എഐജിയുടെ സ്വകാര്യ വാഹനമിടിച്ച് കാല്‍നടയാത്രക്കാരനായ നേപ്പാള്‍ സ്വദേശിക്ക് പരുക്കേറ്റ അപകടം; ഡ്രൈവറുടെ മൊഴി വാങ്ങി എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത സംഭവത്തില്‍ എസ്പിക്കും ഡി.വൈ.എസ്.പിക്കും ഇന്‍സ്പെക്ടര്‍ക്കുമെതിരേ വകുപ്പുതല നടപടിക്ക് ശിപാര്‍ശ

എസ്പിക്കും ഡി.വൈ.എസ്.പിക്കും ഇന്‍സ്‌പെക്ടര്‍ക്കുമെതിരേ വകുപ്പുതല നടപടിക്ക് ശിപാര്‍ശ

Update: 2025-09-29 11:36 GMT

പത്തനംതിട്ട: എഐജിയുടെ സ്വകാര്യ വാഹനമിടിച്ച് കാല്‍നടയാത്രികനായ നേപ്പാള്‍ സ്വദേശിക്ക് പരുക്കേറ്റ അപകടത്തില്‍ ഡ്രൈവറുടെ മൊഴി വാങ്ങി എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത സംഭവത്തില്‍ മൂന്നു പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടിക്ക് ശിപാര്‍ശ. സംഭവം നടക്കുമ്പോള്‍ എഡിജിപിയുടെ ഓഫീസില്‍ ക്രമസമാധാന ചുമതലയുണ്ടായിരുന്ന എഐജി വി.ജി. വിനോദ്കുമാര്‍, തിരുവല്ല ഡിവൈ.എസ്.പി എസ്. നന്ദകുമാര്‍, എസ്.എച്ച്.ഓ സന്തോഷ്‌കുമാര്‍ എന്നിവര്‍ക്കെതിരേയാണ് പത്തനംതിട്ട എസ്.പി ആര്‍. ആനന്ദിന്റെ റിപ്പോര്‍ട്ട് പ്രകാരം റേഞ്ച് ഡിഐജി അജിതാ ബീഗം വകുപ്പുതല നടപടിക്ക് ശിപാര്‍ശ ചെയ്തത്.

എഐജിയുടെ നിര്‍ദേശപ്രകാരം കേരള പോലീസിന്റെ ചരിത്രത്തില്‍ കേട്ടുകേഴ്വിയില്ലാത്ത തരത്തില്‍ ഒരു എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യുകയും പോലീസ് സേനയ്ക്ക് കളങ്കം ഉണ്ടാക്കുകയും ചെയ്തതിനാണ് തിരുവല്ല ഡിവൈ.എസ്്പി, എസ്എച്ച്ഓ എന്നിവര്‍ക്കെതിരേ നടപടിക്ക് ശിപാര്‍ശ ചെയ്തത്. എഐജി അധികാര ദുര്‍വിനിയോഗം നടത്തി കീഴുദ്യോഗസ്ഥരെക്കൊണ്ട് എഫ്ഐആര്‍ അട്ടിമറിക്കാന്‍ പ്രേരിപ്പിക്കുകയായിരുന്നു. എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത പ്രബേഷന്‍ എസ്ഐയെ ഒഴിവാക്കിയിട്ടുണ്ട്. മേലുദ്യോഗസ്ഥര്‍ പറഞ്ഞത് അനുസരിക്കുക മാത്രമാണ് പ്രബേഷന്‍ എസ്ഐ ചെയ്തതെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്

