ട്രംപിന്റെ 'ബോർഡ് ഓഫ് പീസിൽ' സ്ഥിരാംഗത്വത്തിന് 8,300 കോടി രൂപ; 100 കോടി ഡോളർ ഫീസ് നിശ്ചയിച്ചതിൽ പങ്കില്ലെന്ന് ടോണി ബ്ലെയർ; ഗാസ പുനർനിർമ്മാണത്തിന് ഫണ്ട് ഉപയോഗിക്കുമെന്ന് വിശദീകരണം; യുഎന്നിന് ബദലായി സമാധാന സമിതിയെന്ന നീക്കം വിവാദത്തിൽ

Update: 2026-01-18 16:59 GMT

വാഷിംഗ്ടൺ ഡി.സി: ഗസ്സയുടെ ഭരണം മേല്‍നോട്ടം വഹിക്കാന്‍ ഉദ്ദേശിച്ചുള്ള അന്താരാഷ്ട്ര 'ബോർഡ് ഓഫ് പീസ്' എന്ന സമിതിയിലെ സ്ഥിരാംഗത്വത്തിനായി 100 കോടി ഡോളർ (ഏകദേശം 8,300 കോടി രൂപ) നിശ്ചയിക്കുന്നതിൽ തനിക്ക് യാതൊരു പങ്കുമില്ലെന്ന് മുൻ ബ്രിട്ടീഷ് പ്രധാനമന്ത്രി ടോണി ബ്ലെയർ. യുഎസ് പ്രസിഡന്റിന്റെ പുതിയ സംരംഭത്തിന്റെ 'സ്ഥാപക എക്സിക്യൂട്ടീവ് ബോർഡി'ലേക്ക് ബ്ലെയറെ നിയമിതനായിരുന്നു. ഗാസ സംഘർഷം അവസാനിപ്പിക്കാനുള്ള തന്റെ 20 ഇന സമഗ്ര പദ്ധതി നടപ്പാക്കുന്നതിനുള്ള ഒരു 'പ്രധാന ചുവടുവെപ്പാണ്' ഈ സമിതിയുടെ രൂപീകരണമെന്ന് ട്രംപ് വെള്ളിയാഴ്ച പ്രസ്താവിച്ചിരുന്നു.

അതേസമയം, 'ബോർഡ് ഓഫ് പീസ്' ഐക്യരാഷ്ട്രസഭയ്ക്ക് (യുഎൻ) പകരമായി വരുമോ എന്ന തരത്തിലുള്ള ഊഹാപോഹങ്ങളും വിമർശകർക്കിടയിൽ ഉയർന്നിട്ടുണ്ട്. ബ്ലൂംബെർഗ് ആദ്യം റിപ്പോർട്ട് ചെയ്ത ബോർഡ് ഓഫ് പീസിന്റെ കരട് ചാർട്ടർ അനുസരിച്ച്, ഓരോ അംഗരാജ്യത്തിനും പരമാവധി മൂന്ന് വർഷത്തേക്കാണ് കാലാവധി ലഭിക്കുക. എന്നാൽ, ആദ്യ വർഷത്തിനുള്ളിൽ 100 കോടി ഡോളർ സംഭാവന ചെയ്യുന്ന രാജ്യങ്ങൾക്ക് സ്ഥിരാംഗത്വം ലഭിക്കും. ഈ ഫണ്ട് സംഭാവന ചെയ്യേണ്ടത് നിർബന്ധമില്ലെന്ന് ഒരു യുഎസ് ഉദ്യോഗസ്ഥൻ അന്താരാഷ്ട്ര മാധ്യമങ്ങളോട് പ്രതികരിച്ചു.

പക്ഷേ, ഇത് ചെയ്യുന്നവർക്ക് മൂന്ന് വർഷത്തെ കാലാവധിക്ക് പകരം സ്ഥിരം അംഗത്വം ലഭിക്കുമെന്നും ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു. ഈ ഫണ്ട് ഗാസയുടെ പുനർനിർമ്മാണത്തിനായുള്ള ഭരണകൂടത്തിന്റെ ശ്രമങ്ങൾക്ക് വിനിയോഗിക്കുമെന്നും അധികൃതർ വ്യക്തമാക്കി. സ്ഥിരാംഗത്വത്തിനുള്ള ഈ ഫീസ് ബ്ലെയർക്ക് അറിയാമായിരുന്നോ എന്ന ചോദ്യത്തിന്, അദ്ദേഹത്തിന്റെ വക്താവ് പ്രതികരിച്ചത് ഇങ്ങനെയാണ്: "അദ്ദേഹം ബോർഡ് ഓഫ് പീസിലെ അംഗത്വം നിർണയിക്കുന്നതിൽ ഉൾപ്പെട്ടിട്ടില്ല. യുഎൻ അംഗീകരിച്ച ഗാസ സമാധാന പദ്ധതി നടപ്പാക്കുന്നതിനായി, ശമ്പളമില്ലാത്ത ഒരു റോളിൽ അദ്ദേഹം പ്രവർത്തിക്കും."

