സദ്യ കഴിഞ്ഞാല്‍ ഇല താഴെ നിന്നും മുകളിലോട്ട് ആണ് മടക്കേണ്ടത് എന്ന് കൊച്ചുകുട്ടികള്‍ക്ക് പോലും അറിയാം! ക്യാപ്റ്റന് ഇത് അറിയില്ല എന്ന് ഒരു കൂട്ടര്‍; പോരാളി ഷാജിയും കണ്ണൂര്‍ ആര്‍മിയും ചര്‍ച്ചയാക്കിയത് 'തുടരും' എന്ന വിശ്വാസം; പിണറായിയെ പോലെ മോദിയും ഓണ സദ്യ കഴിച്ചാല്‍ എന്തു സംഭവിക്കും? അയ്യപ്പ സംഗമ കാലത്ത് സൈബര്‍ സഖാക്കളും വിശ്വാസികള്‍!

Update: 2025-09-04 12:21 GMT

തിരുവനന്തപുരം: 'വിശ്വാസ ചര്‍ച്ചയ്ക്ക്' പുതിയ തലം നല്‍കി ഓണസദ്യ ഇല മടക്കലും. ആര്‍ക്കെങ്കിലും ഇപ്പോഴത്തെ പദവിയില്‍ തുടരണമെന്ന് ഉണ്ടെങ്കില്‍ ഓണ സദ്യ കഴിച്ച ശേഷം ഇല കഴിച്ച ആളിന്റെ ഭാഗത്തേക്ക് മടക്കിയാല്‍ മതി! ഈ ഓണക്കാലത്ത് ഈ അറിവ് മലയാളിയ്ക്ക് പകര്‍ന്ന് നല്‍കുന്നത് പോരാളി ഷാജിയെ പോലുള്ള ഇടത് സൈബര്‍ 'ബുദ്ധി ജീവികളാണ്'! 2025ലെ ഓണക്കാലത്ത് അവരും വിശ്വാസ ചിന്തയിലേക്ക് മാറുകായണ്. എല്ലാ വിശ്വാസികളേയും സിപിഎം ഉള്‍ക്കൊള്ളുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ പരസ്യമായി പ്രഖ്യാപിച്ചതിന് ശേഷമാണ് ഓണസദ്യ കഴിച്ച ശേഷമുള്ള ഇല മടക്കലിലും ഇടതു സൈബര്‍ പോരാളികള്‍ 'വിശ്വാസം' കണ്ടെത്തുന്നത്. എല്ലാ ആര്‍ത്ഥത്തിലും 'തുടരണം' എന്ന തുടര്‍ച്ചാ വഴിയിലേക്ക് ഇല മടക്കിയത് മുഖ്യമന്ത്രി പിണറായി വിജയനാണ്. നരേന്ദ്ര മോദിയ്ക്ക് പ്രധാനമന്ത്രി പദത്തില്‍ തുടരാനും ഓണ സദ്യ കഴിച്ച ശേഷം ഇല കഴിച്ച ആളിന്റെ ഭാഗത്തേക്ക് മടക്കിയാല്‍ മതിയോ എന്ന ചോദ്യമാണ് ഈ പോരാളി ഷാജിമാരുടെ പുതിയ വിശ്വാസ തിയറി താമശയ്‌ക്കെങ്കിലും ഉയര്‍ത്തുന്ന ചോദ്യം.

ഈ വാര്‍ത്തയ്‌ക്കൊപ്പം കുറച്ച് ഫെയ്‌സ് ബുക്ക് പോസ്റ്റുകളുടെ സ്‌ക്രീന്‍ ഷോട്ടുണ്ട്. അതില്‍ നാലെണ്ണം 'വിശ്വാസമാണ്'. സദ്യ കഴിച്ച് കഴിഞ്ഞാല്‍ ഇല പുറത്തോട്ട് മടക്കിയാല്‍ ഇനി ഈ സദ്യക്ക് വരില്ല എന്നാണ്... കഴിച്ച ആളിന്റെ ഭാഗത്തേക്ക് മടക്കിയാല്‍ ഇനിയും അടുത്ത ഓണങ്ങളിലും ഈ സ്ഥാനത്ത് ഇരുന്ന് തന്നെ

