ഉത്രാടപ്പാച്ചില്‍ കഴിഞ്ഞ് നിറമനസില്‍ തിരുവോണം; ഓണക്കോടിയുടുത്ത് സദ്യയുണ്ട് പൊന്നോണം ആഘോഷിക്കാന്‍ ലോകമെമ്പാടുമുള്ള മലയാളികള്‍; മാവേലി ഭരണത്തിന്റെ ഓര്‍മ്മയില്‍ സന്തോഷത്തിന്റെയും സമൃദ്ധിയുടെയും ഉത്സവം; എല്ലാ മലയാളിക്കും മറുനാടന്‍ ടീമിന്റെ തിരുവോണാശംസ

Update: 2025-09-04 17:26 GMT

തിരുവനന്തപുരം: പൊന്നിന്‍ ചിങ്ങമാസത്തിലെ തിരുവോണദിനാഘോഷത്തിലാണ് മലയാളികള്‍. ഓണവിഭവങ്ങളും സദ്യകളും പായസവും ഒരുക്കി ഓണം ആഘോഷിക്കാനുള്ള തിരക്കിലാണ് മലയാളികള്‍. തിരുവോണ തലേന്നായ ഉത്രാട ദിനത്തില്‍ ഉത്രാടപ്പാടില്‍ പതിവുപോലെ ഗംഭീരമായി. ഉത്രാടപ്പാച്ചില്‍ കഴിഞ്ഞ് നിറ മനസ്സോടെയാണ് ഇക്കുറി ഓണം ആഘോഷിക്കുന്നത്. അത്തം നാളില്‍ തുടങ്ങിയ ഒരുക്കങ്ങളാണ് പൂര്‍ണതയിലെത്തുന്നത്. വര്‍ണാഭമായ ആഘോഷപ്പൊലിമയാണ് എങ്ങും. നഗരങ്ങളിലും ഗ്രാമങ്ങളിലും ഒരുപോലെ ഓണാഘോഷം നടക്കുന്നുണ്ട്.

മലയാളികളുടെ മഹോത്സവമാണ് തിരുവോണം. കേരളം വാണ നീതിമാനായ രാജാവ് മഹാബലി തന്റെ പ്രജകളെ കാണാനെത്തുന്ന ദിനമാണ് തിരുവോണം എന്ന് ഐതിഹ്യം. മലയാള മാസമായ ചിങ്ങമാസത്തിലെ തിരുവോണം നാളിലാണ് മലയാളികളുടെ ഈ പ്രധാന ആഘോഷം. ഓരോ ഓണവും വീണ്ടും പ്രതീക്ഷ ഉണര്‍ത്തി വന്നുപോകുന്നു. അസമത്വവും ചൂഷണവും ദുരയും പകയും കള്ളവും ചതിയുമില്ലാത്ത മാതൃകാഭരണം സംബന്ധിച്ച ഭാഗവത സങ്കല്‍പ്പമാണ് ഓണത്തിന്റെ പുരാവൃത്തം. അത്തം നാള്‍ തുടങ്ങി പത്താം ദിനം തിരുവോണമാണ്. ഐതിഹ്യപ്പെരുമയില്‍ ഊറ്റം കൊള്ളുന്ന ലോകമെമ്പാടുമുള്ള മലയാളികള്‍, പാട്ടിലും പഴങ്കഥകളിലും നിറയുന്ന ഗതകാലസ്മരണകളുടെ പുനരാവിഷ്‌കരണമെന്നോണം ഓണം ആഘോഷിക്കുന്നു.

