പെട്രോള്‍ ചെക്ക് ചെയ്യാന്‍ പറഞ്ഞപ്പോള്‍ തെറ്റിദ്ധരിച്ച് പട്രോളിങ്ങിന് പോയ കഥ രസകരമായി അര്‍ണാബിനോട് പറയുന്ന കേണല്‍ സോഫിയ ഖുറേഷി അതേസ്വരത്തില്‍ പറയും മസില്‍ കരുത്തല്ല, മനക്കരുത്താണ് സൈന്യത്തില്‍ പ്രധാനം; ചീറ്റ, ചേതക്ക് ഹെലികോപ്ടറുകള്‍ പുഷ്പം പോലെ പറത്തുന്ന 'ആകാശത്തിന്റെ പുത്രി' വിങ് കമാന്‍ഡര്‍ വ്യോമിക സിങ്; രണ്ടുധീരവനിതകളുടെ കഥ

രണ്ടുധീരവനിതകളുടെ കഥ

Update: 2025-05-07 12:54 GMT

ന്യൂഡല്‍ഹി: ''മസില്‍ കരുത്തല്ല, മനക്കരുത്താണ് പ്രധാനം- രാജ്യത്തെ മുന്നോട്ടുനയിക്കാന്‍ വനിതകളും, യുവാക്കളും കൂടുതല്‍ മുന്നോട്ടുവരേണ്ടത് അത്യാവശ്യമാണ്. അതിന് ആണ്‍-പെണ്‍ വേര്‍തിരിവിന്റെ ആവശ്യമില്ല.' റിപ്പബ്ലിക് ടിവിയില്‍, അര്‍ണാബ് ഗോസ്വാമിയുമായി ആറുവര്‍ഷം മുമ്പുള്ള അഭിമുഖത്തില്‍ കേണല്‍ സോഫിയ ഖുറേഷി പറഞ്ഞതിങ്ങനെയാണ്. പെണ്‍കുട്ടികള്‍ കൂടുതലായി സൈന്യത്തില്‍ ചേരണമെന്ന ആഹ്വാനവും സദാ, ഈ 44 കാരി മുന്നോട്ടുവയ്ക്കുന്നു.




ലഫ്റ്റനന്റായി കമ്മീഷന്‍ ചെയ്തപ്പോള്‍ ഉണ്ടായ ഒരു രസകരമായ അനുഭവം അര്‍ണാബുമായുള്ള അഭിമുഖത്തില്‍ സോഫിയ ഖുറേഷി പങ്കുവയ്ക്കുന്നുണ്ട്. കശ്മീരിലെ നഗ്രോട്ടയിലായിരുന്നു സോഫിയയുടെ ആദ്യ പോസ്റ്റിങ്. 'സാധാരണഗതിയില്‍ സൈന്യത്തില്‍ ചേര്‍ന്നാലുടന്‍ അതിര്‍ത്തി കാവലെന്നാണ് സാധാരണക്കാരുടെ ധാരണ. എന്നാല്‍, സൈന്യത്തില്‍ വിവിധ തരം ജോലികളുണ്ട്. ആദ്യ ചുമതല നല്‍കിയത് പട്രോള്‍ ചെക്ക് ചെയ്യാനായിരുന്നു. ഞാന്‍ മുറിയില്‍ പോയി പട്രോളിങ് ഡ്യൂട്ടിക്കുള്ള മാനുവല്‍ പരിശോധിച്ച ശേഷം സിഎച്ച്എമ്മിനെ കണ്ടതിനെ പിന്നാലെ ദിവസം മുഴുവന്‍ പട്രോളിങ്ങിനായി പോയി. ഞാന്‍ പുറത്തുപോയതോടെ എല്ലാവരും അമ്പരന്നു, അവര്‍ എവിടെ പോയതാണ് എന്നെല്ലാവരും പരസ്പരം ചോദിച്ചു. അവരെന്നോട് പെട്രോളും ഡീസലും ചെക്ക് ചെയ്യാനാണ് ആവശ്യപ്പെട്ടത്. അത് ടാങ്കിലുണ്ടായിരുന്നു. പട്രോളിങ് അല്ല അവര്‍ ആവശ്യപ്പെട്ടത്. അന്നൊക്കെ അങ്ങനെയായിരുന്നു മനോനില. കാരണം അത്തരം പരിശീലനമാണ് അതിര്‍ത്തി കാക്കുന്നതടക്കം ഞങ്ങള്‍ക്ക് നല്‍കിയിരുന്നത്. അതെല്ലാമായിരുന്നു മനസ്സില്‍. അതാണ് അങ്ങനെ ചെയ്തത്. അങ്ങനെ പല ജോലി ചെയ്ത് നല്ലൊരു വ്യക്തിത്വതമായി പരിവര്‍ത്തനം ചെയ്യപ്പെടുന്ന ഇടമാണ് സൈന്യം'- സോഫിയ അഭിമുഖത്തില്‍ പറഞ്ഞു.


