്ക് സ്ഥിരമായി ഭക്ഷണം നൽകുന്ന വ്യക്തികളാണ് ഇത്തരം സംഭവങ്ങൾക്ക് കാരണമെന്ന് ആരോപിച്ചു. "ചില വ്യക്തികൾ ഇവിടെയെത്തി തെരുവുനായ്ക്കൾക്ക് സ്ഥിരമായി ഭക്ഷണം നൽകുന്നുണ്ട്. ഇത് നായ്ക്കൾ സ്റ്റേഡിയത്തിന് സമീപത്തേക്ക് വരുന്നതിന് കാരണമാകുന്നുണ്ട്," ഓർഗനൈസിംഗ് കമ്മിറ്റി പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.