ഹെഡ്‌ലിയുടെ ബാല്യകാല സുഹൃത്ത്; കാനഡ കേന്ദ്രീകരിച്ച് ഇന്ത്യയ്‌ക്കെതിരെ യുദ്ധ പ്രഖ്യാപിച്ച പാക് വ്യവസായി; ഐ എസ് ഐ ചാരന്‍; മുംബൈ ഭീകരാക്രമണത്തിന് പിന്നിലെ പ്രധാന ബുദ്ധികേന്ദ്രങ്ങളില്‍ ഒരാള്‍; അമേരിക്കന്‍ സുപ്രീംകോടതിയ്ക്കും തീവ്രവാദിയെ പിടികിട്ടി; അപ്പീല്‍ തള്ളി; തഹാവൂര്‍ റാണയെ ഇന്ത്യയ്ക്ക് കിട്ടും; ഇനി ആ ക്രൂരതയുടെ യഥാര്‍ത്ഥ മുഖം തെളിയും
വാഷിങ്ടണ്‍: തഹാവൂര്‍ റാണയെ ഇന്ത്യയ്ക്കു കിട്ടും. മുംബൈ ഭീകരാക്രമണ കേസില്‍ ഇന്ത്യയ്ക്കു കൈമാറാമെന്ന യുഎസ് കോടതി ഉത്തരവിട്ടതിനെതിരെ പ്രതി പാക്ക് വംശജനായ കനേഡിയന്‍ വ്യവസായി തഹാവൂര്‍ റാണ യുഎസ് സുപ്രീംകോടതിയെ സമീപിച്ചുവെങ്കിലും ഫലമുണ്ടായില്ല. സുപ്രീംകോടതിയും ഭീകരനെ ഇന്ത്യയ്ക്ക് കൈമാറാന്‍ ഉത്തരവിട്ടു. ഇന്ത്യയ്ക്കു കൈമാറാതിരിക്കാന്‍ റാണ നടത്തിയ അവസാന നീക്കവും അങ്ങനെ പൊളിഞ്ഞു. മുംബൈ ഭീകരാക്രമണത്തിലെ യഥാര്‍ത്ഥ ഗൂഡാലോചന തെളിയിക്കാന്‍ ഇന്ത്യയെ സഹായിക്കുന്നതാണ് അമേരിക്കന്‍ സുപ്രീംകോടതി വിധി.
റാണയുടെ കുറ്റകൃത്യം വ്യക്തമാക്കുന്ന തെളിവുകള്‍ ഇന്ത്യ നല്‍കിയിട്ടുണ്ട്. ഇന്ത്യയും യുഎസും തമ്മിലുള്ള കുറ്റവാളി കൈമാറ്റ ഉടമ്പടി പ്രകാരമാണു റാണയെ കൈമാറ്റം ചെയ്യാന്‍ സാധിക്കുക. കൈമാറ്റ ഉടമ്പടി പ്രകാരം റാണയെ കൈമാറാന്‍ കഴിയുമെന്ന് യുഎസ് അറ്റോര്‍ണി ബ്രാം ആല്‍ഡന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. മുംബൈ ഭീകരാക്രമണങ്ങളില്‍ പങ്കുണ്ടെന്നാരോപിച്ച് ഇന്ത്യയിലേക്കു വിചാരണയ്ക്കു കൈമാറാന്‍ മജിസ്ട്രേറ്റ് ജഡ്ജി നല്‍കിയ ഉത്തരവിനെതിരെ റാണ സമര്‍പ്പിച്ച ഹര്‍ജി കലിഫോര്‍ണിയയിലെ സെന്‍ട്രല്‍ ഡിസ്ട്രിക്റ്റിലെ ജില്ലാ കോടതി തള്ളിയിരുന്നു. ഈ വിധി ശരിവച്ചുകൊണ്ടാണു യുഎസ് അപ്പീല്‍ കോടതി റാണയുടെ അപ്പീല്‍ തള്ളിയത്. ഇതിനെ സുപ്രീംകോടതിയും ഇപ്പോള്‍ അംഗീകരിച്ചു.
