യുക്രേനിയന്‍ കുട്ടിയെ തട്ടികൊണ്ട് പോയി വളര്‍ത്തിയത് ക്രെംലിനുമായി അടുപ്പമുള്ള റഷ്യന്‍ കുടുംബം; യുക്രൈന്‍ സേനക്കെതിരെ യുദ്ധത്തിനിറങ്ങാന്‍ മണിക്കൂറുകള്‍ ബാക്കിയുള്ളപ്പോള്‍ തിരിച്ചറിവ്; സിനിമാക്കഥയെ വെല്ലുന്ന ഒരു ജീവിത കഥ

Update: 2024-12-05 07:11 GMT

മോസ്‌കോ: സിനിമാക്കഥയെ വെല്ലുന്ന ഒരു ജീവിതകഥ ഇപ്പോള്‍ പുറത്ത് വരുന്നത് റഷ്യയില്‍ നിന്നാണ്. യുക്രൈന്‍ സ്വദേശിയായ ഒരു കുട്ടിയെ വര്‍ഷങ്ങള്‍ക്ക് മുമ്പ് റഷ്യയിലേക്ക് തട്ടിക്കൊണ്ട് പോയി വളര്‍ത്തിയ കഥയാണിത്. തീരെ ചെറിയ കുട്ടിയായിരിക്കുമ്പോള്‍ തന്നെ രോഗിയായ അമ്മയേയും അധോലോക സംഘാംഗമായ അച്ഛനേയും നഷ്ടപ്പെട്ട കുട്ടി ഒരു അനാഥാലയത്തില്‍ എത്തിച്ചേരുകയാണ്. ഭയാനകമായ ഒരു യുദ്ധത്തിനൊടുവില്‍ കുട്ടിയെ അനാഥാലയത്തില്‍ നിന്ന് റഷ്യയിലെ ഒരു പ്രമുഖ കുടുംബത്തിലേക്ക് ദത്തെടുക്കുകയാണ്. എന്നിട്ടും കുട്ടി സ്വന്തം രാജ്യത്തോട് തന്നെയാണ് കൂറ് പുലര്‍ത്തിയിരുന്നത്.

കുട്ടിയുടെ ഈ നിലപാട് ഇഷട്പ്പെടാത്ത വീട്ടുകാര്‍ അവനെ മാനസികാരോഗ്യ കേന്ദ്രത്തിലാക്കും എന്ന് ആദ്യം ഭീഷണിപ്പെടുത്തി. യുദ്ധക്കുറ്റവാളിയായി അവനെ കണക്കാക്കുമെന്നും അവര്‍ താക്കീത് നല്‍കി. കൂടാതെ റഷ്യന്‍ സൈന്യത്തില്‍ നിര്‍ബന്ധമായി ചേര്‍ത്ത് യുക്രൈനെതിരെ യുദ്ധത്തിന് അയയ്ക്കും എന്നും അവര്‍ ഭീഷണിപ്പെടുത്തി. സൈന്യത്തില്‍ ചേരാനുള്ള പ്രായം അടുത്തു വന്ന സമയത്ത് രണ്ട് പ്രാവശ്യം കുട്ടി നാട് വിട്ട് പോകാന്‍ ശ്രമിച്ചിരുന്നു. ഇപ്പോള്‍ അവന്റെ നീക്കം തന്നെ പോലെ യുക്രൈനില്‍ നിന്ന് റഷ്യക്കാര്‍ തട്ടിക്കൊണ്ട് പോയ കുട്ടികള്‍ ആരാണെന്ന് കണ്ടെത്തി അവരെ രക്ഷപ്പെടുത്തുക എന്നതാണ്.

ബോഗ്ദാന്‍ യെര്‍മോഖിന്‍ എന്നാണ് ഇയാളുടെ പേര്. നേരത്തേ റഷ്യക്കാര്‍ ഇയാളെ കൊണ്ട് റഷ്യ യുക്രൈനില്‍ നടത്തിയ ആക്രമണത്തെ ന്യായീകരിച്ച് ടെലിവിഷന്‍ ചര്‍ച്ചയില്‍ സംസാരിച്ചിരുന്നു. റഷ്യയിലെ ജീവിതം തനിക്ക് നരകത്തേക്കാള്‍ ഭീകരമായിരുന്നു എന്നാണ് ഇപ്പോള്‍ 19 വയസുള്ള യെര്‍മാഖിന്‍ പറയുന്നത്. യുക്രൈനിലെ മരിയോപൂളില്‍ ജനിച്ച യെര്‍മോഖിന്‍ പറയുന്നത് തന്റെ നാട് തന്നെയാണ് ഏറ്റവും മനോഹരം എന്നാണ്. ഇയാള്‍ക്ക് നാല് വയസ് ഉളളപ്പോഴാണ് അമ്മ മരിക്കുന്നത്. തുടര്‍ന്ന് അധോലോക സംഘാംഗം ആയിരുന്ന അച്ഛനും കൊല്ലപ്പെടുന്നു. 2022 ല്‍ റഷ്യ യുക്രൈന്‍ ആക്രമിക്കുന്ന സമയത്ത് യെര്‍മോഖിന്‍ ഒരു സ്ഥാപനത്തില്‍ വെല്‍ഡിംഗ് പഠിക്കുകയായിരുന്നു. മരിയോപോള്‍ നഗരത്തിലാണ് റഷ്യ ഏറ്റവും രൂക്ഷമായ ആക്രമണം നടത്തിയത്.


