'കുഞ്ഞുങ്ങളുടെ മിഠായിക്ക് പോലും കോണ്‍ഗ്രസ് നികുതി ഈടാക്കി; ജിഎസ്ടി പരിഷ്‌കരണം കോടിക്കണക്കിന് ആളുകളെ സഹായിക്കാന്‍; സാധാരണക്കാര്‍ക്ക് ഗുണകരം; ജനങ്ങളുടെ ജീവിത നിലവാരം വര്‍ദ്ധിക്കും; രാജ്യത്തെ സ്വയം പ്രാപ്തിയിലേക്ക് നയിക്കുമെന്ന് പ്രധാനമന്ത്രി; അടുക്കള ബജറ്റ് മാത്രമല്ല, ഹോട്ടല്‍ ഭക്ഷണത്തിനും വിലകുറയും; വില കുറയുന്നതും കൂടുന്നതുമായ ഉല്‍പ്പന്നങ്ങളുടെ പട്ടിക

വില കുറയുന്നതും കൂടുന്നതുമായ ഉല്‍പ്പന്നങ്ങളുടെ പട്ടിക

Update: 2025-09-04 14:44 GMT

ന്യൂഡല്‍ഹി: ജിഎസ്ടി പരിഷ്‌കരണം രാജ്യത്തെ കോടിക്കണക്കിന് ജനങ്ങളെ സഹായിക്കാന്‍ വേണ്ടിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെ ഉത്തേജിപ്പിക്കാനാണ് ജിഎസ്ടിയില്‍ പരിഷ്‌കരണം കൊണ്ടുവന്നതെന്നും ഇതോടെ നികുതിയില്‍ വന്‍ ഇളവുകള്‍ വന്നു, കോണ്‍ഗ്രസ് സര്‍ക്കാര്‍ ജനങ്ങള്‍ക്ക് മേല്‍ നിരവധി നികുതികള്‍ ചുമത്തി എന്നാല്‍ എന്‍ഡിഎ സര്‍ക്കാര്‍ നിത്യോപയോഗ സാധനങ്ങള്‍ക്ക് നികുതി കുറച്ചു. ജിഎസ്ടി പരിഷ്‌കരണം സാധാരണക്കാര്‍ക്ക് ഗുണകരമാകും. ആരോഗ്യ ഇന്‍ഷുറന്‍സ് നികുതി കുറച്ചു. ജിഎസ്ടി പരിഷ്‌കരണത്തോടെ ജനങ്ങളുടെ ജീവിത നിലവാരം വര്‍ദ്ധിക്കും. രാജ്യത്ത് ഉപഭോഗവും വളര്‍ച്ചയും കൂടും, വികസിത ഭാരതത്തിനായി കോര്‍പ്പറേറ്റീവ് ഫെഡറലിസം കൂടുതല്‍ ശക്തി പ്രാപിക്കും. ജിഎസ്ടി മാത്രമല്ല എന്‍ഡിഎ സര്‍ക്കാര്‍ ആദായനികുതിയും കുറച്ചു എന്നും മോദി പറഞ്ഞു.

ജിഎസ്ടിയില്‍ പ്രതിപക്ഷത്തിനെതിരെയും പ്രധാനമന്ത്രി വിമര്‍ശനമുയര്‍ത്തി. കുഞ്ഞുങ്ങളുടെ മിഠായിക്ക് പോലും കോണ്‍ഗ്രസ് നികുതി ഈടാക്കി. യുപിഎ സര്‍ക്കാര്‍ സ്വീകരിച്ചത് മധ്യവര്‍ഗ വിരുദ്ധ മനോഭാവമാണ്. ജി എസ് ടി പരിഷ്‌കരണം സാധാരണക്കാര്‍ക്ക് ഗുണകരമാകും. എന്‍ഡിഎ സര്‍ക്കാര്‍ നിത്യോപയോഗ സാധനങ്ങള്‍ക്ക് നികുതി കുറച്ചുവെന്നും അദ്ദേഹം പറഞ്ഞു. ഇത്തരം പരിഷ്‌കരണങ്ങള്‍ രാജ്യത്തെ സ്വയം പ്രാപ്തിയിലേക്ക് നയിക്കും. മറ്റുള്ളവരെ ആശ്രയിക്കുമ്പോള്‍ രാജ്യം വലിയ വേഗതയില്‍ പുരോഗതി നേടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ദീപാവലി സമ്മാനമായി പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ച ജി.എസ്.ടി പരിഷ്‌കരണത്തിന് ജി.എസ്.ടി കൗണ്‍സില്‍ അംഗീകാരം നല്‍കിയിരിക്കുകയാണ്. 2017ല്‍ നിലവില്‍ വന്നശേഷം ആദ്യമായാണ് ജി.എസ്.ടിയില്‍ സമഗ്രപരിഷ്‌കരണം കൊണ്ടുവരുന്നത്.