2008 നവംബര്‍ 26ലെ മുംബൈ ഭീകരാക്രമണത്തില്‍ 6 യുഎസ് പൗരന്മാര്‍ ഉള്‍പ്പെടെ 166 പേര്‍ കൊല്ലപ്പെട്ടിരുന്നു. ഇതേ കേസിലെ ഗൂഢാലോചനക്കുറ്റത്തിനു 2009 ഒക്ടോബറില്‍ അറസ്റ്റിലായ റാണ 168 മാസം തടവുശിക്ഷയ്ക്കു വിധിക്കപ്പെട്ടു ജയിലിലായിരുന്നു. സുഹൃത്തായ യുഎസ് പൗരന്‍ ഡേവിഡ് ഹെഡ്‌ലിയുമൊത്ത് പാക്ക് ഭീകര സംഘടനകളായ ലഷ്‌കറെ തയിബ, ഹര്‍ക്കത്തുല്‍ മുജാഹിദീന്‍ എന്നിവയ്ക്കായി മുംബൈ ഭീകരാക്രമണത്തിന് ഗൂഢാലോചന നടത്തിയതിനാണ് റാണ അന്വേഷണം നേരിടുന്നത്. റാണയെ വിട്ടുകിട്ടിയാല്‍ മുംബൈ ഭീകരാക്രമണ കേസില്‍ പാക്ക് ചാരസംഘടനയായ ഐഎസ്‌ഐയുടെ പങ്ക് സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭിക്കും. ഇതേ കേസില്‍ പിടിയിലായ പാക്ക് ഭീകരന്‍ അജ്മല്‍ കസബിനെ വിചാരണ ചെയ്ത് 2012 നവംബര്‍ 21ന് തൂക്കിലേറ്റിയിരുന്നു.
തഹാവൂര്‍ ഹുസൈന്‍ റാണ എന്നാണ് മുഴുവന്‍ പേര്. യുഎസ് ജയിലിലുള്ള ഇയാളെ ഇന്ത്യയിലെത്തിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ വര്‍ഷങ്ങളായി ശ്രമിച്ചുവരികയാണ്. കുറ്റവാളികളെ പരസ്പരം കൈമാറാനുള്ള കരാര്‍ അനുസരിച്ചാണ് തഹാവൂര്‍ റാണയെ ഇന്ത്യയ്ക്ക് വിട്ടുനല്‍കുന്നത്. ഈ വിധി കാനഡയ്ക്കും തിരിച്ചടിയാണ്. കനേഡിയന്‍ പാക് പൗരന്‍ കൂടിയായതിനാല്‍ തഹാവൂര്‍ റാണയെ ഇന്ത്യയ്ക്ക് വിട്ടുകൊടുക്കാതിരിക്കാന്‍ കാനഡയും പരമാവധി ശ്രമിച്ചിരുന്നു. 2009ല്‍ യുഎസ് പോലീസ് അറസ്റ്റു ചെയ്ത റാണയെ 2011ല്‍ ഷിക്കാഗോ കോടതി ശിക്ഷിച്ചിരുന്നു. ജയിലില്‍ കിടന്നും കേസില്‍ നിന്ന് ഊരിപ്പോരാനുള്ള ശ്രമത്തിലായിരുന്നു ഇയാള്‍. പല കോടതികളില്‍ സമര്‍പ്പിച്ച ഹര്‍ജികള്‍ എല്ലാം തള്ളുകയായിരുന്നു.
ഇരു രാജ്യങ്ങളിലെയും നിയമ വകുപ്പ് ഉദ്യോഗസ്ഥരും അന്വേഷണ ഏജന്‍സികളും ന്യൂല്‍ഹിയിലെ യുഎസ് എംബസിയില്‍ റാണയുടെ വിട്ടുകിട്ടല്‍ സംബന്ധിച്ച് ചര്‍ച്ച നടത്തിയിരുന്നു. ഈ ചര്‍ച്ചയിലാണ്, ഡിസംബര്‍ അവസാനം റാണയെ ഇന്ത്യയില്‍ എത്തിക്കാന്‍ കഴിയുമെന്ന പ്രതീക്ഷ ഉണ്ടായത്. മുംബൈ ഭീകരാക്രമണത്തില്‍ പങ്കുള്ള ഡേവിഡ് കോള്‍മാന്‍ ഹെഡ്ലി എന്നയാളെ യുഎസ് പൊലീസ് 2009ല്‍ കസ്റ്റഡിയിലെടുത്തിരുന്നു. 63-കാരനായ റാണയുടെ ബാല്യകാല സുഹൃത്താണ് ഹെഡ്ലി. ഇയാളില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് റാണയിലേക്ക് അന്വേഷണം നീങ്ങിയത്. മുംബൈ ഭീകരാക്രമണത്തിലെ പങ്കിന് ഹെഡ്ലിയെ 35 വര്‍ഷത്തെ തടവിനാണ് യുഎസ് കോടതി ശിക്ഷിച്ചിരിക്കുന്നത്. മുബൈയില്‍ ആക്രമണം നടത്താന്‍ ഭീകരര്‍ക്ക് സഹായങ്ങള്‍ ചെയ്തതിലും ആക്രമണം ആസൂത്രണം ചെയ്തതിലും തഹാവൂര്‍ റാണ പ്രധാന പങ്കുവഹിച്ചിരുന്നു.