ഗുജറാത്ത് സ്വദേശിനിയായ കേണല്‍ സോഫിയ ഖുറേഷിയുടെ മുത്തച്ഛന്‍ സൈന്യത്തിലായിരുന്നു. മുത്തച്ഛന്റെ പാത പിന്തുടര്‍ന്നാണ് സൈന്യത്തിലെത്തിയത്. ബയോ കെമിസ്ട്രിയില്‍ ബിരുദാനന്തര ബിരുദധാരിയാണ്. മെക്കനൈസ്ഡ് ഇന്‍ഫന്‍ട്രിയിലെ മേജര്‍ താജുദ്ദീന്‍ ഖുറേഷിയെയാണ് വിവാഹം കഴിച്ചിരിക്കുന്നത്. 'നിങ്ങള്‍ വീട്ടില്‍ സൈനിക കാര്യങ്ങള്‍ മാത്രമാണോ സംസാരിക്കുന്നത് എന്ന് അഭിമുഖത്തില്‍ അര്‍ണാബ് ഗോസ്വാമി ചോദിക്കുന്നുണ്ട്. ഏയ് അല്ല മറ്റുകാര്യങ്ങളും എന്ന് ചിരിച്ചുകൊണ്ട് മറുപടി പറയുന്നു സോഫിയ ഖുറേഷി. മകന്റെ പേര്‍ സമീര്‍.




1999 ല്‍ ചെന്നൈയിലെ ഓഫീസേഴ്‌സ് ട്രെയിനിങ് അക്കാദമി വഴിയാണ് ഇന്ത്യന്‍ സൈന്യത്തിലേക്ക് കമ്മീഷന്‍ ചെയ്യപ്പെട്ടത്. ഇന്ത്യന്‍ സൈന്യത്തിന്റെ കോര്‍പ്സ് ഓഫ് സിഗ്‌നല്‍സിലെ ആദ്യ വനിത ഓഫീസറാണ് സോഫിയ ഖുറേഷി. 2016ല്‍ പൂനെയില്‍ നടന്ന എക്സര്‍സൈസ് ഫോഴ്സ് 18 എന്ന സൈനിക അഭ്യാസത്തിനുള്ള ഇന്ത്യന്‍ സംഘത്തെ നയിച്ചതും സോഫിയ ഖുറേഷി ആയിരുന്നു. 18 ആസിയാന്‍ പ്ലസ് രാജ്യങ്ങളാണ് ആ പരിശീലന പരിപാടിയില്‍ പങ്കെടുത്തത്. സൈനികാഭ്യാസത്തിലെ ഏക വനിതാ കമാന്‍ഡറായിരുന്നു. ഇന്ത്യ ആതിഥേയത്വം വഹിച്ച ഏറ്റവും വലിയ വിദേശ സൈനിക അഭ്യാസമായിരുന്നു അത്.