രാജ്യത്തെ ജി എസ് ടിയില്‍ സമഗ്രമായ അഴിച്ചുപണിക്ക് കേന്ദ്ര സര്‍ക്കാര്‍ തയ്യാറായതോടെ സാധാരണക്കാര്‍ക്ക് വലിയ ആശ്വാസമാണ് ലഭിക്കാന്‍ പോകുന്നത്. നിത്യോപയോഗ സാധനങ്ങളുടെയെല്ലാം നികുതിയില്‍ വലിയ ഇളവാണ് ജിഎസ്ടി കൗണ്‍സില്‍ യോഗത്തിന് ശേഷം ധനമന്ത്രി നിര്‍മല സീതാരാമന്‍ പ്രഖ്യാപിച്ചത്. പാലിനും ജീവന്‍ രക്ഷ മരുന്നുകള്‍ക്കുമടക്കം വലിയ നികുതിയിളവ് ലഭിക്കും. എന്നാല്‍ സിഗററ്റിനും പാന്‍മസാല ഉത്പന്നങ്ങള്‍ക്കും ആഡംബര സാധനങ്ങള്‍ക്കും വില കൂടുകയും ചെയ്യും. വ്യക്തിഗത ലൈഫ് ഇന്‍ഷുറന്‍സ്, ആരോഗ്യ ഇന്‍ഷുറന്‍സ് എന്നിവയെ ജി എസ് ടിയില്‍ നിന്ന് ഒഴിവാക്കി. മോട്ടോര്‍ സൈക്കിളിനും ചെറിയ കാറിനും വില കുറയും. 33 ജീവന്‍ രക്ഷാ മരുന്നുകള്‍ക്കും നികുതിയില്ല. സിമന്റ്, മാര്‍ബിള്‍, ഗ്രാനൈറ്റ് എന്നിവയുടെ വിലയും കുറയും. സെപ്തംബര്‍ 22 മുതല്‍ പുതിയ നികുതി ഘടന നിലവില്‍ വരും.

സാധാരണ വീട്ടുപകരണങ്ങള്‍ക്കെല്ലാം വലിയ വില വ്യത്യാസമാകും പുതിയ ജി എസ് ടി ഘടന നിലവില്‍ വരുമ്പോള്‍ ഉണ്ടാകുക. ഹെയര്‍ ഓയില്‍, ടോയ്ലറ്റ് സോപ്പുകള്‍, ഷാംപൂകള്‍, ടൂത്ത് ബ്രഷുകള്‍, ടേബിള്‍വെയര്‍, അടുക്കള ഉപകരണങ്ങള്‍ എന്നിവയുടെ ജി എസ് ടി 18% ല്‍ നിന്ന് 5% ആയി കുറയും. യു എ ച്ച്ടി പാല്‍, പനീര്‍, ഇന്ത്യന്‍ ബ്രെഡുകള്‍ എന്നിവയെ ജിഎസ്ടിയില്‍ നിന്ന് പൂര്‍ണ്ണമായും ഒഴിവാക്കി. അവയുടെ നിരക്കുകള്‍ 5% ല്‍ നിന്ന് പൂജ്യമായി കുറച്ചു. നംകീന്‍, ബുജിയ, സോസുകള്‍, പാസ്ത, കോണ്‍ഫ്‌ലെക്‌സ്, നെയ്യ് തുടങ്ങിയ പാക്കേജ് ചെയ്ത ഭക്ഷ്യ ഉല്‍പ്പന്നങ്ങള്‍ പുതിയ ജി എസ് ടിയില്‍ 5% സ്ലാബിന് കീഴില്‍ വരും.