സദ്യ കഴിക്കാ ന്‍ സാധിക്കും എന്നാണ് 'തുടരും തുടരുക' തന്നെ ചെയ്യും സമ്പല്‍ സമൃദ്ദമായി-ഇതാണ് അതില്‍ നാലിലേയും കണ്ടന്റ്. പോരാളി ഷാജിയും കമ്യൂണിസ്റ്റുകാര്‍ ഓഫീഷ്യലും കണ്ണൂര്‍ ആര്‍മ്മിയും കമ്മ്യൂണിസ്റ്റ് കേരളയും പോലുള്ള പേരിലെ അക്കൗണ്ടുകള്‍. അതായത് വൈരുദ്ധ്യാത്മിക ഭൗതികവാദത്തിന്റെ പുതിയ ചര്‍ച്ചകളിലേക്ക് കമ്യൂണിസ്റ്റ് പ്രൊഫൈലുകള്‍ ഓണക്കാലത്തെ ഇല മടക്കല്‍ വിശ്വാസം എത്തിക്കുന്നു. ആഗോള അയ്യപ്പ സംഗമത്തിലൂടെ വിശ്വാസ വഴിയിലേക്ക് മാറുന്ന ഇടതു സര്‍ക്കാരിന് ഓണക്കാലത്ത് വിശ്വാസ അഭിവാദ്യം അര്‍പ്പിക്കുകായണ് സിപിഎം സൈബര്‍ പോരാളികള്‍. നിരവധി കമ്യൂണിസ്റ്റ് ആശയക്കാര്‍ ഈ പോസ്റ്റ് ഏറ്റുപിടിക്കുന്നു. ട്രോളിന്റെ രൂപത്തിലാണ് ഇതെന്നും വിശ്വസിക്കുക അസാധ്യം. അങ്ങനെ വന്നാല്‍ പിണറായി അധികാരത്തില്‍ വരില്ലെന്ന അര്‍ത്ഥം ഈ ട്രോളുകള്‍ക്ക് കല്‍പ്പിക്കേണ്ടി വരും.

എന്നാല്‍ രാഷ്ട്രീയം ഒരിക്കലും ആരും ആരോപിക്കാത്ത ഫെയ്‌സ് ബുക്ക് പേജ് ആ ഓണ സദ്യ ഉണ്ണലിനെ കുറിച്ചെഴുതിയത് ഇങ്ങനെയാണ്. കണ്ടപ്പോള്‍ ഏറെ അമര്‍ഷവും അതേപോലെ സഹതാപവും തോന്നിയ ഒരു ഫോട്ടോ ആണ് ഇത്. സദ്യ കഴിച്ചു കഴിഞ്ഞാല്‍ ഇല താഴെ നിന്നും മുകളിലോട്ട് ആണ് മടക്കേണ്ടത് എന്ന് ഈ നാട്ടിലെ കൊച്ചുകുട്ടികള്‍ക്ക് പോലും അറിയാം. എന്നാല്‍ കേരളത്തിന്റെ ക്യാപ്റ്റന് ഇത് അറിയില്ല എന്നത് അത്ഭുതപ്പെടുത്തുന്നു. അദ്ദേഹത്തിന്റെ അപ്പുറത്തും ഇപ്പുറത്തും ഇരുന്ന് രണ്ടുപേരും ഇല കൃത്യമായി മടക്കിയിട്ടുണ്ട്. ഇനിയിപ്പോള്‍ ചില ആളുകള്‍, 'ഞങ്ങള്‍ വ്യത്യസ്തരാണ്' എന്ന് കാണിക്കാന്‍ വേണ്ടി മുണ്ട് ഇടത്തോട്ട് ഉടുക്കുന്നതിന് പകരം വലത്തോട്ട് ഉടുക്കുന്നത് പോലെ എന്തെങ്കിലും ഒരു സെറ്റപ്പ് ആണോ ഇത്?-ഇതാണ് മോളിവുഡ് കണക്ടാണ് ഈ പോസ്റ്റിന് പിന്നില്‍. മുഖ്യമന്ത്രിയ്‌ക്കൊപ്പം ഓണ സദ്യ കഴിച്ച പ്രതിപക്ഷ നേതാവിനെ വിമര്‍ശിക്കുന്ന കോണ്‍ഗ്രസുകാരുമുണ്ട്. അവര്‍ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധത്തിലാണ്. ആ ഓണ സദ്യ സുജിത്തിന്റെ വീട്ടില്‍ അവന്റെ വീട്ടുകാര്‍ക്കൊപ്പം കഴിച്ചിരുന്നെങ്കില്‍..... അതിനോളം മധുരപ്രതികാരവും, മനോഹാരിതയും മറ്റെന്തിനുണ്ടാകുമായിരുന്നു.... അങ്ങനെ ചെയ്തിരുന്നെങ്കില്‍ VD താങ്കളുടെ സ്ഥാനം ഓരോ കോണ്‍ഗ്രസ്സുകാരന്റെയും ഹൃദയത്തിലാകുമായിരുന്നു .... ഏതായാലും വളരെ മോശമായിപ്പോയി....-തച്ചോളി ഒതേനന്‍ എന്ന ഫെയ്‌സ് ബുക്കിലെ പോസ്റ്റ് ഇങ്ങനെയാണ്.