 



ആക്രമണം ശക്തമായ സാഹചര്യത്തില്‍ യെര്‍മോഖിന്‍ ഒരു സ്ഥലത്ത് ഒളിവില്‍ കഴിയുകയായിരുന്നു. എന്നാല്‍ പിന്നീട് മൂന്ന് കുട്ടികള്‍ക്കൊപ്പം ഇയാള്‍ റഷ്യന്‍ സൈന്യത്തിന്റെ പിടിയിലാകുകയായിരുന്നു. പല കുട്ടികളും ഇതിനിടയില്‍ റഷ്യന്‍ സൈന്യത്തിന്റെ ആക്രമണത്തില്‍ കൊല്ലപ്പെടുകയും ചെയ്തിരുന്നു. യെര്‍മോഖിനേയും കൂടെയുള്ള കുട്ടികളേയും ഒരു സ്ഥലത്ത് എത്തിച്ച റഷ്യന്‍ സൈന്യം ഇവര്‍ക്ക് പുതിയ ബര്‍ത്ത് സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുകയായിരുന്നു. പുതിയ മൊബൈല്‍ ഫോണുകളും അവര്‍ കുട്ടികള്‍ക്ക് നല്‍കി. ഏഴ് വയസുള്ള കുട്ടികള്‍ പോലും ഈ സംഘത്തില്‍ ഉണ്ടായിരുന്നു. പിന്നീട് ഇവരെ ബസില്‍ കയറ്റി കൊണ്ട് പോകുകയായിരുന്നു. തുടര്‍ന്ന് വിമാനത്തില്‍ മോസ്‌ക്കോയില്‍ എത്തിച്ചു.

തുടര്‍ന്ന് ഇവരെ കുട്ടികള്‍ക്കുള്ള സാനട്ടോറിയത്തിലേക്ക് മാറ്റി. പിന്നീട് ഇവരെ റഷ്യയിലെ പല പ്രമുഖരും ഇവരെ ദത്തെടുക്കുകയായിരുന്നു. യുക്രൈനില്‍ നിന്ന് 3 ലക്ഷത്തോളം കുട്ടികളെയാണ് ഇത്തരത്തില്‍ റഷ്യയിലേക്ക് കടത്തിയത്. യുക്രൈന്റെ ഭാവി തലമുറയെ തന്നെ ഇല്ലാതാക്കാനുള്ള പുട്ടിന്റെ നീക്കത്തിന്റെ ഭാഗമായിട്ടായിരുന്നു ഈ ദത്തെടുക്കല്‍ നാടകം നടത്തിയത് എന്നാണ് കരുതപ്പെടുന്നത്. പുട്ടിന്റ



 

ഉപദേഷ്ടാക്കളില്‍ ഒരാളിന്റെ കുടുംബത്തിലേക്കാണ് യെര്‍മാഖിനെ ദത്തെടുത്തത്. അതി സമ്പന്നരായ ഈ വീട്ടുകാര്‍ എപ്പോഴും ഇയാളോട് യുക്രൈനെ ഇകഴ്ത്തി സംസാരിച്ചിരുന്നു. ഇവര്‍ക്കെല്ലാം റഷ്യന്‍ പാസ്പോര്‍ട്ടും നല്‍കിയിരുന്നു.

അതിനിടയില്‍ യെര്‍മാഖിനെ സൈന്യത്തില്‍ ചേര്‍ക്കാനുള്ള നീക്കങ്ങള്‍ ദത്തെടുത്ത കുടുംബം ആരംഭിച്ചു. 18 വയസാകാതെ സൈന്യത്തില്‍ ചേരാന്‍ കഴിയില്ല എന്നിരിക്കെ ഇയാളെ 18 വയസ് തികയുന്നത് വരെ ഒരാശുപത്രിയില്‍ പ്രവേശിപ്പിക്കുകയാണ് ഈ വീട്ടുകാര്‍ ചെയ്തത്. രാത്രിയില്‍ ബാത്ത്റൂമില്‍ ഒളിച്ചിരുന്ന് യെര്‍മാഖിന്‍ തന്റെ ദുരവസ്ഥയെ കുറിച്ച് ഒരു അഭിഭാഷകക്ക് സന്ദേശമയച്ചു. തുടര്‍ന്ന് ഈ വീഡിയോ സന്ദേശം സമൂഹ മാധ്യമങ്ങളില്‍ വൈറലായി മാറി.

തുടര്‍ന്ന് യുക്രൈന്‍ സര്‍ക്കാരും വിഷയത്തില്‍ ഇടപെട്ടു. അങ്ങനെ റെഡ്ക്രോസിന്റെ സഹായത്തോടെ യെര്‍മാഖിന്‍ നാട്ടില്‍ തിരിച്ചെത്തുകയായിരുന്നു. തന്റെ അഭിഭാഷകയുമായി ചേര്‍ന്ന് ഇത്തരത്തില്‍ റഷ്യ തട്ടിക്കൊണ്ട് പോയ കുട്ടികളെ തിരികെയെത്തിക്കാന്‍ ഒരു പ്രസ്ഥാനം രൂപീകരിച്ച് അതിന്റെ പ്രവര്‍ത്തനങ്ങളില്‍ സജീവമാകുകയാണ് ബോഗ്ദാന്‍ യെര്‍മോഖിന്‍.

Tags:    

Similar News