ആരോഗ്യ സംരക്ഷണ ചെലവുകള്‍ക്കുള്ള ഒരു പ്രധാന ആശ്വാസമായി 33 ജീവന്‍ രക്ഷാ മരുന്നുകള്‍ക്കും മരുന്നുകള്‍ക്കും നികുതി ഒഴിവാക്കി. കണ്ണടകളുടെ വിലയും കുത്തനെ കുറയും. 28% ല്‍ നിന്ന് 5% ആയി. ഓട്ടോമൊബൈലുകളും കണ്‍സ്യൂമര്‍ ഡ്യൂറബിള്‍സും ഏറ്റവും കൂടുതല്‍ നേട്ടമുണ്ടാക്കിയ വിഭാഗങ്ങളില്‍ ഉള്‍പ്പെടുന്നു. എയര്‍ കണ്ടീഷണറുകള്‍, ഡിഷ് വാഷിംഗ് മെഷീനുകള്‍, 32 ഇഞ്ചില്‍ കൂടുതലുള്ള ടിവികള്‍ എന്നിവയുടെ വില 28% ല്‍ നിന്ന് 18% ആയി കുറയും.

വലിപ്പം പരിഗണിക്കാതെ എല്ലാ ടിവികള്‍ക്കും ഇപ്പോള്‍ 18% ജിഎസ്ടി ബാധകമാണ്. 350 സിസിയില്‍ താഴെയുള്ള ചെറുകാറുകള്‍ക്കും മോട്ടോര്‍ സൈക്കിളുകള്‍ക്കും മുച്ചക്ര വാഹനങ്ങള്‍ക്കും 28% ല്‍ നിന്ന് 18% ആയി. 1200 സിസിയില്‍ താഴെയുള്ള പെട്രോള്‍ കാറുകള്‍ക്കും 1500 സിസിയില്‍ താഴെയുള്ള ഡീസല്‍ കാറുകള്‍ക്കും ഇനി 18% ജി എസ് ടി ഈടാക്കും. ബസുകള്‍, ട്രക്കുകള്‍, ആംബുലന്‍സുകള്‍ തുടങ്ങിയ വലിയ യാത്രാ വാഹനങ്ങളും 18% ല്‍ താഴെയാണ്, കൂടാതെ എല്ലാ ഓട്ടോ ഭാഗങ്ങളും ഒരേ നിരക്കില്‍ ഏകീകരിക്കപ്പെടുന്നു. മാര്‍ബിള്‍, ഗ്രാനൈറ്റ് എന്നിവയുടെ വിലയും കുറയും.

അതേസമയം,ചില ഉത്പനങ്ങള്‍ക്ക് 40 ശതമാനം ജി എസ് ടി ചുമത്തിയിട്ടുണ്ടെന്നും കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ പറഞ്ഞു. പാന്‍ മസാല, സിഗരറ്റ്, ഗുട്ട്ക, ചവയ്ക്കുന്ന പുകയില പോലുള്ള മറ്റ് പുകയില ഉല്‍പ്പന്നങ്ങള്‍, സര്‍ദ പോലുള്ള ഉല്‍പ്പന്നങ്ങള്‍, ബീഡി എന്നിവയാണ് ഈ നിരക്കിന്റെ പരിധിയില്‍ വരുന്നത്. പഞ്ചസാര, മധുരപലഹാരങ്ങള്‍, കഫീന്‍ അടങ്ങിയ പാനീയങ്ങള്‍, പഴച്ചാറുകള്‍ അടങ്ങിയ കാര്‍ബണേറ്റഡ് പാനീയങ്ങള്‍, പഴച്ചാറുകള്‍ അടങ്ങിയ കാര്‍ബണേറ്റഡ് പാനീയങ്ങള്‍, മദ്യം ഇല്ലാത്ത പാനീയങ്ങള്‍ എന്നിവയുള്‍പ്പെടെ എല്ലാ സാധനങ്ങളും 40 ശതമാനം ജി എസ് ടിയുടെ പരിധിയില്‍ വരും.

