കബര്‍സ്ഥാന്‍ ഭാഗത്തെ മണ്ണ് നീക്കാന്‍ ആവശ്യപ്പെട്ടത് പള്ളിക്കമ്മറ്റിക്കാര്‍; ജെസിബിയുമായി എത്തി ജോലി ചെയ്തപ്പോള്‍ പണികിട്ടിയത് ഉടമയ്ക്ക്; പള്ളിക്കാര്‍ തടിയൂരിയതോടെ 45 ലക്ഷം പിഴയിട്ടത് പാവം തങ്കരാജന്; ഇപ്പോള്‍ ബാങ്കില്‍ നിന്നും ജപ്തി നോട്ടീസും; ആ ജെസിബി പോലീസ് സ്‌റ്റേഷനില്‍ കിടന്ന് തുരുമ്പെടുക്കുന്നു; ചെറുവത്തൂര്‍ മോഡല്‍ ചതിയില്‍ ഇനിയാരും പെടരുത്

Update: 2025-04-03 01:33 GMT

കാസര്‍കോട്: ചെയ്യാത്ത തെറ്റിന്റെ പേരില്‍ ഒരു കൊടിയ വഞ്ചനയ്ക്ക് ഇരയായി ആത്മഹത്യയുടെ വക്കില്‍ അകപ്പെട്ടിരിക്കയാണ് ഒരു സാധാരണക്കാരനായ ജെസിബി ഡ്രൈവര്‍. കാസര്‍കോഡ് ചെരുവത്തൂരാണ് സംഭവം. ജമാഅത്ത് പള്ളി അധികൃതര്‍ ജോലിക്ക് വിളിച്ചതു പ്രകാരം ജെസിബിയുമായി എത്തി മണ്ണുനീക്കാന്‍ ശ്രമിച്ചു സ്വന്തം ജോലി ചെയ്തതിന് വലിയ പിഴയാണ് ഇന്ന് തങ്കരാജ് എന്ന ജെ.സി.ബി ഉടമ നേരിടുന്നത്. പള്ളിക്കമ്മിറ്റിക്കാര്‍ ആവശ്യപ്പെട്ട പ്രകാരം കബര്‍സ്ഥാന്‍ ഭാഗത്തെ മണ്ണ് നീക്കിയ ജെ.സി.ബി ഉടമയ്ക്ക് റവന്യൂ ഉദ്യോഗസ്ഥര്‍ ചുമത്തിയത് 45 ലക്ഷം രൂപ പിഴയാണ്. ഡേറ്റ ബാങ്കില്‍ ഉള്‍പ്പെട്ട തണ്ണീര്‍ സ്ഥലത്ത് മണ്ണിട്ട് നികത്തിയെന്ന കുറ്റം ചമയ്ക്കുകയായിരുന്നു. സംഭവത്തിലെ യഥാര്‍ഥ വില്ലന്‍മാര്‍ സ്ഥലം ഉടമകളായ പള്ളിക്കാരാണെങ്കിലും ഇവര്‍ തടിയൂരി. ഇതോടെ തൊഴിലാളിയായ തങ്കരാജ് മാത്രം ശിക്ഷ അനുഭവികേണ്ടി വന്നു. കേട്ടുകേള്‍വി ഇല്ലാത്ത അനീതിയുടെ കഥയാണ് മാസങ്ങള്‍ക്ക് മുമ്പ് പുറത്തു വന്നത്. ഇപ്പോള്‍ തങ്കരാജിനെ തേടി ജപ്തി നോട്ടീസും എത്തുന്നു.

ജെ.സി.ബി വാങ്ങിയതിനെടുത്ത വായ്പാ തിരിച്ചടവ് മുടങ്ങിയതിനാണ് നോട്ടീസ്. ജെ.സിബിയാകട്ടെ ഒന്നരു വര്‍ഷത്തിലേറെയായി പൊലീസ് സ്റ്റേഷന്‍ വളപ്പില്‍ തുരുമ്പെടുക്കുകയാണ്. ഇന്‍ഡസ് ഇന്‍ഡ് ബാങ്ക് കാഞ്ഞങ്ങാട് ബ്രാഞ്ചില്‍ നിന്ന് 26 ലക്ഷത്തിന്റെ വായ്പയാണെടുത്തത്. കുടിശ്ശിക 1,13,489 രൂപയുണ്ട്.പടന്ന ഗണേഷ് മുക്കിലെ പള്ളിവളപ്പില്‍ നിന്ന് മണ്ണ് നീക്കി അനധികൃത പരിവര്‍ത്തനം ചെയ്‌തെന്ന് കാണിച്ച് തണ്ണീര്‍ത്തട സംരക്ഷണ നിയമപ്രകാരമാണ് കേസെടുത്തത്. കൃഷി ഓഫീസറുടെ റിപ്പോര്‍ട്ട് പ്രകാരം ചന്തേര പൊലീസാണ് ജെസി.ബി കസ്റ്റഡിയിലെടുത്തത്. കുടുംബത്തോടെ ആത്മഹത്യ ചെയ്യേണ്ടുന്ന അവസ്ഥയിലാണ് തങ്കരാജ്. ആകെ അറിയാവുന്ന തൊഴിലിനുവേണ്ടി വാങ്ങിയ ജെ.സി.ബി നഷ്ടമായി. ഇപ്പോഴിതാ ജപ്തി നോട്ടീസും

