'കുട്ടി മരിച്ചത് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ചല്ലെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചു; നേരത്തെ റഫര്‍ ചെയ്തിരുന്നെങ്കില്‍ മകളുടെ ജീവന്‍ രക്ഷിക്കാമായിരുന്നുവെന്നും ഡോക്ടറെ ആക്രമിച്ച സനൂപിന്റെ ഭാര്യ; ആരോഗ്യമന്ത്രിക്കും ആരോഗ്യവകുപ്പിനും ഡെഡിക്കേറ്റ് ചെയ്യുന്നുവെന്ന് സനൂപ്; കുറ്റബോധമില്ലാതെ പ്രതികരണം

Update: 2025-10-08 14:18 GMT

കോഴിക്കോട്: താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ ഡോക്ടറെ വെട്ടി പരിക്കേല്‍പ്പിച്ച സംഭവത്തില്‍ പ്രതികരണവുമായി പ്രതി സനൂപിന്റെ ഭാര്യ. കുട്ടിക്ക് അമീബിക് മസ്തിഷ്‌ക ജ്വരമല്ലെന്ന് മെഡിക്കല്‍ കോളേജില്‍നിന്ന് വിവരം ലഭിച്ചിരുന്നുവെന്നും നേരത്തെ റഫര്‍ ചെയ്തിരുന്നെങ്കില്‍ മകളുടെ ജീവന്‍ രക്ഷിക്കാമായിരുന്നുവെന്ന് ഡോക്ടര്‍ പറഞ്ഞിരുന്നുവെന്നും സനൂപിന്റെ ഭാര്യ വെളിപ്പെടുത്തി. അതിന് ശേഷം സനൂപ് അസ്വസ്ഥനായിരുന്നുവെന്നും ഭാര്യ പറഞ്ഞു.

ഇവരുടെ ഒമ്പതു വയസ്സുകാരിയായ മകള്‍ രണ്ട് മാസം മുമ്പ് മരിച്ചിരുന്നു. അമീബിക് മസ്തിഷ്‌ക ജ്വരത്തെ തുടര്‍ന്നാണ് മരണമെന്നായിരുന്നു വിവരം. എന്നാല്‍, കുട്ടിയുടെ മരണകാരണം അമീബിക് മസ്തിഷ്‌കജ്വരം അല്ലെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചിട്ടുണ്ടെന്നും നേരത്തെ റഫര്‍ ചെയ്തിരുന്നെങ്കില്‍ മകളുടെ ജീവന്‍ രക്ഷിക്കാമായിരുന്നുവെന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാര്‍ പറഞ്ഞതായുമാണ് സനൂപിന്റെ ഭാര്യ മാധ്യമങ്ങളോട് പറഞ്ഞത്.

'കുട്ടിയുടെ മരണത്തിന്റെ യഥാര്‍ഥ കാരണം തേടി രണ്ടാഴ്ചയായി ഞങ്ങള്‍ ഓട്ടത്തിലായിരുന്നു. കഴിഞ്ഞ ആഴ്ച മെഡിക്കല്‍ കോളേജില്‍നിന്ന് പോസ്റ്റുമോര്‍ട്ടവുമായി ബന്ധപ്പെട്ട് റിപ്പോര്‍ട്ട് ലഭിച്ചു. കുട്ടിക്ക് അമീബിക് അല്ലായിരുന്നുവെന്നാണ് ഡോക്ടര്‍ ഭര്‍ത്താവിനോട് പറഞ്ഞത്. നേരത്തെ റഫര്‍ ചെയ്തിരുന്നെങ്കില്‍ ജീവന്‍ രക്ഷിക്കാമായിരുന്നുവെന്നും അവര്‍ പറഞ്ഞു. ഇതിന് ശേഷം ഭര്‍ത്താവ് അസ്വസ്ഥനും കടുത്ത മാനസിക സംഘര്‍ഷത്തിലുമായിരുന്നു.' സനൂപിന്റെ ഭാര്യ പറഞ്ഞു.