സെപ്തംബര്‍ 22 മുതല്‍ ജിഎസ്ടി സ്ലാബ് ഘടന മാറും. അഞ്ച് ശതമാനത്തിന്റെയും 18 ശതമാനത്തിന്റെയും രണ്ട് സ്ലാബുകള്‍ മാത്രമേ ഉണ്ടാകുകയുള്ളൂ.12 ശതമാനം ജിഎസ്ടിയുള്ള 99 ശതമാനം ഉത്പന്നങ്ങളുടെയും നികുതി അഞ്ച് ശതമാനമായി കുറയും. 28 ശതമാനം നികുതിയുള്ള 90 ശതമാനം ഉത്പന്നങ്ങളുടെ നികുതി 18 ശതമാനമാകും. ആഡംബര ഉത്പന്നങ്ങള്‍, ലഹരി വസ്തുക്കള്‍, പുകയില ഉത്പന്നങ്ങള്‍ എന്നിവയ്ക്ക് 40 ശതമാനം ജിഎസ്ടി ഏര്‍പ്പെടുത്തും.

പുതുക്കിയ ജിഎസ്ടി ഘടനയില്‍, മിക്ക ദൈനംദിന ഭക്ഷണങ്ങളും പലചരക്ക് വസ്തുക്കളും അഞ്ച് ശതമാനം ജിഎസ്ടി സ്ലാബില്‍ ഉള്‍പ്പെടും. ഇതോടെ ഇന്ത്യക്കാര്‍ ഭക്ഷണത്തിന് വേണ്ടിമാറ്റിവച്ച ബജറ്റ് കുറയും. മാത്രമല്ല, പുറത്തുപോയി കഴിക്കുന്ന ഭക്ഷണങ്ങള്‍ക്കും വിലകുറയും.

ഭക്ഷണ ബജറ്റ് കുറയും

ജിഎസ്ടി പരിഷ്‌കാരങ്ങള്‍ ഭക്ഷ്യവസ്തുക്കളുടെ വിലയില്‍ വലിയ മാറ്റമുണ്ടാക്കും. അടുക്കള ബഡ്ജറ്റിന് ഇത് വലിയ ആശ്വാസമുണ്ടാക്കും. ഒരു കുടുംബത്തിന് ഏറ്റവും ആവശ്യമായ ഭക്ഷ്യഉത്പന്നമായ പാലിനെ നികുതിയില്‍ നിന്ന് ഒഴിവാക്കി. കണ്ടന്‍സ്ഡ് മില്‍ക്ക്, വെണ്ണ, നെയ്യ്, പനീര്‍, ചീസ് എന്നിവ 12 ശതമാനത്തില്‍ നിന്ന് അഞ്ച് ശതമാനമായി. നേരത്തെ 18 ശതമാനം നികുതി ഉണ്ടായിരുന്ന പറാത്തകള്‍ക്ക് ജിഎസ്ടി പൂജ്യത്തിലേക്ക് നീങ്ങി.മാള്‍ട്ട്, സ്റ്റാര്‍ച്ച്, പാസ്ത, കോണ്‍ഫ്ളേക്കുകള്‍, ബിസ്‌കറ്റുകള്‍, ചോക്ലേറ്റുകള്‍, കൊക്കോ ഉല്‍പ്പന്നങ്ങള്‍ തുടങ്ങിയ ഉല്‍പ്പന്നങ്ങളുടെ ജിഎസ്ടി അഞ്ച് ശതമാനമായി കുറയും. ശുദ്ധീകരിച്ച പഞ്ചസാര, പഞ്ചസാര സിറപ്പുകള്‍, മിഠായി, മധുരപലഹാരങ്ങള്‍ തുടങ്ങിയ മിഠായി ഇനങ്ങളും അഞ്ച് ശതമാനം സ്ലാബിലേക്ക് മാറ്റി. നേരത്തെ, ഈ ഇനങ്ങള്‍ക്ക് 18 ശതമാനമായിരുന്നു ജിഎസ്ടി.

