രക്തസമ്മര്‍ദ്ദവും ഹൃദയത്തിന്റെ താളവും വീണ്ടെടുത്തു; രാജേഷ് കേശവിന്റെ ആരോഗ്യനിലയില്‍ പുരോഗതി; വെന്റിലേറ്ററില്‍ നിന്ന് മാറ്റി; ഉത്രാട ദിനത്തില്‍ ലേക് ഷോര്‍ ആശുപത്രിയില്‍ നിന്നെത്തുന്നത് പ്രതീക്ഷയുടെ മെഡിക്കല്‍ ബുള്ളറ്റിന്‍; കുറച്ചു ദിവസം കൂടി താരം ഐസിയു നിരീക്ഷണം; പ്രാര്‍ത്ഥനകള്‍ തുടരാം

Update: 2025-09-04 13:14 GMT

കൊച്ചി: മലയാളികളുടെ പ്രാര്‍ത്ഥന ഫലിച്ചു. ഉത്രാടനാളില്‍ കേള്‍ക്കുന്നത് പ്രതീക്ഷയുടെ വാര്‍ത്ത. നടനും അവതാരകനുമായ രാജേഷ് കേശവിന്റെ ആരോഗ്യസ്ഥിതിയില്‍ കാര്യമായ പുരോഗതി. രാജേഷ് കേശവിനെ വെന്റിലേറ്ററില്‍ നിന്നും മാറ്റി. രക്തസമ്മര്‍ദ്ദം സാധാരണ നിലയിലാകുകയും ചെയ്തു. കുറച്ചു ദിവസം കൂടി അദ്ദേഹം ഐസിയുവില്‍ തുടരും. അതിന് ശേഷം വാര്‍ഡിലേക്കും. അങ്ങനെ എല്ലാ അര്‍ത്ഥത്തിലും ശുഭ വാര്‍ത്തയാണ് മെഡിക്കല്‍ ബുള്ളറ്റിനിലൂടെ ലഭിക്കുന്നത്. കൊച്ചി ലേക് ഷോര്‍ ആശുപത്രിയിലാണ് രാജേഷ് കേശവ് ചികില്‍സയിലുള്ളത്.

രാജേഷ് കേശവിന്റെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്നും വെന്റിലേറ്ററില്‍ നിന്ന് മാറ്റിയതായും ലേക് ഷോര്‍ ആശുപത്രി അധികൃതര്‍ അറിയിച്ചു. രാജേഷ് കേശവിന്റെ രക്തസമ്മര്‍ദം സാധാരണനിലയിലാണ്. എന്നാല്‍ ഐസിയുവില്‍ തുടരുകയാണെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു. രാജേഷ് കേശവിന് വിദഗ്ധര്‍ അടങ്ങുന്ന ഡോക്ടര്‍മാരുടെ സംഘം ചികിത്സ തുടരുന്നുവെന്നും മെഡിക്കല്‍ ബുള്ളറ്റിനില്‍ അറിയിച്ചു. ഇന്ന് വൈകുന്നേരമാണ് പുതിയ മെഡിക്കല്‍ ബുള്ളറ്റിനുമായി ആശുപത്രി അധികൃതര്‍ രംഗത്തെത്തുന്നത്.

രക്തസമ്മര്‍ദ്ദം സാധാരണ ഗതിയിലായതിനൊപ്പം ഹൃദയത്തിന്റെ സ്ഥിതിയും മെച്ചപ്പെട്ടു. സ്വന്തമായി ശ്വസിക്കാന്‍ കഴിയുന്നുമുണ്ട്. ഈ സാഹചര്യത്തിലാണ് വെന്റിലേറ്റര്‍ പൂര്‍ണ്ണമായും ഒഴിവാക്കുന്നത്. പ്രതീക്ഷാവഹമായ ലക്ഷണങ്ങളാണിവ. ക്രിട്ടിക്കല്‍ കെയര്‍, കാര്‍ഡിയോളജി, ന്യൂറോളജി, ഗ്യാസ്‌ട്രോഎന്‍ട്രോളജി, ഒഫ്താല്‍മോളജി തുടങ്ങിയ വിഭാഗങ്ങളിലെ വിദഗ്ധ സംഘം രാജേഷ് കേശവിന്റെ ആരോഗ്യ സ്ഥിതി നിരീക്ഷിച്ചുവരികയാണ്.

