പത്ത് ദിവസം കൊണ്ട് കൊന്ന് തിന്നത് അഞ്ച് ആടുകളെ; മട്ടന്‍ കഴിക്കാന്‍ ഇഷ്ടപ്പെട്ട കടുവ! മട്ടണ്‍ പ്രിയം തിരിച്ചറിഞ്ഞ് ആട്ടിന്‍ കൂടിന്റെ രൂപത്തില്‍ കെണിയൊരുക്കി; ഇഷ്ട ഭക്ഷണമെന്ന് കരുതി കയറിയത് വനംവകുപ്പ് കൂട്ടില്‍; പുല്‍പ്പള്ളിയ്ക്ക് ആശ്വാസമായി കടുവയുടെ കുടുങ്ങല്‍; ഒരു നാടിന്റെ ഭീതി അകലുമ്പോള്‍
പുല്‍പള്ളി: പുല്‍പള്ളി ആശ്വാസത്തില്‍. കഴിഞ്ഞ 10 ദിവസമായി പുല്‍പള്ളിക്കടുത്ത് അമരക്കുനി, തൂപ്ര, ദേവര്‍ഗദ്ദ, ഊട്ടിക്കവല പ്രദേശങ്ങളെ ഭീതിയിലാഴ്ത്തിയ കടുവ ഒടുവില്‍ കൂട്ടിലായി. ഇന്നലെ രാത്രി 11.30ഓടെയാണു തൂപ്ര ഭാഗത്തു സ്ഥാപിച്ച കൂട്ടില്‍ കടുവ കുടുങ്ങിയത്. 10 ദിവസത്തിനുള്ളില്‍ 5 ആടുകളെ കൊന്ന കടുവയാണ് ഒടുവില്‍ കൂട്ടിലായത്.
കഴിഞ്ഞദിവസം കൂട്ടിനടുത്തു വരെ വന്ന കടുവ കൂട് നേരത്തെ തന്നെ അടഞ്ഞുപോയതിനാല്‍ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. തുടര്‍ന്ന് ആട്ടിന്‍കൂടിന്റെ അതേ മാതൃകയില്‍ തൂപ്രയില്‍ വനംവകുപ്പ് കൂടൊരുക്കി. ഇതിലാണ് ഒടുവില്‍ കടുവ കുടുങ്ങിയത്. 5 കൂടുകളും 32 ക്യാമറ ട്രാപ്പുകളും 2 ലൈവ് ക്യാമറയും അടക്കം വിപുലമായ സജ്ജീകരണങ്ങളും ഒരുക്കി. മയക്കുവെടി വയ്ക്കാന്‍ ഉത്തരവിറങ്ങിയിരുന്നെങ്കിലും കടുവയെ മയക്കുവെടി വയ്ക്കാന്‍ അനുയോജ്യമായ സാഹചര്യത്തില്‍ കിട്ടിയില്ല. ഇതിനൊപ്പം കടുവയുടെ ആരോഗ്യ സ്ഥിതിയിലും സംശയമുണ്ടായിരുന്നു. വെടി കൊണ്ടാല്‍ കടുവ മരിക്കുമെന്ന വിലയിരുത്തലുമെത്തി. ഇതോടെ പിടികൂടാന്‍ തീരുമാനിച്ചു. തുടര്‍ന്നാണു കൂടുതല്‍ കൂടുകള്‍ സ്ഥാപിക്കാന്‍ തീരുമാനമായത്.
തെര്‍മല്‍ ഡ്രോണ്‍ വരെ ഉപയോഗിച്ചു പരിശോധന ശക്തമായി തുടരുന്നതിനിടെ ഇന്നലെ രാത്രി എട്ടരയോടെ തൂപ്രദേവര്‍ഗദ്ദ റോഡില്‍ വഴിയാത്രക്കാര്‍ക്കു മുന്‍പില്‍ കടുവ പ്രത്യക്ഷപ്പെട്ടിരുന്നു. അമരക്കുനിയില്‍ ഇറങ്ങിയ കടുവ റോഡ് മുറിച്ച് കടക്കുന്നതിന്റെ വിഡിയോ ദൃശ്യങ്ങള്‍ പുറത്തു വന്നിരുന്നു. ഇതോടെ ഭീതിയും കൂടി. വാഹനത്തിന്റെ സിസിടിവി ക്യാമറയിലാണ് കടുവയുടെ ദൃശ്യങ്ങള്‍ പതിഞ്ഞത്. വ്യാഴാഴ്ച വൈകിട്ട് 7.20നാണ് കടുവയെ ദേവര്‍ഗദ്ദ തൂപ്ര വഴിയില്‍ കണ്ടത്. അപ്രതീക്ഷിതമായി കടുവയെ കണ്ട യാത്രക്കാര്‍ 'ദേ, ദേ പോകുന്നു കടുവ' എന്ന് പറയുന്നുണ്ട്. വീടിന്റെ സമീപത്തേക്കാണു കടുവ കയറിപ്പോയത്.