കോഫി എക്‌സ്ട്രാക്ട്, ടി എക്‌സ്ട്രാക്ട്, സൂപ്പ്, പ്ലാന്റ് ബേസ്ഡ് പാനീയങ്ങള്‍ എന്നിവയുടെ നികുതി 18 ശതമാനത്തില്‍ നിന്ന് അഞ്ച് ശതമാനമാകുന്നതോടെ അവയുടെ വില കുറയും. എന്നാല്‍ കാര്‍ബണേറ്റഡ് പാനീയങ്ങള്‍ക്കും എയറേറ്റഡ് വെള്ളത്തിനും മുമ്പത്തെ 28 ശതമാനത്തില്‍ നിന്ന് 40 ശതമാനം ജിഎസ്ടി ഈടാക്കും.നേരത്തെ 12 ശതമാനം സ്ലാബില്‍ ഉണ്ടായിരുന്ന ബദാം, പിസ്ത, ഹേസല്‍നട്ട്, കശുവണ്ടി, ഈന്തപ്പഴം തുടങ്ങിയവ അഞ്ച് ശതമാനം സ്ലാബിലേക്ക് മാറ്റി. സസ്യ എണ്ണകള്‍, ഭക്ഷ്യയോഗ്യമായ സ്പ്രെഡുകള്‍, സോസേജുകള്‍, മത്സ്യ ഉല്‍പ്പന്നങ്ങള്‍, മാള്‍ട്ട് സത്ത് അടിസ്ഥാനമാക്കിയുള്ള പാക്കേജുചെയ്ത ഭക്ഷണങ്ങള്‍ എന്നിവയെല്ലാം അഞ്ച് ശതമാനം സ്ലാബിലേക്ക് മാറ്റി.

അച്ചാര്‍ രൂപത്തിലുള്ള പച്ചക്കറികള്‍, പഴങ്ങള്‍, ഫ്രോസണ്‍ പച്ചക്കറികള്‍, ജാം, ജെല്ലികള്‍, സോസുകള്‍, സൂപ്പുകള്‍, മയോണൈസ്, സാലഡ് ഡ്രെസ്സിംഗുകള്‍ തുടങ്ങിയയും അഞ്ച് ശതമാനം സ്ലാബില്‍ വരും.

പുതിയ ജിഎസ്ടി പരിഷ്‌കാരങ്ങള്‍ കാരണം വിലകുറഞ്ഞത് അടുക്കളയിലെ അവശ്യവസ്തുക്കളുടെ മാത്രമല്ല. ജിഎസ്ടി അഞ്ച് ശതമാനമായി കുറച്ചതിനാല്‍ റസ്റ്റോറന്റുകളിലെ ഭക്ഷണങ്ങള്‍ക്കും വില കുറയും. അതായത്, പ്രതിമാസം ശരാശരി 3,000 മുതല്‍ 4,000 രൂപ വരെ ചെലവഴിച്ചിരുന്ന ഏതൊരു കുടുംബത്തിനും ഇപ്പോള്‍ പ്രതിമാസം 200 മുതല്‍ 400 രൂപ വരെ ലാഭിക്കാന്‍ കഴിയും. ഉത്സവ, വിവാഹ സീസണ്‍ അടുക്കുമ്പോള്‍ കൂടിയാണ് പുതിയ പരിഷ്‌കാരം എന്നത് ശ്രദ്ധേയമാണ്.

സെപ്റ്റംബര്‍ 22 മുതല്‍ പ്രാബല്യത്തില്‍

ആഭ്യന്തര തലത്തിലുള്ള ഉപഭോഗം വര്‍ധിപ്പിക്കാനും യു.എസ് തീരുവയുടെ സാമ്പത്തിക ആഘാതം കുറക്കാനും ലക്ഷ്യമിട്ടാണ് സ്ലാബുകള്‍ അഞ്ചുശതമാനവും 18 ശതമാനവുമായി പരിമിതപ്പെടുത്തി ജി.എസ്.ടി കൗണ്‍സില്‍ നിരക്ക് പരിഷ്‌കരണത്തിന് അംഗീകാരം നല്‍കിയത്. 12 ശതമാനത്തില്‍ ഉള്‍പ്പെട്ടിരുന്ന 99 ശതമാനം ഉല്‍പ്പന്നങ്ങളും അഞ്ച് ശതമാനത്തിലായി. 28 ശതമാനമുണ്ടായിരുന്ന 90 ശതമാനവും 18 ശതമാനത്തിലും ഉള്‍പ്പെടുത്തി.

