ഇന്നലെ രാത്രി കനകകുന്നിൽ ലൈറ്റ് കാണാൻ ഇറങ്ങിയവരുടെ ചെവികളിൽ മുഴങ്ങിയ ഇരമ്പൽ ശബ്ദം; ആകാശത്ത് നോക്കിയപ്പോൾ കണ്ടത് 250 അടി ഉയരത്തിൽ കുതിക്കുന്ന ഡ്രോണുകളെ; നിമിഷ നേരം കൊണ്ട് മുഖ്യനെ അടക്കം തെളിയിച്ച് ഷോ; കൂടെ തിളങ്ങി കളരി പയറ്റും; തലസ്ഥാനത്തെ തിരുവോണം കളറാകുമ്പോൾ
തിരുവനന്തപുരം: തലസ്ഥാന നഗരിയിൽ ആദ്യമായി സംഘടിപ്പിച്ച ഡ്രോൺ ലൈറ്റ് ഷോ കാണികൾക്ക് തന്നെ പുത്തൻ അനുഭവമായി. ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ നടന്ന ഈ ചരിത്രപരമായ പ്രദർശനം കേരളത്തിൻ്റെ തനിമയും വികസന നേട്ടങ്ങളും സമന്വയിപ്പിച്ച് ആകാശത്ത് വർണ്ണാഭമായ ദൃശ്യവിരുന്നൊരുക്കി. 700ലധികം ഡ്രോണുകൾ അണിനിരന്ന പ്രദർശനം മുഖ്യമന്ത്രി പിണറായി വിജയന്റെ മുഖം ഉൾപ്പെടെയുള്ള ദൃശ്യങ്ങളോടെയാണ് പ്രേക്ഷകരെ വിസ്മയിപ്പിച്ചത്.
കഴിഞ്ഞ ദിവസം രാത്രി യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിന് മുകളിൽ 250 അടി ഉയരത്തിൽ നടന്ന ലൈറ്റ് ഷോ, തിരുവോണത്തലേന്ന് രാത്രി 8.45 മുതൽ 9.15 വരെയാണ് അരങ്ങേറിയത്. മൂന്ന് ദിവസത്തെ പരിപാടിയുടെ ഭാഗമായി ആയിരത്തോളം ഡ്രോണുകളാണ് ഒരുക്കിയിരുന്നത്. കേരള ടൂറിസത്തിൻ്റെ നേതൃത്വത്തിൽ തലസ്ഥാനത്ത് ആദ്യമായി സംഘടിപ്പിക്കുന്ന ഇത്തരത്തിലുള്ള ലൈറ്റ് ഷോ കാണികൾക്ക് വിസ്മയക്കാഴ്ചയാണ് സമ്മാനിച്ചത്.
മന്ത്രിമാരായ മുഹമ്മദ് റിയാസ്, വി. ശിവൻകുട്ടി എന്നിവർ പ്രദർശനം കാണാൻ നേരത്തെ തന്നെ സ്റ്റേഡിയത്തിലെത്തിയിരുന്നു. 700ലധികം ഡ്രോണുകൾ അണിനിരന്ന പ്രദർശനം കേരളത്തിൻ്റെ തനിമ വിളിച്ചോതുന്ന കാഴ്ചകളോടെയാണ് ആരംഭിച്ചത്. കളരിപ്പയറ്റ്, ചെണ്ടമേളം, മാവേലി, ഓണസദ്യ തുടങ്ങിയ പരമ്പരാഗത കലാരൂപങ്ങൾ ഡ്രോണുകളുടെ സഹായത്തോടെ ആകാശത്ത് പുനരവതരിപ്പിച്ചു. തുടർന്ന്, നഗരത്തിൻ്റെ പ്രധാന വികസന ആകർഷണമായ വിഴിഞ്ഞം തുറമുഖത്തിൻ്റെ ദൃശ്യങ്ങളും ഡ്രോണുകൾ പ്രദർശിപ്പിച്ചു.
പ്രദർശനത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ മുഖം പ്രത്യക്ഷപ്പെട്ടത് കാണികൾക്കിടയിൽ വലിയ കൗതുകമുണർത്തി. ഏകദേശം 15 മിനിറ്റ് നീണ്ടുനിന്ന പ്രദർശനം സാങ്കേതികവിദ്യയുടെ സാധ്യതകളും കേരളത്തിൻ്റെ സാംസ്കാരിക പൈതൃകവും സമന്വയിപ്പിച്ചുകൊണ്ടുള്ളതായിരുന്നു.
ഈ ലൈറ്റ് ഷോ ഒരുക്കുന്നത് ആഗോള മുൻനിര ഡ്രോൺ ടെക്നോളജി കമ്പനിയായ ബോട്ട്ലാബ് ഡൈനാമിക്സാണ്. 2022 ജനുവരി 29ന് രാഷ്ട്രപതി ഭവനിലെ ബീറ്റിംഗ് റിട്രീറ്റ് ചടങ്ങിനായി 1,000 ഡ്രോണുകൾ ഉപയോഗിച്ച് ഇന്ത്യയിലെ ഏറ്റവും വലിയ ഡ്രോൺ ലൈറ്റ് ഷോ സംഘടിപ്പിച്ചതിൻ്റെ റെക്കോർഡ് ഈ കമ്പനിക്കാണ്.
വരും വർഷങ്ങളിൽ ഡ്രോൺ പ്രദർശനം കൂടുതൽ വിപുലമായി നടത്തുമെന്നും ഇത് ടൂറിസത്തെ പ്രോത്സാഹിപ്പിക്കാൻ സഹായിക്കുമെന്നും മന്ത്രി മുഹമ്മദ് റിയാസ് കൂട്ടിച്ചേർത്തു. തലസ്ഥാനത്ത് ആദ്യമായി നടക്കുന്ന ഈ ഡ്രോൺ ഷോ, വിനോദസഞ്ചാര സാധ്യതകൾ വർദ്ധിപ്പിക്കാനും നവീന സാങ്കേതികവിദ്യകളെ ജനങ്ങളിലേക്ക് എത്തിക്കാനും ലക്ഷ്യമിട്ടുള്ളതാണ്.
ഈ മൂന്നു ദിവസത്തെ ഡ്രോൺ ലൈറ്റ് ഷോ നാളെ സമാപിക്കും. തലസ്ഥാന നഗരിയിൽ ആദ്യമായി നടന്ന ഈ സാങ്കേതിക-സാംസ്കാരിക സംഗമം, അടുത്ത വർഷങ്ങളിൽ ഇത്തരം പരിപാടികൾക്ക് പ്രചോദനമാകുമെന്ന പ്രതീക്ഷയിലാണ് അധികൃതർ.