2006 ല്‍ കോംഗോയില്‍ യുഎന്‍ സമാധാന ദൗത്യ സംഘത്തില്‍ സൈനിക നിരീക്ഷകയായി സേവനം അനുഷ്ഠിച്ച കാലത്തെ അനുഭവവും കേണല്‍ സോഫിയ ഖുറേഷി പഴയ അഭിമുഖത്തില്‍ പങ്കുവയ്ക്കുന്നുണ്ട്. 2010 ന് ശേഷം ആറുവര്‍ഷം നിരവധി സമാധാന പാലന ദൗത്യങ്ങളില്‍ പങ്കെടുത്തു.




'കേണല്‍ സോഫിയ ഖുറേഷിയെ നേതൃസ്ഥാനങ്ങളിലേക്ക് തിരഞ്ഞെടുത്തത് അവള്‍ ഒരു വനിതയായതുകൊണ്ടല്ല, മറിച്ച് സൈന്യത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ കഴിവും നേതൃഗുണങ്ങളും ഉള്ളതുകൊണ്ടാണ്.'-സോഫിയ ഖുറേഷിയെ നേതൃസ്ഥാനങ്ങളിലേക്ക് തിരഞ്ഞെടുത്തപ്പോള്‍ ലെഫ്റ്റനന്റ് ജനറല്‍ ബിപിന്‍ റാവത്ത് (അന്ന് സതേണ്‍ കമാന്‍ഡിലെ ആര്‍മി കമാന്‍ഡര്‍) പറഞ്ഞതിങ്ങനെയായിരുന്നു.




ആകാശത്തിന്റെ പുത്രി വ്യോമിക

പേരു തന്നെ ആകാശത്തിന്റെ പുത്രി എന്നര്‍ഥമുള്ള വ്യോമിക. കേണല്‍ സോഫിയ ഖുറേഷിക്കൊപ്പം വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്ത വിങ് കമാന്‍ഡര്‍ വ്യോമിക സിങ്ങും ചില്ലറക്കാരിയല്ല. വ്യോമികയാണ് വാര്‍ത്താസമ്മേളനത്തില്‍ ഇംഗ്ലീഷില്‍ കാര്യങ്ങള്‍ വിശദീകരിച്ചത്. സോഫിയ ഖുറേഷി ഹിന്ദിയിലാണ് സംസാരിച്ചത്. ഇന്ത്യന്‍ വ്യോമസേനയിലെ മിടുമിടുക്കിയായ ഹെലികോപ്ടര്‍ പൈലറ്റാണ് വ്യോമിക. 2019 ഡിസംബര്‍ 18 നാണ് സ്ഥിരമായി കമ്മീഷന്‍ ചെയ്യപ്പെട്ടത്. സ്‌കൂള്‍ പഠന കാലത്ത് എന്‍സിസിയിലെ അനുഭവപരിചയമാണ് സൈനിക പൈലറ്റാകാനുള്ള മോഹം ജനിപ്പിച്ചത്.


രാജ്യത്തെ ഏറ്റവും വെല്ലുവിളി നിറഞ്ഞ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും ജമ്മു-കശ്മീരിലും അടക്കം ദുര്‍ഘട മേഖലകളില്‍ ചേതക്ക്, ചീറ്റ ഹെലികോപ്ടറുകള്‍ 2500 ത്തിലേറെ മണിക്കൂറുകള്‍ പറത്തി പരിചയമുള്ളയാളാണ് വ്യോമിക. 2021 ല്‍, ഹിമാചല്‍പ്രദേശിലെ ഏറ്റവും ഉയര്‍ന്ന കൊടുമുടിയായ മൗണ്ട് മണിരംഗ് കീഴടക്കിയ വ്യോമസേനയുടെ ഓള്‍ വിമന്‍ ട്രൈ സര്‍വീസസ് മൗണ്ടനീറിങ് ടീമിന്റെ ഭാഗമായിരുന്നു വ്യോമിക. 21,650 അടി ഉയരത്തിലുള്ള കൊടുമുടിയാണ് മണിരംഗ്. ഇതിന്റെ പേരില്‍ വ്യോമസേന മേധാവി അടക്കമുള്ളവര്‍ വ്യോമികയെ അഭിനന്ദിച്ചിരുന്നു. അരുണാചല്‍ പ്രദേശില്‍ 2020ല്‍ നടന്ന രക്ഷാപ്രവര്‍ത്തനത്തില്‍ വ്യോമിക പങ്കാളിയായിരുന്നു. ഓപ്പറേഷണല്‍ റോളിന് പുറമേ ഉയര്‍ന്ന പ്രതിരോധശക്തി വേണ്ടുന്ന പല ദൗത്യങ്ങളിലും വ്യോമിക പങ്കാളിയായിട്ടുണ്ട്.