ദിവസങ്ങള്‍ക്ക് മുമ്പ് രാത്രി കൊച്ചിയിലെ സ്വകാര്യ ഹോട്ടലിലെ പരിപാടിക്കിടെയാണ് 47കാരനായ രാജേഷ് കേശവ് കുഴഞ്ഞുവീഴുന്നത്. ഉടന്‍ തന്നെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് അടിയന്തര ആന്‍ജിയോപ്ലാസ്റ്റി നടത്തി. പെട്ടന്നുണ്ടായ ഹൃദയാഘാതം രാജേഷിന്റെ തലച്ചോറിനെ ബാധിച്ചു. എന്നാല്‍ ചികില്‍സയിലൂടെ രാജേഷ് കേശവ് ആരോഗ്യ അവസ്ഥകളെയെല്ലാം അതിജീവിക്കുകയായിരുന്നു.

പ്രക്ഷകര്‍ക്ക് മുന്‍പില്‍ നിറഞ്ഞുനിന്ന അവതാരകന്‍ ആണ് ആര്‍കെ. സ്‌നേഹത്തോടെ രാജേഷ് കേശവനെ പ്രേക്ഷകരും പ്രിയപ്പെട്ടവരും വിളിക്കുന്നതാണ് ആര്‍കെ എന്ന്. വെസ്റ്റേണ്‍ ഡാന്‍സില്‍ ഏറെ താത്പര്യം ഉണ്ടായിരുന്ന രാജേഷ് ഏഷ്യാനെറ്റിലേക്ക് എത്തിയതോടെയാണ് ശ്രദ്ധിക്കപ്പെട്ടത്. ഒരു മള്‍ട്ടി നാഷണല്‍ കമ്പനിയില്‍ ജോലി നോക്കിയിരുന്നു രാജേഷ്. പോക്കറ്റ് മണിക്കുവേണ്ടി ഷോസ് ചെയ്തിരുന്ന രാജേഷ് പിന്നീട് വലിയ ശമ്പളം ഉണ്ടായിരുന്ന ജോലി രാജേഷ് രാജിവച്ചു ഫുള്‍ടൈം ആങ്കര്‍ ആയി രജോയിന്‍ ചെയ്തു. ബച്ചന്‍, ഷാരൂഖ്, മോഹന്‍ലാല്‍, മമ്മൂട്ടി, നയന്‍താര അങ്ങനെ പലരേയും അഭിമുഖം ചെയ്തു.

വേദികളേതായാലും അലറിവിളികളോ അതിഭാവുകത്വങ്ങളോ ഇല്ലാത്ത ആ സാന്നിദ്ധ്യത്തിനും കൈയ്യൊതുക്കത്തിനും മിതത്വത്തിനും പ്രാധാന്യം കൊടുത്ത വ്യക്തിയാണ് രാജേഷ്.

ടെലിവിഷന്‍ പരിപാടികളുടെ അവതാരകനായി കരിയര്‍ ആരംഭിച്ച രാജേഷ് മലയാളത്തിലെ പ്രമുഖ ടിവി അവതാരകരിലൊരാളാണ്. നിരവധി ജനപ്രിയ റിയാലിറ്റി ഷോകളും ടോക്ക് ഷോകളും അദ്ദേഹം അവതാരകനായിട്ടുണ്ട്. 'ബ്യൂട്ടിഫുള്‍' (2011), 'ട്രിവാന്‍ഡ്രം ലോഡ്ജ്' (2012), 'ഹോട്ടല്‍ കാലിഫോര്‍ണിയ' (2013), 'നീന' (2015), 'തട്ടും പുറത്ത് അച്യുതന്‍' (2018) എന്നിവയുള്‍പ്പെടെ നിരവധി ചിത്രങ്ങളില്‍ രാജേഷ് അഭിനയിച്ചിട്ടുണ്ട്.

തിരുവോണം പ്രമാണിച്ച് നാളെ (5.09.2025) ഓഫീസിന് അവധി ആയതിനാല്‍ മറുനാടന്‍ മലയാളിയില്‍ വാര്‍ത്തകള്‍ അപ്‌ഡേറ്റ് ചെയ്യുന്നതല്ല. പ്രിയ വായനക്കാര്‍ക്ക് ഹൃദയം നിറഞ്ഞ ഓണാശംസകള്‍- എഡിറ്റര്‍

Tags:    

Similar News