മനം നിറയെ തുമ്പയും മുക്കൂറ്റിയും കാക്കപ്പൂവും വിരിയുന്ന കാലം. അതിരാവിലെ കുളിച്ച് കോടിയുടുപ്പിട്ട് തലേദിവസം പൂവട്ടി നിറച്ച പൂവുമായി മുറ്റത്ത് പൂക്കളം തീര്‍ക്കണം. അത്തം മുതല്‍ തീര്‍ത്ത കളങ്ങളെക്കാള്‍ വലിയ കളം തീര്‍ത്ത് മാവേലിയെ വരവേല്‍ക്കണം. ശ്രദ്ധയോടെ പ്രഥമ പരിഗണന നല്‍കി തയ്യാറാക്കേണ്ടത് വീട്ടുമുറ്റത്തെ പൂക്കളമാണ്. പഴയകാലത്ത് മിക്കവര്‍ക്കും ആണ്ടിലൊരിക്കല്‍ കിട്ടുന്ന പുതുവസ്ത്രം ഓണക്കോടി തന്നെ. കുട്ടികള്‍ക്ക് മഞ്ഞക്കോടി എന്ന തോര്‍ത്തിന്റെ വലിപ്പമുള്ള കസവുകരയോടു കൂടിയ ഒരു നേര്‍ത്ത വസ്ത്രം കൂടി കിട്ടാറുണ്ട്. പ്രായഭേദമെന്യേ മലയാളികള്‍ പുതുവസ്ത്രം ധരിച്ചാണ് തിരുവോണദിനം ആഘോഷിക്കുന്നത്.

നാക്കിലയില്‍ വിഭവങ്ങള്‍ വിളമ്പി ഒരുപിടി സദ്യയും കൂട്ടി വേണം ഓണത്തിന്റെ രുചിയറിയാന്‍. നാട്ടിലും വീട്ടിലും ഒരുപോലെ ആഘോഷം, അതാണ് തിരുവോണത്തിന്റെ പ്രത്യേകത. തിരുവോണ ദിനത്തില്‍ എപ്പോഴും മുന്നിട്ട് നില്‍ക്കുന്നത് ഓണസദ്യ തന്നെയാണ്. ഇതാണ് കുടുംബത്തിലെ ഏറ്റവും വലിയ ആഘോഷവും. എല്ലാവരും ഒത്തൊരുമിച്ചിരുന്നാണ് ഓണസദ്യ കഴിക്കുന്നത്. കാര്‍ഷിക സംസ്‌കാരത്തിന്റെ വിളവെടുപ്പുത്സവമായ ഓണം കാലക്രമേണ ഐശ്വര്യത്തിന്റെ, പ്രതീക്ഷയുടെ, ഒത്തു ചേരലിന്റെ ഉത്സവമായി പരിണമിക്കുകയായിരുന്നു.

ഉത്രാട പാച്ചിലില്‍ നിന്നാണ് തിരുവോണ ആഘോഷത്തിലേക്കുള്ള മലയാളിയുടെ പോക്ക്. ഓണക്കോടി എടുക്കാനും ഓണസദ്യയ്ക്കും ഓണത്തപ്പനെ വരവേല്‍ക്കാനുള്ള ഒരുക്കങ്ങള്‍ക്കും തിരക്കോടു തിരക്കായിരുന്നു. പച്ചക്കറി, പഴം, പൂവ്, പാല്‍, വസ്ത്രം വിപണികളിലായിരുന്നു ആളുകള്‍ ഒഴുകിയെത്തിയത്. കേരളത്തില്‍ അങ്ങോളമിങ്ങോളമുള്ള നഗര-ഗ്രാമ വ്യത്യാസമില്ലാതെ ചെറുതും വലുതുമായ വ്യാപാര സ്ഥാപനങ്ങളിലെല്ലാം തിരക്കായിരുന്നു. പുത്തന്‍ ട്രെന്‍ഡുകളുടെ ശേഖരവുമായി തുണിക്കടകള്‍ ഓണത്തെ വരവേല്‍ക്കാന്‍ നേരത്തെ തന്നെ ഒരുങ്ങിയിരുന്നു.