ഓഗസ്റ്റ് 30 ന് രാത്രി 10.50 ന് എം.സി റോഡില്‍ കുറ്റൂരില്‍ വച്ചാണ് അപകടം. തിരുവനന്തപുരത്ത് നിന്നും കോട്ടയത്തേക്ക് വന്ന എ.ഐ.ജി സഞ്ചരിച്ചിരുന്ന മഹീന്ദ്ര എക്സ് യുവി 700 വാഹനം ഹോട്ടല്‍ തൊഴിലാളിയായ നേപ്പാള്‍ സ്വദേശി ജീവന്‍ പ്രസാദ് ദുംഗലിനെ ഇടിച്ചു വീഴ്ത്തുകയായിരുന്നു. ഇയാളെ എഐജി തന്നെ വണ്ടിയില്‍ കയറ്റി പുഷ്പഗിരി മെഡിക്കല്‍ കോളജില്‍ എത്തിച്ചു. തുടര്‍ന്ന് വാഹനവുമായി തിരുവല്ല പോലീസ് സ്റ്റേഷനില്‍ റിപ്പോര്‍ട്ട് ചെയ്തു.

പോലീസ് ഡ്രൈവര്‍ അനന്തു എ.കെയുടെ മൊഴി വാങ്ങി തിരുവല്ല പോലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യുകയായിരുന്നു.

നേപ്പാള്‍ സ്വദേശി കുറുകെ ചാടിയെന്നും അപ്പോള്‍ വണ്ടി തട്ടി തലയിലും മുഖത്തും തോളത്തും മുറിവു പറ്റിയെന്നുമാണ് എഫ്ഐആര്‍. ഇയാള്‍ക്ക് പറ്റിയ പരുക്കിനേക്കാള്‍ വിശദമായിട്ടാണ് എഐജിയുടെ കാറിന് വന്ന കേടുപാടുകള്‍ എഫ്ഐആറില്‍ വിവരിക്കുന്നത്. കാറിന്റെ ബോണറ്റിന്റെ ഇടതുവശം ബോഡിഭാഗത്തും ഹെഡ്യൈറ്റ് ഭാഗത്തും വീല്‍ ആര്‍ച്ച് ഭാഗത്തും കേടുപാടുകള്‍ സംഭവിച്ചെന്നാണ് എഫ്ഐആറില്‍ പറഞ്ഞിരിക്കുന്നത്.

വാഹനത്തില്‍ സഞ്ചരിച്ചിരുന്നത് എഐജി ആയിരുന്നതിനാലും വിവാദം ഒഴിവാക്കുന്നതിന് വേണ്ടിയും ഇത്തരം സാഹചര്യങ്ങളില്‍ ഡ്രൈവറുടെ മെഡിക്കല്‍ എടുക്കുന്ന പതിവുണ്ട്. ഇവിടെ അതുണ്ടായിട്ടില്ലെന്ന് മാത്രമല്ല, അയാളുടെ മൊഴി വാങ്ങി കാല്‍നടയാത്രികന്‍െ്റ വീഴ്ചയെന്ന് പറഞ്ഞ് എഫ്ഐആര്‍ എടുക്കുകയായിരുന്നു. തീര്‍ത്തും നിയമവിരുദ്ധമായ നടപടിയാണ് പോലീസിന്റെ ഭാഗത്തു നിന്നുണ്ടായത്. അധികാരദുര്‍വിനിയോഗം എഐജിയുടെ ഭാഗത്തു നിന്നുണ്ടായെന്നും വിമര്‍ശനം ഉണ്ട്. വാഹനം ഓടിച്ചിരുന്ന ഡ്രൈവറെ പ്രതിയാക്കാതിരുന്നത് എഐജിയുടെ സ്വകാര്യ യാത്രയുടെ ദുരൂഹത വര്‍ധിപ്പിക്കുന്നു. നിലവില്‍ ഇവിടെ പരുക്കേറ്റയാളുടെ മൊഴി വാങ്ങി വാഹനത്തിന്റെ ഡ്രൈവറെ പ്രതിയാക്കിയാണ് കേസ് എടുക്കേണ്ടിയിരുന്നത്. വി.ജി. വിനോദ്കുമാറിന്റെ പേരിലുള്ളതാണ് വാഹനം.

