56 വര്‍ഷത്തെ കാത്തിരിപ്പിന് വിരാമം; സങ്കടവും സന്തോഷവും ഒരുപോലെയെന്ന് കുടുംബം; അഞ്ച് പതിറ്റാണ്ട് മുമ്പ് വിമാനാപകടത്തില്‍ കാണാതായ തോമസ് ചെറിയാന്റെ ഭൗതികശരീരം കണ്ടെടുക്കുമ്പോള്‍ വൈകാരിക പ്രതികരണവുമായി കുടുംബം
പത്തനംതിട്ട: ഒടുവിൽ 56 വർഷത്തിന്റെ കാത്തിരിപ്പിന് ഉത്തരം കിട്ടിയിരിക്കുകയാണ്. ഇലന്തൂർ സ്വദേശിയായ സൈനികൻ തോമസ് ചെറിയാന്റെ ഭൗതികശരീരം 56 വർഷത്തിനുശേഷമാണ് കണ്ടെത്തിയിരിക്കുന്നത്. ഹിമാചല്‍ പ്രദേശിലെ കുളു ജില്ലയിലെ 'റോഹ്താങ്' പാസില്‍ വച്ചാണ് അദ്ദേഹം സഞ്ചരിച്ചിരുന്ന വിമാനം അപകടത്തില്‍പ്പെട്ടത്.
അതും 1968ൽ ആണ് വിമാനം അപകടത്തിൽപ്പെടുന്നത്. അന്ന് മുതൽ സൈന്യം തിരച്ചിൽ നടത്തുന്നതാണ് പക്ഷെ അതിന് ഉത്തരം കിട്ടിയത് ഇന്നലെ ആയിരിന്നു. ഇപ്പോഴിതാ തോമസ് ചെറിയാന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ വൈകാരിക പ്രതികരണവുമായി കുടുംബവും എത്തിയിട്ടുണ്ട്. വർഷങ്ങളുടെ കാത്തിരിപ്പായിരുന്നു തങ്ങളുടേതെന്നും തോമസ് ചെറിയാന്റെ മൃതദേഹം കണ്ടെത്തിയതിൽ സങ്കടവും സന്തോഷവുമുണ്ടെന്നും സഹോദരങ്ങൾ വ്യക്തമാക്കി.
തിരച്ചിൽ തുടരുകയാണെന്ന് ഇടക്കിടെ സൈന്യത്തിൽ നിന്ന് അറിയിപ്പ് ലഭിച്ചിരുന്നു. വിവരം അറിഞ്ഞപ്പോൾ തന്നെ അതിയായ സങ്കടവും സന്തോഷവും തോന്നി. എന്നെങ്കിലും കണ്ടെത്തുമെന്ന പ്രതീക്ഷയുണ്ടായിരുന്നു. ഒരാഴ്ചയ്ക്കകം മൃതദേഹം നാട്ടിലെത്തിക്കും', - തോമസിന്റെ സഹോദരി മേരി പറഞ്ഞു. നാലു സഹോദരങ്ങളാണ് തോമസ് ചെറിയാന്.
സഹോദരൻ തോമസ് തോമസ് ഇലന്തൂരിൽ വിശ്രമജീവിതം നയിക്കുന്നു. മറ്റൊരു സഹോദരൻ തോമസ് വർഗീസിന് കൃഷിയാണ്. പരേതനായ മൂത്ത സഹോദരൻ തോമസ് മാത്യുവും സൈനികനായിരുന്നു. മേരിയാണ് ഏക സഹോദരി.
അന്ന് നടന്ന സംഭവം ഓർക്കുമ്പോൾ തന്നെ നടുക്കം വിട്ടുമാറുന്നില്ല എന്ന് കൂടെ സൈന്യത്തിൽ ഉണ്ടായിരുന്ന സഹോദരനും പ്രതികരിച്ചു.
