ഇന്ത്യയെ കാത്തിരിക്കുന്നത് മഹാ പ്രളയവും ദുരന്തവുമോ? ലോക രാജ്യങ്ങളെ ഞെട്ടിപ്പിക്കുന്ന പ്രകൃതി ദുരന്തങ്ങളെ കുറിച്ചുള്ള മുന്നറിയിപ്പില്‍ ഇന്ത്യക്കും ആശങ്കപ്പെടാനേറെ; കാലാവസ്ഥാ വ്യതിയാനം അതിതീവ്ര മഴയുണ്ടാക്കുമെന്നും മുന്നറിയിപ്പ്

ഇന്ത്യയെ കാത്തിരിക്കുന്നത് മഹാ പ്രളയവും ദുരന്തവുമോ?

Update: 2026-01-09 05:51 GMT

ന്യൂഡല്‍ഹി: ലോകത്തെ വിവിധ രാജ്യങ്ങളെ ഞെട്ടിപ്പിക്കുന്ന പ്രകൃതി ദുരന്തങ്ങളെ കുറിച്ചുള്ള മുന്നറിയിപ്പ് പുറത്തു വന്നിരിക്കുകയാണ്. ഭൂമിയിലെ ചൂട് കൂടുന്നതിന് അനുസരിച്ച് അതിശക്തമായ മഴ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളെയാകും ഇത് ബാധിക്കാന്‍ ഏറ്റവുമധികം സാധ്യതയുള്ളത്. എന്നാല്‍ എല്ലാ രാജ്യങ്ങളിലും ഒരുപോലെ നാശനഷ്ടമുണ്ടാകില്ല. ചില പ്രദേശങ്ങളില്‍ വെള്ളപ്പൊക്കം ഉണ്ടാകും. മറ്റുള്ളവയില്‍ ചെറിയ മാറ്റങ്ങള്‍ മാത്രമേ കാണാന്‍ കഴിയൂ.

കാലാവസ്ഥാ വ്യതിയാനം ജലചക്രത്തെ രണ്ട് ദിശകളിലേക്ക് പുനര്‍നിര്‍മ്മിക്കപ്പെടുന്ന അവസ്ഥയായിരിക്കും ഉണ്ടാകുന്നത്. അതായത്

ഒരു വശത്ത് വരള്‍ച്ചയും മറുവശത്ത് വെള്ളപ്പൊക്കവും. ആഗോള താപനിലയിലെ വര്‍ദ്ധനവ് സമുദ്ര ഉപരിതലങ്ങളില്‍ നിന്ന് വലിയ അളവില്‍ ഈര്‍പ്പം ബാഷ്പീകരിക്കപ്പെടാന്‍ ഇടയാക്കും. ഇത് കൊടുങ്കാറ്റുകള്‍ക്കും കനത്ത പേമാരിക്കും വഴി വെയ്ക്കും. എന്നാല്‍ ഈ മാറ്റങ്ങള്‍ എല്ലായിടത്തും ഒരേ രീതിയില്‍ ബാധിക്കില്ല. ചില പ്രദേശങ്ങള്‍ ആവര്‍ത്തിച്ചുള്ള, അതിതീവ്രമായ മഴയെ നേരിടും. ചില പ്രദേശങ്ങളില്‍ മൊത്തം മഴയില്‍ കുറവുണ്ടാകാം.

ഒരു പുതിയ നേച്ചര്‍ ജിയോസയന്‍സ് പഠനമാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്നത്. സങ്കീര്‍ണ്ണവും വിവിധ തലങ്ങളിലെ അന്തരീക്ഷ ഇടപെടലുകളുടെ ഫലമാണ് അതിതീവ്ര മഴ എന്നാണ് അവര്‍ പറയുന്നത്. ഭാവിയില്‍ തീവ്ര കാലാവസ്ഥാ സംവിധാനങ്ങള്‍ എങ്ങനെ പ്രവര്‍ത്തിക്കുമെന്ന് കൃത്യമായി പ്രവചിക്കുന്നതിനായി ടെക്സസിലെയും കൊളറാഡോയിലെയും ഗവേഷകര്‍ 10 മുതല്‍ 25 കിലോമീറ്റര്‍ വരെ ഉയര്‍ന്ന റെസല്യൂഷനുള്ള നൂതന കാലാവസ്ഥാ സിമുലേഷനുകള്‍ നിര്‍മ്മിച്ചിരിക്കുകയാണ്. ഇവയുടെ കണ്ടെത്തലുകള്‍ ആശങ്കാജനകമാണ്.