'സംഘർഷബാധിത പ്രദേശങ്ങളിൽ സ്ഥിരത പ്രോത്സാഹിപ്പിക്കാനും, വിശ്വസനീയവും നിയമപരവുമായ ഭരണം പുനഃസ്ഥാപിക്കാനും, ശാശ്വത സമാധാനം ഉറപ്പാക്കാനും ശ്രമിക്കുന്ന ഒരു അന്താരാഷ്ട്ര സംഘടന' ആയിട്ടാണ് ബോർഡ് ഓഫ് പീസിനെ അതിന്റെ ചാർട്ടറിൽ വിശേഷിപ്പിക്കുന്നത്. ട്രംപ് ഈ ബോർഡിന്റെ ചെയർമാനായി പ്രവർത്തിക്കുകയും ഫണ്ടുകൾ നിയന്ത്രിക്കുകയും ചെയ്യും. ഈ കരട് ചാർട്ടറിനെ പല രാജ്യങ്ങളും ശക്തമായി എതിർത്തിട്ടുണ്ടെന്നും ബ്ലൂംബെർഗുമായി ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു.

'ബോർഡ് ഓഫ് പീസ്' ഐക്യരാഷ്ട്രസഭയ്ക്ക് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ലെന്നും, എന്നാൽ അന്താരാഷ്ട്ര നേതാക്കളെ കൂടുതൽ കർമ്മനിരതരാക്കാൻ ഇത് പ്രേരിപ്പിക്കുമെന്നും ഒരു യുഎസ് ഉദ്യോഗസ്ഥൻ എപിയോട് വിശദീകരിച്ചു. എങ്കിലും, അന്താരാഷ്ട്ര നേതാക്കൾക്ക് അയച്ച കത്തിൽ ബോർഡ് ഓഫ് പീസിനെ "ആഗോള സംഘർഷങ്ങൾ പരിഹരിക്കാനുള്ള ധീരമായ സമീപനം" എന്നാണ് വിശേഷിപ്പിച്ചിരിക്കുന്നതെന്ന് രണ്ട് നയതന്ത്രജ്ഞർ അന്താരാഷ്ട്ര മാധ്യമങ്ങളോട് പറഞ്ഞു. "ഇതൊരു ട്രംപ് ഐക്യരാഷ്ട്രസഭയാണ്, യുഎൻ ചാർട്ടറിന്റെ അടിസ്ഥാന തത്വങ്ങളെപ്പോലും ഇത് അവഗണിക്കുന്നു," ഒരു നയതന്ത്രജ്ഞൻ അന്താരാഷ്ട്ര മാധ്യമങ്ങളോട് പ്രതികരിച്ചു.

കരട് ചാർട്ടർ അനുസരിച്ച്, ബോർഡ് ഓഫ് പീസിന് കീഴിലായിരിക്കും 'ഗാസ ബോർഡ് ഓഫ് പീസ്' പ്രവർത്തിക്കുക. ഈ ബോർഡിന്റെ ചെയർമാൻ എന്ന നിലയിൽ, ആരെയാണ് ഇതിലേക്ക് ക്ഷണിക്കേണ്ടതെന്ന് തീരുമാനിക്കാനും, സംഘടനയുടെ ഔദ്യോഗിക മുദ്ര നിശ്ചയിക്കാനും, വോട്ടിംഗ് കാര്യങ്ങളിൽ അന്തിമ തീരുമാനം എടുക്കാനുമുള്ള അധികാരം ട്രംപിനായിരിക്കും. ആഗോള സമാധാന ബന്ധങ്ങളുടെ ഉത്തരവാദിത്തം ബോർഡ് ഓഫ് പീസ് വഹിക്കുമ്പോൾ, ഗാസ മുനമ്പിന്റെ പുനർനിർമ്മാണ ചുമതല ഗാസ എക്സിക്യൂട്ടീവ് ബോർഡിനായിരിക്കും.

Tags:    

Similar News