പനിയെ തുടര്‍ന്ന് ആദ്യം എത്തിയ താമരശ്ശേരി ആശുപത്രിയില്‍നിന്ന് മതിയായ ചികിത്സ ലഭിക്കാത്തതാണ് കുഞ്ഞിന്റെ മരണത്തിന് കാരണമെന്ന് തങ്ങള്‍ വിശ്വസിക്കുന്നുവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. മക്കളേയും കൂട്ടിയാണ് സനൂപ് വീട്ടില്‍നിന്ന് പോയത്. അവര്‍ക്ക് ഭക്ഷണം വാങ്ങിച്ചുകൊടുത്ത് വിട്ടുവെന്നും ഭാര്യ വ്യക്തമാക്കി. അതേ സമയം തന്റെ ആക്രമണം ആരോഗ്യ വകുപ്പിനും മന്ത്രി വീണ ജോര്‍ജ്, മെഡിക്കല്‍ കോളേജ് സൂപ്രണ്ട് എന്നിവര്‍ക്ക് ഡെഡിക്കേറ്റ് ചെയ്യുന്നുവെന്ന് സനൂപ് പോലീസ് കസ്റ്റഡിലിരിക്കെ പ്രതികരിച്ചു. സനൂപിനെതിരെ വധശ്രമം ഉള്‍പ്പടെയുള്ള വകുപ്പുകള്‍ ചേര്‍ത്താണ് പോലീസ് കേസെടുത്തിരിക്കുന്നത്.

താമരശ്ശേരി പൊലീസ് സ്റ്റേഷനില്‍ നിന്ന് സനൂപിനെ വൈദ്യ പരിശോധനയ്ക്കായി ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ, സംഭവത്തില്‍ യാതൊരു കുറ്റബോധവുമില്ലാതെയായിരുന്നു സനൂപിന്റെ പ്രതികരണം. തന്റെ ആക്രമണം ആരോഗ്യമന്ത്രി വീണാ ജോര്‍ജിനും ആരോഗ്യവകുപ്പിനും മെഡിക്കല്‍ കോളേജ് സൂപ്രണ്ടിനും ഡെഡിക്കേറ്റ് ചെയ്യുന്നുവെന്നായിരുന്നു സനൂപിന്റെ പ്രതികരണം. ഡോക്ടറെ ആക്രമിച്ച സംഭവത്തില്‍ അറസ്റ്റിലായ പ്രതി സനൂപിനെതിരെ വധശ്രമത്തിനാണ് കേസെടുത്തിട്ടുള്ളത്. വധശ്രമത്തിന് പുറമെ അതിക്രമിച്ചു കയറി ആക്രമിക്കുക, ആയുധം ഉപയോഗിച്ച് മര്‍ദിക്കുക എന്നീ വകുപ്പുകളും ആശുപത്രി സംരക്ഷണ നിയമത്തിലെ മൂന്ന്, നാല് വകുപ്പുകളും ചുമത്തിയിട്ടുണ്ട്.

താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ വെട്ടേറ്റ ഡോക്ടര്‍ വിപിനെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. തലയ്ക്ക് വെട്ടേറ്റ ഡോക്ടര്‍ വിപിന്‍ കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. വിപിന്റെ ആരോഗ്യനില ഗുരുതരമല്ലെന്നും തൃപ്തികരമാണെന്നും ഡിഎംഒ ഡോ. കെ രാജാറാം പറഞ്ഞു. തലയോട്ടിക്ക് പൊട്ടലുള്ള വിപിന് തലയോട്ടിക്ക് മൈനര്‍ സര്‍ജറി വേണമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. ആണുബാധ ഉണ്ടാവാതിരിക്കാനാണ് ഡോക്ടരെ ശസ്ത്രക്രിയക്ക് വിധേയനാക്കുന്നത്. ഡോക്ടര്‍ വിപിനെ ന്യൂറോ സര്‍ജറി ഐസിയുവിലേക്ക് മാറ്റിയിട്ടുണ്ട്. രക്ത സമ്മര്‍ദ്ദം ഉള്‍പ്പെടെ എല്ലാം സാധാരണ നിലയിലാണെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു. താമരശ്ശേരിയില്‍ അമീബിക് മസ്തിഷ്‌ക ജ്വരം പിടിപെട്ട് മരിച്ച ഒന്‍പത് വയസ്സുകാരിയുടെ പിതാവ് സനൂപാണ് ഡോക്ടറെ വെട്ടിയത്. കുടുംബത്തിന് നീതി ലഭിച്ചില്ലെന്ന് ഇയാള്‍ ആരോപിച്ചിരുന്നു. മകളെ കൊന്നില്ലേ എന്ന് ആക്രേശിച്ചായിരുന്നു ആക്രമണം. സനൂപിനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