അനധികൃത മണ്ണുനീക്കത്തിന്റെ പേരില്‍ ആദ്യം ചുമത്തിയത് 12 ലക്ഷം രൂപയായിരുന്നു. പിന്നീട് പിഴ 45 ലക്ഷമാക്കി. തുടര്‍ന്ന് കളക്ടര്‍ ജെ.സി.ബി കണ്ടുകെട്ടുകയും ചെയ്തു. ചെറുവത്തൂര്‍ കൈതക്കാട് വാടകവീട്ടില്‍ താമസിക്കുന്ന ഈറോഡ് സ്വദേശി എന്‍.തങ്കരാജ് ഇതോടെ പ്രതിസന്ധിയിലായി. 023 ജൂണ്‍ 24ന് ഗണേഷ് മുക്കിലെ നസ്രത്തുല്‍ ഇസ്ലാം ജമാഅത്ത് പള്ളിയുടെ കിഴക്ക് ഭാഗത്തെ ഖബര്‍സ്ഥാനില്‍ മൂടിയ മണ്ണ് നീക്കാന്‍ പള്ളിക്കമ്മിറ്റിക്കാരാണ് വിളിച്ചത്.മണ്ണ് നീക്കുന്നത് അറിഞ്ഞ് എത്തിയചന്തേര എസ്.ഐ എം.വി.ശ്രീദാസും കൃഷിവകുപ്പ് ഉദ്യോഗസ്ഥരും ജെ.സി.ബി പൊലീസ് സ്റ്റേഷനില്‍ എത്തിച്ചു. പിന്നീട് റവന്യൂ വിഭാഗം 12 ലക്ഷം രൂപ പിഴ ചുമത്തി. പള്ളിക്കമ്മിറ്റിക്കാര്‍ എന്‍.എ.നെല്ലിക്കുന്ന് എം.എല്‍.എയുമായി കളക്ടറേറ്റിലെത്തി പരാതി പറഞ്ഞെങ്കിലും 2024 ജൂണ്‍ 14 ന്പിഴ 45 ലക്ഷമാക്കി വര്‍ദ്ധിപ്പിച്ചു. ജെ സി ബിയുടെ വില 29.9 ലക്ഷമായി നിശ്ചയിച്ച് അതിന്റെ ഒന്നര മടങ്ങ് പിഴ ചുമത്തുകയായിരുന്നു. മണ്ണു നീക്കലാണ് ചെയ്തത്. അത് അവിടെത്തന്നെ കിടപ്പുണ്ട്. 20 മീറ്റര്‍ നീളത്തിലും 12 മീറ്റര്‍ വീതിയിലും 60 ലോഡ് മണ്ണിട്ട് നികത്തിയെന്ന കുറ്റം ചുമത്തി നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമ പ്രകാരമാണ് പിഴ ചുമത്തിയത്. പിഴ ഒടുക്കാത്തതിനാല്‍, 2024 ജൂലൈ 27 ന് ജില്ലാ കളക്ടര്‍ കെ. ഇമ്പശേഖരന്‍ ജെ സി ബി സര്‍ക്കാരിലേക്ക് കണ്ടുകെട്ടുകയും ചെയ്തു. പള്ളിക്കമ്മിറ്റിക്കാര്‍ തങ്കരാജിനെ കൈവിടുകയും ചെയ്തു.