വെല്ലുവിളി നിറഞ്ഞ ഏതുസാഹചര്യത്തെയും ശാന്തമായി, ധീരതയോടെ നേരിടുന്ന ഓഫീസറെന്നാണ് വ്യോമിക അറിയപ്പെടുന്നത്. ബുധനാഴ്ചത്തെ വാര്‍ത്താ സമ്മേളനത്തില്‍ ഇന്ത്യ പാക്കിസ്ഥാന് നല്‍കുന്ന വ്യക്തമായ സന്ദേശം ലോകത്തോട് വിളിച്ചുപറഞ്ഞതും വ്യോമികയാണ്. പാക്കിസ്ഥാന്‍ എന്ത് അഹമ്മതി കാട്ടിയാലും അതിന് ചുട്ട മറുപടി നല്‍കാന്‍ ഇന്ത്യ പൂര്‍ണസജ്ജമെന്ന സന്ദേശം. തീവ്രവാദ ശൃംഖലകളെ പോറ്റി വളര്‍ത്തുന്ന പാക്കിസ്ഥാന്റെ പങ്കുഎടുത്തുകാട്ടാനും ഇന്ത്യയുടെ പ്രിസിഷന്‍ ആക്രമണങ്ങളുടെ അന്തസത്ത തറപ്പിച്ചുപറയാനും വ്യോമികയ്ക്ക് കഴിഞ്ഞു.

വനിതാ ഓഫീസര്‍മാരെ തിരഞ്ഞെടുത്തത് മന:പൂര്‍വം

പഹല്‍ഗാമില്‍, ഭീകരര്‍ പുരുഷന്മാരെ വെടിവച്ചുകൊന്ന ശേഷം സ്ത്രീകളെ വെറുതെ വിടുകയായിരുന്നു. പല്ലവി എന്ന വിനോദസഞ്ചാരിയുടെ അനുഭവം ഇതിനകം റിപ്പോര്‍ട്ടായി വന്നിട്ടുള്ളതാണ്. തന്റെ ഭര്‍ത്താവ് മഞ്ജുനാഥിനെ വെറുതെ വിടാന്‍ കേണപേക്ഷിച്ചപ്പോള്‍, നിങ്ങളെ ഒന്നുംചെയ്യില്ല, എല്ലാം പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് പോയി പറയാനായിരുന്നു മറുപടി.



വാര്‍ത്താ സമ്മേളനത്തില്‍, ഹിന്ദു-വനിതാ ഓഫീസര്‍മാരെ ഒരുമിച്ച് അവതരിപ്പിച്ചത് ഐക്യത്തിന്റെയും സമുദായ സൗഹാര്‍ദ്ദത്തിന്റെയും സന്ദേശം നല്‍കാന്‍ കൂടി ലക്ഷ്യമിട്ടാണ്. ഇന്ത്യാക്കാരെ മതാടിസ്ഥാനത്തില്‍ വേര്‍തിരിക്കാനുള്ള പഹല്‍ഗാം ഭീകരാക്രമണ സൂത്രധാരരുടെ ലക്ഷ്യം തകര്‍ത്തുകൊണ്ടുള്ള ശക്തമായ സന്ദേശം കൂടിയായി വനിതാ ഓഫീസര്‍മാരുടെ തിരഞ്ഞെടുപ്പ്.


Tags:    

Similar News