ട്രംപിന്റെ 'തീരുവ കളി'യില്‍ കണ്ണ് നട്ട് ഇന്ത്യ! സുപ്രീം കോടതി വിധിക്ക് പിന്നാലെ പുതിയ നീക്കവുമായി യുഎസ്; തീരുവകള്‍ തിരിച്ചുകൊണ്ടുവരുമെന്ന് ട്രംപിന്റെ വെല്ലുവിളി; സ്ഥിതിഗതികള്‍ പഠിക്കുകയാണെന്ന് കേന്ദ്ര വാണിജ്യ മന്ത്രാലയം; ഫെബ്രുവരി 24 മുതല്‍ 150 ദിവസത്തേക്ക് പുതിയ നിരക്ക്; ആശങ്ക മാറാതെ ആഗോള വിപണി

ട്രംപിന്റെ 'തീരുവ കളി'യില്‍ കണ്ണ് നട്ട് ഇന്ത്യ!

Update: 2026-02-21 14:32 GMT

ന്യൂഡല്‍ഹി: യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഏര്‍പ്പെടുത്തിയ ഇറക്കുമതി തീരുവകള്‍ (Tariffs) നിയമവിരുദ്ധമാണെന്ന യുഎസ് സുപ്രീം കോടതി വിധിയെത്തുടര്‍ന്നുണ്ടായ പ്രത്യാഘാതങ്ങള്‍ പഠിച്ചു വരികയാണെന്ന് കേന്ദ്ര വാണിജ്യ മന്ത്രാലയം അറിയിച്ചു. 'വെള്ളിയാഴ്ച പുറത്തുവന്ന സുപ്രീം കോടതി വിധിയും തുടര്‍ന്ന് പ്രസിഡന്റ് ട്രംപ് നടത്തിയ വാര്‍ത്താസമ്മേളനവും ഞങ്ങള്‍ ശ്രദ്ധിച്ചു. യുഎസ് ഭരണകൂടം ചില പുതിയ നടപടികള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഇവയുടെ പ്രത്യാഘാതങ്ങള്‍ ഞങ്ങള്‍ പഠിച്ചു വരികയാണ്,' മന്ത്രാലയം വ്യക്തമാക്കി.

എന്തായിരുന്നു കോടതി വിധി?

ആഗോള വ്യാപാരത്തെ തന്നെ മാറ്റിമറിച്ചുകൊണ്ട് വിവിധ രാജ്യങ്ങള്‍ക്ക് മേല്‍ പെട്ടെന്ന് തീരുവകള്‍ അടിച്ചേല്‍പ്പിക്കാന്‍ ട്രംപ് ഉപയോഗിച്ച 1977-ലെ നിയമം, അത്തരം അധികാരങ്ങള്‍ പ്രസിഡന്റിന് നല്‍കുന്നില്ലെന്ന് സുപ്രീം കോടതി വിധി പുറപ്പെടുവിച്ചു. ആറിനെതിരെ മൂന്ന് വോട്ടുകള്‍ക്കായിരുന്നു കോടതിയുടെ നിര്‍ണ്ണായക വിധി. താന്‍ തന്നെ നാമനിര്‍ദ്ദേശം ചെയ്ത ജഡ്ജിമാര്‍ ഉള്‍പ്പെട്ട കോടതിയുടെ ഈ നീക്കത്തില്‍ ട്രംപ് രൂക്ഷമായി പ്രതികരിച്ചു. വിദേശ താല്പര്യങ്ങളാണ് കോടതിയെ സ്വാധീനിച്ചതെന്ന് തെളിവുകളില്ലാതെ ആരോപിച്ച ട്രംപ്, രാജ്യത്തിന് വേണ്ടി ശരിയായ കാര്യം ചെയ്യാന്‍ ധൈര്യം കാണിക്കാത്ത കോടതിയിലെ ചില അംഗങ്ങളുടെ കാര്യത്തില്‍ താന്‍ ലജ്ജിക്കുന്നുവെന്നും പറഞ്ഞു.

തീരുവകള്‍ തിരിച്ചെത്തും

കോടതി വിധി തന്നെ കൂടുതല്‍ കരുത്തനാക്കിയെന്നും മുന്‍പ് ഈടാക്കിയതിനേക്കാള്‍ കൂടുതല്‍ തീരുവകള്‍ ഈടാക്കാന്‍ പ്രസിഡന്റിന് അധികാരമുണ്ടെന്നും ട്രംപ് അവകാശപ്പെട്ടു. പുതിയ രീതിയിലൂടെ 2026-ലെ വരുമാനത്തില്‍ മാറ്റമുണ്ടാകില്ലെന്ന് ട്രഷറി സെക്രട്ടറി സ്‌കോട്ട് ബെസന്റ് പറഞ്ഞു. 1974-ലെ ട്രേഡ് ആക്ട് സെക്ഷന്‍ 122 പ്രകാരമാണ് ട്രംപ് ഇപ്പോള്‍ പുതിയ തീരുവകള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. അന്താരാഷ്ട്ര പണമടയ്ക്കല്‍ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സര്‍ചാര്‍ജുകളും മറ്റ് നിയന്ത്രണങ്ങളും ഏര്‍പ്പെടുത്താന്‍ ഈ നിയമം പ്രസിഡന്റിന് അധികാരം നല്‍കുന്നു. ഇതനുസരിച്ച് പരമാവധി 150 ദിവസത്തേക്ക് 15 ശതമാനം വരെ താല്‍ക്കാലിക തീരുവ ചുമത്താന്‍ സാധിക്കും.

ഇന്ത്യയെ എങ്ങനെ ബാധിക്കും?

സുപ്രീം കോടതി വിധിയെത്തുടര്‍ന്ന് ട്രംപ് പ്രഖ്യാപിച്ച പുതിയ ആഗോള ലെവി പ്രകാരം ഇന്ത്യയില്‍ നിന്നുള്ള ഉല്‍പ്പന്നങ്ങളുടെ തീരുവ നിരക്ക് 18 ശതമാനത്തില്‍ നിന്ന് 10 ശതമാനമായി കുറഞ്ഞിട്ടുണ്ട്. ഫെബ്രുവരി 24 മുതല്‍ 150 ദിവസത്തേക്കായിരിക്കും ഈ പുതിയ നിരക്ക് പ്രാബല്യത്തില്‍ വരിക. എന്നിരുന്നാലും, ഫാര്‍മ ഉള്‍പ്പെടെയുള്ള പ്രത്യേക മേഖലകള്‍ക്കും യുഎസ്-മെക്‌സിക്കോ-കാനഡ കരാര്‍ പ്രകാരം വരുന്ന സാധനങ്ങള്‍ക്കും ഇതില്‍ ഇളവുകളുണ്ടാകും. പുതിയ ഉത്തരവില്‍ ഒപ്പിട്ട ശേഷം ഇത് ഉടന്‍ തന്നെ പ്രാബല്യത്തില്‍ വരുമെന്ന് ട്രംപ് സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചു.

Tags:    

Similar News