കൗണ്‍സില്‍ നിലവിലുള്ള നാല് സ്ലാബുകള്‍ (5, 12, 18, 28 ) 5 ശതമാനം, 18 ശതമാനം എന്നിങ്ങനെ രണ്ട് നിരക്കുകളാക്കി കുറച്ചു. എന്നാല്‍ ആഡംബര കാറുകള്‍, പുകയില, സിഗരറ്റുകള്‍ തുടങ്ങിയ തിരഞ്ഞെടുത്ത ചില ഇനങ്ങള്‍ക്ക് 40 ശതമാനം പ്രത്യേക സ്ലാബ് നിര്‍ദേശിച്ചിട്ടുണ്ട്. പാന്‍ മസാല, ഗുഡ്ക, സിഗരറ്റുകള്‍, സര്‍ദ പോലുള്ള ചവയ്ക്കുന്ന പുകയില ഉല്‍പ്പന്നങ്ങള്‍, പുകയില, ബീഡി എന്നിവ ഒഴികെയുള്ള എല്ലാ ഉല്‍പ്പന്നങ്ങള്‍ക്കും പുതിയ നിരക്കുകള്‍ ബാധകമാണ്.

വില കുറയുന്നവ

1. നിലവില്‍ അഞ്ചു ശതമാനം നികുതിയുണ്ടായിരുന്ന ചപ്പാത്തി, പൊറോട്ട, ബ്രഡ് എന്നിവയുടെ നികുതി പൂര്‍ണമായും ഒഴിവാക്കി.

2. ചൂടാക്കിയ പാല്‍, ചെന, പനീര്‍, പിസ, ബ്രഡ് എന്നിവയുടെയും നികുതി ഒഴിവാക്കി.

3. നെയ്യ്, വെണ്ണ, നട്‌സ്, കണ്ടന്‍സ്ഡ് മില്‍ക്ക്, സോസേജസ്, മാംസം, ജാം, ഫ്രൂട്ട് ജെല്ലീസ്, ഇളനീര്‍ വെള്ളം, 20 ലിറ്ററിന്റെ ?കുടിവെള്ള ബോട്ടിലുകള്‍, ഫ്രൂട് പള്‍പ്പ്, ഫ്രൂട് ജ്യൂസ്, ഐസ്‌ക്രീം, പേസ്ട്രി, ബിസ്‌കറ്റ്, കോണ്‍ ഫ്‌ലേക്‌സ്, ധാന്യങ്ങള്‍, പഞ്ചസാര മിഠായി എന്നിവയുടെ നികുതി 18 ശതമാനത്തില്‍നിന്ന് അഞ്ചുശതമാനമാക്കി കുറച്ചു.

4. ചീസടക്കമുള്ള ഭക്ഷ്യസാധനങ്ങളുടെ ജി.എസ്.ടി 12 ശതമാനത്തില്‍ നിന്ന് അഞ്ചു ശതമാനമായി കുറച്ചു.

5. സോയ മില്‍ക്ക് പോലുള്ള ഉല്‍പ്പന്നങ്ങള്‍, സസ്യഎണ്ണ, മൃഗക്കൊഴുപ്പ്, സോസേജ്, മത്സ്യ ഉല്‍പ്പന്നങ്ങള്‍ എന്നിവയുടെ ജി.എസ്.ടി 12 ശതമാനത്തില്‍നിന്ന് അഞ്ചു ശതമാനമായി കുറച്ചു.

വീട്ടു സാധനങ്ങള്‍

1. ടൂത്ത് പൗഡര്‍, ഫീഡിങ് ബോട്ടിലുകള്‍, ടേബിള്‍വെയര്‍, കിച്ചണ്‍വെയര്‍, കുടകള്‍, പാത്രങ്ങള്‍, സൈക്കിള്‍, ബാംബൂ ഫര്‍ണിച്ചര്‍ എന്നിവയുടെ ജി.എസ്.ടി 12 ശതമാനത്തില്‍നിന്ന് അഞ്ചുശതമാനമായി കുറച്ചു.

