കേരളത്തിലെ കോണ്‍ഗ്രസില്‍ നേതൃദാരിദ്ര്യമുണ്ടെന്ന് ശശി തരൂര്‍ ഇന്ത്യന്‍ എക്‌സ്പ്രസ് പോഡ്കാസ്റ്റില്‍ പറഞ്ഞുവോ? തിരുത്തും ഖേദപ്രകടനവുമായി പത്രം; 'പല നേതാക്കളുണ്ട്, സാധാരണ പ്രവര്‍ത്തകരുടെ കുറവുണ്ടെന്ന് പലര്‍ക്കും തോന്നാറുണ്ട്' എന്നാണ് തരൂര്‍ പറഞ്ഞതെന്ന് വിശദീകരണം; തര്‍ജ്ജമയില്‍ വന്ന പിഴവ് വരുത്തിയത് വലിയ കോലാഹലം

തരൂരിന്റെ പരാമര്‍ശം തെറ്റായി പ്രസിദ്ധീകരിച്ചതില്‍ ഖേദം പ്രകടിപ്പിച്ച് ഇന്ത്യന്‍ എക്‌സ്പ്രസ്

Update: 2025-02-27 11:23 GMT

തിരുവനന്തപുരം: കേരളത്തിലെ കോണ്‍ഗ്രസില്‍ നേതൃത്വദാരിദ്ര്യമെന്ന് 'ദി ഇന്ത്യന്‍ എക്‌സ്പ്രസിന്റെ 'വര്‍ത്തമാനം' പ്രതിവാര മലയാളം പോഡ്കാസ്റ്റില്‍ ശശി തരൂര്‍ എം പി പറഞ്ഞതായ വാര്‍ത്ത വലിയ കോളിളക്കമാണ് സൃഷ്ടിച്ചത്. ഒരു പ്രധാന നേതാവിന്റെ അഭാവം കേരളത്തിലുണ്ട് എന്ന് തരൂര്‍ പറഞ്ഞതായാണ് വിവിധ മാധ്യമങ്ങളില്‍ വാര്‍ത്ത വന്നത്്. പോഡ്കാസ്റ്റ് കേള്‍ക്കാതെയാണ് പലരും അഭിപ്രായം പ്രകടിപ്പിക്കുന്നതെന്ന് തരൂര്‍ പ്രതികരിക്കുകയും ചെയ്തു. എന്താണ് തരൂര്‍ യഥാര്‍ഥത്തില്‍ പറഞ്ഞ വാക്കുകള്‍? ഇപ്പോള്‍ ഇന്ത്യന്‍ എക്‌സ്പ്രസ് തന്നെ ഖേദപ്രകടനവുമായി രംഗത്ത് എത്തിയിരിക്കുകയാണ്. ഈ മാസം 23 നാണ് പത്രം തിരുത്ത് നല്‍കിയത്.

' കേരളത്തിലെ കോണ്‍ഗ്രസില്‍ നേതാവിന്റെ അഭാവം ഉള്ളതായി നിരവധി പ്രവര്‍ത്തകര്‍ക്ക് തോന്നുന്നു', തരൂരിനെ ഉദ്ധരിച്ച് ആദ്യം വന്ന വാര്‍ത്ത ഇങ്ങനെയാണ്. എന്നാല്‍, തരൂരിന്റെ മലയാളത്തിലെ പരാമര്‍ശം തെറ്റായി വിവര്‍ത്തനം ചെയ്തതാണെന്നാണ് പത്രത്തിന്റെ വിശദീകരണം. യഥാര്‍ഥത്തില്‍ തരൂര്‍ പറഞ്ഞത് ഇങ്ങനെയാണ്: ' കോണ്‍ഗ്രസ് ഒരു കേഡര്‍ ബേസ്ഡ് പാര്‍ട്ടി അല്ല, ഒന്നാം കാര്യം. രണ്ടാമത്, ആ സംഘടനയ്ക്ക് എത്ര പ്രാധാന്യം നമ്മള്‍ കൊടുത്തിട്ടുണ്ടെന്ന് കൂടി ചോദിക്കണം, കോണ്‍ഗ്രസുകാര്‍. പല നേതാക്കളുണ്ട്്, സാധാരണ പ്രവര്‍ത്തകരുടെ കുറവുണ്ടെന്ന് പലര്‍ക്കും തോന്നാറുണ്ട്'. അതായത് തരൂര്‍ പറഞ്ഞതിന്റെ നേര്‍വിപരീതമായാണ് വാര്‍ത്ത വന്നത്. അതുണ്ടാക്കിയ പൊല്ലാപ്പും ചെറുതല്ല.

കഠിനാധ്വാനം ചെയ്തില്ലെങ്കില്‍ കോണ്‍ഗ്രസിന് കേരളത്തില്‍ മൂന്നാമതും തിരിച്ചടി നേരിടേണ്ടി വരുമെന്നും, സംസ്ഥാനത്ത് പ്രതിപക്ഷത്തെ ഘടകകക്ഷികളും തൃപ്തരല്ലെന്നും ദേശീയതലത്തിലും തിരിച്ചടിക്ക് സാധ്യതയുണ്ടെന്നും ശശി തരൂര്‍ അഭിമുഖത്തില്‍ പറഞ്ഞിരുന്നു.

ജനങ്ങളുടെ വലിയ പിന്തുണ തനിക്കുണ്ടെന്നും കോണ്‍ഗ്രസ് വിരുദ്ധവോട്ടുകളും തനിക്ക് ലഭിച്ചെന്നും തരൂര്‍ അഭിമുഖത്തില്‍. സ്വതന്ത്രമായി അഭിപ്രായപ്രകടനം നടത്താന്‍ കഴിയുന്നതിനാലാണ് നാലുതവണ എംപിയായതെന്നും തരൂര്‍. പാര്‍ട്ടി മാറുന്നത് ആലോചനയിലില്ലെന്നും പാര്‍ട്ടിക്ക് വേണ്ടെങ്കില്‍ തനിക്ക് മറ്റ് പണികളുണ്ടെന്നും തരൂര്‍ പറഞ്ഞിരുന്നു.

പാര്‍ട്ടിയെ മെച്ചപ്പെടുത്താനുള്ള അവസരം ഉപയോഗിക്കുന്നതിനെക്കുറിച്ചാണ് പറഞ്ഞതെന്ന് തരൂര്‍ പിന്നീട് വിശദീകരിച്ചിരുന്നു. പാര്‍ട്ടിയെ മാറ്റിയെടുക്കാനുള്ള അവസരത്തിന് തന്റെ സന്നദ്ധത സൂചിപ്പിച്ചതാണെന്നും തരൂര്‍ പറഞ്ഞിരുന്നു. അതേസമയം, ഹൈക്കമാന്‍ഡ് വിളിക്കുന്ന കേരള നേതാക്കളുടെ യോഗത്തില്‍ പങ്കെടുക്കുമെന്ന് തരൂര്‍ വ്യാഴാഴ്ച വ്യക്തമാക്കി.

Tags:    

Similar News