വ്യാഴാഴ്ച പകല്‍ മുഴുവന്‍ തിരച്ചില്‍ നടത്തിയെങ്കിലും കടുവയെ കണ്ടെത്താനായില്ലായിരുന്നു. തെര്‍മല്‍ ഡ്രോണ്‍ പരിശോധനയിലും കടുവയുടെ ദൃശ്യം പതിഞ്ഞില്ല. ഇതോടെ കടുവ മറ്റു സ്ഥലത്തേക്ക് പോയെന്നു കരുതിയിരിക്കെയാണു വീണ്ടും പ്രത്യക്ഷപ്പെട്ടത്. തൂപ്ര ഭാഗത്തുള്ള അങ്കണവാടി കെട്ടിടത്തില്‍ ബേസ് ക്യാംപ് ഒരുക്കിയായിരുന്നു കടുവയെ പിടിക്കാനുളള ദൗത്യം നടന്നത്. മാങ്ങാകണ്ടി, തൂപ്ര ഭാഗങ്ങളില്‍ സ്ഥാപിച്ച കടുവക്കൂടുകളിലേക്ക് കടുവയെ ആകര്‍ഷിക്കുന്നതിനായി രൂപമാറ്റം വരുത്തി സ്വാഭാവിക ആട്ടിന്‍ കൂടു പോലെയാക്കിയതും തന്ത്രത്തിന്റെ ഭാഗമായിരുന്നു. വനംവകുപ്പിലെ അമ്പതോളം ജീവനക്കാര്‍ പട്രോളിങും നടത്തി.
കെണിയൊരുക്കിയ വനം വകുപ്പിന്റെ കൂട് ആട്ടിന്‍ കൂടിന്റെ രീതിയിലേക്ക് മാറ്റിയതാണ് കടുവയെ വരുതിയിലാക്കാന്‍ കഴിഞ്ഞത്. പ്രദേശത്ത് അഞ്ച് കൂടുകളാണ് കടുവയെ പിടികൂടാനായി വനം വകുപ്പ് സ്ഥാപിച്ചത്. ഇതില്‍ തൂപ്രയിലെ കേശവന്റെ വീടിന് താഴെയുള്ള വയലിന് സമീപം സ്ഥാപിച്ച കൂട്ടിലാണ് കടുവ കുടുങ്ങിയത്. എട്ട് വയസുള്ള കടുവയെയാണ് പിടികൂടിയത്. ഒരാഴ്ചയ്ക്കിടെ പ്രദേശത്തെ അഞ്ച് ആടുകളെയാണ് കടുവ കൊന്നത്. ഇതിന് പിന്നാലെ വന്‍ പ്രതിഷേധം ഉയര്‍ന്നിരുന്നു. തുടര്‍ന്ന് വനം വകുപ്പ് വന്‍ സന്നാഹമാണ് ഒരുക്കിയിരുന്നത്. ഇതിനിടെ കെണിയൊരുക്കിയ കൂട്ടിലേക്ക് കടുവ കയറും മുന്‍പ് കൂടിന്റെ വാതിലടഞ്ഞതും തിരിച്ചടിയായി.
ആടുകളെ മാത്രമായിരുന്നു കടുവ ഭക്ഷിച്ചിരുന്നത്. ഇതാണ് കെണിയൊരക്കിയ കൂടിനെ ആട്ടിന്‍കൂടാക്കി മാറ്റാന്‍ വനം വകുപ്പിനെ പ്രേരിപ്പിച്ചത്. ഇന്നലെ രാത്രി തന്നെ കടുവയെ വന്യമൃഗ പരിപാലന കേന്ദ്രത്തിലേക്ക് മാറ്റി. കടുവയുടെ ആരോഗ്യസ്ഥിതി വനംവകുപ്പ് നിരീക്ഷിക്കുകയാണ്. പുല്‍പ്പള്ളി, ഇരുളം, വണ്ടിക്കടവ് സ്റ്റേഷനിലെ ജീവനക്കാരും മാനന്തവാടി ആര്‍ആര്‍ടി സംഘവുമായിരുന്നു രാവും പകലും ഇല്ലാതെ കടുവക്കായി തിരച്ചില്‍ നടത്തിയത്. സൗത്ത് വയനാട് ഡിഎഫ്ഒ അജിത് കെ രാമനും വെറ്ററിനറി ഡോക്ടര്‍മാരായ ഡോ. അജേഷ് മോഹന്‍ദാസ് ഡോ.ഇല്യാസ് എന്നിവരുടെ നേതൃത്വത്തില്‍ വെറ്ററിനറി സംഘവും സ്ഥലത്ത് ക്യാമ്പ് ചെയ്തിരുന്നു. തെര്‍മല്‍ ഡ്രോണും നോര്‍മല്‍ ഡ്രോണും ഉപയോഗിച്ചുള്ള പരിശോധനകളും നടന്നു. കുങ്കി ആനകളെ അത്യാവശ്യഘട്ടങ്ങളില്‍ ഉപയോഗിക്കാന്‍ സജ്ജമാക്കിനിര്‍ത്തിയിരുന്നു.