ജീവിത സമ്പാദ്യം മുഴുവന്‍ നുള്ളിപ്പെറുക്കിയാണ് തങ്കരാജ് ജെസിബി വാങ്ങിയത്. 37 ലക്ഷം രൂപയോളം വായ്പയെടുത്താണ് ജെ.സി.ബി വാങ്ങിയത്. ജോലികള്‍ ചെയ്ത് മുന്നോട്ടുപോകവേയാണ് തിരിച്ചടിയായി ഈ കേസുണ്ടായത്. 18 മാസമായി ചന്തേര പൊലീസ് സ്റ്റേഷന്‍ വളപ്പില്‍ കിടന്ന് തുരുമ്പിക്കുകയാണ്. വരുമാനം നിലച്ചതോടെ ഭാര്യ സുചിത്രയും ഇരട്ടപെണ്‍മക്കളുമടങ്ങുന്ന തങ്കരാജിന്റെ കുടുംബം ആത്മഹത്യയുടെ വക്കിലാണ്. പള്ളിക്കമ്മിറ്റിക്കാര്‍ തെറ്റിദ്ധരിപ്പിച്ചതാണെന്നും പിഴ ഒഴിവാക്കണം എന്നും ആവശ്യപ്പെട്ട് കാസര്‍കോട് ജില്ലാകളക്ടര്‍ക്ക് തങ്കരാജും കുടുംബവും ഹര്‍ജി നല്‍കിയെങ്കിലും കാര്യമുണ്ടായില്ല. സ്ഥലം ഉടമകള്‍ ജോലിക്ക് വിളിച്ചത് അനുസരിച്ചാണ് താന്‍ പോയതെന്ന് പറഞ്ഞെങ്കിലും അതൊന്നും ആരും മുഖവിലക്കെടുത്തില്ല. റവന്യു മന്ത്രിക്ക് പരാതിയും നല്‍കി. പണിക്ക് വിളിച്ചിട്ടില്ലെന്നും അടയ്ക്കാന്‍ പൈസ ഇല്ലെന്നും പറഞ്ഞ് പള്ളിക്കാര്‍ കൈയൊഴിഞ്ഞു. അവര്‍ വിളിക്കാതെ ജെ.സി.ബിയുമായി പള്ളി സ്ഥലത്ത് എത്താന്‍ കഴിയില്ലല്ലോ എന്നാണ് തങ്കരാജ് ചോദിക്കുന്നത്.

ഡാറ്റ ബാങ്കില്‍ ഉള്‍പ്പെട്ട ഭൂമിയില്‍ മണ്ണ് നിക്ഷേപിച്ചെന്നാണ് ആക്ഷേപം. എന്നാല്‍, പള്ളിക്കമ്മിറ്റി വിളിച്ചപ്രകാരം കൂലിക്ക് ജെ.സി.ബി ഓടിക്കുക മാത്രമാണ് തങ്കരാജ് ചെയ്തത്. പള്ളിക്കാരെ ഒഴിവാക്കി തങ്കരാജിനെ മാത്രം പ്രതിചേര്‍ത്തു. കൂലിപ്പണിയെടുത്തു കുടുംബം പോറ്റുന്ന തങ്കരാജിന് ഭീമമായ തുക ഒടുക്കാന്‍ നിര്‍വ്വാഹമില്ലായിരുന്നു. 2024 ജൂലായില്‍ ജെ.സി.ബി കണ്ടുകെട്ടി. പള്ളി കമ്മിറ്റിക്കാര്‍ സഹായിച്ചതുമില്ല.തന്നെ ബോധപൂര്‍വ്വം കുടുക്കിയതാണെന്നും കുടുംബം പോറ്റാന്‍ ജെ.സി.ബി വിട്ടുതരണമെന്നും അഭ്യര്‍ത്ഥിച്ച് മുഖ്യമന്ത്രിക്ക് തങ്കരാജ് പരാതി നല്‍കി. മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് കാസര്‍കോട് ജില്ലാ കളക്ടര്‍ക്ക് പരാതി കൈമാറി. തണ്ണീര്‍ത്തട സംരക്ഷണ നിയമപ്രകാരം നടപടി പൂര്‍ത്തിയായ കേസ് വീണ്ടും പരിഗണിക്കാന്‍ നിര്‍വ്വാഹമില്ലെന്നും 30 ദിവസത്തിനകം ജില്ലാ കോടതിയില്‍ അപ്പീല്‍ പോകാനും 2024 ഡിസംബര്‍ 12ന് കളക്ടര്‍ മറുപടി നല്‍കി. അതേസമയം, ഭൂമി ഡാറ്റ ബാങ്കില്‍ ഉള്‍പ്പെട്ടതല്ലെന്ന് ചൂണ്ടിക്കാട്ടി പള്ളി കമ്മിറ്റി ഹൈക്കോടതിയില്‍ നല്‍കിയ കേസില്‍ കക്ഷിചേര്‍ന്നിരിക്കയാണ് തങ്കരാജ്.

Tags:    

Similar News