ഇത്തവണ മുഖ്യമന്ത്രി ഒരുക്കിയ ഓണവിരുന്നിനിടയിലെ മുഖ്യമന്ത്രി പിണറായി വിജയന്റേയും പ്രതിപക്ഷ നേതാവ് വി.ഡി സതീശന്റെയും ചിത്രങ്ങള്‍ ശ്രദ്ധനേടിയിരുന്നു.. വിരുന്നില്‍ അടുത്തടുത്തിരുന്ന് സദ്യയുണ്ട ഇരുവരും ചിരി പങ്കിടുന്നതിന്റെ ചിത്രങ്ങളാണ് വൈറലായത്. നിയമസഭയിലെ ശങ്കരനാരായണന്‍ തമ്പി മെമ്പേഴ്‌സ് ലോഞ്ചിലായിരുന്നു വിരുന്ന്. ഇതിന്റെ ചിത്രങ്ങള്‍ പൊതുമാരമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് ഫേസ്ബുക്കില്‍ പങ്കുവെച്ചിരുന്നു. രണ്ടാം പിണറായി സര്‍ക്കാരിന്റെ അവസാനത്തെ ഓണവിരുന്നായിരുന്നു ഇത്. സമീപകാലത്ത് രാഹുല്‍ മാങ്കൂട്ടത്തില്‍, അയ്യപ്പ സംഗമം തുടങ്ങിയ വിഷയങ്ങളില്‍ വാക്കുകള്‍ കൊണ്ട് ഏറ്റുമുട്ടിയവരാണ് അടുത്തടുത്തിരുന്ന് സദ്യ കഴിച്ച് പിരിഞ്ഞത്. ഇതിനിടെയാണ് ഇല മടക്കലിലെ വിശ്വാസം സൈബര്‍ പോരാളികള്‍ ചര്‍ച്ചയാക്കിയത്.


പാലക്കാട് എംഎല്‍എയും യൂത്ത് കോണ്‍ഗ്രസ് മുന്‍ അധ്യക്ഷനുമായ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരേ ഉയര്‍ന്ന ഗുരുതര ആരോപണങ്ങളിലും അദ്ദേഹത്തിനെതിരായി പുറത്തുവന്ന പെണ്‍കുട്ടിയുടെ ശബ്ദരേഖയിലുമാണ് അടുത്തിടെ മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവിനെ വിമര്‍ശിച്ച് രംഗത്തുവന്നത്. രാഹുലിനെപ്പോലൊരാളെ ന്യായീകരിക്കുന്നത് ഇത്തരമാളുകളെ പ്രോത്സാഹിപ്പിക്കുന്ന നിലയാണ് ഉണ്ടാക്കുകയെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. പ്രതിപക്ഷനേതാവ് ഈ വിഷയത്തില്‍ പ്രകോപിതനായി എന്തൊക്കെയോ വിളിച്ചുപറയുകയാണ്. അങ്ങനെയൊരു നിലയിലേക്ക് അദ്ദേഹത്തെപ്പോലൊരാള്‍ പോകാന്‍ പാടുണ്ടോ? കോണ്‍ഗ്രസിലെ സീനിയേഴ്‌സടക്കമുള്ളവര്‍ എന്തുകൊണ്ടാണ് ഇങ്ങനെ അഭിപ്രായം പറയാന്‍ നിര്‍ബന്ധിതമായത്? പാര്‍ട്ടിയിലെ ആ വികാരം ഉള്‍ക്കൊണ്ടുകൊണ്ടുള്ള പ്രതികരണമല്ലേ ഉണ്ടാവേണ്ടിയിരുന്നത്. ശരിയല്ലാത്ത നിലയാണ് ഇക്കാര്യത്തില്‍ കോണ്‍ഗ്രസ് സ്വീകരിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.