2. ഷാംപൂ, ടാല്‍കം പൗഡര്‍, ടൂത്ത് പേസ്റ്റ്, ഫേസ് പൗഡര്‍, സോപ്പ്, ഹെയര്‍ ഓയില്‍ എന്നിവയുടെ ജി.എസ്.ടി 18 ശതമാനത്തില്‍ നിന്ന് അഞ്ചു ശതമാനമാക്കി കുറച്ചു.

3. എയര്‍ കണ്ടീഷനര്‍, ഡിഷ് വാഷര്‍, ടെലിവിഷന്‍ എന്നിവയുടെ ജി.എസ്.ടി 28 ശതമാനത്തില്‍നിന്ന് 18 ശതമാനമായി കുറച്ചു.

സ്റ്റേഷനറി സാധനങ്ങള്‍

മാപ്പ്, ചാര്‍ട്ടുകള്‍, പെന്‍സില്‍, ഷാര്‍പ്‌നെര്‍, ക്രയോണ്‍, നോട്ട്ബുക്കുകള്‍ എന്നിവയുടെ നികുതി 12ശതമാനത്തില്‍ നിന്ന് പൂര്‍ണമായി ഒഴിവാക്കി.

അതുപോലെ ഇറേസറുകളുടെ നികുതി അഞ്ചു ശതമാനത്തില്‍നിന്ന് പൂര്‍ണമായി ഒഴിവാക്കി.

ചെരിപ്പ്, ടെക്‌സ്‌റ്റൈല്‍സ് ഉല്‍പ്പന്നങ്ങളുടെ ജി.എസ്.ടി 12 ശതമാനത്തില്‍ നിന്ന് അഞ്ചുശതമാനമായി കുറച്ചു.

ജീവന്‍ രക്ഷാ മരുന്നുകള്‍, ഉപകരണങ്ങള്‍, ചില മെഡിക്കല്‍ ഉപകരണങ്ങള്‍ എന്നിവയുടെ നികുതി ഒഴിവാക്കുകയോ 18 ശതമാനത്തില്‍ നിന്ന്

12 ശതമാനമായി കുറക്കുകയോ ചെയ്തു.

തെര്‍മോമീറ്ററിന്റെ ജി.എസ്.ടി 18ല്‍ നിന്ന് അഞ്ചു ശതമാനമാക്കി. മെഡിക്കല്‍ ഗ്രേഡ് ഓക്സിജന്‍, പരിശോധന കിറ്റുകള്‍: 12 ല്‍നിന്ന് അഞ്ചിലേയ്ക്ക് താഴ്ത്തി. ഗ്ലൂക്കോമീറ്റര്‍, ടെസ്റ്റ് സ്ട്രിപ്സ്: 12 ല്‍നിന്ന് അഞ്ചായി കുറച്ചു.

ഇന്‍ഷുറന്‍സ് ആന്‍ഡ് പോളിസീസ്

നിലവില്‍ 18 ശതമാനമായിരുന്ന ഹെല്‍ത്ത് ഇന്‍ഷുറന്‍സ് പോളിസി: ജി.എസ്.ടി ഒഴിവാക്കി.

ഹോട്ടല്‍ നികുതി, വിമാനങ്ങള്‍

7,500 രൂപയില്‍ താഴെയുള്ള ഹോട്ടല്‍ റൂമുകള്‍ക്ക് അഞ്ച് ശതമാനമാക്കി.

ഇക്കോണമി ക്ലാസ് വിമാന ടിക്കറ്റുകള്‍ക്ക് ജി.എസ്.ടി അഞ്ചു ശതമാനമാക്കി.

വാഹനം

350 സിസി വരെയുള്ള മോട്ടോര്‍സൈക്കിളിന്റെ ജി.എസ്.ടി 28ശതമാനത്തില്‍നിന്ന് 18 ശതമാനമായി കുറച്ചു.

ചെറിയ കാറുകളുടെ നികുതി 28 ശതമാനത്തില്‍നിന്ന് 18 ശതമാനമാക്കി. 10ല്‍ കൂടുതല്‍ പേര്‍ക്ക് യാത്രചെയ്യാവുന്ന ബസുകളും വാഹനങ്ങളും : 28 ശതമാനത്തില്‍നിന്ന് 18 ശതമാനമാക്കി.