അട്ടിമറി വാര്‍ത്തയായതോടെ ഇതേപ്പറ്റി അന്വേഷിക്കാന്‍ ജില്ലാ പോലീസ് മേധാവി സി ബ്രാഞ്ച് ഡിവൈ.എസ്.പിയായിരുന്ന കെ.എ. വിദ്യാധരനെ ചുമതലപ്പെടുത്തി. സംഭവം അറിഞ്ഞിട്ടും സ്പെഷല്‍ ബ്രാഞ്ച് പോലീസുകാര്‍ റിപ്പോര്‍ട്ട് ചെയ്യാതിരുന്നതും വിവാദമായി. എഐജിയുടെ നിര്‍ദേശത്തിന് വഴങ്ങിയാണ് സ്പെഷല്‍ ബ്രാഞ്ചുകാര്‍ മൗനം പാലിച്ചത്. പത്തനംതിട്ട മുന്‍ എസ്പി കൂടിയായിരുന്ന വി.ജി. വിനോദ്കുമാറിന് വേണ്ടപ്പെട്ടവരാണ് എഫ്ഐആര്‍ അട്ടിമറിച്ചതും വിവരം രഹസ്യമാക്കി വച്ചതും.

വാഹനം തട്ടുമ്പോള്‍ വിനോദ്കുമാര്‍ വിചാരിച്ചിരുന്നത് നാട്ടുകാരില്‍ ആരോ ആണ് അപകടത്തില്‍പ്പെട്ടത് എന്നായിരുന്നു. എന്നാല്‍, നേപ്പാളിയാണെന്ന് മനസിലായതോടെയാണ് അട്ടിമറിക്കുള്ള കളമൊരുക്കിയത്. ഭാഷ അറിയാത്ത നേപ്പാളിയെ കുടുക്കി തന്റെ വാഹനം രക്ഷിച്ചെടുക്കാനുള്ള നീക്കമാണ് വിനോദ്കുമാര്‍ നടത്തിയത്. ആദ്യ ഭാഗം വിജയിച്ചെങ്കിലും സംഭവം വിവാദമായതോടെ കെണിയിലായി.

ഈ സംഭവം പുറത്തു വിട്ടത് മറുനാടന്‍ മലയാളിയാണ്. ഇതോടെ പരുക്കേറ്റ നേപ്പാളിയെ സ്വാധീനിച്ച് തങ്ങള്‍ക്ക് അനുകൂലമായി മൊഴി വാങ്ങാന്‍ വിനോദ്കുമാറും സംഘവും കളി തുടങ്ങിയിരുന്നു. ജീവന്‍ പ്രസാദിനെ രായ്ക്ക്രാമാനം നേപ്പാളിലേക്ക് മടക്കി അയയ്ക്കാനുള്ള ശ്രമം എസ്.പി ആര്‍. ആനന്ദിന്റെ ഇടപെടലിനെ തുടര്‍ന്ന് പാളി. നെടുമ്പാശേരി വിമാനത്താവളത്തിലേക്ക് പുറപ്പെട്ട ഇയാളെ എസ്പിയുടെ നിര്‍ദേശ പ്രകാരം തിരുവല്ലയില്‍ എത്തിച്ച് താലൂക്കാശുപത്രിയില്‍ അഡ്മിറ്റാക്കി പോലീസ് കാവലും ഏര്‍പ്പെടുത്തി. ജീവന്റെ തൊഴിലുടമയായ ചെങ്ങന്നൂര്‍ സ്വദേശിയായ യൂത്ത് കോണ്‍ഗ്രസ് നേതാവിനെ സ്വാധീനിച്ചാണ് ഇയാളെ കയറ്റി വിടാന്‍ ശ്രമിച്ചത്. ഇതിനായി കരുക്കള്‍ നീക്കിയത് കോട്ടയം ജില്ലയില്‍ നിന്നുള്ള യുവ എംഎല്‍എയായിരുന്നു.

Tags:    

Similar News