രണ്ട് മക്കളുമായാണ് അക്രമി ആശുപത്രിയിലെത്തിയത്. സൂപ്രണ്ടിനെ ലക്ഷ്യം വെച്ചാണ് സനൂപ് എത്തിയത്. രണ്ട് കുട്ടികളെ പുറത്ത് നിര്‍ത്തിയാണ് സൂപ്രണ്ടിന്റെ റൂമിലെത്തിയത്. ആ സമയം സൂപ്രണ്ട് മുറിയില്‍ ഉണ്ടായിരുന്നില്ല. പിന്നീട് ഡോക്ടര്‍ വിപിനെ വെട്ടുകയായിരുന്നു. സനൂപിന്റെ മകള്‍ മസ്തിഷ്‌കജ്വരം ബാധിച്ചാണ് മരിച്ചത്. പനി ബാധിച്ച കുട്ടിയുമായി പിതാവ് ആദ്യം എത്തിയത് താമരശ്ശേരി താലൂക്ക് ആശുപത്രിയിലായിരുന്നു. പിന്നീട് അവിടെ വെച്ച് കുട്ടിക്ക് അസുഖം കൂടുകയായിരുന്നു. തുടര്‍ന്ന് കുട്ടിയെ മെഡിക്കല്‍ കോളേജിലേക്ക് റഫര്‍ ചെയ്തു. എന്നാല്‍ മെഡിക്കല്‍ കോളേജില്‍ എത്തുന്നതിന് മുമ്പ് 9 വയസുകാരിയായ അനയ മരിക്കുകയായിരുന്നു.

താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ ഡോക്ടറെ കൊടുവാള്‍ ഉപയോഗിച്ച് വെട്ടിയ സനൂപ് ബുധനാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെ തന്റെ രണ്ടു മക്കളുമായാണ് ആശുപത്രി വളപ്പില്‍ എത്തിയത്. മകളുടെ മരണവുമായി ബന്ധപ്പെട്ട ചില ആവശ്യങ്ങള്‍ക്കായി സനൂപ് അടുത്തിടെ ആശുപത്രിയില്‍ എത്താറുള്ളതിനാല്‍ ഇയാളുടെ വരവില്‍ ആര്‍ക്കും സംശയം തോന്നിയില്ല. തുടര്‍ന്ന്, മക്കളെ പുറത്തുനിര്‍ത്തി ആശുപത്രി സൂപ്രണ്ടിന്റെ മുറിയിലേക്ക് കയറി. സൂപ്രണ്ട് ഈ സമയം മുറിയില്‍ ഇല്ലായിരുന്നു. എന്നാല്‍, അവിടെയുണ്ടായിരുന്ന ഡോ.വിപിനെ സനൂപ് തലയില്‍ വെട്ടി.

ആശുപത്രിയിലെ സീനിയര്‍ ലാബ് ടെക്‌നീഷ്യന്‍ സുധാകരന്‍ സംഭവത്തിനു ദൃക്‌സാക്ഷിയാണ്. ഒരു രോഗിയുടെ രക്തം എടുത്തതുമായി ബന്ധപ്പെട്ട വിഷയം സംസാരിക്കാനാണ് ഉച്ചയ്ക്ക് ഒന്നരയോടെ സൂപ്രണ്ടിന്റെ മുറിയില്‍ പോയതെന്ന് സുധാകരന്‍ പറഞ്ഞു. ''ഒരു രോഗിയുടെ രക്തമെടുത്തതുമായി ബന്ധപ്പെട്ട വിഷയം മെഡിസിന്റെ ഡോക്ടറോട് സംസാരിച്ചു നില്‍ക്കുന്നതിനിടെയാണ് സനൂപ് കൊടുവാളുമായി അവിടെയെത്തിയത്. കാഷ്വാലിറ്റി ഡ്യൂട്ടിക്ക് എത്തിയ ഡോ.വിപിന്‍ സൂപ്രണ്ട് ഓഫിസില്‍ ഉണ്ടായിരുന്നു.

'എന്റെ മോളെ കൊന്നവനല്ലേ...' എന്നു വിളിച്ചുപറഞ്ഞാണ് ഡോ.വിപിനെ വെട്ടിയത്. ചുറ്റും നിന്നവര്‍ക്ക് അല്‍പമൊക്കെ തടുക്കാന്‍ പറ്റിയെങ്കിലും അപ്പോഴേക്കും തലയ്ക്കു വെട്ടേറ്റിരുന്നു. ചുറ്റുമുണ്ടായിരുന്നവര്‍ സനൂപിനെ പിടിച്ചുമാറ്റി ഓഫിസിന് പുറത്തേക്കു കൊണ്ടുവരികയായിരുന്നു. 'ഇവര്‍ കാരണമാണ് എന്റെ മോള്‍ മരിച്ചത്' എന്നാണ് സനൂപ് പിന്നെയും പറഞ്ഞുകൊണ്ടിരുന്നത്.'' സുധാകരന്‍ പറഞ്ഞു. ഒപ്പമുണ്ടായിരുന്നവരും മറ്റും തടുത്തില്ലായിരുന്നെങ്കില്‍ ഡോക്ടറുടെ തല പിളര്‍ന്നുപോയേനെയെന്ന് ഓഫിസില്‍ ആ സമയം ഉണ്ടായിരുന്ന അനില്‍ എന്നയാള്‍ പറഞ്ഞു. അക്രമം തടയാന്‍ ശ്രമിച്ച ചിലര്‍ക്കും നിസാര പരുക്കേറ്റതായാണ് വിവരം.

