10,000 അടിക്ക് മുകളില്‍ ഓക്‌സിജന്‍ വല്ലാതെ താഴ്ന്ന് ശ്വാസം കിട്ടില്ല; ബോധം മറഞ്ഞ് മിനിറ്റുകള്‍ക്കകം മരണം സംഭവിക്കും; എന്നിട്ടും വിമാനത്തിന്റെ പിന്‍ചക്രഭാഗത്ത് ഒളിച്ചിരുന്ന് അഫ്ഗാനിസ്ഥാനില്‍ നിന്ന് ഇന്ത്യയിലേക്ക് പറന്ന് 13 കാരന്‍; സാഹസിക യാത്രയില്‍ കുട്ടി രക്ഷപ്പെട്ടത് എങ്ങനെ?

വിമാനത്തിന്റെ പിന്‍ചക്രഭാഗത്ത് ഒളിച്ചിരുന്ന് അഫ്ഗാനിസ്ഥാനില്‍ നിന്ന് ഇന്ത്യയിലേക്ക് പറന്ന് 13 കാരന്‍

Update: 2025-09-22 06:54 GMT

ന്യൂഡല്‍ഹി: വിമാനത്തിന്റെ പിന്‍ചക്രത്തിന്റെ ഭാഗത്ത് ഒളിച്ച് അഫ്ഗാനിസ്ഥാനില്‍ നിന്നും ഇന്ത്യയിലേക്ക് ഒരു പതിമൂന്ന് വയസുകാരന്‍ എത്തിയ സംഭവം ആരേയും അമ്പരപ്പിക്കുന്നതാണ്. എങ്ങനെയാണ് ഈ സാഹസിക യാത്ര നടത്തിയ കൗമാരക്കാരന്‍ അപകടം കൂടാതെ ഇന്ത്യയില്‍ എത്തിയത് എന്നാണ് എല്ലാവരും അന്വേഷിക്കുന്നത്.

അഫ്ഗാനിസ്ഥാന്റെ തലസ്ഥാനമായ കാബൂളിലെ ഹമീദ് കര്‍സായി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും ഡല്‍ഹി ഇന്ദിരാ ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് പുറപ്പെട്ട കെ.എ.എം എയറിയിന്റെ വിമാനത്തിലായിരുന്നു ഇന്നലെ ഈ കുട്ടി യാത്ര ചെയ്തത്. ഹമീദ് കര്‍സായി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് രാവിലെ 8:46 ന് പുറപ്പെട്ട വിമാനം 10.20 ന് ഡല്‍ഹിയില്‍ ലാന്റ് ചെയ്തിരുന്നു. കുട്ടി സുരക്ഷിതനാണ് എന്നാണ് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

അഫ്ഗാന്‍ വേഷമായ കുര്‍ത്തയും പൈജാമയും ധരിച്ചായിരുന്നു കുട്ടി വിമാനത്തിന്റെ ചക്രഭാഗത്തിനിടയില്‍ ഒളിച്ചിരുന്നത്. ഇറാഖിലേക്ക് കടക്കാനായിരുന്നു കുട്ടിയുടെ ശ്രമം എന്നാണ് പറയപ്പെടുന്നത്. എന്നാല്‍, വിമാനം മാറിക്കയറി ഇന്ത്യയിലെത്തുകയായിരുന്നു 13 കാരന്‍. കുട്ടി സുരക്ഷിതനെങ്കിലും ഗുരുതരമായ സുക്ഷാ വീഴ്ചയാണ് ഉണ്ടായത് എന്നാണ് ഔദ്യോഗിക വൃത്തങ്ങള്‍ ചൂണ്ടിക്കാട്ടിയത്.

കാബൂള്‍ വിമാനത്താവളത്തിലെ സുരക്ഷാ ക്രമീകരണങ്ങളെ കുറിച്ച് വലിയ തോതില്‍ ആശങ്ക ഉണ്ടാക്കുന്നതാണ് ഈ സംഭവം എന്നാണ് വിദഗ്ധര്‍ പറയുന്നത്. ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്ത വിമാനത്തില്‍ നിന്നും യാത്രക്കാര്‍ പുറത്തിറങ്ങിയതിന് പിന്നാലെയാണ് വിമാനത്താവളത്തിലെ ഏപ്രണ്‍ ഭാഗത്ത് സംശയകരമായ സാഹചര്യത്തില്‍ ഒരു കുട്ടിയെ സുരക്ഷാ ജീവനക്കാര്‍ കണ്ടെത്തിയത്.

കുട്ടിയെ സിഐഎസ്എഫ് കസ്റ്റഡിയില്‍ എടുത്ത് വിമാനത്താവളത്തിലെ പൊലീസിന് കൈമാറി. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് സംഭവം വ്യക്തമായത്. പ്രായപൂര്‍ത്തിയാകാത്ത വ്യക്തി എന്ന നിലയില്‍ നിയമ നടപടികളില്‍ ഇളവുണ്ടാകും എന്നാണ് പറയപ്പെടുന്നത്. ഒന്നര

മണിക്കൂറിലധികം നീണ്ടു നിന്ന യാത്രയില്‍ അതികഠിനമായ തണുപ്പ് ഉള്‍പ്പെടെയുള്ള സാഹചര്യങ്ങള്‍ കുട്ടി എങ്ങനെ മറി കടന്നു എന്നാണ് എല്ലാവരും ചോദിക്കുന്നത്.

എന്നാല്‍ വീല്‍ ബേയില്‍ ചക്രങ്ങള്‍ തിരിച്ചെത്തിയ ശേഷം ഡോറുകള്‍ അടഞ്ഞാല്‍ വിമാനത്തിന് ഉള്ളിലെ താപനില ഇവിടെയും ഉണ്ടാകുമെന്നതാണ് ാെരു പ്രമുഖ വ്യോമയാന വിദഗ്ധന്‍ വിശദീകരിക്കുന്നത്. വിമാനത്തിന്റെ ചക്രങ്ങള്‍ക്കിടയില്‍ കയറി യാത്ര ചെയ്യുന്ന സംഭവങ്ങള്‍ പലതവണ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ടെങ്കിലും ഇത്തരം സംഭവങ്ങളിലെ അതിജീവനം അഞ്ചില്‍ ഒന്ന് മാത്രമാണെന്നും വിദഗ്ധര്‍ പറയുന്നു. ഇന്ത്യയില്‍ ഇത് രണ്ടാമത്തെ സംഭവമാണ്.

1996 ഒക്ടോബര്‍ 14 നായിരുന്നു ആദ്യ സംഭവം. ഡല്‍ഹിയില്‍ നിന്ന് ലണ്ടനിലേക്കുള്ള ബ്രിട്ടീഷ് എയര്‍വേസിന്റെ ബോയിംഗ് 747 വിമാനത്തില്‍ ഇത്തരത്തില്‍ രണ്ട് പേര്‍ യാത്ര ചെയ്തിരുന്നു. സഹോദരന്മാരായ പ്രദീപ് സൈനി വിജയ് സൈനി എന്നിവരാണ് അന്ന് യാത്ര നടത്തിയത്. എന്നാല്‍ വിമാനം ഹീത്രൂ വിമാനത്താവളത്തില്‍ എത്തിയപ്പോള്‍ ഇവരില്‍ ഒരാള്‍ മരിച്ചിരുന്നു.

Tags:    

Similar News