1200 സിസിവരെ എന്‍ജിന്‍ ശേഷിയും നാല് മീറ്റര്‍വരെ നീളവുമുള്ള പെട്രോള്‍, എല്‍.പി.ജി, സി.എന്‍.ജി കാറുകള്‍ക്കും 1,500 സിസി വരെയുള്ള ഡീസല്‍ കാറുകള്‍ക്കും ഇത് ബാധകം.

നിര്‍മാണ മേഖല

സിമന്റിന്റെ ജി.എസ്.ടി 28 ശതമാനത്തില്‍ നിന്ന് 18 ശതമാനമായി കുറച്ചു.

തയ്യല്‍ മെഷീനിന്റെയും ഭാഗങ്ങളുടെയും ജി.എസ്.ടി 12 ശതമാനത്തില്‍നിന്ന് അഞ്ചു ശതമാനമാക്കി കുറച്ചു.

ഹെല്‍ത്ത് ക്ലബ്ബുകള്‍, സലൂണുകള്‍, ഫിറ്റ്‌നസ് സെന്ററുകള്‍, യോഗ കേന്ദ്രങ്ങള്‍ എന്നിവയിലെ ജി.എസ്.ടി 18 ശതമാനത്തില്‍നിന്ന് അഞ്ചു ശതമാനമാക്കി.

വില കൂടുന്നവ

കൊക്ക കോള, പെപ്സി തുടങ്ങിയവയുടെയും കാര്‍ബണേറ്റഡ് പാനീയങ്ങളുടെയും ജി.എസ്.ടി 28 ശതമാനത്തില്‍നിന്ന് 40 ശതമാനമായി വര്‍ധിപ്പിച്ചു.

കഫീന്‍ അടങ്ങിയ പാനീയങ്ങളുടെയും നികുതി 40 ശതമാനമാക്കി. പഞ്ചസാരയോ മറ്റ് മധുര പദാര്‍ഥങ്ങളോ ചേര്‍ത്തതോ ഫ്ളേവര്‍ നല്‍കിയതോ ആയ എല്ലാ ഉല്‍പ്പന്നങ്ങള്‍ക്കും ജി.എസ്.ടി 28 ശതമാനത്തില്‍നിന്ന് 40 ശതമാനമാക്കിയിട്ടുണ്ട്.

1200 സി.സിക്ക് മുകളിലിലുള്ളതും നാല് മീറ്ററില്‍ കൂടുതല്‍ നീളമുള്ളതുമായ വാഹനങ്ങളുടെ നിരക്ക് 40 ശതമാനമായി. 350 സിസിക്ക് മുകളിലുള്ള മോട്ടോര്‍ സൈക്കിളുകള്‍, ഉല്ലാസ നൗകകള്‍, സ്വകാര്യ ആവശ്യത്തിനുള്ള വിമാനങ്ങള്‍, റേസിങ് കാറുകള്‍ എന്നിവക്ക് ഉയര്‍ന്ന സ്ലാബ് ബാധകമാകും.

കോവിഡ് കാലത്ത് സംസ്ഥാനങ്ങള്‍ക്കുണ്ടായ നഷ്ടം നികത്താന്‍ എടുത്ത വായ്പകള്‍ തിരിച്ചടയ്ക്കുന്നതുവരെ പുകയിലയ്ക്കും അതുമായി ബന്ധപ്പെട്ട ഉത്പന്നങ്ങള്‍ക്കും 28 ശതമാനം ജി.എസ്.ടിയും നഷ്ടപരിഹാര സെസും ബാധകമായിരിക്കും. അത് കഴിഞ്ഞാല്‍ ഉയര്‍ന്ന നിരക്കായ 40 ശതമാനത്തിലേക്ക് മാറും.


തിരുവോണം പ്രമാണിച്ച് നാളെ (5.09.2025) ഓഫീസിന് അവധി ആയതിനാല്‍ മറുനാടന്‍ മലയാളിയില്‍ വാര്‍ത്തകള്‍ അപ്‌ഡേറ്റ് ചെയ്യുന്നതല്ല. പ്രിയ വായനക്കാര്‍ക്ക് ഹൃദയം നിറഞ്ഞ ഓണാശംസകള്‍- എഡിറ്റര്‍.

Tags:    

Similar News