'അറിയാതെ പറഞ്ഞ് പോവുകയാണ്, ഒരു കഷ്ണം കയറിൽ ജീവിതം അവസാനിപ്പിക്കുന്നത് നമുക്ക് കാണേണ്ടി വന്നു'; സ്ത്രീ സംരക്ഷണത്തിനുവേണ്ടിയാണ് സാറേ ഈ വകുപ്പ്, പുരുഷന്മാരെ നശിപ്പിക്കാനല്ല; ദീപക്കിന്റെ ആത്മഹത്യയ്ക്ക് പിന്നാലെ ചർച്ചയായി ആസിഫ് അലി ചിത്രത്തിലെ ആ രംഗം

Update: 2026-01-19 13:10 GMT

കോഴിക്കോട്: ബസിൽ ലൈംഗികാതിക്രമം നടത്തിയെന്നാരോപിച്ച് യുവതി പകർത്തിയ വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതിനെത്തുടർന്ന് കോഴിക്കോട് സ്വദേശിയായ ദീപക് ആത്മഹത്യ ചെയ്ത സംഭവം കേരളത്തിൽ വലിയ ചർച്ചയായിരിക്കുകയാണ്. ഈ വിഷയത്തിൽ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ഇടപെട്ടിട്ടുണ്ട്. അതേസമയം, സമാനമായ സാഹചര്യങ്ങൾ കൈകാര്യം ചെയ്യുന്ന ആസിഫ് അലി ചിത്രം 'ആഭ്യന്തര കുറ്റവാളി' സമൂഹമാധ്യമങ്ങളിൽ വീണ്ടും ശ്രദ്ധ നേടുകയാണ്.

ദീപക്കിന്റെ വിയോഗം താങ്ങാനാകാതെ പൊട്ടിക്കരഞ്ഞ അമ്മയുടെ ദുഃഖം ഓരോരുത്തരുടെയും ഹൃദയം നൊമ്പരപ്പെടുത്തുന്ന കാഴ്ചയാണ്. യുവതിക്കെതിരെ കർശന നടപടി എടുക്കണമെന്ന ആവശ്യം വ്യാപകമായി ഉയർന്നിട്ടുണ്ട്. ഒരു ജീവൻ നഷ്ടപ്പെട്ട ഈ സംഭവം കേരളക്കരയെ ഒന്നാകെ ഞെട്ടിച്ചിരിക്കുകയാണ്. ഈ പശ്ചാത്തലത്തിലാണ് ആസിഫ് അലി നായകനായ 'ആഭ്യന്തര കുറ്റവാളി' എന്ന സിനിമ വീണ്ടും സോഷ്യൽ മീഡിയയിൽ ചർച്ചയായിരിക്കുന്നത്.

ഭാര്യ നൽകിയ വ്യാജ പരാതിയിൽ കുടുങ്ങുന്ന സഹദേവൻ എന്ന യുവാവിന്റെ കഥയാണ് ചിത്രം പറയുന്നത്. ദീപക്കിന്റെ മരണത്തിനു പിന്നാലെ ഈ സിനിമയിലെ ചില ഭാഗങ്ങൾ, പ്രത്യേകിച്ച് കോടതി രംഗങ്ങൾ, വ്യാപകമായി പ്രചരിക്കുന്നുണ്ട്. സിനിമയുടെ അവസാന ഭാഗങ്ങളിൽ കോടതിമുറിയിൽ സഹദേവൻ സ്വയം വാദിക്കുന്ന ഒരു രംഗമുണ്ട്.

"സ്ത്രീ സംരക്ഷണത്തിനുവേണ്ടിയാണ് സാറേ ഈ വകുപ്പ്. അല്ലാതെ പുരുഷന്മാരെ നശിപ്പിക്കാൻ വേണ്ടിയിട്ടല്ലെന്ന് അറിയാതെ പറഞ്ഞ് പോവുകയാണ്. ഒരു കഷ്ണം കയറിൽ ജീവിതം അവസാനിപ്പിക്കുന്നത് നമുക്ക് കാണേണ്ടി വന്നു. പ്രതികരിക്കരുത്. കാരണം മരിച്ചത് ഒരു പുരുഷനാണ്," എന്നാണ് സഹദേവൻ കോടതിയിൽ പറയുന്ന വാക്കുകൾ. ദീപക്കിന്റെ ദുരന്തവുമായി ബന്ധപ്പെടുത്തിയാണ് ഈ വീഡിയോ ഭാഗം ഇപ്പോൾ ചർച്ചാവിഷയമായിരിക്കുന്നത്.

ഈ വീഡിയോകൾക്ക് താഴെയും ദീപക്കിന്റെ മരണവുമായി ബന്ധപ്പെട്ട വാർത്തകൾക്ക് താഴെയും നിരവധി പേരാണ് കമന്റുകളുമായി എത്തുന്നത്. ദീപക്കിന് നീതി ലഭിക്കണമെന്നാണ് ഇവരെല്ലാം ഒറ്റക്കെട്ടായി ആവശ്യപ്പെടുന്നത്. 'അവൾക്കൊപ്പമല്ല, അവനൊപ്പം,' 'എല്ലാ ആണുങ്ങളും നല്ലതല്ല, അതുപോലെ എല്ലാ പെണ്ണുങ്ങളും നല്ലതല്ല. പക്ഷേ നിയമം പെണ്ണിന്റെ കൂടെ മാത്രം,' 'മരിച്ചതല്ലല്ലോ, കൊന്നതല്ലേ,' 'ആണൊരുത്തന് എന്തെങ്കിലും പറ്റിയാൽ ആര് ചോദിക്കാൻ വരാനാ?' എന്നിങ്ങനെയുള്ള പ്രതികരണങ്ങൾ സമൂഹമാധ്യമങ്ങളിൽ നിറയുന്നു.

സേതുനാഥ് പത്മകുമാർ രചനയും സംവിധാനവും നിർവഹിച്ച ചിത്രമാണ് 'ആഭ്യന്തര കുറ്റവാളി'. 2025 ജൂണിൽ ആയിരുന്നു ഈ ചിത്രം റിലീസ് ചെയ്തത്. സ്ത്രീകൾ നൽകുന്ന വ്യാജ പരാതികളും അതിന്റെ പേരിൽ പുരുഷന്മാർക്ക് നേരിടേണ്ടി വരുന്ന മാനസിക സംഘർഷങ്ങളും എടുത്തു കാട്ടിയ സിനിമ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. ഒരു വീഡിയോയുടെ അടിസ്ഥാനത്തിൽ ഉയർന്ന ആരോപണവും അതിനെത്തുടർന്നുണ്ടായ ആത്മഹത്യയും സമൂഹമാധ്യമങ്ങളിലെ വിചാരണയും വ്യക്തികളുടെ മാനസികാരോഗ്യത്തിൽ ചെലുത്തുന്ന സ്വാധീനവും നിയമത്തിന്റെ ദുരുപയോഗവും സംബന്ധിച്ച് ഗൗരവമായ ചർച്ചകൾക്കാണ് ഈ സംഭവം വഴിയൊരുക്കിയിരിക്കുന്നത്.

Tags:    

Similar News