എന്നാല്‍ ഇതിന് മുഖ്യമന്ത്രിയുടെ ഉപദേശത്തിന് നന്ദിയുണ്ടെന്നു പറഞ്ഞാണ് വി.ഡി സതീശന്‍ തിരിച്ചടിച്ചത്. തനിക്കു നേരെ ഒരു വിരല്‍ നീട്ടുമ്പോള്‍ നാലെണ്ണം മുഖ്യമന്ത്രിക്കു നേരെ തന്നെയാണെന്നും സതീശന്‍ പറഞ്ഞു. ലൈംഗികാപവാദ കേസില്‍ പെട്ട രണ്ടുപേര്‍ മന്ത്രിമാരാണ്. ഒപ്പം കൈപൊക്കുന്ന എംഎല്‍എ റേപ് കേസില്‍ പ്രതിയാണ്. ലൈംഗികാപവാദ കേസില്‍പ്പെട്ടവരെ ഇതുപോലെ സംരക്ഷിച്ച ഒരാള്‍ രാജ്യത്തുണ്ടാവില്ലെന്നും സതീശന്‍ മറുപടിയായി പറഞ്ഞു. ആരോപണവിധേയരായ പലരും സിപിഎമ്മിലെ താക്കോല്‍ സ്ഥാനങ്ങളിലാണ്. ഇവര്‍ക്കൊക്കെ എതിരെ എന്തു നടപടി എടുത്തു? എല്ലാവരും ബഹുമാനിക്കുന്ന മുതിര്‍ന്ന സിപിഎം നേതാവ് നല്‍കിയ പരാതിയില്‍ ആരോപണവിധേയനായ വ്യക്തി മുഖ്യമന്ത്രിയുടെ അടുത്തിരിക്കുന്നു. എന്നാല്‍ പരാതി നല്‍കിയ ആളെ ഒതുക്കിയെന്നും സതീശന്‍ ആരോപിച്ചിരുന്നു.


പിന്നീട് അയ്യപ്പ സംഗമം വിഷയം വന്നപ്പോള്‍ ഭൂരിപക്ഷ വര്‍ഗീയത വളര്‍ത്താനാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ അയ്യപ്പ സംഗമം നടത്തുന്നതെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചിരുന്നു. സംഘപരിവാറിന്റെ താല്‍പര്യങ്ങള്‍ സംരക്ഷിക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നത്. സംഘാടക സമിതിയില്‍ തന്റെ പേരും വച്ചിട്ടുണ്ടെന്നും എന്നാല്‍ അത് അനുവാദമില്ലാതെയാണെന്നും പരിപാടിയുമായി സഹകരിക്കില്ലന്നും സതീശന്‍ പറഞ്ഞിരുന്നു. ഇത്തരം വിഷയങ്ങളില്‍ പരസ്പരം വാക്കുകള്‍ കൊണ്ട് ഏറ്റുമുട്ടിയവരാണ് ഓണവിരുന്നില്‍ ഒന്നിച്ചിരുന്ന് സദ്യ ആസ്വദിച്ചത്. അതും സൈബര്‍ ഇടത്ത് വേറിട്ട വിശ്വാസ ചര്‍ച്ചയായി എന്നതാണ് വസ്തുത.







 

തിരുവോണം പ്രമാണിച്ച് നാളെ (5.09.2025) ഓഫീസിന് അവധി ആയതിനാല്‍ മറുനാടന്‍ മലയാളിയില്‍ വാര്‍ത്തകള്‍ അപ്‌ഡേറ്റ് ചെയ്യുന്നതല്ല. പ്രിയ വായനക്കാര്‍ക്ക് ഹൃദയം നിറഞ്ഞ ഓണാശംസകള്‍- എഡിറ്റര്‍.

Tags:    

Similar News