ഭഗവാന്റെ അനുഗ്രഹമായി മാത്രം നല്‍കിയ അനുമതികളാണെന്ന തന്ത്രിയുടെ മുന്‍വാദം പൊളിഞ്ഞു; സ്വര്‍ണ്ണപാളികള്‍ നവീകരിക്കാന്‍ തന്ത്രി നല്‍കിയ മൂന്ന് അനുമതികള്‍ സംശയകരം; നിയമത്തിന് മുന്നില്‍ തന്ത്രിയും 'പൊതുസേവകന്‍'; തന്ത്രി കണ്ഠരര് രാജീവരുടെ അറസ്റ്റ് വ്യക്തമായ മൊഴികളുടെയും തെളിവുകളുടെയും അടിസ്ഥാനത്തിലെന്ന് എസ്‌ഐടി; ദുരുപയോഗം ചെയ്തത് പോറ്റിയുമായുള്ള 20 വര്‍ഷത്തെ ബന്ധം

തന്ത്രി കണ്ഠരര് രാജീവരുടെ അറസ്റ്റ് വ്യക്തമായ മൊഴികളുടെയും തെളിവുകളുടെയും അടിസ്ഥാനത്തിലെന്ന് എസ്‌ഐടി

Update: 2026-01-09 10:23 GMT

പത്തനംതിട്ട: ശബരിമലയിലെ സ്വര്‍ണ്ണപാളികള്‍ നവീകരിക്കുന്നതിന്റെ മറവില്‍ നടന്ന വന്‍ തട്ടിപ്പില്‍, പവിത്രമായ സ്ഥാനത്തിരിക്കുന്നവര്‍ പോലും അഴിമതിയുടെ കറപുരണ്ടവരാണെന്ന ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. തന്ത്രി കണ്ഠരര് രാജീവരുടെ അറസ്റ്റോടെ കേസിലെ ഗൂഢാലോചനയുടെ ചുരുളഴിയുകയാണ്.

തന്ത്രി കണ്ഠരര് രാജീവരും ഉണ്ണിക്കൃഷ്ണന്‍ പോറ്റിയുമായി അടുത്ത ബന്ധമെന്നാണ് എസ്‌ഐടിയുടെ കണ്ടെത്തല്‍. പോറ്റിക്ക് സ്‌പോണ്‍സറായി വഴിയൊരുക്കിത് തന്ത്രിയായിരുന്നു. പോറ്റി സ്വര്‍ണ്ണക്കൊള്ള നടത്തിയതിനെ കുറിച്ച് തന്ത്രിക്ക് അറിവുണ്ടായിരുന്നു. പോറ്റിയുടെ സ്വാധീനത്തിന് പിന്നില്‍ തന്ത്രിയെന്നും അന്വേഷണ സംഘത്തിന് മൊഴി ലഭിച്ചു. തന്ത്രിക്കെതിരെ ശബരിമലയിലെ ജീവനക്കാരും മൊഴി നല്‍കി. അറസ്റ്റ് വ്യക്തമായ മൊഴികളുടെയും തെളിവുകളുടെയും അടിസഥാനത്തിലെന്നും എസ്‌ഐടി വ്യക്തമാക്കി.

ഏറെ നാളത്തെ നിരീക്ഷണത്തിനും തെളിവ് ശേഖരണത്തിനും ഒടുവിലാണ് എസ്.ഐ.ടി തന്ത്രി കണ്ഠരര് രാജീവരെ അറസ്റ്റ് ചെയ്തത്. മുന്‍കൂര്‍ ജാമ്യം എടുക്കാനുള്ള സാധ്യത ഒഴിവാക്കാന്‍ അതീവ രഹസ്യമായാണ് അന്വേഷണ സംഘം നീങ്ങിയത്. മുന്‍ ദേവസ്വം പ്രസിഡന്റ് എ. പത്മകുമാറിന്റെ ജാമ്യഹര്‍ജി വേളയില്‍ പോലും തന്ത്രിയുടെ പങ്ക് വെളിപ്പെടുത്താതിരിക്കാന്‍ എസ്.ഐ.ടി ശ്രദ്ധിച്ചിരുന്നു.

തിരുവനന്തപുരം ക്രൈംബ്രാഞ്ച് ഓഫീസില്‍ മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിന് ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. തുടര്‍ന്ന് അദ്ദേഹത്തെ തന്ത്രി കണ്ഠരര് മോഹനരുടെ സാന്നിധ്യത്തില്‍ വീണ്ടും മൊഴിയെടുപ്പിന് വിധേയനാക്കി.

ഉണ്ണിക്കൃഷ്ണന്‍ പോറ്റിയും തന്ത്രിയും തമ്മിലുള്ള അവിശുദ്ധ കൂട്ടുക്കെട്ട്

കേസിലെ പ്രധാന പ്രതിയായ ഉണ്ണിക്കൃഷ്ണന്‍ പോറ്റിയെ സന്നിധാനത്തെത്തിച്ചതിലും അഴിമതിക്ക് കളമൊരുക്കിയതിലും തന്ത്രിക്ക് നേരിട്ട് പങ്കുണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. പോറ്റിയുമായി തന്ത്രിക്കുള്ള 20 വര്‍ഷത്തെ ബന്ധം ദുരുപയോഗം ചെയ്യപ്പെട്ടു. സ്വര്‍ണ്ണപാളികള്‍ നവീകരിക്കാന്‍ തന്ത്രി നല്‍കിയ മൂന്ന് അനുമതികള്‍ സംശയകരമാണ്. സന്നിധാനത്തിന് പുറത്തേക്ക് സ്വര്‍ണ്ണപാളികള്‍ കൊണ്ടുപോകാന്‍ അനുമതി നല്‍കിയതിലൂടെ കൊള്ളയ്ക്ക് തന്ത്രി വഴിയൊരുക്കിയെന്ന് എസ്.ഐ.ടി കരുതുന്നു.

നിയമത്തിന് മുന്നില്‍ തന്ത്രിയും 'പൊതുസേവകന്‍'

ദേവസ്വം ബോര്‍ഡില്‍ നിന്ന് ശമ്പളം കൈപ്പറ്റുന്ന വ്യക്തി എന്ന നിലയില്‍ അഴിമതി നിരോധന നിയമത്തിന്റെ പരിധിയില്‍ തന്ത്രിയും ഉള്‍പ്പെടുമെന്ന് അന്വേഷണ സംഘം വ്യക്തമാക്കി. ഭഗവാന്റെ അനുഗ്രഹമായി മാത്രം നല്‍കിയ അനുമതികളാണെന്ന തന്ത്രിയുടെ മുന്‍വാദം ഇതോടെ പൊളിഞ്ഞു.

ഇഡി അന്വേഷണം: പ്രതിസന്ധി മുറുകുന്നു

കേരള പൊലീസിന് പുറമെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും (ED) കേസില്‍ പിടിമുറുക്കി കഴിഞ്ഞു. കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരം (PMLA) ഇഡി കൊച്ചി യൂണിറ്റ് കേസെടുത്തു.

എ. പത്മകുമാര്‍, എന്‍. വാസു, ഉണ്ണിക്കൃഷ്ണന്‍ പോറ്റി, മുരാരി ബാബു എന്നിവരടക്കം ക്രൈംബ്രാഞ്ച് പ്രതിചേര്‍ത്ത എല്ലാവരും ഇഡിയുടെ നിഴലിലാണ്. ജോയിന്റ് ഡയറക്ടറുടെ നേരിട്ടുള്ള മേല്‍നോട്ടത്തിലാണ് അന്വേഷണം.

Tags:    

Similar News