അതേസമയം, ഒരു പ്രകോപനവുമില്ലാതെയാണ് ഡോ.വിപിനെ സനൂപ് ആക്രമിച്ചതെന്ന് ഒപ്പം ജോലിചെയ്യുന്ന ഡോ.കിരണ്‍ പറഞ്ഞു. ബാഗില്‍ കൊണ്ടുവന്ന കൊടുവാള്‍ ഉപയോഗിച്ചാണ് ഡോ.വിപിനെ ആക്രമിച്ചത്. തൊട്ടടുത്ത് നിന്നാണ് വെട്ടിയതെങ്കിലും അടുത്തുള്ളവര്‍ തടയാന്‍ ശ്രമിച്ചതിനാലാണ് വളരെ ആഴത്തില്‍ വെട്ടേല്‍ക്കാതിരുന്നത്. സിടി സ്‌കാന്‍ എടുത്താല്‍ മാത്രമേ പരുക്കിന്റെ ആഴം വ്യക്തമാകൂ. സുരക്ഷാ ജീവനക്കാരെ കബളിപ്പിച്ചാണ് സനൂപ് ഒരു രോഗിയെപ്പോലെ ആശുപത്രിക്കുള്ളിലേക്കു കയറിയതെന്നും ഡോ.കിരണ്‍ പറഞ്ഞു.

ഡോക്ടര്‍ക്കെതിരെ അക്രമമുണ്ടായ വിവരം അറിഞ്ഞ് ആശുപത്രിയിലെത്തിയ താമരശേരി പൊലീസ് സനൂപിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. വെട്ടാനുപയോഗിച്ച കൊടുവാളും കസ്റ്റഡിയില്‍ എടുത്തു. സനൂപിനെതിരെ ഭാരതീയ ന്യായ സംഹിതയിലെ 118(2), 109(1) വകുപ്പുകള്‍ പ്രകാരവും ആരോഗ്യപ്രവര്‍ത്തകര്‍ക്കെതിരായ അതിക്രമങ്ങള്‍ ചെറുക്കുന്നതിലെ വകുപ്പും ചുമത്തിയാണ് കേസെടുത്തത്. താമരശ്ശേരി ഡിവൈഎസ്പി പി.ചന്ദ്രമോഹനാണ് കേസ് അന്വേഷിക്കുന്നത്.

ഓഗസ്റ്റ് 14 നാണ് അനൂപിന്റെ മകള്‍ അനയ അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ മരിച്ചത്. ആദ്യം താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഗുരുതരാവസ്ഥ പരിഗണിച്ച് മെഡിക്കല്‍ കോളജിലേക്ക് മാറ്റുകയായിരുന്നു. എന്നാല്‍, മെഡിക്കല്‍ കോളജിലേക്ക് മാറ്റിയതിലെ കാലതാമസവും രോഗനിര്‍ണയം നടത്താന്‍ വൈകിയതുമാണ് മകളുടെ മരണത്തിനിടയാക്കിയതെന്ന് സനൂപ് നേരത്തേ ആരോപണം ഉന്നയിച്ചിരുന്നു.

അനയയുടെ രണ്ടു സഹോദരന്മാര്‍ക്കും പിന്നാലെ രോഗം സ്ഥിരീകരിക്കുകയും മെഡിക്കല്‍ കോളജിലെ ചികിത്സയ്ക്കു ശേഷം രോഗം ഭേദമായി ഡിസ്ചാര്‍ജ് ചെയ്യുകയും ചെയ്തിരുന്നു. മക്കള്‍ക്ക് രോഗം വന്നതിന് കാരണം സമീപത്തെ കുളത്തില്‍ കുളിച്ചതാകും എന്ന് ആരോഗ്യപ്രവര്‍ത്തകര്‍ പറഞ്ഞെങ്കിലും അത് ഉള്‍ക്കൊള്ളാന്‍ സനൂപ് തയാറായിരുന്നില്ല. ഇരുപതോളം കുട്ടികള്‍ കുളിക്കുന്ന സ്ഥലത്ത് തന്റെ മകള്‍ മാത്രം ഈ രോഗം ബാധിച്ച് മരിച്ചത് എങ്ങനെയാണെന്ന് സനൂപ് അടുപ്പക്കാരോട് ചോദിച്ചിരുന്നു. മകളുടെ മരണകാരണം എന്താണെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കാത്തതും മരണ സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കാത്തതിലും സനൂപ് സംശയങ്ങള്‍ ഉന്നയിച്ചിരുന്നതായും പറയുന്നു.

Tags:    

Similar News