ഉയര്‍ന്ന തോതില്‍ കാര്‍ബണ്‍ പുറന്തള്ളുന്ന സാഹചര്യത്തില്‍, 2100 ആകുമ്പോഴേക്കും കരയില്‍ ദിവസേനയുള്ള അതിതീവ്ര മഴ ഏകദേശം 41% വര്‍ദ്ധിച്ചേക്കാം. അതായത് വെള്ളപ്പൊക്കത്തിന് കാരണമാകുന്ന തരത്തിലുള്ള കൊടുങ്കാറ്റുകള്‍ ഈ നൂറ്റാണ്ട് അവസാനിക്കുന്നതിനുമുമ്പ് ഏകദേശം ഇരട്ടിയാകും. ഈ 41% വര്‍ദ്ധനവ് ആഗോള ശരാശരിയാണ്. ദക്ഷിണ അമേരിക്ക, ഇന്ത്യ, തെക്കുകിഴക്കന്‍ ഏഷ്യ, ഇന്തോനേഷ്യ, മധ്യ ആഫ്രിക്ക, വടക്കന്‍ ഓസ്‌ട്രേലിയ എന്നിവിടങ്ങളിലാണ് അതിശക്തമായ മഴയില്‍ ഏറ്റവും കൂടുതല്‍ വര്‍ദ്ധനവ് അനുഭവപ്പെടാന്‍ പോകുന്നത്. പ്രവചിക്കപ്പെട്ട തീവ്രതയില്‍ വ്യത്യാസങ്ങള്‍ ഉണ്ടെങ്കിലും, ഈ ദക്ഷിണാര്‍ദ്ധഗോള മേഖലകളില്‍ ഓരോ മോഡലും വന്‍തോതിലുള്ള അപകടത്തെ സൂചിപ്പിക്കുന്നു.

തെക്കുകിഴക്കന്‍ മേഖലയിലും കിഴക്കന്‍ തീരത്തും കിഴക്കന്‍ കാനഡയിലേക്കും ഇത് വ്യാപിച്ച് അമേരിക്കയില്‍ കനത്ത മഴ പ്രതീക്ഷിക്കാം. ചില മോഡലുകള്‍ തെക്ക് പടിഞ്ഞാറന്‍, പടിഞ്ഞാറന്‍ കനേഡിയന്‍ തീരം, അലാസ്‌ക എന്നിവിടങ്ങളില്‍ പോലും അപകടസാധ്യതകള്‍ വര്‍ദ്ധിക്കുമെന്ന് പ്രവചിക്കുന്നു. അതേ സമയം യൂറോപ്പിലുടനീളം, മഴയുടെ രീതികള്‍ വലിയതോതില്‍ സ്ഥിരതയോടെ തുടരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഫ്രാന്‍സ് വലിയ വര്‍ദ്ധനവ് അനുഭവപ്പെടാന്‍ സാധ്യതയില്ലാത്ത രാജ്യങ്ങളില്‍ ഒന്നാണ്.

എന്നാല്‍ തെക്കുകിഴക്കന്‍ പ്രദേശങ്ങളില്‍ പ്രത്യേകിച്ച് മെഡിറ്ററേനിയന്‍ തീരത്ത് ഇനിയും കനത്ത മഴ ലഭിക്കാന്‍ സാധ്യതയുണ്ട്. അതേസമയം, ആര്‍ട്ടിക്, കാനഡ, റഷ്യ, സ്‌കാന്‍ഡിനേവിയന്‍ രാജ്യങ്ങള്‍ എന്നിവ മൊത്തത്തില്‍ ചെറിയ മാറ്റങ്ങള്‍ക്ക് മാത്രമേ വിധേയമാകൂ എന്ന് പ്രവചിക്കപ്പെടുന്നു. ആഗോള കാലാവസ്ഥാ സംവിധാനങ്ങള്‍ കൂടുതല്‍ അസ്ഥിരമാകുമ്പോള്‍, ഈ മാറ്റങ്ങള്‍ എല്ലായിടത്തും അടിസ്ഥാന സൗകര്യങ്ങള്‍, കൃഷി, എന്നിവയെ ദോഷകരമായി ബാധിക്കും.

Tags:    

Similar News