വർഷങ്ങൾക്ക് മുൻപ് 102 സൈനികരുമായി ചണ്ഡീഗഡിൽ നിന്നും ലേയിലേക്ക് പോയ എഎന്‍ 12 എയര്‍ക്രാഫ്റ്റാണ് 1968 ഫെബ്രുവരി ഏഴിന് ഹിമാചല്‍ പ്രദേശിലെ കുളു ജില്ലയിലെ റോഹ്താങ് പാസില്‍ നിന്നും അപകടത്തില്‍പ്പെട്ടത്.
വിമാനത്തിൽ ഉണ്ടായിരുന്ന മുഴുവൻ പേരും മരിച്ചെങ്കിലും ഒമ്പത് പേരുടെ മൃതദേഹങ്ങൾ മാത്രമാണ് അതുവരെ കണ്ടെടുത്തിട്ടുള്ളൂ. ശേഷം 2019ലും അഞ്ച് മൃതദേഹങ്ങൾ കണ്ടെത്തിയിരുന്നു.
ഇപ്പോഴിതാ തോമസ് ചെറിയാൻ ഉൾപ്പെടെ നാല് പേരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയിരിക്കുന്നത്.
അന്ന് വിമാനം കാണാതായി എന്ന വാർത്തയാണ് ആദ്യം വന്നതെന്ന് സഹോദരൻ തോമസ് വർഗീസ് ഓർത്തെടുക്കുന്നു. 2003ലാണ് വിമാനാപകടമാണ് നടന്നതെന്ന് സ്ഥിരീകരിച്ചത്. കാണാതാകുമ്പോൾ 22വയസ് മാത്രമായിരുന്നു തോമസിന് പ്രായം ഉണ്ടായിരുന്നത്.
പത്തനംതിട്ട കാതോലിക്കറ്റ് സ്കൂളിൽനിന്ന് എസ്.എസ്.എൽ.സിയും കോളജിൽനിന്ന് പ്രീ-യൂനിവേഴ്സിറ്റിയും പൂർത്തിയാക്കിയ തോമസ് സൈന്യത്തിൽ ചേരുകയായിരുന്നു. ജീവിച്ചിരുന്നെങ്കിൽ ഇന്ന് 78 വയസ്സ് ഉണ്ടാകും ആയിരിന്നു.
അച്ഛൻ മരിച്ചിട്ട് 35ഉം അമ്മ മരിച്ചിട്ട് 28ഉം കൊല്ലമായി. അമ്മ എപ്പോഴും തോമസ് ചെറിയാനെ ഓർത്ത് എപ്പോഴും കരച്ചിൽ ആയിരിന്നു എന്നും അദ്ദേഹം പറഞ്ഞു.
തോമസിന്‍റെ ഭൗതികശരീരം കണ്ടെത്തി എന്ന സൈനിക ഉദ്യോഗസ്ഥരുടെ അറിയിപ്പ് പോലീസാണ് ഇലന്തൂരിലെ വീട്ടിൽ എത്തി അറിയിച്ചത്. പിന്നീട് കരസേന ആസ്ഥാനത്തുനിന്നും സന്ദേശം എത്തി.
തോമസ് ചെറിയാന്റെ ശരീരത്തിൽനിന്നാണ് അദ്ദേഹത്തിന്റെ അടുത്ത ബന്ധുക്കളുടെ വിവരം ലഭിച്ചത്. ഭൗതികശരീരം ഇലന്തൂരിൽ എത്തിച്ച് സെന്‍റ് പീറ്റേഴ്സ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ സംസ്കരിക്കാനുള്ള നടപടി ക്രമങ്ങൾ നടക്കുകയാണ്.
അതേസമയം, 2003ല്‍ അടല്‍ ബിഹാരി വാജ്പെയ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മൗണ്‍ടെനെയ്റിംഗിലെ വിദ്യാര്‍ത്ഥികളാണ് അപകടത്തില്‍പ്പെട്ട വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ ആദ്യമായി കണ്ടെത്തിയത്. ഇതിന്റെ തുടര്‍ച്ചയായി നിരവധി തിരച്ചിലുകള്‍ ഒടുവിൽ നടത്തിയിരുന്നു.