വന്‍കിട ബ്രാന്‍ഡുകളുടെ ഓഫറുകളുമായി ഓണക്കാലത്ത് സജീവമായിരുന്നു. പൂവിപണിയും സജീവമായിരുന്നു. ഓണച്ചന്ത, ഭക്ഷ്യമേള, വിപണനമേളയുമെല്ലാം നന്നു തിരുവോണസദ്യ അടിപൊളിയാക്കാനുള്ള ഒരുക്കങ്ങള്‍ വീടുകളില്‍ എന്നതു പോലെ നഗരങ്ങളിലെ കാറ്ററിംഗ് കേന്ദ്രങ്ങളിലും നടന്നു. ഹോട്ടലുകളില്‍ ഇന്നലെ ഉറക്കമില്ലാത്ത രാത്രിയായിരുന്നു. ബുക്കിംഗ് അനുസരിച്ച് സദ്യയുടെയും പായസത്തിന്റെയും മറ്റും വിതരണവും നടക്കുന്നു. വിഭവസമൃദ്ധമായ തിരുവോണ സദ്യയുമായി ഹോട്ടലുകളും ചയ്യാറാണ്.

പുത്തനുടുപ്പുകളും സദ്യയുമായി ഓണം പൊടിപൊടിക്കുമ്പോള്‍ ഇന്നത്തെ തലമുറയ്ക്ക് ഓണക്കളികള്‍ വലിയ പരിചയം കാണണമെന്നില്ല. അന്യം നിന്നുപോകുന്ന സാംസ്‌കാരിക വിനോദങ്ങളിലല്‍ ഒന്നാണ് ഓണക്കളികള്‍ ഗ്രാമങ്ങളില്‍ ചിലയിടങ്ങളില്‍ അരങ്ങേറുന്നുണ്ട്. കാമ്പസുകളിലേ ഓണാഘാഷവും പതിവുപോലെ നടന്നിരുന്നു. തിരുവാതിരയും ഓണത്തല്ലും പുലിക്കളിയുമെല്ലാം ഓണാഘോഷത്തിന്റെ ഭാഗങ്ങളാണ്. ഈ ഓണക്കളികളുടെ വരവു കൂടിയാണ് ഓണക്കാലം.

ഉത്രാടദിനം ഓണസദ്യയും ഓണക്കോടിയും ഒരുക്കാനുള്ള അവസാനവട്ട ഓട്ടത്തിന്റെ കാഴ്ചകളായിരുന്നു എങ്ങും. തുണിക്കടകളിലും പലചരക്ക് കടകളിലും പൂക്കടകളിലുമെല്ലാം ജനങ്ങളാല്‍ തിങ്ങിനിറഞ്ഞു. വ്യാഴാഴ്ച രാവിലെ മുതല്‍ വ്യാപാര സ്ഥാപനങ്ങളിലേക്ക് ആളുകള്‍ എത്തിത്തുടങ്ങിയിരുന്നു. സദ്യക്കുള്ള പച്ചക്കറികളും പലവ്യഞ്ജനങ്ങളും ഓണപ്പുടവകളും വീട്ടുപകരണങ്ങളുമെല്ലാം നേരത്തെ തന്നെ വാങ്ങിക്കൂട്ടാന്‍ തുടങ്ങിയെങ്കിലും അവസാനവട്ട ഒരുക്കങ്ങള്‍ക്കുള്ള ഉത്രാടപ്പാച്ചിലിലായിരുന്നു മിക്കവരും.

പലവ്യഞ്ജന പച്ചക്കറി കടകളിലായിരുന്നു തിരക്ക് കൂടുതല്‍. തുണിക്കടകളില്‍ ദിവസങ്ങള്‍ക്ക് മുന്നേ തുടങ്ങിയ തിരക്ക് ഉത്രാട ദിനത്തിലും തുടര്‍ന്നു.

തിരുവോണം പ്രമാണിച്ച് നാളെ (5.09.2025) ഓഫീസിന് അവധി ആയതിനാല്‍ മറുനാടന്‍ മലയാളിയില്‍ വാര്‍ത്തകള്‍ അപ്ഡേറ്റ് ചെയ്യുന്നതല്ല. പ്രിയ വായനക്കാര്‍ക്ക് ഹൃദയം നിറഞ്ഞ ഓണാശംസകള്‍- എഡിറ്റര്‍

Tags:    

Similar News